കണ്ണൂർ വിമാനത്താവളത്തിൽ ‘ഗഗൻ’ സംവിധാനം; പരീക്ഷണപ്പറക്കൽ നടത്തി
4 years, 1 month Ago | 441 Views
ജി.പി.എസ്. സഹായത്തോടെ വിമാനമിറക്കുന്നതിനുള്ള ഗഗൻ സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായി കണ്ണൂർ വിമാനത്താവളത്തിൽ പരീക്ഷണപ്പറക്കൽ നടത്തി. എയർപോർട്ട് അതോറിറ്റിയുടെ ബീച്ച് ക്രാഫ്റ്റ് വിമാനമാണ് വിമാനത്താവളത്തിൽ രണ്ടുദിവസത്തെ കാലിബ്രേഷൻ നടത്തിയത്.
ഭൂസ്ഥിര ഉപഗ്രഹങ്ങളുടെ സഹായത്തോടെ വിമാനങ്ങൾക്ക് സുരക്ഷിതമായി റൺവേയിൽ ലാൻഡ് ചെയ്യുന്നതിനാവശ്യമായ വിവരങ്ങൾ ലഭ്യമാക്കുകയാണ് ഗഗൻ (ജി.പി.എസ്. എയ്ഡഡ് ജിയോ ഓഗ്മെന്റഡ് നാവിഗേഷൻ) വഴി ചെയ്യുന്നത്.
രാജ്യത്ത് ആദ്യമായി കണ്ണൂർ വിമാനത്താവളത്തിലാണ് ഈ സംവിധാനം പരീക്ഷിച്ച് നടപ്പാക്കുന്നത്. ഐ.എസ്.ആർ.ഒ.യും എയർപോർട്ട് അതോറിറ്റിയും ചേർന്ന് 774 കോടി രൂപയോളം ചെലവിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ഉപഗ്രഹങ്ങളിൽനിന്ന് നേരിട്ട് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൈലറ്റ് വിമാനം നിയന്ത്രിക്കുക. മോശം കാലാവസ്ഥയിലും റൺവേയിൽ സുരക്ഷിതമായി വിമാനമിറക്കാൻ ഇതുവഴി സാധിക്കും.
അപ്രോച്ച് പ്രൊസീജിയർ കാലിബ്രേഷൻ വെള്ളിയാഴ്ച വൈകുന്നേരമാണ് പൂർത്തിയായത്. പരിശോധനയുടെ റിപ്പോർട്ട് ഡി.ജി.സി.എ.ക്ക് കൈമാറും. ഡി.ജി.സി.എ.യുടെ അനുമതി ലഭിക്കുന്നതോടെ ഗഗൻ സംവിധാനം വിമാനത്താവളത്തിൽ പ്രവർത്തനക്ഷമമാകും.
ഉപഗ്രഹങ്ങളുടെ സഹായത്തോടെയുള്ള ലാൻഡിങ് രീതിയായതിനാൽ വിമാനത്താവളത്തിൽ പ്രത്യേക ഉപകരണങ്ങളൊന്നും സ്ഥാപിക്കേണ്ടതില്ല.
പൈലറ്റ് അനൂപ് കച്ച്റു, സഹ പൈലറ്റ് ശക്തി സിങ് എന്നിവരാണ് കാലിബ്രേഷൻ വിമാനം പറത്തിയത്.
കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനങ്ങൾ പലപ്പോഴും മോശം കാലാവസ്ഥയെത്തുടർന്ന് വഴിതിരിച്ചുവിടാറുണ്ട്. മൂടൽമഞ്ഞ് കാരണം വ്യാഴാഴ്ച രാവിലെ ഹൈദരാബാദിൽനിന്നുള്ള വിമാനം കോഴിക്കോട്ടേക്ക് തിരിച്ചുവിട്ടിരുന്നു.
ലാൻഡിങ്ങിന് സഹായിക്കുന്ന ഉപകരണമായ ഐ.എൽ.എസ്.(ഇൻസ്ട്രുമെന്റ് ലാൻഡിങ് സിസ്റ്റം) കണ്ണൂരിലെ ഒരു റൺവേയിൽ മാത്രമാണ് സ്ഥാപിച്ചിട്ടുള്ളത്. രണ്ടാമത്തെ റൺവേയിലും ഇത് സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും റൺവേ വികസനം നടത്തേണ്ടതിനാൽ മാറ്റിവെക്കുകയായിരുന്നു.
Read More in Kerala
Related Stories
സംസ്ഥാന സര്‍ക്കാരിന്റെ സിവിലിയന്‍ പുരസ്കാരം വരുന്നു
4 years, 7 months Ago
വ്യാജ പട്ടയങ്ങൾക്ക് വിട ഇനി ഇ-പട്ടയം
3 years, 10 months Ago
ബില്ലുണ്ടോ, GST വകുപ്പ് എന്നും സമ്മാനം തരും; മാസത്തിലെ വിജയിക്ക് ഒന്നാംസമ്മാനം 10 ലക്ഷം
3 years, 7 months Ago
മലയാളം; പഴയ ലിപിയിലേക്ക് ഭാഗികമായി മാറാൻ ശുപാർശ
4 years, 1 month Ago
കറണ്ട് ബിൽ ഇനി സ്വയം രേഖപ്പെടുത്താം; കണ്ടെയ്ൻമെന്റ് സോണുകളിൽ 'സെൽഫ് മീറ്റർ റീഡിങ്'
4 years, 10 months Ago
ഭൂമിയുടെ ഉടമസ്ഥാവകാശം ആധാറുമായി ബന്ധിപ്പിക്കല്‍ ഉടന്‍
3 years, 7 months Ago
Comments