Saturday, April 19, 2025 Thiruvananthapuram

യുവാക്കളുടെ പുണ്യസ്ഥലമാണ് ജിംനേഷ്യം, പ്രവർത്തിക്കാന്‍ ലൈസന്‍സ് എടുക്കണം- ഹൈക്കോടതി

banner

2 years, 9 months Ago | 250 Views

മൂന്ന് മാസത്തിനുള്ളില്‍ സംസ്ഥാനത്തെ എല്ലാ ജിംനേഷ്യങ്ങള്‍ക്കും ലൈസന്‍സ് എടുക്കണമെന്ന് ഹൈക്കോടതി. 1963-ലെ കേരള പ്ലേസ് ഓഫ് പബ്ലിക് റിസോര്‍ട്ട്സ് ആക്ട് പ്രകാരമുള്ള ലൈസന്‍സ് ആണ് എടുക്കേണ്ടത്. ക്ഷേത്രവും പള്ളിയും മോസ്‌കും പോലെ യുവാക്കളുടെ പുണ്യസ്ഥലമായി ജിംനേഷ്യം മാറിയിരിക്കുകയാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവ്. പ്രായമായവരും ജിംനേഷ്യം ഒരുപോലെ ഇഷ്ടപ്പെടുന്നു. എല്ലാ പ്രായത്തിലുളള സ്ത്രീപുരുഷന്‍മാരും ജിംനേഷ്യത്തില്‍ പോകുന്നത് വലിയ അഭിമാനമായി കാണുന്നു.

ആരോഗ്യകരമായ ലോകത്തിന് വേണ്ടിയായതിനാല്‍ ഇതൊരു നല്ല സൂചനയാണ്. എന്നാല്‍ നിയമപരമായ എല്ലാ അനുമതിയോടെയും നല്ല അന്തരീക്ഷത്തിലായിരിക്കണം ജിംനേഷ്യങ്ങള്‍ പ്ര വർത്തിക്കേണ്ടതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ലൈസന്‍സ് ഇല്ലാതെ ജിംനേഷ്യങ്ങള്‍ പ്രവൃത്തിക്കുന്നുണ്ടോ എന്ന് കണ്ടെത്താന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്കണം. ലൈസന്‍സില്ലാത്തവര്‍ മൂന്ന് മാസത്തിനുള്ളില്‍ എടുക്കണമെന്ന് കാട്ടി നോട്ടീസും നല്കണം. ഇക്കാര്യത്തിലുളള നിർദ്ദേശങ്ങള്‍ സര്‍ക്കാര്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ പുറപ്പെടുവിക്കണം.

കേരള പ്ലേസ് ഓഫ് പബ്ലിക് റിസോർട്ട് ആക്ടിലെ വ്യവസ്ഥകള്‍ ജിംനേഷ്യത്തിനും ബാധകമാണെന്ന് കോടതി വലിയിരുത്തി. സംസ്ഥാനത്ത് ഒട്ടേറെ ജിംനേഷ്യങ്ങള്‍ ലൈസന്‍സില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. നെയ്യാറ്റിന്‍കരയില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ജിംനേഷ്യത്തിനെതിരെ പ്രദേശവാസിയായ സി. ധന്യ അടക്കമുള്ളവര്‍ ഫയല്‍ചെയ്ത ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. ജിംനേഷ്യത്തിന് ലൈസന്‍സ് നിഷേധിച്ച നെയ്യാറ്റിന്‍കര നഗരസഭയുടെ നടപടി ചോദ്യംചെയ്ത് തിരുവനന്തപുരം സ്വദേശി സി.കെ. റോയിയും ഹർജി നല്‍കിയിരുന്നു.

പുലര്‍ച്ചെ അഞ്ച് മുതല്‍ പ്രവര്‍ത്തിക്കുന്ന ജിംനേഷ്യത്തില്‍ വലിയ ശബ്ദത്തില്‍ പാട്ടുവെയ്ക്കുന്നത് ശല്യമായെന്നതടക്കമുള്ള പരാതിയാണ് ഹര്‍ജിക്കാരി ഉന്നയിച്ചത്. പരാതി ഉന്നയിക്കപ്പെട്ട ജിംനേഷ്യത്തിന് ലൈസന്‍സ് എടുക്കുന്നതുവരെ പാട്ടുവെയ്ക്കാതെ പ്രവര്‍ത്തിക്കാം. ഹര്‍ജിക്കാരിയെ കേട്ട ശേഷം മാത്രമെ ലൈസന്‍സ് നല്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കാവൂ.

അതേസമയം, കേരള മുനിസിപ്പാലിറ്റി ആക്ട് 1994-ല്‍ നിലവില്‍വന്നതിനാല്‍ 1963- ലെ കേരള പ്ലേസ് ഓഫ് പബ്ലിക് റിസോര്‍ട്ട് ആക്ട് ബാധകമാകില്ലെന്ന മുനിസിപ്പാലിറ്റി അഭിഭാഷകന്റെ വാദത്തില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി.



Read More in Kerala

Comments