Thursday, April 10, 2025 Thiruvananthapuram

കുടിവെള്ളത്തിലെ വിഷാംശം നീക്കാന്‍ നാനോ ടെക്നോളജി: ടി. പ്രദീപിന് 2 കോടിയുടെ അന്താരാഷ്ട്ര ജലപുരസ്‌കാരം

banner

2 years, 9 months Ago | 357 Views

വെള്ളവുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്കുനല്‍കുന്ന പ്രിന്‍സ് സുല്‍ത്താന്‍ ബിന്‍ അബ്ദുള്‍ അസീസ് അന്താരാഷ്ട്ര ജല പുരസ്‌കാരത്തിന് (പി.എസ്.ഐ.പി.ഡബ്ല്യു.) മദ്രാസ് ഐ.ഐ.ടി.യിലെ പ്രൊഫസര്‍ ടി. പ്രദീപ് അര്‍ഹനായി. 2,66,000 ഡോളര്‍ (ഏതാണ്ട് രണ്ടു കോടി രൂപ) സമ്മാനത്തുകയുള്ള പുരസ്‌കാരം സെപ്റ്റംബര്‍ 12-ന് ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്തു നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.

നാനോ സാങ്കേതികവിദ്യ ഉപയോഗിച്ച് കുടിവെള്ളത്തില്‍നിന്ന് ആഴ്സനിക് വിഷാംശം നീക്കുന്നതിനുള്ള സംവിധാനം ആവിഷ്‌കരിച്ചതിനാണ് മലപ്പുറം പന്താവൂര്‍ സ്വദേശി ടി. പ്രദീപിനെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്.

സൗദി അറേബ്യയുടെ കിരീടാവകാശി സുല്‍ത്താന്‍ ബിന്‍ അബ്ദുള്‍ അസീസ് 2002-ലാണ് പി.എസ്.ഐ.പി.ഡബ്ല്യു. പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. 

കുടിവെള്ളം ശുദ്ധീകരിക്കാന്‍ നാനോ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താനുള്ള ഗവേഷണം തുടങ്ങിയിട്ട് 22 വര്‍ഷമായി. അത് പ്രവൃത്തിപഥത്തിലെത്താന്‍ ഏഴുവര്‍ഷമെടുത്തു. ആഴ്സനിക് നീക്കാനുള്ള സാങ്കേതികവിദ്യയുടെ പ്രയോജനം വിവിധ സംസ്ഥാനങ്ങളിലായി 12 ലക്ഷംപേര്‍ അനുഭവിക്കുന്നു. കീടനാശിനി അംശം നീക്കുന്നതുകൂടി പരിഗണിച്ചാല്‍ ഗുണഭോക്താക്കളുടെ എണ്ണം 1.2 കോടി വരും.

ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍നിന്ന് ഭൗതിക രസതന്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയശേഷം പ്രദീപ് കാലിഫോര്‍ണിയ, ബെര്‍ക്ക്ലി, പര്‍ഡ്യു, ഇന്‍ഡ്യാന സര്‍വകലാശാലകളില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെലോയായിരുന്നു. ഇപ്പോള്‍ മദ്രാസ് ഐ.ഐ.ടി.യില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രൊഫസറും രസതന്ത്രം പ്രൊഫസറുമാണ്. ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ഡോ. ടി. പ്രദീപിനെ 2020-ല്‍ രാഷ്ട്രം പദ്മശ്രീ ബഹുമതി നല്‍കി ആദരിച്ചിട്ടുണ്ട്. 



Read More in Environment

Comments