Wednesday, April 16, 2025 Thiruvananthapuram

തോറ്റവരേ വരൂ, വിനോദയാത്ര പോകാം; എസ്.എസ്.എൽ.സി. തോറ്റവർക്ക് പദ്ധതിയുമായി പഞ്ചായത്ത്

banner

2 years, 9 months Ago | 292 Views

പത്താംക്ലാസ് പരീക്ഷയിൽ തോറ്റവർ എന്തിന് നിരാശരാകണം? അടിപൊളിയായൊരു വിനോദയാത്ര പോകാം, ഗെയിമും കളിക്കാം’-പരാജയപ്പെട്ട കുട്ടികളെ ഇങ്ങനെ സന്തോഷത്തോടെ സ്വീകരിക്കുന്നത് വളാഞ്ചേരിക്കടുത്ത് മാറാക്കര പഞ്ചായത്താണ്. എസ്.എസ്.എൽ.സി. ഫലംവന്നു പിേറ്റദിവസംതന്നെ ’ജയിക്കാനായി തോറ്റവർക്കൊപ്പം’ എന്നപേരിൽ ശ്രദ്ധേയമായി പദ്ധതി തയ്യാറാക്കിയിരിക്കുകയാണ് പഞ്ചായത്ത് ഭരണസമിതി.

പത്താംക്ലാസ്സിൽ പരാജയപ്പെട്ടവരുമായി ഒരുദിവസത്തെ വിനോദയാത്രയാണ് ആദ്യം. ഒരാഴ്‌ചയ്ക്കുള്ളിൽത്തന്നെ യാത്ര സംഘടിപ്പിക്കും. വെങ്ങാടുള്ള വാട്ടർതീം പാർക്കിലേക്കാണ് പോകുന്നത്. തുടർന്ന് മനഃശാസ്ത്രജ്ഞരുടെ നേതൃത്വത്തിൽ കൗൺസലിങ്. മാനസികപിരിമുറുക്കവും നിരാശാബോധവും കുറയ്ക്കാൻ പ്രത്യേക ഗെയിമുകളും കുട്ടികൾക്കു നൽകും. മനഃശാസ്ത്രജ്ഞരുടെയും കൗൺസലർമാരുടെയും സേവനം ഉപയോഗപ്പെടുത്തും.

കുട്ടികൾ ആരൊക്കെയെന്ന് വാർഡ് അംഗങ്ങളുടെ നേതൃത്വത്തിലാണ് കണ്ടെത്തുക. കുട്ടികൾ ആരെന്നോ അവരുടെ പേരുവിവരമോ പരസ്യപ്പെടുത്തില്ല. പരിപാടിയുടെ ചിത്രങ്ങളും പുറത്തുവിടില്ല. 20 വാർഡുകളാണ് മാറാക്കര പഞ്ചായത്തിലുള്ളത്.

മാറാക്കര പഞ്ചായത്തിലുള്ള കുട്ടികൾക്കു മാത്രമാണ് അവസരം. ‘പരാജയത്തിൽനിന്ന് തുടങ്ങിയവരാണ് ചരിത്രത്തിലെ വലിയ വിജയികൾ’എന്നതാണ് പദ്ധതിയുടെ പ്രമേയമെന്ന് പ്രസിഡന്റ് ടി.പി. സജ്‌ന, വൈസ് പ്രസിഡന്റ് ഉമറലി കരേക്കാട് എന്നിവർ പറഞ്ഞു. കുട്ടികൾക്ക് തുടർപഠന സഹായങ്ങളടക്കം നൽകാൻ പഞ്ചായത്ത് ഒരുക്കമാണെന്നും അവർ വ്യക്തമാക്കി.

നിലമ്പൂർ എരഞ്ഞിമങ്ങാട് ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ എസ്.എസ്.എൽ.സി. തോറ്റ കുട്ടികളുമായി വിനോദയാത്രപോകാൻ എ.ഐ.എസ്.എഫ്. ചാലിയാർ പഞ്ചായത്ത് കമ്മിറ്റിയും തീരുമാനിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളെയും യാത്രയിൽ പങ്കാളികളാക്കും.



Read More in Kerala

Comments