Wednesday, April 16, 2025 Thiruvananthapuram

പൊതുജനങ്ങളുടെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍; 'ദൃഷ്ടി' പദ്ധതി ഒരുങ്ങുന്നു

banner

3 years, 9 months Ago | 371 Views

പൊതുജനങ്ങളുമായി ജില്ലാ പൊലീസ് മേധാവിമാര്‍ ഇനിമുതല്‍ വീഡിയോ പ്ലാറ്റ്‌ഫോമിലും വീഡിയോ കോളിലൂടെയും സംസാരിക്കും. വ്യക്തിപരമായി സംവദിക്കുന്നതിലൂടെ പ്രശ്‌നങ്ങളും ആവലാതികളും പൊതുജനങ്ങള്‍ക്ക് അവതരിപ്പിക്കാം. 'ദൃഷ്ടി' എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്.

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച്‌ വാട്‌സാപ്പിലൂടെ വീഡിയോ കോള്‍ ചെയ്ത് ആളുകള്‍ക്ക് ജില്ലാ പോലീസ് മേധാവിയോട് സംസാരിക്കാം. അതുവഴി, പ്രശ്‌നങ്ങളും ആവലാതികളും പരാതികളായി പറയാനും പരിഹാരം വേഗത്തില്‍ കാണാനും സാധിക്കും വിധമാണ് സംസ്ഥാനമൊട്ടാകെ പദ്ധതി രൂപകല്പന ചെയ്യപ്പെട്ടിരിക്കുന്നതെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി അറിയിച്ചു.

എല്ലാ ബുധനാഴ്ചയും വൈകുന്നേരം നാലും അഞ്ചിനും ഇടയില്‍ ഇത്തരത്തില്‍ പൊതുജനങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാം. 9497908554 എന്ന നമ്പറിലേയ്ക്  വീഡിയോ കോള്‍ ചെയ്ത് ജനങ്ങള്‍ക്ക് സംസാരിക്കാം. തുടര്‍ന്ന് വേഗത്തിൽത്തന്നെ  അവരുടെ പ്രശ്‌നങ്ങള്‍ക്കും ആവലാതികള്‍ക്കും ശരിയായ നടപടി സ്വീകരിക്കാന്‍ സാധിക്കും.

നേരിട്ട് ജില്ലാ പോലീസ് മേധാവിയുമായി സംസാരിക്കുന്നതിലൂടെ വേഗത്തില്‍ പരിഹാരം ലഭിക്കുക വഴി ജനങ്ങളില്‍ പോലീസിന്റെ സ്വീകാര്യത വന്‍തോതില്‍ വര്‍ധിക്കാനും പോലീസിന്റെ പ്രതിഛായ ഇതിലൂടെ ഉയരാനും ഇടയാക്കുമെന്നും വിലയിരുത്തപ്പെടുന്നു.

വിളിക്കുന്നവര്‍ കാര്യമാത്ര പ്രസക്തമായും സംക്ഷിപ്തമായും പ്രശ്‌നങ്ങളും ആവലാതികളും അവതരിപ്പിക്കണം. ഇവയ്ക്കുമേല്‍ എടുത്ത നടപടികള്‍ സംബന്ധിച്ച്‌ വിവരം പിന്നീട് ജില്ലാപോലീസ് മേധാവിയുടെ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന പോലീസുദ്യോഗസ്ഥന്‍ മുഖാന്തിരം പരാതിക്കാരനെ അറിയിക്കും.

ഐ.ജി മാര്‍, ഡി.ഐ.ജി മാര്‍ തുടങ്ങിയ മേലുദ്യോഗസ്ഥര്‍, പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനുവേണ്ട മേല്‍നോട്ടം വഹിക്കുകയും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും. കോവിഡ് മഹാമാരി കാലത്ത് ജനങ്ങള്‍ക്ക് താമസം കൂടാതെ നീതി ലഭ്യമാക്കാന്‍ പദ്ധതി ഏറെ പ്രയോജനപ്പെടുമെന്ന് പ്രത്യാശിക്കുന്നതായി ജില്ലാ പോലീസ് മേധാവി പറഞ്ഞു.



Read More in Kerala

Comments