അന്റാര്‍ട്ടിക്കയില്‍ ഇന്ത്യ പുതിയ സസ്യത്തെ കണ്ടെത്തി; പായല്‍വര്‍ഗത്തില്‍ ഉള്‍പ്പെട്ട 'ഭാരതി'
.jpg)
3 years, 9 months Ago | 380 Views
അന്റാര്‍ട്ടിക്കയില്‍ പായല്‍ വിഭാഗത്തില്‍പ്പെടുന്ന ഒരു സസ്യത്തെ കണ്ടെത്തി അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അത് ലോകത്ത് ആദ്യമായാണ് കണ്ടെത്തുന്നത് എന്ന സത്യം ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞത്. 2017-ലാണ് ജീവശാസ്ത്രജ്ഞരുടെ ഒരു സംഘം ഈ സസ്യ സ്പീഷിസിനെ കണ്ടെത്തിയത്. മഞ്ഞുമൂടിയ അന്റാര്‍ട്ടിക്കന്‍ ഭൂഖണ്ഡത്തിലേക്കുള്ള മുപ്പത്തിയാറാമത് പര്യവേക്ഷണത്തിനിടെയാണ് ഈ അപൂര്‍വ സസ്യത്തെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. നാല് പതിറ്റാണ്ടുകള്‍ക്ക് മുൻപ് അന്റാര്‍ട്ടിക്കയില്‍ ഇന്ത്യയുടെ ആദ്യത്തെ ഗവേഷണകേന്ദ്രം സ്ഥാപിച്ചതിന് ശേഷം ആദ്യമായാണ് ഇന്ത്യ ഒരു സസ്യ സ്പീഷിസിനെ കണ്ടെത്തുന്നത്.
'ബ്രയം ഭാരതിയെന്‍സിസ്' എന്നാണ് ഈ സസ്യ സ്പീഷിസിന് പേര് നല്‍കിയിരിക്കുന്നത്. ഹൈന്ദവ വിശ്വാസപ്രകാരമുള്ള ദേവതയായ ഭാരതിയുടെ പേരിനെ ആസ്പദമാക്കിയാണ് സസ്യത്തിന് ഔദ്യോഗികനാമം നല്‍കിയിരിക്കുന്നത്. അന്റാര്‍ട്ടിക്കയില്‍ ഇന്ത്യയുടെ ഗവേഷണകേന്ദ്രങ്ങളില്‍ ഒന്നിന്റെ പേരും ഭാരതി എന്നാണ്. പഞ്ചാബ് കേന്ദ്ര സര്‍വകലാശാലയിലെ ജീവശാസ്ത്രജ്ഞരുടെ സംഘമാണ് സസ്യത്തിന് പേര് നല്‍കിയത്. സസ്യത്തിന്റെ സാമ്പിളുകൾ ശേഖരിച്ചതിന് ശേഷം ഡി എന്‍ എ പഠനം ഉള്‍പ്പെടെ അഞ്ച് വര്‍ഷങ്ങള്‍ നീണ്ട പരിശോധനയ്ക്കൊടുവിലാണ് ഈ സസ്യം ആദ്യമായാണ് കണ്ടെത്തുന്നതെന്ന് തിരിച്ചറിഞ്ഞത്.
ഭാരതി ഗവേഷണകേന്ദ്രത്തിന്റെ സമീപമുള്ള ലാര്‍സ്മാന്‍ കുന്നുകളിലാണ് സസ്യത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ആറ് മാസം നീണ്ടുനിന്ന പര്യവേക്ഷണത്തിന്റെ ഭാഗമായി പ്രൊഫസര്‍ ഫെലിക്സ് ബാസ്റ്റ് ആണ് കടുംപച്ച നിറമുള്ള ഈ സസ്യ സ്പീഷിസിനെ 2017-ല്‍ കണ്ടെത്തിയത്. പാറകളും മഞ്ഞും നിറഞ്ഞ ഭൂപ്രകൃതിയില്‍ ഈ സസ്യത്തിന് എങ്ങനെ അതിജീവിക്കാന്‍ കഴിഞ്ഞു എന്നതാണ് ഈ സ്പീഷിസിനെ സംബന്ധിച്ച പ്രാഥമികമായ ചോദ്യമെന്ന് ബാസ്റ്റ് പറയുന്നു.
