ദ്വാദശാക്ഷരിമന്ത്രം ഉപദേശിച്ചത് : ബ്രഹ്‌മദേവൻ
10 months, 2 weeks Ago | 480 Views
"ഓം നമോ ഭഗവതെ വാസുദേവായ"എന്ന ദ്വാദശാക്ഷരിമന്ത്രം ഉപദേശിക്കുന്നത് ബ്രഹ്‌മദേവനാണെന്നാണ് ഇതിഹാസങ്ങളിൽ വ്യക്‌തമാക്കപ്പെട്ടിട്ടുള്ളതെന്ന് രാമായണ പ്രഭാഷണ പരമ്പരയിൽ സംസാരിക്കവേ ബി.എസ്.എസ് ദേശീയ ചെയർമാൻ ബി.എസ്. ബാലചന്ദ്രൻ ചൂണ്ടിക്കാട്ടി
സനൽകുമാര മഹർഷിക്കാണ് ബ്രഹ്‌മദേവൻ ഇത് ആദ്യമായി ഉപദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . ധർമ്മദേവന് അഹിംസ എന്ന ഭാര്യയിലാണ് സനൽകുമാരൻ ജനിച്ചത്. ബ്രഹ്‌മദേവൻറെ പുത്രത്വം സ്വീകരിക്കുവാൻ തനിക്കു സമ്മതമാണെന്ന് അച്ഛനമ്മമാരുടെ സമ്മതത്തോടെ സനൽകുമാരൻ ബ്രഹ്‌മദേവനെ അറിയിച്ചപ്പോഴായിരുന്നു ഇതെന്നും അദ്ദേഹം വിശദീകരിച്ചു. (ഈ മഹാമന്ത്രത്തിലെ ഓരോ അക്ഷരങ്ങളും ശ്രീ മഹാവിഷ്ണുദേവൻറെ തിരുനാമധേയങ്ങളാൽ പ്രകാശിതമാകുന്നു. "ഓം" എന്ന അക്ഷരം കേശവൻ എന്ന ഭഗവത് നാമത്തെ കുറിക്കുമ്പോൾ "ന" എന്നത് നാരായണൻ, "മോ" എന്നത് മാധവൻ "ഭ" എന്നതു ഗോവിന്ദൻ, "ഗ"- എന്നത് വിഷ്‌ണു. "വ" എന്നത് മധുസൂദനൻ. "തേ" ത്രിവിക്രമൻ, "വ"-വാമനൻ. "സു" ശ്രീധരൻ. "ദേ"- ഋഷികേശൻ, "വാ" പത്‌മനാഭൻ, "യ" ദാമോദരൻ എന്നിങ്ങനെയുമാകുന്നു.
സൂര്യ ചന്ദ്ര ലോകങ്ങൾ കേന്ദ്രമാക്കിയും ബ്രഹ്‌മം പരിധിയാക്കിയുമുള്ള മന്ത്രമായാണ് 'ഓം നമോ ഭഗവതേ വാസുദേവായ' എന്ന പന്ത്രണ്ട് അക്ഷരങ്ങളടങ്ങുന്ന ഇതിനെ കാണുന്നത്.
ഓരോ മാസങ്ങളേയും ഓരോ ഇതളുകളായി കണക്കാക്കിക്കൊണ്ടുള്ള ഈ ദ്വാദശാക്ഷരിമന്ത്രം ഇഹലോകത്ത് സർവ്വകാലവും ഇതൾ വിടർത്തിനിന്ന് മാനവ കുലത്തിന്ആശ്വാസത്തിൻറേയും അഭീഷ്ടസിദ്ധിയുടേയും സൗരഭ്യം അനുഭവവേദ്യമാക്കുന്നുവെന്നും കണക്കാക്കപ്പെടുന്നു.
"ഓം നമോ ഭഗവതെ വാസുദേവായ" എന്ന മന്ത്രം സനൽകുമാര മഹർഷിക്ക് ഉപദേശിച്ചുകൊണ്ട് ഇതിലെ ഓരോ അക്ഷരത്തിൻറെയും ആന്തരിക ചൈതന്യത്തെക്കുറിച്ചും ഭഗവാൻ ബ്രഹ്മദേവൻ വിശദീകരിച്ചു കൊടുക്കുകയുണ്ടായി.
