Wednesday, April 16, 2025 Thiruvananthapuram

തൊപ്പിയും കോട്ടും വേണ്ട; ഇനി ബിരുദ ദാന ചടങ്ങില്‍ ഡോക്ടര്‍മാരെത്തുക കേരള വേഷത്തില്‍

banner

3 years, 6 months Ago | 299 Views

കറുത്ത തൊപ്പിയും പാദംവരെ എത്തുന്ന കറുത്ത ഗൗണ്‍ അണിഞ്ഞാണ് സാധാരണ ബിരുദ ദാന ചടങ്ങുകളില്‍ ഡോക്ടര്‍മാരെത്തുക. എന്നാല്‍ ഇനി മുതല്‍ ഈ വേഷം വേണ്ടെന്ന് വ്യക്തമാക്കുകയാണ് കേരള ആരോഗ്യ സര്‍വകലാശാല. ആണ്‍കുട്ടികള്‍ മുണ്ടും ജുബ്ബയും. പെണ്‍കുട്ടികള്‍ കേരളസാരിയും ബ്ലൗസും. ഒക്ടോബര്‍ അഞ്ചിന് സര്‍വകലാശാലാ സെനറ്റ് ഹാളില്‍ നടക്കുന്ന  പുതിയ ഡോക്ടര്‍മാരെ പ്രഖ്യാപിക്കുന്ന ചടങ്ങില്‍ ചാന്‍സലറായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്റെ വേഷവും  മുണ്ടും ജുബ്ബയുമായിരിക്കും.

കേരളസാരിയില്‍ പ്രൊ-ചാന്‍സലറായ ആരോഗ്യമന്ത്രി വീണാ ജോര്‍ജും ഉണ്ടാവും. രാജ്യത്ത് ആദ്യമായാണ് ഒരു സര്‍വകലാശാല, ബിരുദദാനവേഷവിധാനം തദ്ദേശീയശൈലിയിലേക്ക് മാറ്റുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം 50 വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചാണ് ചടങ്ങ്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും 2.8 മീറ്റര്‍ നീളമുള്ള കസവുവേഷ്ടിയും തോളില്‍ ധരിക്കും. വേഷ്ടി സര്‍വകലാശാലതന്നെ വാങ്ങിനല്‍കും. അത് അവര്‍ക്കുതന്നെ എടുക്കാം. ബാക്കി വേഷങ്ങള്‍ കുട്ടികള്‍ത്തന്നെ വാങ്ങണം.

ആണ്‍കുട്ടികള്‍ക്ക് വെള്ള, അല്ലെങ്കില്‍ ഇളംമഞ്ഞ കലര്‍ന്ന വെള്ളഷര്‍ട്ടാണ് വേണ്ടത്. പെണ്‍കുട്ടികള്‍ക്ക് കേരളസാരിക്ക് ഇളംമഞ്ഞ കലര്‍ന്ന വെള്ള ബ്ലൗസാണ് നിര്‍ദേശിച്ചിരിക്കുന്നത്. സാരിക്കും ബ്ലൗസിനും വര്‍ണാഭമായ ബോര്‍ഡറുകളാവാം.

റാങ്ക് ജേതാക്കള്‍, അവാര്‍ഡ് അടക്കമുള്ള മികവുകള്‍ നേടിയവര്‍ എന്നിങ്ങനെയുള്ള 50 കുട്ടികളെയാണ് ചടങ്ങിനായി തിരഞ്ഞെടുത്തിരിക്കുന്നത്. അലോപ്പതി, ആയുര്‍വേദം, ഹോമിയോ, നഴ്സിങ്, ഫാര്‍മസി, ലബോറട്ടറി ടെക്നോളജി തുടങ്ങിയ മേഖലകളില്‍നിന്ന് 15,000 ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥികളാണ് ഇക്കുറി പുറത്തിറങ്ങുന്നത്. തത്സമയസംപ്രേഷണം സര്‍വകലാശാലയുടെ വെബ്സൈറ്റിലെ യു ട്യൂബ് ലിങ്കിലൂടെ ഉണ്ടാവും.



Read More in Kerala

Comments

Related Stories