പെന്‍ഗ്വിനുകള്‍ ധാരാളമായി പെറ്റു പെരുകുന്ന പ്രദേശങ്ങളിലാണ് ഇത്തരം പായലുകള്‍ കൂടുതലായി വളരുന്നതെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. പെന്‍ഗ്വിനുകളുടെ വിസര്‍ജ്യത്തില്‍ നൈട്രജന്‍ ധാരാളമായി അടങ്ങിയിരിക്കുന്നതാണ് ഇതിന് കാരണം. എന്നാല്‍, സൂര്യപ്രകാശം ഒട്ടുമില്ലാത്ത, -76 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില താഴുന്ന, ആറ് മാസത്തോളം നീണ്ടുനില്‍ക്കുന്ന ശൈത്യകാലത്തെ ഈ സസ്യങ്ങള്‍ അതിജീവിക്കുന്നത് എങ്ങനെ എന്ന കാര്യത്തില്‍ ശാസ്ത്രജ്ഞര്‍ക്ക് ഇതുവരെ വ്യക്തത കൈവന്നിട്ടില്ല.
കാലാവസ്ഥാ വ്യതിയാനം മൂലം അന്റാര്‍ട്ടിക്കയില്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളിലേക്കും ഈ കണ്ടെത്തല്‍ വിരല്‍ ചൂണ്ടുന്നുണ്ട്. മഞ്ഞു മൂടിയ ഈ ഭൂഖണ്ഡത്തില്‍ മുൻപ് നിലനില്ക്കാന് കഴിയാതിരുന്ന സസ്യങ്ങള്‍ ഇപ്പോള്‍ എല്ലായിടത്തും കാണപ്പെടുന്നുണ്ടെന്നും കാലാവസ്ഥാ മാറ്റം മൂലം അന്റാര്‍ട്ടികയിലെ താപനില ഉയരുന്നതാണ് അതിന് കാരണമെന്നും പ്രൊഫസര്‍ ബാസ്റ്റ് പറഞ്ഞതായി ബി ബി സി റിപ്പോര്‍ട്ട് ചെയ്യുന്നു.
പര്യവേക്ഷണത്തിന്റെ ഭാഗമായി ഹിമപാളികള്‍ ഉരുകുന്നതായി കണ്ടെത്താന്‍ കഴിഞ്ഞതായും ശാസ്ത്രജ്ഞര്‍ പറയുന്നു. ഇത്തരം മാറ്റങ്ങളെല്ലാം കാലാവസ്ഥാ വ്യതിയാനത്തിന്റെ അപകടകരമായ ഫലങ്ങളാണെന്ന് കരുതപ്പെടുന്നു. ഈ ഭൂപ്രകൃതിയില്‍ ഉണ്ടാകുന്ന ദോഷകരമായ മാറ്റങ്ങള്‍ ലോകത്തെമ്പാടുമുള്ള ശാസ്ത്രജ്ഞരെ ആശങ്കാകുലരാക്കുന്നുണ്ട്.
Read More in World
Related Stories
ലോകത്തിലെ ആദ്യ പറക്കും മ്യൂസിയം സൗദിയിൽ
3 years, 5 months Ago
ക്ലിക്ക് ആന്‍ഡ് ഓര്‍ഡര്‍: ഓര്‍ഡര്‍ ചെയ്തത് ആപ്പിള്‍; കിട്ടിയത് ഐഫോണ്‍ എസ്ഇ
3 years, 11 months Ago
'ഹാർബർ' കഥാവശേഷനായി
3 years, 11 months Ago
ഇന്ന് ലോക സൈക്കിൾ ദിനം
10 months, 2 weeks Ago
കാതറിൻ റസൽ യുനിസെഫ് മേധാവിയാകും
3 years, 4 months Ago
റോഡിലും റെയിൽ വേ ട്രാക്കിലും ഓടുന്ന വാഹനവുമായി ജപ്പാൻ
3 years, 3 months Ago
Comments