ഓം-എന്നാൽ ഓംകാരം. ഭഗവാന്റെ ശിരസ്സ്. അതിൽ മേടം സ്‌ഥിതിചെയ്യുന്നു. ഇതാണ് മഹാമന്ത്രപുഷ്പത്തിലെ പ്രഥമ ദളം. രണ്ടാമത്തേത് 'ന' എന്ന അക്ഷരമാണ് നകാരമാകുന്ന ഇത് ഭഗവാൻ്റെ തിരുമുഖമാകുന്നു. ഇതിൽ സ്ഥിതി ചെയ്യുന്നത് മേടംകഴിഞ്ഞുള്ള ഇടവമാണ് അതായത് ജ്യേഷ്‌ഠമാസത്തിൽ ഇടവം. മോ' കാരം- ഈശ്വരന്റെ തൃകൈകളാകുന്നു. ഇതിൽ മിഥുനം രാശിയാണ് സിഥിതിചെയ്യുന്നത്. മൂന്നാമത്തെ ഇതളാകുന്ന ആഷാഡമാസത്തിൽ മിഥുനം
"ഭ" -കാരമാകട്ടെ ഭഗവാൻ്റെ തൃക്കണ്ണിണകൾ. ഇതിൽ സ്ഥിതി ചെയ്യുന്നത് കർക്കിടകമാസമാണ്. നാലാമത്തെ ഇതളായ ശ്രാവണമാസത്തിൽ കർക്കിടകം
"ഗ" കാരം ഭഗവാന്റെ ഹ്യദയമാകുന്നു. ഇവിടെ വസിക്കുന്നത് ചിങ്ങം. ഈ പ്രോഷ്ഠപദമാസം പുഷ്പത്തിൻറെ അഞ്ചാമത്തെ ഇതൾ.
"വ"-കാരം കവചം ഇവിടെ കന്നി മാസം കൂടികൊള്ളുന്നു. പുഷിപത്തിൻറെ ആറാമത്തെ ഇതളായ അശ്വിനിമാസം.
"തെ"- കാരം ഭഗവാൻ്റെ മനസ്സാകുന്നു. ഇവിടെ സ്ഥിതിചെയ്യുന്നത് തുലാം പുഷ്‌പത്തിൻ്റെ ഏഴാമത്തെ പ്രത്രമാണ് കാർത്തിക മാസം.
"വാ" ഈശ്വരന്റെ നാഭിയാണ് പകരം ഇവിടെ വസിക്കുന്നത് വൃശ്ചികവും ഈ മാർഗ്ഗശീർഷമാസമാണ് എട്ടാമത്തെ ഇതൾ.
"സൂ" സുകാരാകുന്ന ജഘനത്തിൽ ധനു മാസം സ്ഥിതിചെയ്യുന്നു. ഈ പൗഷമാസം ഒൻപതാമത്തെ പത്രമാണ്.
"ദേ" ദേകാരമാകുന്ന തൃക്കാലിണകളിൽ വസിക്കുന്നത് മകരം. അതായത് പത്താമത്തെ ഇതൾ മാഘ മാസം.
"വ"- വകാരം കാൽമുട്ടുകൾ ഇവിടെ കുംഭം സ്‌ഥിതിചെയ്യുന്നു. ഈ ഫാൽഗുനമാസത്തെ പുഷ്‌പത്തിൻ്റെ പതിനൊന്നാമത്തെ ഇതളായി കാണുന്നു
"യ" ഒടുവിലത്തെ അക്ഷരമായ "യ' കാരം ഭഗവാൻ്റെ കാലടികളാണ് ഇവിടെ വസിക്കുന്നതാവട്ടെ മീനമാസവും ഇത് പന്ത്രണ്ടാമത്തെ പത്രമായ ചൈത്രമാസം.
പുത്രൻ എന്ന ശബ്ദം ആദ്യം ഉച്ചരിച്ചതും ബ്രഹ്മദേവനാണ്. ബ്രഹ്മദേവൻ സനൽകുമാരനോട് ഈ വിധമാണ് ആരാഞ്ഞത്. ഞാൻ നിന്നെ പുത്രാ എന്നു വിളിക്കാം. അത് നീ അംഗീകരിക്കുന്നുണ്ടോ എന്നാണ് അറിയേണ്ടത് അംഗീകരിക്കുന്നപക്ഷം ഞാൻ നിനക്ക് സാംഖ്യാശാസ്ത്രം ഉപദേശിക്കാം. അപ്പോൾ സനൽകുമാരൻ ബ്രഹ്മദേവനോടായി ആരാഞ്ഞു അങ്ങ് പുത്രൻ എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് അതിനു മറുപടിയായി ബ്രഹ്മദേവൻ പറഞ്ഞു: "പും" എന്ന നരകത്തിൽ നിന്നും ഒരുവനെ രക്ഷപ്പെടുത്തുന്നവനാണ് പുത്രൻ.
