'പത്രവിതരണക്കാരൻ': മലയാളികൾ കണികണ്ടുണരുന്ന നന്മ ചിറകുള്ള മുന്തിരിപ്പൂക്കൾ
1 year Ago | 528 Views
'മലയാളികൾ കണികണ്ടുണരുന്ന നന്മ' എന്താണ്ന്ന് ചോദിച്ചാൽ ഞാൻ പറയും അത് 'പത്രവിതരണക്കാരൻ' ആണെന്ന്. നമ്മുടെ നാട് എവിടെ നിൽക്കുന്നുവെന്നും നമ്മുടെ സ്‌ഥിതി എന്തെന്നും നാം അറിയുകയും നമ്മെ തിരിച്ചറിയുകയും ചെയ്യുന്ന ദിനപ്പത്രങ്ങൾ ചൂടോടെ നമ്മുടെ കൈകളിൽ എത്തിക്കുന്നത് അവരാണ്.
'പത്രവിതരണക്കാരൻ' ഒരു നിസ്സാരൻ ആണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അവർക്ക് തെറ്റി. നാം കണ്ട മഹാന്മാരിൽ പലരും അവരുടെ ആദ്യകാലങ്ങളിൽ പത്രവിതരണക്കാരായിരുന്നുവെന്ന് കേട്ടാൽ അതിലൊട്ടും ആശ്ചര്യപ്പെടേണ്ടതില്ല!
നമ്മുടെ മുൻ രാഷ്ട്രപതി പോലും ചെറുപ്പത്തിൽ ഒരു പത്രവിതരണക്കാരനായിരു ന്നു! എ.പി.ജെ അബ്‌ദുൾ കലാമായിരുന്നു ചുറുചുറുക്കുള്ള ആ പത്രവിതരണക്കാരൻ. രാമേശ്വരത്തായിരുന്നു അദ്ദേഹത്തിന്റെ പത്രവിതരണം. തനിക്ക് ആദ്യമായി ശമ്പളം ലഭിച്ചത് ആ ജോലിയിൽ നിന്നായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. വളരെ കൃത്യമായി കൃത്യസമയത്ത് തന്നെ അന്ന് "വിതരണക്കാരൻ" തങ്ങൾക്ക് ദിനപ്പത്രം എത്തിച്ചുതന്നിരുന്നുവെന്ന് രാമേശ്വരത്തെ തലമുതിർന്ന 'വരിക്കാരും' സാക്ഷ്യപ്പെടുത്തുന്നു. സംസ്‌ഥാനത്തെ ഹൈക്കോടതി ജഡ്‌ജിയായിരുന്ന ടി.കെ. ച ന്ദ്രശേഖരദാസും ഒരു പത്രവിതരണക്കാരനായിരുന്നു. പത്ര ഏജന്റായ അമ്മാവൻ നൽകിയ പഴയൊരു സൈക്കിളിലായിരുന്നു പത്രവിതരണമെന്ന് അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്. നന്നെ ചെറുപ്പത്തിൽ തന്നെ പിതാവ് മരണമടഞ്ഞതിനാലാണ് അദ്ദേഹത്തിന് പത്രവിതരണക്കാരനാകേണ്ടിവന്നത്.
ജസ്റ്റിസ് ഡി. ശ്രീദേവിയുടെ സഹോദരപുത്രൻ ഡോ.എസ്. അശോകനും പത്രം വിതരണം ചെയ്‌തിട്ടുണ്ട്. അത് സൗജന്യ വിതരണമായിരുന്നുവെന്നുമാത്രം. രാവിലെ പത്രം കിട്ടാൻ വൈകുന്നതിനാൽ കൊല്ലം പട്ടത്താനത്തെ വീട്ടിൽ നിന്നിറങ്ങി ക്ലിനിക്കിലേക്ക് പോകുന്നതിനുമുമ്പ് ഡോക്‌ടർക്ക് പത്രം ലഭിക്കാറില്ല. ഇതേതുടർന്ന് ഡോക്‌ടറുടെ പ്രഭാതനടത്തം കടപ്പാക്കടവരെയാക്കിക്കൊണ്ട് അവിടെ പ്രധാന ഏജൻ്റിൽനിന്നും പത്രം വാങ്ങിത്തുടങ്ങി. തൻ്റെ അയൽവാസിക്കും പത്രം ലഭിക്കാൻ താമസിക്കുന്നുവെന്നു കണ്ട ഡോക്‌ടർ അയൽക്കാരനു വേണ്ടി കൂടി പത്രം വാങ്ങിത്തുടങ്ങി. പിന്നീട് മറ്റ് അയൽവാസികൾക്കും കൂടി പത്രം എത്തിച്ചു കൊടുക്കാൻ ഡോക്‌ടർ മടിച്ചില്ല. ചരുക്കിപ്പറഞ്ഞാൽ കുറച്ചുനാളുകൾകൊണ്ട് ചുറ്റുവട്ടത്തുള്ള നൂറോളം വീട്ടുകാർക്ക് ഡോക്‌ടർ പത്രം വാങ്ങി വിതരണം ചെയ്തു. ഒടുവിൽ രാവിലെ തന്നെ പത്രം ലഭിക്കുന്ന സ്‌ഥിതിയുണ്ടാവുംവരെ പാരിപ്പള്ളിയിൽ ഡൻ്റൽ ക്ലിനിക്ക് നടത്തുന്ന ഡോക്ടർ പത്രം വിതരണം ചെയ്‌തു എന്നാണറിയുന്നത്. ഡോക്ടറുടെ പത്രവിതരണം തീർത്തും സൗജന്യമായിരുന്നു.
