Friday, April 18, 2025 Thiruvananthapuram

കൊങ്കൺ പാതയിൽ വൈദ്യുതീകരണം പൂർത്തിയായി ഇനി മുഴുവൻ വൈദ്യുത എൻജിൻ

banner

2 years, 11 months Ago | 571 Views

കൊങ്കൺ പാതയിൽ പ്രവേശിക്കുമ്പോൾ നേത്രാവതി എക്സ്പ്രസിനും മംഗളയ്ക്കും രാജധാനിക്കും ഇനി ഡീസൽ എൻജിൻ ഘടിപ്പിക്കേണ്ട. മേയ് ഒന്നുമുതൽ വൈദ്യുതി എൻജിനിൽത്തന്നെ കൊങ്കൺ റെയിൽപാതയിലും തീവണ്ടികൾ സഞ്ചരിക്കും. കൊങ്കൺ റൂട്ടിൽ തൊക്കൂർ മുതൽ രോഹവരെ വൈദ്യുതീകരണം പൂർത്തിയായതോടെയാണിത്. മത്സ്യഗന്ധ ഉൾപ്പെടെ മംഗളൂരുവിൽനിന്ന് പുറപ്പെടുന്ന ഏഴ് എക്സ്‌പ്രസ്, പാസഞ്ചർ സ്പെഷ്യൽ വണ്ടികളും വൈദ്യുത എൻജിനിൽ ഓടും. വൈദ്യുത എൻജിനുകളിലേക്ക് മാറുന്നതോടെ വണ്ടികളുടെ വേഗം വർധിക്കുന്നതിനൊപ്പം എൻജിൻ മാറ്റൽ സമയവും ലാഭിക്കാം. 

നിലവിൽ എറണാകുളത്തുനിന്ന് നിസാമുദ്ദീനിലേക്കുള്ള മംഗളയും തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന നേത്രാവതിയും രാജധാനിയും മംഗളൂരു ജങ്‌ഷൻവരെ വൈദ്യുത എൻജിനിലാണ് ഓടുന്നത്. പാലക്കാട് ഡിവിഷന്റെ പരിധിയായ മംഗളൂരു ജങ്‌ഷൻവരെയാണ് വൈദ്യുതീകരിച്ചത്. അവിടെവെച്ച് രോഹവരെ ഡീസൽ എൻജിനിലേക്ക് മാറും.

കൊങ്കണിന്റെ അവസാനമായ രോഹയ്ക്കുശേഷം വീണ്ടും വൈദ്യുത എൻജിൻ ഘടിപ്പിക്കും. മംഗളൂരു സെൻട്രൽ, ജങ്‌ഷൻ എന്നിവിടങ്ങളിൽനിന്നുള്ള മത്സ്യഗന്ധ എക്സ്‌പ്രസ് അടക്കം ഡീസൽ എൻജിനിലാണ് പുറപ്പെടുന്നതും തിരിച്ചുവരുന്നതും. മേയ് ഒന്നു മുതൽ ഇവ വൈദ്യുതിയിൽ ഓടും. റോഹമുതൽ തോക്കൂർ വരെയുള്ള 741 കിലോമീറ്റർ പാത വൈദ്യുതീകരിക്കുന്നതിന് 1287 കോടി രൂപയാണ് ചെലവായത്. 2016 നവംബറിൽ ആരംഭിച്ച പണി പൂർത്തിയാകാൻ അഞ്ച് വർഷത്തിലധികം സമയമെടുത്തു. 



Read More in Kerala

Comments