Wednesday, April 16, 2025 Thiruvananthapuram

മസിനഗുഡിയിലെ നാട്ടുകാരുടെ പ്രിയപ്പെട്ട റിവാൾഡോ കൂട്ടിൽ കയറി

banner

3 years, 11 months Ago | 407 Views

മസിനഗുഡിയിലെ  നാട്ടുകാരുടെ പ്രിയപ്പെട്ട ‘റിവാൾഡോ’ ആന കൂട്ടിൽ കയറി. 15 വർഷമായി കാട്ടിൽ നിന്നിറങ്ങി മസിനഗുഡിയിൽ സ്ഥിര താമസമാക്കിയ റിവാൾഡോയെ അവസാനം വനം വകുപ്പ് ആനക്കൊട്ടിലിൽ കയറ്റി. കാട്ടാനയെ മയക്കു വെടിയും, താപ്പാനകളും, ബലപ്രയോഗമില്ലാതെ കൂട്ടിൽ കയറ്റിയ സംഭവം വനം വകുപ്പ് ചരിത്രത്തിൽ ആദ്യമാണ്.

കഴിഞ്ഞ മൂന്ന്‌ മാസത്തിലധികമായി വനംവകുപ്പ്‌ നടത്തുന്ന ശ്രമങ്ങൾക്കൊടുവിലാണ്‌ നാടിന്റെ പ്രിയപ്പെട്ട കൊമ്പനെ തളച്ചത്‌. കാട്ടുകൊമ്പന്റെ ശൗര്യങ്ങളൊന്നുമില്ലാത്ത റിവാൾഡോയുടെ തുമ്പിക്കൈയിലേറ്റ പരിക്കിന്‌ ചികിത്സിക്കാനാണ്‌ കൂട്ടിലാക്കിയത്‌. 

മയക്കുവെടിവയ്‌ക്കാതെ മുതുമല ആനവളർത്തൽ കേന്ദ്രത്തിലെത്തിക്കാനുള്ള‌ ലക്ഷ്യം നടക്കാതെ വന്നപ്പോഴാണ്‌ മസിനഗുഡി വാഴത്തോട്ടം മേഖലയിൽ വനംവകുപ്പ്‌ കൂടൊരുക്കിയത്‌. 

കൂട്ടിൽ പഴങ്ങളും കരിമ്പുംവച്ച്‌  കാത്തിരുന്നു. ബുധനാഴ്ച രാവിലെ ഒമ്പതോടെ റിവാൾഡോ തീറ്റയെടുക്കാൻ കയറിയതോടെ കൂട്‌ അടച്ചു. തുമ്പിക്കൈയുടെ പരിക്കിനൊപ്പം ശ്വാസതടസ്സമുണ്ട്‌.  ഒരുമാസത്തോളം ചികിത്സവേണ്ടിവരുമെന്നാണ്‌ കരുതുന്നത്‌.  

3 മാസം മുൻപ് ഈ ആനയ്ക്ക് ഇഷ്ട ഭക്ഷണം നൽകി നടത്തി തെപ്പക്കാട് ആനപ്പന്തിയിലെത്തിക്കാനുള്ള ശ്രമം നടത്തിയിരുന്നു. അന്നു വനം വകുപ്പ് ചെക്ക് പോസ്റ്റിന് സമീപം വരെ എത്തിയ ആന വനത്തിൽ നിന്നും മറ്റ് ആനകളുടെ ഗന്ധം ലഭിച്ചതോടെ തിരിഞ്ഞോടി.

വർഷങ്ങളായി ജനങ്ങളുമായി ഇണങ്ങി‌ക്കഴിയുകയാണ്‌ റിവാൾഡോ. നാട്ടുകാർ  നൽകുന്ന കരിമ്പും  പഴങ്ങളുമെല്ലാമായിരുന്നു‌ ഭക്ഷണം.  ഊട്ടി–-മസിനഗുഡി റോഡിൽ എപ്പോഴുമുണ്ടാകും. മസിനഗുഡിയിൽ  താമസിച്ചിരുന്ന മൃഗസ്‌നേഹിയും ഫുട്‌ബോൾ പ്രേമിയുമായിരുന്ന മാർക്‌ ദേവിദാറാണ്‌ കൊമ്പന്‌  റിവാൾഡോ എന്ന പേരിട്ടത്‌‌. പിന്നീട്‌ നാട്ടുകാരും ഏറ്റുവിളിച്ചു. മരണംവരെ ദേവിദാർ റിവാൾഡോക്ക്‌ തീറ്റയും പരിചരണവും നൽകി. 

4 മാസം മുന്‍മ്പ് മസിനഗുഡിയിൽ കാട്ടാനയെ തീ കൊളുത്തി കൊന്ന സംഭവം വിവാദമായതോടെയാണു നാട്ടിൽ സ്ഥിര താമസക്കാരനായ ഈ കൊമ്പനെ പിടികൂടി ആനപ്പന്തിയിലെത്തിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടത്. തുടർന്ന്  നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു. തുമ്പിക്കൈയിൽ പരുക്കേറ്റ കാട്ടാനയെ മയക്കു വെടിവച്ച് പിടികൂടിയാൽ ജീവന് ഭീഷണിയാകുമെന്നുള്ള അഭിപ്രായത്തെ തുടർന്നാണ് ആ ഉദ്യമം ഉപേക്ഷിച്ചത്. പിന്നീട് ഹൈക്കോടതിയുടെ ഇടപെടലും ഉണ്ടായി.ആനയ്ക്ക് നൽകുന്ന ചികിത്സ സംബന്ധിച്ചു വിശദ വിവരങ്ങൾ കോടതി അറിയിക്കണമെന്ന് കോടതി ഉത്തരവിട്ടു.  ചികിത്സയ്ക്കു ശേഷം ആനയെ തുറന്നു വിടണമെന്നുള്ള നിർദേശവും ഉണ്ട്. 

15 വർഷമായി നാട്ടിൽ കഴിയുന്ന റിവാൾഡോ ഇതുവരെയും ആരേയും ഉപദ്രവിച്ചിട്ടില്ല. നാട്ടുകാർ തുമ്പിക്കൈയിൽ ഭക്ഷണം വച്ചു നൽകും. ഭക്ഷണം കിട്ടിയില്ലങ്കിൽ മസിനഗുഡി വാഴത്തോട്ടത്തിലെ നടുറോഡിൽ ഇറങ്ങി നിൽക്കും. ഗതാഗതം സ്തംഭിക്കുമ്പോൾ വനം വകുപ്പ് ജീവനക്കാർ വാഴപ്പഴവും, കൈതച്ചക്കയുമായി എത്തും ഭക്ഷണം ലഭിച്ചാൽ റോഡില്‍ നിന്നും മാറും. ആനയുടെ ആരോഗ്യ നില വിലയിരുത്തി അടുത്ത നടപടികൾ സ്വീകരിക്കുമെന്ന് മുതുമല കടുവ സങ്കേതം ഡപ്യൂട്ടി ഡയറക്ടർ  അറിയിച്ചു.



Read More in Kerala

Comments