Wednesday, July 15, 2026 Thiruvananthapuram

ഡൽഹി-സിലിഗുരി യാത്രയ്ക്ക് 20 മണിക്കൂറിനുപകരം 6 മണിക്കൂർ; 4 ബുള്ളറ്റ് ട്രെയിൻ പദ്ധതികൾ ട്രാക്കിലേക്ക്

banner

10 hours, 53 minutes Ago | 6 Views

ഇന്ത്യയിലെ അതിവേഗ റെയിൽ ശൃംഖല വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഡൽഹി കേന്ദ്രീകരിച്ച് നാല് പുതിയ ബുള്ളറ്റ് ട്രെയിൻ പാതകൾ നിർമ്മിക്കാനുള്ള പദ്ധതിയുമായി കേന്ദ്രസർക്കാർ. ഡൽഹി-വാരണാസി-സിലിഗുരി പാതയാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. നിലവിൽ ഡൽഹിയിൽനിന്ന് സിലിഗുരിയിലേക്ക് ട്രെയിൻ മാർഗ്ഗം യാത്രചെയ്യാൻ ഏകദേശം 20 മണിക്കൂർ സമയം എടുക്കും. എന്നാൽ, നിർദിഷ്ട ബുള്ളറ്റ് ട്രെയിൻ കോറിഡോർ യാഥാർത്ഥ്യമാകുന്നതോടെ ഈ യാത്രാസമയം വെറും ആറ് മണിക്കൂറായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 
 
കേന്ദ്രബജറ്റിൽ പ്രഖ്യാപിച്ച ഏഴ് അതിവേഗ റെയിൽ പദ്ധതികളിലുൾപ്പെടുന്ന പദ്ധതികളാണിവ. ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ ഹൈ-സ്പീഡ് റെയിൽ കോറിഡോർ ആയ ഡൽഹി-വാരണാസി-സിലിഗുരി പാത, അയോധ്യയെ ബന്ധിപ്പിക്കുന്ന ഡൽഹി- ലഖ്നൗ-വാരണാസി പാത, മുംബൈ-അഹമ്മദാബാദ് പാതയുമായി ബന്ധിപ്പിക്കുന്ന ഡൽഹി-ജയ്പൂർ-ഉദയ്പൂർ-അഹമ്മദാബാദ് പാത, ഡൽഹി-അമൃത്സർ-ജമ്മു പാത എന്നിവയുമായാണ് സർക്കാർ ആദ്യഘട്ടത്തിൽ മുന്നോട്ടുപോകുന്നത്. ഡൽഹി-എൻസിആർ മേഖലയെ ഈ ശൃംഖലയുടെ പ്രധാന കേന്ദ്രമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്.
 
ഏകദേശം രണ്ട് ലക്ഷം കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതികൾ ഉത്തരേന്ത്യയെ കിഴക്കൻ മേഖലകളുമായി വേഗത്തിൽ ബന്ധിപ്പിക്കാൻ സഹായിക്കും. നിലവിൽ ഈ പദ്ധതികൾ വിവിധ ഘട്ടങ്ങളിലായി സർവേകളിലും പരിശോധനകളിലുമാണ് ഉള്ളത്. ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിയായ മുംബൈ-അഹമ്മദാബാദ് പാതയുടെ നിർമ്മാണം പുരോഗമിക്കുന്നതിനിടയിലാണ് ഈ പുതിയ പ്രഖ്യാപനങ്ങൾ വരുന്നത്.
 
മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ആദ്യ ഘട്ടമായ സൂറത്തിനും ബിലിമോറയ്ക്കും ഇടയിലുള്ള ഭാഗം 2027-ൽ പ്രവർത്തനമാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പാതയുടെ മുഴുവൻ നിർമ്മാണ പ്രവർത്തനങ്ങളും 2029-ഓടെ പൂർത്തിയാക്കാനാണ് ലക്ഷ്യം. 
 
പുതിയ ബുള്ളറ്റ് ട്രെയിൻ പാതകൾ ഇപ്പോഴും സർവേ, ഡിസൈൻ ഘട്ടങ്ങളിലാണെങ്കിലും, മുംബൈ-അഹമ്മദാബാദ് പദ്ധതി നിർമ്മാണ ഘട്ടത്തിലാണ്. ഓരോ വർഷവും ഏകദേശം 250 കിലോമീറ്റർ വീതം ഹൈ-സ്പീഡ് റെയിൽ ട്രാക്കുകൾ നിർമ്മിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ അതിവേഗ ട്രെയിനായ ബി 35-ന്റെ പരീക്ഷണ ഓട്ടം ഉടൻ ആരംഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.



Read More in India

Comments