പണ്ടുകാലത്തെ ഓണക്കളികൾ
.jpg)
3 years, 7 months Ago | 2003 Views
ഓണം എത്തി. പണ്ടൊക്കെ ഓണം കുട്ടികൾക്ക് ഓടിയും ചാടിയും കൂട്ടുചേർന്നും കളിക്കുന്നതിനുള്ള അവസരമായിരുന്നു. മുതിർന്നവർ ഓണക്കളികളിൽ നിന്നും കുട്ടികളെ പിന്തിരിപ്പിക്കാറൂമില്ല കുട്ടികൾ മുറ്റത്തും പറമ്പിലുമെല്ലാം ഓരോ കളികളുമായി ഓടിനടക്കുന്നത് കാണുന്നത് മുതിർന്നവർക്കും സന്തോഷം.
എന്നാൽ ഇന്നോ? ഇന്നത്തെ കുട്ടികളുടെ ഓണക്കളികൾ ഭൂരിഭാഗത്തിനും ടി.വി.ക്കു മുന്നിലോ സ്മാർട്ട് ഫോണുകൾക്കു മുന്നിലോ ആയി മാറിയിരിക്കുന്നു. പഴയ ഓണക്കളികൾ ഇന്ന് തീരെ കാണാനില്ലാതിരിക്കുന്നു.
ഓണംകളി
രാമായണത്തെയും മറ്റു പുരാണങ്ങളെയും ആസ്പദമാക്കി നാടൻപാട്ടിന്റെ ശീലിൽ തയാറാക്കിയ പാട്ടിനനുസരിച്ച് ചുവടുകൾ വെയ്ക്കുന്ന ഒരു നൃത്തരൂപമാണിത്. തൃശ്ശൂർ ജില്ലയിൽ പൊതുവെ ഓണത്തോടനുബന്ധിച്ച് നടത്തുന്നു.
പത്തോ പതിനഞ്ചോ പുരുഷന്മാർ ചേർന്നാണിത് അവതരിപ്പിക്കുന്നത്. കളത്തിനു നടുവിൽ ഒരു തൂണ് നാട്ടി അതിൽ നാട്ടിയിരിക്കുന്ന ഉച്ചഭാഷിണിയിലേക്ക് പാട്ടുകാരൻ പാടുന്നു. മറ്റുസംഘാംഗങ്ങൾ ഈ തൂണിനു ചുറ്റും വൃത്താകൃതിയിൽ ചുവടുവെക്കുന്നതോടൊപ്പം പാട്ടുകാരന്റെ പല്ലവി ഏറ്റുപാടുന്നു. ഏകദേശം 10 മുതൽ 15 മിനിറ്റ് വരെ നീണ്ടുനിൽക്കും. പതിയെ തുടങ്ങിയ പാട്ട് ദ്രുതതാളത്തിൽ അവസാനിക്കുന്നു. ഒന്നിലധികം സംഘങ്ങളെ പരസ്പരം മത്സരിപ്പിച്ച് നടത്തുന്ന ഓണംകളി മത്സരങ്ങൾ നടക്കാറുണ്ട്.
കമ്പിത്തായം കളി
കേരളത്തിലെ ഉൾനാടൻ പ്രദേശങ്ങളിൽ പ്രചാരത്തിലുള്ള ഒരു കളിയാണിത്. ചതുരാകൃതിയിലുള്ള ഒരു ഓട് നിലത്ത് ഉരുട്ടി കളിക്കുന്ന കളിയാണിത്. ചുക്കിണി എന്നാണ് ഈ ഓടിനെ വിളിക്കുക. ഈ ഓടിന് ആറ് വശങ്ങളുണ്ട്. അതിൽ ചൂത് കളിക്കുന്ന കവടി പോലെ വശങ്ങളിൽ ദ്വാരങ്ങൾ അടയാളപ്പെടുത്തിയിട്ടുണ്ടാകും. രണ്ടു എതിർ വശങ്ങൾ ചേർത്താൽ എട്ട് എന്ന അക്കം വരത്തക്ക രീതിയിലാണ് ദ്വാരങ്ങളുണ്ടാക്കുക. രണ്ട് ചുക്കിണികളുണ്ടാകും. ഓരോരുത്തരായി രണ്ടു പ്രാവശ്യം വീതം ചുക്കിണികൾ ഉരുട്ടിവിടുന്നു. രണ്ടിലും ഒരേ തുക വന്നാൽ അതിന് പെരിപ്പം എന്നു പറയും. പെരിപ്പം കിട്ടിയാൽ ഒരിക്കൽ കൂടി ചുക്കിണി എറിയാനുള്ള അവസരം ലഭിക്കും. നടുവിൽ കളം വരച്ചിട്ടുണ്ടാകും. ഈ കളത്തിന് വശങ്ങളിൽനിന്ന് കരുക്കൾനീക്കി തുടങ്ങാം. ലഭിക്കുന്ന തുകക്കനുസരിച്ചാണ് കരുക്കൾ നീക്കുക. ആദ്യം കളത്തിന്റെ മധ്യഭാഗത്തെത്തുന്ന കരുവിന്റെ ഉടമ വിജയിക്കും.
