Friday, April 18, 2025 Thiruvananthapuram

ചന്ദ്രനിലെ മണ്ണിൽ വിത്തുകൾ മുളച്ചു

banner

2 years, 11 months Ago | 480 Views

മനുഷ്യനെ ചന്ദ്രനിലെത്തിച്ച അപ്പോളോ ദൗത്യങ്ങളുടെ ഭാഗമായി ഇവിടെയെത്തിച്ച ചന്ദ്രനിലെ മണ്ണിൽ വിതച്ച വിത്തുകൾ മുളച്ചു. ആഫ്രിക്കയിലും യൂറോപ്പിലും കാണപ്പെടുന്ന അറബിഡോപ്സിസ് എന്ന കളച്ചെടിയുടെ വിത്തുകളാണു മുളച്ചത്. ചന്ദ്രനിലെ മണ്ണ് ഓരോ ഗ്രാം വീതം 12 പാത്രങ്ങളിൽ നിറച്ചായിരുന്നു പരീക്ഷണം.

ഈ സ്വപ്‌ന നേട്ടം കൈവരിച്ചിരിക്കുകയാണ് ഫ്‌ളോറിഡ സര്‍വകലാശാലയിലെ ഗവേഷകര്‍. നാസയുടെ അപ്പോളോ 11, 12, 17 ദൗത്യങ്ങള്‍ ശേഖരിച്ച ചന്ദ്രനില്‍ നിന്നുള്ള മണ്ണില്‍ നിന്നാണ് വിത്തുകള്‍ മുളച്ചത്. 

'ഭാവിയിലെ ഗോളാന്തരയാത്രകളില്‍ ചന്ദ്രനെ വിക്ഷേപണ തറയാക്കുകയോ ഇടത്താവളമാക്കുകയോ ഒക്കെയാണ് നമ്മുടെ ലക്ഷ്യം. ചന്ദ്രനിലെ മണ്ണില്‍ കൃഷി ചെയ്യാനും വിളവെടുക്കാനും സാധിച്ചാലേ ഇത് യാഥാര്‍ഥ്യമാവൂ' എന്ന് പഠനത്തിനു പിന്നിലെ ഗവേഷകരിലൊരാളായ പ്രഫ. റോബ് ഫേള്‍ പറഞ്ഞു. ഇതുവരെ ചന്ദ്രനിലെ മണ്ണില്‍ ഏതെങ്കിലും തരത്തിലുള്ള വിത്തുകള്‍ മുളപ്പിക്കാന്‍ നമുക്ക് സാധിച്ചിരുന്നില്ല.

ആകെ 12 ഗ്രാം ചന്ദ്രനില്‍ നിന്നുള്ള മണ്ണ് മാത്രമായിരുന്നു ഇവര്‍ക്ക് പരീക്ഷണങ്ങള്‍ക്കായി ലഭിച്ചതെന്നതായിരുന്നു ആദ്യത്തെ വെല്ലുവിളി. ചെടിച്ചട്ടികളിലല്ല മറിച്ച് വിരല്‍ വലുപ്പമുള്ള ചെറു പാത്രങ്ങളിലാണ് ചെടികള്‍ നട്ടത്. ചെറിയ കുറ്റിച്ചെടിയായ താലെ ക്രസ് ആണ് ഇവിടെ ആദ്യം നട്ടത്. ജനിതക ഘടന പൂര്‍ണമായും കണ്ടെത്തിയിരുന്നു എന്നതാണ് ഈ ചെടി തിരഞ്ഞെടുക്കാനുള്ള കാരണം.

താരതമ്യത്തിനായി മറ്റു മണ്ണിനങ്ങളിലും ഇതേ ചെടിയുടെ വിത്തുകള്‍ ഇട്ടിരുന്നു. ഏതാണ്ടെല്ലാ വിത്തുകളും മുളച്ചുപൊന്തുകയും ചെയ്തു. ഇക്കാര്യം തീരെ പ്രതീക്ഷിച്ചിരുന്നില്ലെന്നും പഠനത്തില്‍ പങ്കാളിയായ പ്രഫ. അന്ന ലിസ പോള്‍ പറയുന്നു. അതേസമയം, ഭൂമിയിലെ മണ്ണില്‍ വളര്‍ന്നവയെ അപേക്ഷിച്ച് ചന്ദ്രനില്‍ വളര്‍ന്നവയില്‍ ചിലത് താരതമ്യേന വലുപ്പം കുറവുള്ളവയായിരുന്നു. ചിലത് വളര്‍ന്നത് വളരെ പതുക്കെയായിരുന്നു.

അനുകൂലമല്ലാത്ത സാഹചര്യങ്ങളിലും വളരാനുള്ള പ്രവണത സസ്യങ്ങള്‍ കാണിക്കാറുണ്ട്. ഇതു തന്നെയാണ് ചന്ദ്രനിലെ മണ്ണിന്റെ കാര്യത്തിലും സംഭവിച്ചത് എന്നാണ് കരുതപ്പെടുന്നത്. സസ്യങ്ങള്‍ വളര്‍ത്താനായാല്‍ അത് ചന്ദ്രന്റെ ഉപരിതലത്തേയും മാറ്റിമറിക്കുമെന്ന് പഠനത്തിന്റെ ഭാഗമായിരുന്ന ഡോ. സ്റ്റീഫന്‍ എലാര്‍ഡോ പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു. കാരണം, വളരെ വരണ്ട പ്രദേശമാണ് ചന്ദ്രന്‍. അല്‍പം ജലാംശംകൂടി ലഭിച്ചാല്‍ ചന്ദ്രനിലെ മണ്ണ് കൂടുതല്‍ വളക്കൂറുള്ളതാവുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. 2025ല്‍ മനുഷ്യനെ ചന്ദ്രനിലെത്തിക്കുന്ന ആര്‍ട്ടിമിസ് ദൗത്യത്തിന് മുന്നോടിയായി നടത്തുന്ന ഇത്തരം പഠനങ്ങള്‍ ആര്‍ട്ടിമിസിന് ഗുണം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്.



Read More in World

Comments