Wednesday, April 16, 2025 Thiruvananthapuram

കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തേടി അലയണ്ട; ആപ്പ് റെഡി

banner

3 years, 7 months Ago | 305 Views

കേരള ടൂറിസത്തെ വിരല്‍ത്തുമ്പിലെത്തിച്ച്‌ ടൂറിസം വകുപ്പ്. ടൂറിസം വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള മൊബൈല്‍ ആപ്പ് നടന്‍ മോഹന്‍ലാല്‍ പുറത്തിറക്കി. ടൂറിസത്തെ ജനകീയമാക്കുകയാണ് ലക്ഷ്യമിടുന്നത്. ഈ ആപ്പ് ഉപയോഗിച്ച്‌ കേരളത്തിലെ ടൂറിസം കേന്ദ്രങ്ങള്‍ എളുപ്പത്തില്‍ മനസിലാക്കാനും ഓരോ വ്യക്തിക്കും തങ്ങളുടെ നാട്ടിലുള്ള ടൂറിസം കേന്ദ്രങ്ങള്‍ ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്താനും സാധിക്കും.

അധികമാരും ശ്രദ്ധിച്ചിട്ടില്ലാത്ത ടൂറിസം ആകര്‍ഷണങ്ങളെയും ഇടങ്ങളെയും കുറിച്ച്‌ എഴുത്തിലൂടെയും ചിത്രങ്ങളിലൂടെയും ദൃശ്യങ്ങളിലൂടെയും മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്താനും യാത്രാനുഭവങ്ങള്‍ പങ്കുവയ്ക്കാനും 'കഥ സൃഷ്ടിക്കുക' എന്ന ഓപ്ഷനിലൂടെ സന്ദര്‍ശകന് അവസരം ലഭിക്കുന്ന തരത്തിലാണ് ആപ്പ് രൂപകല്‍പന ചെയ്തിരിക്കുന്നത്.

ഉത്തരവാദിത്ത ടൂറിസം സംരംഭങ്ങളും അതിന്‍റെ ഭാഗമായുള്ള ഗ്രാമീണ ജീവിതാനുഭവങ്ങളും ആപ്പില്‍ ഉണ്ടായിരിക്കും. ആറ് മാസത്തിനുള്ളില്‍ കൂടുതല്‍ നൂതനമായ സവിശേഷതകളോടെ ആപ് കൂടുതല്‍ നവീകരിക്കും. അടുത്ത ഘട്ടത്തില്‍ അക്ഷരങ്ങള്‍ ടൈപ്പ് ചെയ്യുന്നതിലെ ബുദ്ധിമുട്ട് ഒഴിവാക്കി ശബ്ദസഹായിയുടെ സാധ്യത ഉപയോഗിച്ച്‌ അന്വേഷണം നടത്താന്‍ കഴിയുന്ന രീതി ഉള്‍പ്പെടുത്തും. കേരളത്തില്‍ യാത്ര ചെയ്യുന്നവര്‍ക്ക് തൊട്ടടുത്തുള്ള വൃത്തിയും സുരക്ഷിതത്വവുമുള്ള ടോയ്‍ലറ്റുകള്‍ ആപ്പിലൂടെ കണ്ടെത്താനാകും.

റെസ്റ്റോറന്‍റുകളുടെയും പ്രാദേശിക രുചികളുടെയും മാപ്പിംഗ് ആപ്പിലെ മറ്റൊരു സവിശേഷതയാണ്. ഇതിലൂടെ അവരവരുടെ അഭിരുചിക്കനുസരിച്ചുള്ള രുചിവൈവിധ്യങ്ങള്‍ കണ്ടെത്താം. ടൂറിസം ലക്ഷ്യസ്ഥാനങ്ങളെയും സേവനങ്ങളെയും കുറിച്ചുള്ള എല്ലാ വിവരങ്ങളും വിരല്‍ത്തുമ്പില്‍ എത്തുമെന്നതിനൊപ്പം കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും ഇതുവരെ അറിയപ്പെടാത്ത ആകര്‍ഷകമായ വിനോദസഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചുള്ള അറിവുകളും ലഭിക്കുമെന്നതാണ് ആപ്പിന്‍റെ പ്രധാന സവിശേഷതയെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ ആകര്‍ഷകമായ വിനോദസഞ്ചാര ഇടങ്ങള്‍ അനുഭവമാക്കാന്‍ ആഗ്രഹിക്കുന്ന യാത്രക്കാര്‍ക്ക് ആപ്പ് വലിയ അനുഗ്രഹമായിരിക്കുമെന്ന് മോഹന്‍ലാല്‍ പറഞ്ഞു.



Read More in Kerala

Comments