Friday, Dec. 19, 2025 Thiruvananthapuram

പുതിയ കൊവിഡ് രക്ഷാ മരുന്ന് ലഭിക്കുന്ന ലോകത്തെ ആദ്യ നാടായി അബൂദാബി

banner

4 years, 6 months Ago | 475 Views

കൊവിഡ് മരണങ്ങളെ വലിയൊരളവോളം പിടിച്ചുനിര്‍ത്താന്‍ സഹായിക്കുന്ന സൊട്രോവിമാബ് എന്ന പുതിയ ആന്റിബോഡി മരുന്ന് അബൂദാബിയിലെത്തി. ഇതോടെ കൊവിഡ് ചികില്‍സയില്‍ വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ മരുന്ന് ലഭിക്കുന്ന ലോകത്തെ ആദ്യ നാടായി ആബൂദാബി മാറി.

ലോകത്താദ്യമായി പുതിയ ചികില്‍സയ്ക്ക് കഴിഞ്ഞ മാസം യുഎഇ ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അനുമതി നല്‍കിയിരുന്നു. മരുന്നിന് യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അനുമതി ലഭിച്ച സാഹചര്യത്തിലായിരുന്നു ഇത്.

ഹെല്‍ത്ത് കെയര്‍ മേഖലയിലെ ലോകത്തിലെ മുന്‍നിര കമ്പനിയായ  ജിഎസ്‌കെ (ഗ്ലാക്സോ സ്മിത്ത് ക്ലൈന്‍) വികസിപ്പിച്ചെടുത്ത സൊട്രോവിമാബ് മരുന്ന് ലഭ്യമാക്കുന്നതിന് അബൂദാബിയിലെ പര്‍ച്ചേസിംഗ് ഏജന്‍സിയായ റാഫിദ് കമ്പനിയുമായി  കരാറില്‍ ഒപ്പ് വച്ചതിന്റെ അടിസ്ഥാനത്തിലാണ് മരുന്നിന്റെ ആദ്യ ബാച്ച്‌ അബൂദാബിയിലെത്തിയത്.

ഇന്നലെയാണ് മരുന്നിന്റെ ആദ്യ ഷിപ്മെന്റുമായി ഇത്തിഹാദ് എയര്‍ലൈന്‍സ് വിമാനം അബൂദാബി വിമാനത്താവളത്തില്‍ എത്തിയത്. ഇതോടെ കൊവിഡ് ചികില്‍സയില്‍ നിര്‍ണായക വഴിത്തിരിവായേക്കാവുന്ന മരുന്ന് വിതരണത്തിനായി എത്തുന്ന ആദ്യ നഗരമായി അബൂദാബി മാറി. യുഎഇയുടെ കൊവിഡ് വിരുദ്ധ പോരാട്ടത്തില്‍ പുതിയൊരു അധ്യായം കൂടി ഇതോടെ കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുയാണെന്നും  അബുദാബി ആരോഗ്യ വകുപ്പ്  അഭിപ്രായപ്പെട്ടു.

കൊവിഡ് ബാധ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനിടയുള്ള രോഗികളില്‍ വൈറസ് ബാധയുടെ തുടക്കത്തില്‍ തന്നെ ഈ മരുന്ന് നല്‍കിയാല്‍ മികച്ച ഫലം പ്രതീക്ഷിക്കാമെന്നാണ് കമ്പനിയുടെ  അവകാശവാദം. ഈ മരുന്ന് കഴിക്കുന്നതിലൂടെ 24 മണിക്കൂറിനുള്ളില്‍ രോഗികള്‍ക്ക് ആശുപത്രി വിടാന്‍ സാധിക്കും.

കൊവിഡ് മൂലമുള്ള മരണവും ഐസിയു വാസവും കുറയ്ക്കുന്ന കാര്യത്തില്‍ ഈ പുതിയ ചികില്‍സാ രീതി 85 ശതമാനം ഫലപ്രദമാണെന്ന് പരിശോധനകളില്‍ കണ്ടെത്തിയിരുന്നു. പാര്‍ശ്വ ഫലങ്ങളൊന്നും ഉണ്ടാക്കാത്ത ഈ മരുന്ന് 12 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് നല്‍കുന്നത്. നേരിയതോ ഇടത്തരമോ ആയ കൊവിഡ് രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരും മറ്റ് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം രോഗം മൂര്‍ഛിക്കാന്‍ ഇടയുള്ളവരുമായ ആളുകള്‍ക്കാണ് ഈ മരുന്ന് നല്‍കുക.



Read More in World

Comments