Thursday, April 17, 2025 Thiruvananthapuram

ഗുജറാത്തിലെ സ്കൂൾ മാതൃക പിന്തുടരാൻ കേരളം

banner

2 years, 11 months Ago | 455 Views

ഗുജറാത്തിലെ സ്കൂളുകളുടെ പ്രവർത്തനം നിരീക്ഷിക്കാനുള്ള വിദ്യ സമീക്ഷാ കേന്ദ്രത്തിന്റെ മാതൃക പിന്തുടരാൻ കേരളം സന്നദ്ധത അറിയിച്ചതായി ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ ട്വീറ്റ്. മുഖ്യമന്ത്രിയുടെ ഡാഷ്ബോർഡിന്റെ പ്രവർത്തനം മനസ്സിലാക്കിയ ശേഷം ചീഫ് സെക്രട്ടറി വി.പി ജോയി, സ്റ്റാഫ് ഓഫിസർ എൻ.എസ്.കെ ഉമേഷ് എന്നിവർ വിദ്യാ സമീക്ഷ കേന്ദ്രവും സന്ദർശിച്ചു. 

3 മുതൽ 12 വരെയുള്ള വിദ്യാർഥികളുടെയും അധ്യാപകരുടെയും ഹാജർ ഓൺലൈൻ വഴി വിദ്യാസമീക്ഷ കേന്ദ്രത്തിൽ ലഭിക്കും. ഇതോടെ അധ്യാപകരുടെ ഹാജർനില മെച്ചപ്പെട്ടെന്നാണു വിലയിരുത്തൽ. സ്ഥിരമായി ജോലിക്കെത്താത്ത 600 അധ്യാപകരെ പിരിച്ചുവിട്ടു. പത്താം ക്ലാസിൽ മാത്രം കേന്ദ്രീകൃത മൂല്യനിർണയം എന്ന രീതി മാറ്റി മൂന്നാം ക്ലാസ് മുതലുള്ള  വിദ്യാർഥികളെ കേന്ദ്രീകൃതമായി വിലയിരുത്തുന്നു. വിദ്യാഭ്യാസ ഇൻസ്പെക്ടർ സ്കൂളിൽ എത്തി കൃത്യമായി പരിശോധിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഉദ്യോഗസ്ഥന്റെ ടാബിൽ ജിപിഎസ് ടാഗിങ് ഉണ്ട്. സംസ്ഥാനത്തെ ഏതു വിദ്യാഭ്യാസ ഇൻസ്പെക്ടറുമായും വിഡിയോ കോളിലൂടെ ബന്ധപ്പെടാനാകും.

മൊബൈൽ ആപ് വഴി കുട്ടികളെ പഠിപ്പിക്കാൻ ഗുജറാത്ത് എജ്യുക്കേഷൻ ടെക്നോളജീസ് എന്ന കമ്പനിയും ആരംഭിച്ചു. സർക്കാർ–എയ്ഡഡ് സ്കൂളുകളിലെ വിദ്യാർഥികൾക്കു സൗജന്യമായും സ്വകാര്യ സ്കൂളുകളിലെ വിദ്യാർഥികൾക്കു ചെറിയ വാർഷിക ഫീസ് നിരക്കിലും സേവനം നൽകുന്നു.

ഓൺലൈൻ ഹാജർ, സ്കൂളുകളുടെ പ്രവർത്തനം എന്നിവ നിരീക്ഷിക്കാനുള്ള ഡാഷ്ബോർഡ് വിദ്യ സമീക്ഷാ കേന്ദ്രത്തിന്റെ ഭാഗമാണ്. പ്രൈമറി സ്കൂളുമായി ബന്ധപ്പെട്ടുള്ള ഉയർന്ന സാങ്കേതികവിദ്യയുടെ ഉപയോഗം അദ്ഭുതമാണെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദ്യ സമീക്ഷാ കേന്ദ്രത്തിന്റെ പ്രവർത്തനം മറ്റു സംസ്ഥാനങ്ങൾ പഠിക്കണമെന്നു കഴിഞ്ഞയാഴ്ച നിർദേശിച്ചിരുന്നു.



Read More in Kerala

Comments