Wednesday, Aug. 20, 2025 Thiruvananthapuram

തൃശൂരില്‍ 57 പേര്‍ക്ക് നോറോ വൈറസ് ബാധ

banner

3 years, 8 months Ago | 336 Views

സെയ്ന്റ് മേരീസ് കോളേജ് ഹോസ്റ്റലിലെ 57 പേര്‍ക്ക് നോറോ വൈറസ് ബാധ. 54 വിദ്യാര്‍ഥിനികള്‍ക്കും മൂന്ന് ജീവനക്കാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലാ മെഡിക്കല്‍ഓഫീസറുടെ നേതൃത്വത്തിലുള്ള ആരോഗ്യസംഘം ഹോസ്റ്റലിലും പരിസരത്തും പരിശോധന നടത്തി.

കഴിഞ്ഞ 24-ന് എട്ട് വിദ്യാര്‍ഥിനികള്‍ തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയതോടെയാണ് ആരോഗ്യവകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടത്. രോഗബാധിതരുടെ രക്തം, മലം, മൂത്രം എന്നിവ ശേഖരിച്ച് വൈറസ് പരിശോധനയ്ക്കായി ആലപ്പുഴ വൈറോളജി ലാബിലേക്കും ബാക്ടീരിയ പരിശോധനയ്ക്കായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്കും അയച്ചു. ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് 'നോറോ' വൈറസ് സ്ഥിരീകരിച്ചത്.

കുടിവെള്ളത്തില്‍നിന്നാണ് രോഗബാധയുണ്ടായതെന്ന് ഡി.എം.ഒ. ഡോ. എന്‍.കെ. കുട്ടപ്പന്‍ പറഞ്ഞു. സാധാരണ കണ്ടുവരുന്ന രോഗമാണിതെന്നും നിര്‍ജലീകരണം സംഭവിക്കാതിരിക്കാനുള്ള മുന്‍കരുതലാണ് വേണ്ടതെന്നും ഡി.എം.ഒ. പറഞ്ഞു.

രോഗബാധ പൂര്‍ണമായും നിയന്ത്രണത്തിലാവുന്നതുവരെ ഹോസ്റ്റലില്‍നിന്ന് ആരെയും വീടുകളിലേക്ക് വിടരുതെന്ന് നിര്‍ദേശിച്ചു. മറ്റു ജില്ലകളിലുള്ള കുട്ടികൾ വീടുകളിലേക്ക് പോയിട്ടുണ്ടെങ്കില്‍ ആ വിവരം ജില്ലാ മെഡിക്കല്‍ ഓഫീസുകളില്‍ അറിയിക്കണം.

പരിശോധനയ്ക്ക് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എന്‍.കെ. കുട്ടപ്പന്‍, ജില്ലാ സര്‍വെയ്ലന്‍സ് ഓഫീസര്‍ ഡോ. ബീന മൊയ്തീന്‍, ടെക്നിക്കല്‍ അസിസ്റ്റന്റ് പി.കെ. രാജു, ഹെല്‍ത്ത് ഇൻസ്പെക്ടര്‍മാരായ പി.ബി. പ്രദീഷ്, വര്‍ഗീസ്, മുഹമ്മദ് സാലി എന്നിവര്‍ നേതൃത്വം നല്‍കി. 



Read More in Kerala

Comments

Related Stories