Thursday, April 10, 2025 Thiruvananthapuram

ഹിരോഷിമയില്‍ വര്‍ഷിച്ച ലോകത്തിലെ ആദ്യത്തെ ആണവ ബോംബിനെ അതിജീവിച്ച 394 വര്‍ഷം പഴക്കമുള്ള മരം....!

banner

3 years, 8 months Ago | 384 Views

394 വര്‍ഷത്തെ ചരിത്രത്തിന്റെ കഥ പറയാന്‍ ഈ 2021 ലും ബാക്കിയുള്ള ജീവനുള്ള കലാസൃഷ്ടിയാണ് വാഷിംഗ്ടണ്‍ ഡിസി കെട്ടിടത്തിന്റെ ഒരു കോണിലുള്ള വൈറ്റ് പൈന്‍ ബോണ്‍സായ് മരം.

1625 -ലാണ് ഇത് ആദ്യമായി ഭൂമിയില്‍ നട്ടുപിടിപ്പിച്ചത്. എന്നാല്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്രം മാത്രമല്ല ഈ മരത്തിനുള്ളത്, ഹിരോഷിമയില്‍ വര്‍ഷിച്ച ലോകത്തിലെ ആദ്യത്തെ ആണവ ബോംബിനെ അതിജീവിച്ച ബോണ്‍സായ് കൂടിയാണ് അത്.

നിലവില്‍ വാഷിംഗ്ടണ്‍ ഡിസിയിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് നാഷണല്‍ ആര്‍ബോറെറ്റത്തിലെ നാഷണല്‍ ബോണ്‍സായ് ആന്‍ഡ് പെന്‍ജിംഗ് മ്യൂസിയത്തിലാണ് ഈ മരം സ്ഥിതിചെയ്യുന്നത്. ജപ്പാനില്‍ നിന്നുള്ള മസാരു യമാകി എന്ന ബോണ്‍സായ് വിദഗ്ധന്‍ 1976 -ലാണ് അമേരിക്കയ്ക്ക് ഈ ബോണ്‍സായ് മരം സമ്മാനമായി നല്‍കിയത്. എന്നാല്‍, അതിന്റെ ചരിത്രത്തെ കുറിച്ച്‌ അപ്പോള്‍ അവര്‍ക്ക് കാര്യമായ ധാരണയില്ലായിരുന്നു.

പിന്നീട് 2001 -ല്‍ മ്യൂസിയത്തില്‍ എത്തിയ യമകിയുടെ പേരക്കുട്ടികള്‍ പറഞ്ഞപ്പോഴാണ് മരത്തെ കുറിച്ചുള്ള ചരിത്രം എല്ലാവരിലേക്കും എത്തിയത്.

ബോണ്‍സായി അമേരിക്കയില്‍ എത്തിയ കഥ:

1945 ആഗസ്റ്റ് 6 -ന് രാവിലെ 8 മണിക്ക് മസാരു യമാകി വീടിനകത്തായിരുന്നു. പെട്ടെന്ന് വീടിന്റെ ജനാലച്ചില്ലുകള്‍ പൊട്ടിത്തെറിച്ച്‌ അയാളുടെ തൊലിയില്‍ കുത്തി ഇറങ്ങി. അപ്പോഴായിരുന്നു 'എനോള ഗേ' എന്ന് വിളിക്കപ്പെടുന്ന യുഎസ് ബി -29 ബോംബര്‍ യമാകിയുടെ വീട്ടില്‍ നിന്ന് രണ്ട് മൈല്‍ മാത്രം അകലെയുള്ള ഹിരോഷിമ നഗരത്തിന് മുകളിലൂടെ ലോകത്തിലെ ആദ്യത്തെ അണുബോംബ് വര്‍ഷിച്ചത്.

നഗരത്തിന്റെ മുക്കാലും സ്ഫോടനത്തില്‍ തുടച്ച്‌ നീക്കപ്പെട്ടു. അതില്‍ കുറഞ്ഞത് ഒരു ലക്ഷത്തോളം ജനങ്ങള്‍ കൊല്ലപ്പെടുകയുണ്ടായി. എന്നാല്‍, ചില ചെറിയ പരിക്കുകളോടെ യമാകിയും കുടുംബവും സ്ഫോടനത്തെ അതിജീവിച്ചു. നഴ്സറിക്ക് ചുറ്റും ഉയരമുള്ള മതില്‍ ഉണ്ടായതുകൊണ്ട് അവരുടെ വിലയേറിയ ബോണ്‍സായ് മരവും സംരക്ഷിക്കപ്പെട്ടു.

യമാകി കുടുംബം 1976 വരെ അതിനെ പരിപാലിച്ചു. തുടര്‍ന്ന് അദ്ദേഹം അത് തന്റെ രാജ്യത്ത് ബോംബുകള്‍ വര്‍ഷിച്ച അമേരിക്കയ്ക്ക് തന്നെ സമ്മാനമായി നല്‍ക്കുകയായിരുന്നു. സമ്മാനം കൈമാറുന്നതിനിടെ, 'സമാധാനത്തിന്റെ സമ്മാനം' എന്ന് മാത്രമാണ് യമാകി പറഞ്ഞത്. യുണൈറ്റഡ് സ്റ്റേറ്റ്സും ജപാനും തമ്മിലുള്ള സമാധാനത്തിന്റെ ഓര്‍മപ്പെടുത്തലായി ഈ വൃക്ഷം ഇന്നും മ്യൂസിയത്തില്‍ അതിജീവിക്കുന്നു.



Read More in Environment

Comments