Wednesday, April 16, 2025 Thiruvananthapuram

അഞ്ച് കുട്ടികള്‍ക്ക് ധീരതക്കുള്ള ദേശീയ പുരസ്‌കാരം

banner

3 years, 1 month Ago | 637 Views

ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ നൽകുന്ന ദേശീയ ധീരതാ അവാർഡിന് കേരളത്തിൽ നിന്നുള്ള അഞ്ചു കുട്ടികൾ അർഹരായി.

ഏയ്ഞ്ചൽ മരിയ ജോൺ (ഏകലവ്യ അവാർഡ്– 75000 രൂപ), ടി.എൻ.ഷാനിസ് അബ്ദുല്ല (അഭിമന്യു അവാർഡ്– 75000 രൂപ), കെ.എൻ.ശിവകൃഷ്ണൻ, കെ.ശീതൾ ശശി, എൻ. ഋതുജിത് (ജനറൽ അവാർഡ്– 40,000 രൂപ) എന്നിവർക്കാണ് അവാർഡ്. ഇവരുടെ മുഴുവൻ വിദ്യാഭ്യാസ ചെലവുകളും ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ വഹിക്കും.

കനാൽ വെള്ളത്തിൽ അകപ്പെട്ട മൂന്നു വയസ്സുകാരനെ രക്ഷപ്പെടുത്തിയതിനാണു തൃശൂർ രാമവർമപുരം മണ്ണത്ത് ജോയി ഏബ്രഹാമിന്റെയും നിഥിയയുടെയും  മകൾ ഏയ്ഞ്ചൽ മരിയ ജോണിന് അവാർഡ്. തൃശൂർ ദേവമാതാ സ്കൂളിൽ നാലാം ക്ലാസ് വിദ്യാർഥിനിയാണ്. 

വിരണ്ടോടിയ പോത്തിന്റെ ആക്രമണത്തിൽ നിന്നു പിഞ്ചു ബാലികയെ രക്ഷപ്പെടുത്തിയതിനാണു കോഴിക്കോട്  കടമേരി അബ്ദുൽ അസീസിന്റെയും സുഹ്റയുടെയും മകൻ ഷാനിസ് അബ്ദുല്ലയുടെ ധീരത അംഗീകരിക്കപ്പെട്ടത്. കടമേരി മാപ്പിള യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്.

വയനാട് മാനന്തവാടി തലപ്പുഴ കരുണാലയത്തിൽ ലതയുടെയും പരേതനായ പ്രേംകുമാറിന്റെയും മകനാണ് ശിവകൃഷ്ണൻ. പുഴയിലെ കയത്തിൽ മൂന്നു പേർ മുങ്ങിത്താണപ്പോൾ എടുത്തു ചാടിയ ശിവകൃഷ്ണൻ ഇതിൽ ഒരു കുട്ടിയുടെ തലമുടിയിൽ ചുറ്റിപ്പിടിച്ചു കരയ്ക്കെത്തിക്കുകയായിരുന്നു. തലപ്പുഴ ഗവ.ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്.

കുളിക്കുന്നതിനിടെ കുളത്തിൽ അപകടത്തിൽപെട്ട മൂന്നുപേരുടെ ജീവൻ രക്ഷിച്ചതിനാണു കണ്ണൂർ കടന്നപ്പള്ളി പുതൂർക്കുന്നിലെ പാറയിൽ ഹൗസിൽ ശശി–ഷീജ ദമ്പതികളുടെ മകൾ ശീതൾ ശശി അവാർഡിന് അർഹയായത്. കുളത്തിന്റെ കരയിലുണ്ടായിരുന്ന ഫ്ലോട്ടിങ് കന്നാസുകൾ  ഉപയോഗിച്ചാണു മൂന്നു പേരെയും രക്ഷപ്പെടുത്തിയത്. കടന്നപ്പള്ളി ഗവ.ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്.

തെങ്ങിൻ മുകളിൽ കുടുങ്ങിയ  തൊഴിലാളിയെ സമയോചിത ഇടപെടലിലൂടെ താഴെ എത്തിച്ചതിനാണ് മലപ്പുറം അരിയല്ലൂർ നമ്പാല സുനിൽകുമാർ–ഷിജില ദമ്പതികളുടെ മകൻ ഋതുജിത്തിന് അവാർഡ്. അരിയല്ലൂർ എംവിഎച്ച്എസ്എസ് ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്. ഡൽഹിയിലെ ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കുമെന്നു സംസ്ഥാന ശിശുക്ഷേമ സമിതി അറിയിച്ചു.



Read More in Kerala

Comments