നായും പുലിയും വെക്കൽ
നായും പുലിയും വെക്കുക എന്നൊരു നാടൻ വിനോദം പണ്ട് കേരളത്തിൽ ഉണ്ടായിരുന്നു. മൂന്ന് പുലിയും 15 നായ്ക്കളുമായിരുന്നു അതിലെ കരുക്കൾ. രണ്ടു പേർ കൂടി കളിക്കുന്ന കളിയാണിത്. നായ്ക്കളെ ഉപയോഗിച്ച് പുലികളെ കുടുക്കുകയും പുലികളെ ഉപയോഗിച്ച് നായ്ക്കളെ വെട്ടുകയും ചെയ്യുന്ന ചതുരംഗംപോലെയുള്ള കളം ഇതിനുണ്ട്.
സുന്ദരിക്ക് പൊട്ടുകുത്തൽ
ഓണക്കാലത്ത് കേരളത്തിലെ മിക്ക ഗ്രാമങ്ങളിലും നടക്കുന്ന കളിയാണിത്. സുന്ദരിക്ക് പൊട്ടുകുത്തൽ, കണ്ണുകെട്ടി സുന്ദരിയുടെ ചിത്രത്തിൽ (നെറ്റി ഭാഗം) പൊട്ടുതൊടുന്നു. കറക്ടായി ചെയ്യുന്ന ആൾ വിജയിക്കുന്നു.
വടംവലി
കേരളീയ ഗ്രാമങ്ങളിൽ മിക്കഭാഗത്തും ഓണത്തോടനുബന്ധിച്ച് നടത്തുന്ന പ്രധാന മത്സരമാണ് വടംവലി മത്സരം. രണ്ട് സംഘങ്ങൾ പരസ്പരം വടംവലിച്ച് ഒരു ഭാഗത്തുള്ളവരെ തങ്ങളുടെ ഓരത്തേക്ക് വലിക്കുന്നു. അവർ അതിർവരെ കടന്ന് എത്തിയാൽ ഈ ഭാഗത്തുള്ളവർ വിജയിക്കുന്നു.
കിളിത്തട്ടുകളി
ഓണക്കാലത്തും മറ്റ് വിശേഷാവസരങ്ങളിലും കൂടുതലായി നടന്നുവരുന്ന കളിയാണ് ഇത്. കേരളത്തിൽ വളരെ പ്രചാരത്തിലുള്ള ഒരു നാടൻ കളിയാണിത്. മലപ്പുറം ജില്ലയിൽ ഇത് ഉപ്പുളി എന്നാണറിയപ്പെടുന്നത്. ഒരു ഉപ്പ് (പോയിന്റ്) നേടുന്നതോടുകൂടി കളി അവസാനിക്കുന്നു.
ഓണത്തല്ല്
ഓണ വിനോദങ്ങളിൽ ഏറ്റവും പഴക്കമേറിയ ഒന്നാണ് ഓണത്തല്ല്. കൈയാങ്കളി, ഓണപ്പട എന്നും ഇതിന് പേരുണ്ട്. ഈയടുത്ത കാലം വരെ ഓണത്തല്ല് നടന്നിരുന്നത് കുന്ദംകുളത്ത് മാത്രമാണ്. കൈപരത്തിയുള്ള അടിയും തടയും മാത്രമേ ഇതിൽ പാടുള്ളൂ. മുഷ്ടിചുരുട്ടി ഇടിക്കുകയോ ചവിട്ടുകയോ പാടില്ല. തല്ലുതുടങ്ങിയാൽ ഏതെങ്കിലുമൊരു പക്ഷത്തിന് വിജയം കിട്ടാതെ പോകരുതെന്ന് നിയമമുണ്ട്.
കുമ്മാട്ടിക്കളി
വയനാട്, തൃശൂർ, പാലക്കാട് എന്നീ ജില്ലകളിൽ പ്രചാരത്തിലുള്ള ഒരു നാടൻ കലയാണ് കുമ്മാട്ടി. വയനാട്, പാലക്കാട് ജില്ലകളിൽ ദേവപ്രീതിക്കായും വിളവെടുപ്പിനോടനുബന്ധിച്ചും കുമ്മാട്ടി ആഘോഷിക്കുന്നു. ഓണത്തപ്പനെ വരവേൽക്കാനും കുമ്മാട്ടി ആഘോഷിക്കുന്നുണ്ട്.
