Wednesday, Aug. 20, 2025 Thiruvananthapuram

അമ്പതിലധികം ജീവനക്കാരുള്ള വ്യാപാരസ്ഥാപനങ്ങളില്‍ ക്രഷുകള്‍ വേണം: കുട്ടിയെ സന്ദര്‍ശിക്കാനും അവസരം

banner

3 years, 2 months Ago | 535 Views

അമ്പതിലധികം ജീവനക്കാരുള്ള വ്യാപാര സ്ഥാപനങ്ങളില്‍ സൗജന്യ ശിശു പരിപാലന കേന്ദ്രം (ക്രഷ്) ആരംഭിക്കാന്‍ നിര്‍ദേശിച്ച് സര്‍ക്കാര്‍. ജീവനക്കാരുടെ ആറുമാസം മുതല്‍ ആറു വയസ്സുവരെയുള്ള കുട്ടികള്‍ക്കായാണ് ക്രഷുകള്‍ ആരംഭിക്കേണ്ടത്. എല്ലാ ജീവനക്കാര്‍ക്കും ഈ സൗകര്യം ഉറപ്പാക്കാന്‍ തൊഴിലുടമകള്‍ ശ്രദ്ധിക്കണം. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി കേരള വ്യാപാര, വാണിജ്യ എസ്റ്റാബ്ലിഷ്‌മെന്റ് ചട്ടം ഭേദഗതി ചെയ്തു.

30 കുട്ടികള്‍ക്ക് ഒരാള്‍ എന്ന രീതിയില്‍ ആയമാര്‍ വേണം. സര്‍ക്കാര്‍ ആംഗീകൃത പരിശീലനം നേടിയ വനിതകളായിരിക്കണം. കുട്ടികള്‍ക്ക് രാവിലെയും ഉച്ചയ്ക്കും വൈകീട്ടും എന്ന ക്രമത്തില്‍ പോഷകാഹാരവും നല്‍കണം. ഇതിനായി പ്രത്യേക മാനദണ്ഡങ്ങളും രൂപവത്കരിച്ചിട്ടുണ്ട്. തൊഴില്‍സ്ഥാപനങ്ങള്‍ക്ക് സംയുക്തമായി വേണമെങ്കിലും ക്രഷ് ആരംഭിക്കാം.

ഒരു കുട്ടിക്ക് 1.39 ചതുരശ്ര മീറ്റര്‍ എന്ന കണക്കില്‍ 13.9 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമെങ്കിലും കെട്ടിടത്തിന് വേണം. കുടിവെള്ളം, മതിയായ വായുസഞ്ചാരം, വെളിച്ചം, 15 കുട്ടികള്‍ക്ക് ഒന്ന് എന്ന കണക്കില്‍ ശുചിമുറി തുടങ്ങിയ സൗകര്യങ്ങളും ഉറപ്പാക്കണം. മുലയൂട്ടാനും സൗകര്യമുണ്ടാകണം.

ഒരുദിവസം നാലുതവണ കുട്ടിയെ സന്ദര്‍ശിക്കാന്‍ ജീവനക്കാരിയായ അമ്മയ്ക്ക് തൊഴിലുടമ അവസരം നല്‍കണം. ക്രഷുകള്‍ മികച്ചരീതിയില്‍ പരിപാലിക്കണമെന്നും ചട്ടത്തിലുണ്ട്.

അതേസമയം, തീരുമാനത്തോട് വ്യാപാരികള്‍ക്കിടയില്‍ കടുത്ത പ്രതിഷേധമുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പോലും ഇത്തരം സംവിധാനങ്ങളില്ലെന്നും പ്രതിസന്ധിയിലായ വ്യാപാരമേഖലയെ കൂടുതല്‍ തകര്‍ക്കുന്നതാണ് ചട്ടമെന്നുമാണ് വ്യാപാരികളുടെ ആരോപണം. ഉത്തരവ് പിന്‍വലിക്കണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് എസ്.എസ്. മനോജ് ആവശ്യപ്പെട്ടു.



Read More in Kerala

Comments

Related Stories