രാഷ്ട്രപതി റാംനാഥ് കോവിന്ദിനു വേണ്ടി നാവികസേനയുടെ അഭ്യാസപ്രകടനം

3 years, 3 months Ago | 356 Views
നാവികക്കരുത്തിൽ കരയും കടലും ആകാശവും പ്രകമ്പനം കൊണ്ടപ്പോൾ കയ്യടിച്ചു കണ്ടിരുന്നു രാജ്യത്തിന്റെ സർവസൈനാധിപന്‍. രാഷ്ട്രപതി റാംനാഥ് കോവിന്ദിനു വേണ്ടി വ്യാഴാഴ്ച രാവിലെയാണു നാവികസേനയുടെ അഭ്യാസപ്രകടനം അരങ്ങേറിയത്. ഡിസംബര്‍ 23 ന് രാവിലെ 11നു പോർട്‍ട്രസ്റ്റിന്റെ അംബാ ജെട്ടിയിലെത്തിയ രാഷ്ട്രപതി ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച ശേഷം കായലിന് അഭിമുഖമായുള്ള വേദിയിലെത്തി. ഓളപ്പരപ്പിലൂടെ ജെമിനി ബോട്ടുകളിൽ കുതിച്ചെത്തിയ നാവിക കമാൻഡോകൾ അഭ്യാസ പ്രകടനത്തിന്റെ ലഘുലേഖ രാഷ്ട്രപതിക്കു കൈമാറി.
സേനയുടെ സീകിങ്, ചേതക് ഹെലികോപ്റ്ററുകളും ഡോണിയർ വിമാനങ്ങളും വിവിധ ഫോർമേഷനുകളിൽ പറന്നെത്തി. തദ്ദേശ നിർമിത അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകൾ (എഎൽഎച്ച്) താണുപറന്നു സാഹസികപ്രകടനം കാഴ്ചവച്ചു. യുദ്ധക്കപ്പലുകളായ ഐഎൻഎസ് സുനൈന, ഐഎൻഎസ് തീർ, ഐഎൻഎസ് ശാരദ തുടങ്ങിയവയും നാവികക്കരുത്തിന്റെ വിളംബരമായി രാഷ്ട്രപതിക്കു മുന്നിലെത്തി.
മുക്കാൽ മണിക്കൂറോളം നീണ്ട പരിപാടിക്കിടെ ആധുനിക യന്ത്രങ്ങളുടെ സഹായത്തോടെയുള്ള ബോംബ് നിർവീര്യമാക്കലും അവതരിപ്പിച്ചു.
നാവികസേനയുടെ സെയിൽഷിപ് തരംഗിണി ‘മാനിങ് ദ് മാസ്റ്റ്’ പ്രദർശിപ്പിച്ചു. യുദ്ധക്കപ്പലുകളിലെത്തിയ നാവികർ രാഷ്ട്രപതിയോടുള്ള ബഹുമാനാർഥം മൂന്നുതവണ ജയാരവം മുഴക്കി നടത്തിയ സ്റ്റീം പാസ്റ്റും ആകർഷകമായി. നാവികബാൻഡിന്റെ സംഗീതവിരുന്നോടെയാണ് അഭ്യാസ പ്രകടനങ്ങൾ സമാപിച്ചത്.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ദക്ഷിണ നാവിക കമാൻഡ് മേധാവി അഡ്മിറൽ എം.എ.ഹംപിഹോളി, ഭാര്യ മധു ഹംപിഹോളി, മന്ത്രി പി. രാജീവ്, കലക്ടർ ജാഫർ മാലിക്, രാഷ്ട്രപതിയുടെ ഭാര്യ സവിത കോവിന്ദ്, മകൾ സ്വാതി എന്നിവരും അഭ്യാസപ്രകടനങ്ങൾ വീക്ഷിച്ചു. തുടർന്നു കൊച്ചി കപ്പൽശാലയിലെത്തിയ രാഷ്ട്രപതി ഇന്ത്യയുടെ പ്രഥമ തദ്ദേശ നിർമിത വിമാനവാഹിനിയായ ഐഎൻഎസ് വിക്രാന്തിന്റെ നിർമാണ പുരോഗതി വിലയിരുത്തി.
Read More in Kerala
Related Stories
ന്യുമോകോക്കല് കോണ്ജുഗേറ്റ് വാക്സിനേഷന് തുടക്കമായി
3 years, 6 months Ago
വീടുകളില് സൗജന്യമായി മരുന്നെത്തിക്കാന് പ്രത്യേക പദ്ധതിയുമായി സംസ്ഥാന ആരോഗ്യ വകുപ്പ്
3 years, 2 months Ago
പുരാണ കഥകളുടെ മുത്തശ്ശി യാത്രയായി
3 years, 11 months Ago
റേഷന് കാര്ഡും സ്മാര്ട്ട് ആകുന്നു; റേഷനൊപ്പം അവശ്യ സാധനങ്ങളും വാങ്ങാം
3 years, 6 months Ago
പഞ്ചായത്തുകളിലെ ഇ ഗവേണൻസിന് ഇനി ആമസോൺ ക്ലൗഡ് സേവനം.
3 years, 1 month Ago
Comments