കൈകൊട്ടിക്കളി
ഓണവിനോദങ്ങളിൽ സ്ത്രീകളുടെ പ്രധാന വിനോദമാണ് കൈകൊട്ടിക്കളി. എല്ലാ ജില്ലകളിലും കാണപ്പെടുന്നു. ആദ്യകാലത്ത് വീടുകളുടെ അകത്തളങ്ങളിൽ നടത്തിവന്നിരുന്ന ഈ കളി പിൽക്കാലത്ത് മുറ്റത്തെ പൂക്കളത്തിന് വലംവെച്ചും നടത്തിവരുന്നു. ചിലയിടങ്ങളിൽ പട്ടക്കളി എന്നും ഇതറിയപ്പെടുന്നു.
ആട്ടക്കളം കുത്തൽ
പഴയകാലത്തെ പ്രധാനഓണ വിനോദങ്ങളിലൊന്നാണ് ആട്ടക്കളം കുത്തൽ. ഒരു ചെറിയ യുദ്ധത്തെ അനുസ്മരിപ്പിക്കുമിത്. മുറ്റത്ത് കോലു കൊണ്ട് അഞ്ചെട്ടടി വ്യത്യാസത്തിൽ ഒരു വൃത്തം വരയ്ക്കുന്നു. കുട്ടികളെല്ലാം അതിനുള്ളിൽ നിൽക്കും വൃത്തത്തിന് പുറത്തും ഒന്നോ രണ്ടോ ആളുകളും മദ്ധ്യസ്ഥനായി ഒരു നായകനുമുണ്ടാവും. പുറത്തു നിൽക്കുന്നവർ അകത്ത് നിൽക്കുന്നവരെ പിടിച്ചു വലിച്ചു പുറത്ത് കൊണ്ടുവരികയാണ് കളി. എന്നാൽ, വൃത്തത്തിന്റെ വരയിൽ തൊടുകയോ ആളെ തൊടുകയോ ചെയ്താൽ അകത്തുനിന്നയാൾക്ക് പുറത്തു നിന്നയാളെ അടിക്കാം. അങ്ങോട്ട് തല്ലാൻ പാടില്ല. ഒരാളെ പുറത്ത് കടത്തിയാൽ പിന്നെ അയാളും മറ്റുള്ളവരെ പുറത്തു കടത്താൻ കൂടണം. എല്ലാവരെയും പുറത്താക്കിയാൽ കളി അവസാനിച്ചു.
പുലിക്കളി
പ്രസിദ്ധമാണ് തൃശ്ശൂരിലെ പുലിക്കളി. തിരുവനന്തപുരവും കൊല്ലവുമാണ് പ്രചാരത്തിൽ മുന്നിട്ടുനിൽക്കുന്ന മറ്റു സ്ഥലങ്ങൾ. നാലാമോണം വൈകിട്ടാണ് പുലിക്കളി അരങ്ങേറുക. തലേന്ന് രാത്രി തന്നെ വേഷംകെട്ടൽ തുടങ്ങും. ശരീരമാകെ വടിച്ച് മഞ്ഞയും കറപ്പും ചായം പൂശി വാഹനങ്ങളിൽ കൃത്രിമമായി നിർമ്മിച്ച കാട്ടിൽനിന്ന് ചാടിയിറങ്ങുന്ന നൂറുകണക്കിന് പുലികൾ ഗണപതിക്ക് മുമ്പിൽ നാളീകേരമുടച്ചാണ് കളി തുടങ്ങുന്നത്.
Read More in Kerala
Related Stories
മാതൃഭൂമി സാഹിത്യപുരസ്കാരം സക്കറിയയ്ക്ക് സമര്പ്പിച്ചു..
9 months, 4 weeks Ago
സംസ്ഥാനത്ത് പാര്വോ വൈറസ് പടരുന്നു
3 years, 8 months Ago
ചെലവേറിയ വാക്സീൻ: സൈകോവ്–ഡി ഒരു ഡോസിന് 376 രൂപ
3 years, 5 months Ago
വാട്ടര് മെട്രോയുടെ ആദ്യ ബോട്ടിന് പേര് 'മുസിരിസ്'
3 years, 3 months Ago
ഗ്രീൻ റേറ്റിങ്ങുള്ള കെട്ടിടങ്ങൾക്ക് 50% വരെ നികുതി, വൈദ്യുതി നിരക്ക് ഇളവ്
3 years, 1 month Ago
Comments