Wednesday, April 16, 2025 Thiruvananthapuram

അധ്യാപകർക്ക് പ്രഥമ ശുശ്രൂഷ പരിശീലനം : ബാലവകാശ കമ്മീഷൻ

banner

3 years, 8 months Ago | 401 Views

സംസ്ഥാനത്തെ സ്കൂളുകളിൽ അധ്യാപകർക്ക് പ്രഥമ ശുശ്രൂഷ പരിശീലനം നൽകാൻ ബാലാവകാശ കമ്മീഷൻ ഉത്തരവ്.  എല്ലാ സ്കൂളുകളിലും ഫസ്റ്റ് എയ്ഡ് കിറ്റ് സജ്ജമാക്കാൻ പ്രധാനാധ്യപകർ ശ്രദ്ധിക്കണമെന്നും ബാലവകാശ കമ്മീഷൻ ഉത്തരവിൽ പറയുന്നു. വയനാട് ബത്തേരി സർവ്വജന സ്കൂളിൽ വിദ്യാർത്ഥിനി പാമ്പുകടിയേറ്റ് മരിക്കാനിടയായ സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ പൊതുപ്രവർത്തകൻ നൽകിയ ഹർജി പരിഗണിച്ചാണ് ബാലാവകാശ കമ്മീഷന്‍റെ ഉത്തരവ്.

ക്ലാസ്സ് മുറിയിൽ വെച്ച് പാമ്പ് കടിയേറ്റ് ഒമ്പത് വയസ്സുകാരി ഷെഹ്ല ഷെറിൻ മരിച്ചതിന് പിന്നാലെ സ്കൂളിൽ വിദ്യാർത്ഥികളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതുമായി ബന്ധപ്പെട്ട് പൊതുപ്രവർത്തകൻ എബി ജോസ് നൽകിയ ഹർജി പരിഗണിച്ചാണ് ബാലവകാശ കമ്മീഷന്‍റെ നിർണായക ഉത്തരവ്. സ്വകാര്യ സകൂളുകളടക്കം സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും അടിയന്തര സാഹചര്യം നേരിടാൻ അധ്യാപകർക്ക് പ്രാഥമിക ചികിത്സാ സഹായം നൽകാൻ പരിശീലനം നൽകണം. 500 കുട്ടികൾക്ക്  ഒരു അധ്യാപകൻ എന്ന അനുപാദത്തിൽ പരിശീലനം നൽകാൻ പ്രധാന അധ്യാപകൻ നടപടികൾ സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു. 

അധ്യാപകർക്ക് പരിശീലനം നൽകാൻ ആരോഗ്യ വകുപ്പിനെ സമീപിക്കാം. അയ്യായിരം വിദ്യാർത്ഥികളിൽ കൂടുതലുളള സകൂളുകളിൽ പരിശീലനം ലഭിച്ച നഴ്സിംഗ് സ്റ്റാഫിന്‍റെ മുഴുവൻ സമയ സേവനം ഉറപ്പാക്കണമെന്നും അടിയന്തരഘട്ടങ്ങളിൽ ഉപയോഗിക്കേണ്ടി വരുന്ന മരുന്നുകൾ അടക്കമുളള മെഡിക്കൽ കിറ്റും ഫസ്റ്റ് എയ്ഡ് റൂം ക്രമീകരിക്കാനും ഉത്തരവിൽ നിർദേശമുണ്ട്. എല്ലാ സ്കൂളുകളിലും അടിയന്തിര മെഡിക്കൽ സേവനം ലഭ്യമാക്കുന്നതിന് ബന്ധപ്പെടാവുന്ന ആശുപത്രികൾ, ആംബുലൻസ്, ഡോക്ടർമാർ, പോലീസ്, ചൈൽഡ് ലൈൻ എന്നിവയുടെ വിവരങ്ങൾ പൊതുവിടത്തില്‍ പ്രദർശിപ്പിക്കണം.

ഈ നിർദേശങ്ങളൊക്കെ നടപ്പാക്കുന്നതിനാവശ്യമായ സർക്കാർ തല ഉത്തരവ് പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി പുറപ്പെടുവിക്കണമെന്നും ആരോഗ്യ- കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും പൊതുവിദ്യാഭ്യാസ ഡയറക്ടറും നിരീക്ഷിച്ച് ഉറപ്പു വരുത്തണമെന്നും ഉത്തരവിൽ പ്രത്യേകം പറഞ്ഞിട്ടുണ്ട്. 



Read More in Kerala

Comments