Wednesday, April 16, 2025 Thiruvananthapuram

മാലിന്യം കൂടിയാൽ കെട്ടിടനികുതിയും കൂടും

banner

2 years, 11 months Ago | 505 Views

തറവിസ്തീർണത്തിന്റെ അടിസ്ഥാനത്തിൽ ഈടാക്കുന്ന കെട്ടിടനികുതിയോടൊപ്പം പുറന്തള്ളുന്ന മാലിന്യത്തിന്റെ നിരക്കുകൂടി ചേർത്ത് നികുതി നിശ്ചയിക്കാൻ നിർദേശം. നഗരസഭകൾ നടത്തുന്ന മാലിന്യശേഖരണ സേവനങ്ങൾക്ക് യൂസർ ഫീ ഇടാക്കാനും സ്വച്ഛ്ഭാരത് മിഷന്റെ മാലിന്യമുക്തപ്രവർത്തനങ്ങൾക്കുള്ള മാർഗരേഖ നിർദേശിക്കുന്നു.

ആനുകാലികവർധനയോടെ നികുതിനിരക്ക് നിശ്ചയിക്കാമെന്ന നിർദേശം നടപ്പാക്കിയാൽ കെട്ടിട നികുതിയിൽ കാര്യമായ വർധനയുണ്ടാകും. യൂസർഫീ ഈടാക്കുന്നതിലും ആനുകാലിക വർധനയ്ക്ക്‌ നിർദേശമുണ്ട്. ഉത്പാദിപ്പിക്കപ്പെടുന്ന മാലിന്യത്തിന്റെ തോതുകൂടി കണക്കിലെടുത്ത് കെട്ടിടനികുതി ഈടാക്കുന്നത് കേരളം നടപ്പാക്കിയിട്ടില്ല. എന്നാൽ ഭാവിയിൽ അതു വേണ്ടിവരുമെന്ന സൂചനയാണ് സ്വച്ഛഭാരത് മിഷന്റെ മാർഗനിർദേശങ്ങളിലുള്ളത്. വാതിൽപ്പടി മാലിന്യശേഖരണം നിർബന്ധമാണ്. 

നഗരങ്ങൾക്ക് സ്റ്റാർപദവി

2026 ഒക്ടോബർ ഒന്നുവരെ കാലാവധി നിശ്ചയിച്ച മിഷൻപ്രവർത്തനങ്ങൾക്ക്, രാജ്യത്തെ എല്ലാ നഗരങ്ങളേയും മാലിന്യമുക്തമാക്കുകയെന്ന ലക്ഷ്യമാണുള്ളത് ഇക്കാലയളവിനുള്ളിൽ എല്ലാ നഗരങ്ങളും മാലിന്യമുക്തപദവിയിലെ ത്രീസ്റ്റാർ റേറ്റിങ് നേടണം. വലിയ നഗരങ്ങളിൽ കോർപ്പറേഷൻ ഉൾപ്പെടെ അഞ്ചുനഗരങ്ങളെങ്കിലും പഞ്ചനക്ഷത്രപദവി കൈവരിക്കണം. എല്ലാ നഗരങ്ങളും ഒ.ഡി.എഫ്. പ്ലസ് പദവി നേടണമെന്നും നിർദേശിക്കുന്നു. വീടുകളിലെയും സ്ഥാപനങ്ങളിലേയും മാലിന്യം ജൈവം, അജൈവം (പേപ്പർ, ഗ്ലാസ്, പ്ലാസ്റ്റിക്, ഗാർഹികാപത്കര മാലിന്യ, പൊതിഞ്ഞ സാനിട്ടറി മാലിന്യം ഉൾപ്പെടെ) തരംതിരിച്ച് പൂർണമായും വാതിൽപ്പടി ശേഖരിക്കേണ്ടിവരും.

ഖരമാലിന്യസംസ്കരണത്തിന് ബയോമെഥനേഷൻ പ്ലാന്റുകൾ, അഞ്ചുലക്ഷത്തിനുമുകളിൽ ജനസംഖ്യയുള്ള നഗരങ്ങളിൽ ആർ.ഡി.എഫ്. സംസ്കരണ പ്ലാന്റുകൾ, മാലിന്യത്തിൽനിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്ലാന്റുകൾ തുടങ്ങിയ നിർദേശങ്ങൾ മാർഗരേഖയിലുണ്ട്. പലതും നടപ്പാക്കേണ്ടത് ജനസംഖ്യാടിസ്ഥാനത്തിലാണ്. സ്വച്ഛ് ഭാരത് മിഷൻ (നഗരം) 2.0 മുഖേന കിട്ടുന്ന ഫണ്ടിനൊപ്പം 15-ാം ധനകാര്യ കമ്മിഷൻ ഗ്രാന്റും നഗരസഭയുടേയും സംസ്ഥാനത്തിന്റേയും പദ്ധതി വിഹിതവും ഉപയോഗിക്കും. ഡി.പി.ആർ. തയ്യാറാക്കിവേണം പദ്ധതികൾ നടപ്പാക്കേണ്ടത്.

വൃത്തിയുള്ള കക്കൂസ്, വരുമാനത്തിന് പരസ്യവും

വിനോദസഞ്ചാരകേന്ദ്രങ്ങൾ, മതപരമായി പ്രധാന്യമുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിൽ വെടിപ്പുള്ള കക്കൂസുകൾ നിർമിക്കുമ്പോൾ വരുമാനം കണ്ടെത്തുന്നതിന് പരസ്യങ്ങൾക്ക് സ്ഥലം മാറ്റിവെക്കും. പത്തിലധികം ടോയ്‌ലറ്റ് സീറ്റുകൾ ഉണ്ടെങ്കിൽ നാപ്കിൻ ഇൻസിനറേറ്ററുകൾ സ്ഥാപിക്കും. ഇവയുടെ പ്രവർത്തനത്തെപ്പറ്റി ജനാഭിപ്രായം അറിയിക്കാൻ എസ്.എം.എസ്. സംവിധാനം ഏർപ്പെടുത്തും.



Read More in Kerala

Comments

Related Stories