കേരള കൗമുദി പത്രാധിപരായിരുന്ന കെ. സുകുമാരൻ്റെ പുത്രൻ എം.എസ്. മണി പത്രവിതരണം ചെയ്‌തിട്ടുണ്ട്. പത്രാധിപർ കെ. സുകുമാരൻ്റെ നിർദ്ദേശപ്രകാരമായിരുന്നു അത്. പത്രം നടത്തിപ്പിന്റെ എല്ലാ വശങ്ങളും മനസ്സിലാക്കിക്കൊടുക്കുന്നതിനുവേണ്ടിയായിരുന്നു അത്. പത്രവിതരണം മുതൽ പത്രാധിപർ വരെയുള്ള ഓരോ വിഭാഗങ്ങളിലും എം.എസ്. മണിയെക്കൊണ്ട് പത്രാധിപർ കെ. സു കുമാരൻ ജോലി ചെയ്യിച്ചിട്ടുണ്ട്. പത്രസ്‌ഥാപനനടത്തിപ്പിൽ അദ്ദേഹത്തിനുണ്ടായിരുന്ന വൈദഗ്‌ധ്യത്തിന് കാരണവും മറ്റൊന്നല്ല.
നക്‌സലൈറ്റ് നേതാവായിരുന്ന വെള്ളത്തൂവൽ സ്റ്റീഫനും പത്രവിതരണക്കാരനായിരുന്നു. സ്റ്റീഫൻ്റെ പിതാവ് സക്കറിയ മലയാള മനോരമ ദിനപ്പത്രത്തിന്റെ ഏജന്റായിരുന്നു.
ബി.ജെ.പി നേതാവായ എ.എൻ. രാധാകൃഷ്ണൻ പത്രവിതരണക്കാരനായിരുന്നു. പിതാവിൻ്റെ മരണശേഷം ചേരാനല്ലൂർ പ്രദേശത്തായിരുന്നു രാധാകൃഷ്‌ണൻ്റെ പത്രവിതരണം.
സി.പി.ഐ (എം) നേതാവും ഇടതുപക്ഷമുന്നണി കൺവീനറൂമായിരുന്ന എം.എം. ലോറൻസ് ദേശാഭിമാനി പത്രത്തിന്റെ വിതരണക്കാരനായിരുന്നു. മുളവുകാട്ടെ ദേശാഭിമാനി പത്രവിതരണക്കാരനായിരുന്നു എം.എം. ലോറൻസ്.
തൊഴിലാളി നേതാവായിരുന്ന ഫാ. വടക്കനും ആദ്യകാലത്ത് പത്രവിതരണക്കാരനായിരുന്നു. കാലംകഴിഞ്ഞപ്പോൾ അദ്ദേഹം "തൊഴിലാളി' പത്രത്തിന്റെ ചീഫ് എഡിറ്ററായി.
ഒരുകാലത്ത് ചലച്ചിത്രപ്രേമികളെ കൂടുകൂടെ ചിരിപ്പിച്ച എസ്.പി. പിള്ള ഒരു പത്രവിതരണക്കാരനായിരുന്നു. പട്ടിണി മാറ്റാൻ ചെറുപ്രായത്തിൽ അദ്ദേഹം പത്രവിതരണത്തോടൊപ്പം കടല വിൽപ്പനയും നടത്തിയിരുന്നു. അങ്ങനെ പോകുന്നു ആ നിര.
ഇപ്പോൾ 'പത്രവിതരണക്കാരൻ മാത്രമല്ല പത്രവിതരണക്കാരി'കളും രംഗത്തുണ്ട്.
Read More in Organisation
Related Stories
നവതിയുടെ നിറവിൽ സി.വി.പത്മരാജൻ
2 years, 6 months Ago
രാമായണത്തിൽ പ്രതിപാദിച്ചിരിക്കുന്ന വരങ്ങൾ ശ്രദ്ധേയം: ബി.എസ്. ബാലചന്ദ്രൻ
3 years, 1 month Ago
കെ.കരുണാകരനെക്കുറിച്ച് കെ. കരുണാകരൻ
3 years, 10 months Ago
സ്വാമി ഭജനാനന്ദ
4 years, 6 months Ago
സെപ്റ്റംബർ ഡയറി
3 years, 6 months Ago
ഫെബ്രുവരി മാസത്തിലെ പ്രധാന ദിവസങ്ങൾ
3 years, 2 months Ago
Comments