സനൽകുമാരൻ എന്താണു ദേവ "പും നരകം "
ബ്രഹ്മദേവൻ ദശപാപങ്ങൾ മൂലമാണ് ഒരുവൻ പും നരകത്തിൽ എത്തുന്നത്. ഈ പത്തു പാപങ്ങളിൽ ഒന്നാമത്തെത് ജന്തുക്കളോടു ക്രൂരത കാട്ടുക, പാപികളെ സ്നേഹിക്കുക എന്നിവയാണ്. വ്യക്ഷങ്ങളെ നശിപ്പിക്കുക അലസത എന്നിവിയാണ് രണ്ടാമത്തെ പാപം. ദുർജനങ്ങളെ വിവാഹം കഴിക്കുക വേണ്ടാത്തത് സ്വീകരിക്കുക വധിക്കപ്പെടേണ്ടവനല്ലാത്തവനെ വധിക്കുക എന്നിവ മൂന്നാമത്തെ പാപമാണ്. പ്രാണികളെ നശിപ്പിക്കുക, സ്വധർമ്മം തെറ്റിക്കുക എന്നിവ നാലാമത്തെ പാപം. സ്നേഹിതരെ വഞ്ചിക്കുക മറ്റുള്ളവരുടെ മരണത്തിനു കാരണമാവുക, വിലകെട്ട വാക്കുകൾ പറയുക, വിശിഷ്ടാഹാരങ്ങൾ ഒറ്റയ്ക്കു ഭുജിക്കുക തുടങ്ങിയവ അഞ്ചാമത്തെ പാപം, ശിശുഹത്യ നടത്തുക, ശാസ്ത്രഗ്രന്‌ഥങ്ങൾ മോഷ്ടിക്കുക എന്നിവയാണ് ആറാമത്തെ പാപം, സജ്ജനങ്ങളെ നിന്ദിക്കുക മോഷണം നടത്തുക, ഇവ ഏഴാമത്തെ പാപമാകുമ്പോൾ അനാചാരം ആചരിക്കുക പ്രതിജ്‌ഞാലംഘനം നടത്തുക എന്നിവ എട്ടാമത്തെ പാപമാണ്. ഒൻപതാമത്തെ പാപം അസൂയയാണ്. ആലയം തീ വയ്ക്കുന്നത് പത്താമത്തെ പാപവും
ഈ പാപങ്ങൾ ചെയ്യുന്ന വ്യക്തികൾ പുത്രനെക്കൊണ്ട് ഈശ്വരനെ പ്രസാദിപ്പിച്ചാൽ മാത്രമേ പാപമോചനം ലഭിക്കുകയുള്ളു.
ഇവിടെ പും നരകം എന്നു പറയുന്നത് വൃദ്ധാവസ്‌ഥ തുടങ്ങിയുള്ള ഗതികിട്ടാത്ത സമയങ്ങളെയാണ്. വൃദ്ധത്വം, രോഗങ്ങൾ തുടങ്ങിയ നരകങ്ങളിൽ നിന്നും രക്ഷിക്കുന്നവനാണ് പുത്രൻ എന്നു സാരം. കഷ്‌ടതയാർന്ന ഗതിയും അധഃപതനവുമാണ് ഈ നരകങ്ങൾ -ബി.എസ്. ബാലചന്ദ്രൻ തൻറെ പ്രഭാഷണത്തിൽ തുടർന്നു വിവരിച്ചു.
.
Read More in Organisation
Related Stories
നിങ്ങൾക്കറിയാമോ ?
2 years, 11 months Ago
ധീര സാഹസികൻ ഇരവിക്കുട്ടിപ്പി ള്ള
2 years, 11 months Ago
മറുകും മലയും
2 years, 11 months Ago
നാട്ടറിവ് (വീട്ടുവളപ്പിലെ ഔഷധസസ്യം )
4 years, 7 months Ago
ഗുരു ദക്ഷിണയുടെ പേരിൽ കുത്സിത തന്ത്രം
3 years, 1 month Ago
ജൂൺ ഡയറി
2 years, 8 months Ago
നെല്ലിക്ക : വിറ്റാമിൻ സിയുടെ കലവറ
3 years Ago
Comments