അണ്ടര്‍-19 ലോകകപ്പ് ചാമ്പ്യന്‍മാരായി ഇന്ത്യ അഞ്ചാം കിരീടം
.webp)
3 years, 5 months Ago | 322 Views
അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പ് ചാമ്പ്യൻമാരായി ഇന്ത്യ. ഫൈനലിൽ ഇംഗ്ലണ്ടിനെ നാല് വിക്കറ്റിന് തോൽപ്പിച്ചാണ് ഇന്ത്യൻ കൗമാരപ്പട കിരീടം സ്വന്തമാക്കിയത്. ഇംഗ്ലണ്ട് ഉയർത്തിയ 190 റൺസ് വിജയലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തിൽ 14 പന്തുകൾ ബാക്കിനിൽക്കെയാണ് ഇന്ത്യ മറികടന്നത്.
ഇന്ത്യയുടെ അഞ്ചാം അണ്ടര്‍-19 ലോകകപ്പ് കിരീട നേട്ടമാണിത്. ഇതിനുമുമ്പ് 2000, 2008, 2012, 2018 വര്‍ഷങ്ങളിലെ ലോകകിരീടവും ഇന്ത്യയ്ക്കായിരുന്നു.
പ്രതിസന്ധി ഘട്ടത്തിൽ കളിയുടെ നിയന്ത്രണം ഏറ്റെടുത്ത് അർധ സെഞ്ച്വറി നേടിയ ഷെയിക്ക് റഷീദിന്റെയും (84 പന്തിൽ 50 റൺസ്) നിഷാന്ത് സിന്തുവിന്റെയും (54 പന്തിൽ പുറത്താകെ 50 റൺസ്) മികച്ച പ്രകടനമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ആദ്യം ബോളുകൊണ്ടും പിന്നീട് ബാറ്റ് വീശിയും നിറഞ്ഞാടിയ രാജ് ബവയുടെ പ്രകടനവും ഇന്ത്യൻ വിജയത്തിൽ നിർണായകമായി. കളിയിലെ താരമായ രാജ് ബാവ അഞ്ചു വിക്കറ്റും 35 റൺസും ഇന്ത്യൻ സ്കോർ ബോർഡിൽ ചേർത്തു.
അവസാന ഘട്ടത്തിലെ സമ്മർദ്ദം കാറ്റിൽപറത്തി അടുത്തടുത്ത പന്തുകളിൽ രണ്ട് സിക്സർ പായിച്ച് ദിനേശ് ബനയാണ് ഇന്ത്യയുടെ വിജയറൺ കുറിച്ചത്. സ്കോർ: ഇംഗ്ലണ്ട്-189/10 (44.5 ഓവർ), ഇന്ത്യ- 195/6 (47.4 ഓവർ).
അഞ്ചു വിക്കറ്റെടുത്ത രാജ് ബവയുടേയും നാല് വിക്കറ്റെടുത്ത രവി കുമാറിന്റേയും ബൗളിങ്ങാണ് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ വരിഞ്ഞുമുറുക്കിയത്. ഇംഗ്ലണ്ടിന്റെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. മത്സരം 3.3 ഓവർ ആയപ്പോഴേക്കും അവർക്ക് രണ്ട് വിക്കറ്റ് നഷ്ടമായി പിന്നീട് തുടർച്ചയായ ഇടവേളകളിൽ വിക്കറ്റ് നഷ്ടപ്പെട്ടു. എട്ടാം വിക്കറ്റിൽ ജെയിംസ് റൂവും ജെയിംസ് സെയ്ൽസും ചേർന്നെടുത്ത 93 റൺസാണ് ഇംഗ്ലീഷ് ഇന്നിങ്സിനെ വൻതകർച്ചയിൽ നിന്ന് കരകയറ്റിയത്. റൂ 95 റൺസിന് പുറത്തായപ്പോൾ സെയ്ൽസ് 34 റൺസോടെ പുറത്താവാതെ നിന്നു. 61 റൺസെടുക്കുന്നതിനിടെ ആറ് വിക്കറ്റ് നഷ്ടപ്പെട്ട ഇംഗ്ലണ്ട് 100 കടക്കുമോ എന്നുപോലും ഒരു ഘട്ടത്തിൽ സംശയിച്ചിരുന്നു.
ഏഴിന് 91ലേക്ക് ഇംഗ്ലണ്ട് വീണപ്പോഴാണ് റൂവും സെയ്ൽസും ഒത്തുചേർന്നത്. 116 പന്ത് നേരിട്ട റൂ 12 ഫോറുകൾ അടിച്ചു. പിന്നീട് ഈ കൂട്ടുകെട്ടിനെ പുറത്താക്കി രവികുമാർ തന്നെയാണ് ഇന്ത്യക്ക് ബ്രേക്ക്ത്രൂ നൽകിയത്. 43-ാം ഓവറിലെ ആദ്യപന്തിൽ റൂ പുറത്തായി. പിന്നീട് അഞ്ച് റൺസിനിടെ അടുത്ത രണ്ട് വിക്കറ്റും വീണതോടെ ഇംഗ്ലണ്ട് ഇന്നിംങ്സ് അവസാനിച്ചു.
Read More in Sports
Related Stories
ടോക്യോയില് മൂന്നാം സ്വര്ണം സ്വന്തമാക്കി കയ്ലെബ് ഡൊസ്സെല്
3 years, 11 months Ago
ഒളിമ്പിക്സില് രാജ്യത്തിന് അഭിമാനമായ പി.വി സിന്ധുവിന് തലസ്ഥാനത്ത് വന് സ്വീകരണം
3 years, 11 months Ago
2022 ട്വന്റി 20 ലോകകപ്പ് മത്സരക്രമം ജനുവരി 21 ന് പുറത്തുവിടും.
3 years, 7 months Ago
റൊണാൾഡോ ഊരിയെറിഞ്ഞ ആംബാൻഡിന് ലേലത്തിൽ ലഭിച്ചത് 55 ലക്ഷം രൂപ
4 years, 3 months Ago
കാല്പന്തുകൊണ്ട് മനംകവര്ന്ന് 10 വയസ്സുകാരന്
4 years Ago
കോപ: ചിലിക്ക് വമ്പൻ ടീം
4 years, 1 month Ago
Comments