കൊച്ചി മെട്രോ കൂടുതല്‍ സ്മാര്‍ട്ട് ആകുന്നു! ടിക്കറ്റ് ഡാറ്റ അനാലിസിസിന് പുതിയ ഡാഷ്ബോര്‍ഡ്

3 years, 5 months Ago | 387 Views
കൊച്ചി മെട്രോ കൂടുതൽ സ്മാർട്ട് ആകുന്നു. മെട്രോയുടെ ദൈനംദിന ടിക്കറ്റ് ഡാറ്റ അനാലിസിസിന് വേണ്ടിയുള്ള പുതിയ ഡാഷ്ബോർഡ് പരീക്ഷണാടിസ്ഥാനത്തിൽ മുട്ടം യാർഡിൽ പ്രവർത്തനമാരംഭിച്ചു. കൊച്ചി മെട്രോയ്ക്ക് വേണ്ടി രാജഗിരി എഞ്ചിനീയറിംഗ് കോളേജാണ് ഈ ഡാഷ്ബോർഡ് വികസിപ്പിച്ചത്.
മൂന്ന് വർഷം മുൻപാണ് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ സഹായത്തോടെ മെട്രോ റെയിലിനുവേണ്ടി ഒരു ഡാറ്റ അനലിറ്റിക്സ് പ്ലാറ്റ്ഫോം നിർമ്മിക്കാനുള്ള പ്രൊജക്റ്റ് രാജഗിരി എഞ്ചിനീയറിംഗ് കോളേജ് ഏറ്റെടുക്കുന്നത്. ഇതുവരെ രാജഗിരി കോളേജിലെ ടെസ്റ്റ് ക്ലസ്റ്ററിൽ പ്രവർത്തിപ്പിച്ചിരുന്ന പ്ലാറ്റ്ഫോം, കൊച്ചി മെട്രോയുടെ ഇൻ ഹൗസ് സെർവറിലേക്ക് മാറ്റിയിരുന്നു. ഡാഷ്ബോർഡ് ടിക്കറ്റ് റൈഡർഷിപ് സംബന്ധിക്കുന്ന ഡാറ്റ ശേഖരിക്കുക മാത്രമല്ല, അവ പ്രോസസ്സ് ചെയ്ത് റൈഡർഷിപ് വർധിപ്പിക്കാനും ടിക്കറ്റ് കളക്ഷൻ കൂട്ടാനും വേണ്ടുന്ന നയപരിപാടികൾ ആസൂത്രണം ചെയ്യാനും മെട്രോ അധികൃതരെ സഹായിക്കും.
ഈ ഡാഷ്ബോർഡ് നിലവിൽ വരുന്നതോടെ ടിക്കറ്റിങ്, ഓരോ സ്റ്റേഷനുകളിലെ യാത്രക്കാരുടെ എണ്ണം എന്നിവ സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ ശേഖരിക്കുകയും അവ വിശകലനം ചെയ്ത് മെട്രോയുടെ ഉപയോഗം വർധിപ്പിക്കാനുമുള്ള വ്യക്തമായ തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുകയും ചെയ്യും. ഇപ്പോൾ വളരെ നിയന്ത്രണത്തിലാണ് ടിക്കറ്റ് കളക്ഷൻ സംബന്ധിക്കുന്ന ഡാറ്റ മെട്രോ ശേഖരിക്കുന്നത്. പ്രോജക്ടിന്റെ ഭാഗമായുള്ള ഓട്ടോമേറ്റഡ് ഫെയർ കളക്ഷൻ (Automated Fare Collection) എന്ന സംവിധാനം അതിന്റെ അവസാനഘട്ടത്തിൽ എത്തി നിൽക്കുകയാണ്. ഇത് പൂർണമായാൽ ഓരോ സ്റ്റേഷനിലെയും യാത്രക്കാരുടെ എണ്ണം, ടിക്കറ്റ് കളക്ഷൻ, ലാഭ-നഷ്ട സാധ്യതകൾ എന്നിവ സംബന്ധിച്ചു കൃത്യമായ ഡാറ്റ കൊച്ചി മെട്രോയ്ക്ക് ലഭിക്കും.
കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ സാമ്പത്തിക പിന്തുണയിലാണ് ഈ പ്രൊജക്റ്റ് നടത്തുന്നത്. പദ്ധതിയുമായി സഹകരിക്കുന്ന രണ്ടു ഗവേഷണ വിദ്യാർത്ഥികളിൽ ഒരാളുടെ പിഎച്.ഡിയുടെ വിഷയം പ്രസ്തുത പ്രൊജക്റ്റ് ആണ്. നിർമിത ബുദ്ധിയിൽ (Artificial Intelligence) അധിഷ്ഠിതമായ ഡീപ് ലേണിംഗ് അൽഗോരിതങ്ങൾ ( Deep Learning Algorithms) ആണ് പദ്ധതിയിൽ ഉപയോഗിക്കുന്നത്. അതുകൊണ്ടു തന്നെ ഡാറ്റ പ്രോസസ്സിംഗ് 90 ശതമാനം കൃത്യതയോടെ നിർവഹിക്കാനാകും.'
ഇപ്പോൾ ടിക്കറ്റിങ് ഡാറ്റ മാത്രമാണുപയോഗിക്കുന്നത്. പ്രൊജക്റ്റ് നടപ്പാക്കിയാൽ മെട്രോ ട്രെയിനുകളുടെ ജി.പി.എസ് ഡാറ്റ, ഫേസ് റെക്കഗ്നിഷൻ പോലുള്ള സാങ്കേതികവിദ്യകൾ ഉപയോഗിച്ച് യാത്രക്കാർക്ക് മെച്ചപ്പെട്ട സേവനങ്ങൾ നൽകാനും, മെട്രോയുമായി ബന്ധപ്പെട്ട മറ്റു യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഡാഷ്ബോർഡ് സംവിധാനം സഹായകമാകും. ഉദാഹരണത്തിന് കൊച്ചി മെട്രോയ്ക്ക് ഇപ്പോൾ 'കൊച്ചി എ വൺ' എന്ന ആപ്ലിക്കേഷൻ ഉണ്ട്. അതിൽ മെട്രോ ടിക്കറ്റുകൾ ബുക്ക് ചെയ്യാനും ടൈം ടേബിൾ കാണാനും കഴിയും.
എന്നാൽ ഈ പദ്ധതിയുടെ അടുത്ത ഘട്ടത്തിൽ യാത്രക്കാർക്ക് ഏതു സ്റ്റേഷനിൽ ആണ് തിരക്കു കൂടുതൽ, അവർ എത്താൻ ആഗ്രഹിക്കുന്ന സ്ഥലത്തെ ഏറ്റവും അടുത്ത മെട്രോ സ്റ്റേഷൻ, മെട്രോ സ്റ്റേഷന് അടുത്തുള്ള ബസ് സ്റ്റാൻഡ്, ഓട്ടോ സർവിസുകൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ റിയൽ ടൈം ആയി ആപ്ലിക്കേഷനിലൂടെ ലഭ്യമാക്കാൻ സാധിക്കും. കൂടാതെ ഇന്റഗ്രേറ്റഡ് മെട്രോ ട്രാൻസ്പോർട്ടുമായി ബന്ധപ്പെട്ട ബസ്, ഓട്ടോ സർവീസുകൾ ഡാഷ്ബോർഡ് നൽകുന്ന ഡാറ്റയുമായി ബന്ധിപ്പിച്ചാൽ അവർക്ക് അതിനനുസരിച്ച് സർവീസുകൾ നടത്തുവാനും സാധിക്കും.
വ്യത്യസ്ത വിഭാഗത്തിൽ പെടുന്ന പലതരം വിവരങ്ങൾ (ബിഗ് ഡാറ്റ) ശേഖരിക്കാനും അവ വിശകലനം ചെയ്യാനും ഈ ഡാറ്റ ഡാഷ്ബോർഡിന് സാധിക്കും. എന്നാൽ, ഇപ്പോൾ ഡാഷ്ബോർഡ് വിഭാവനം ചെയ്തിരിക്കുന്നത് മെട്രോയുടെ ഓപ്പറേഷൻസിന് വേണ്ടി മാത്രമാണ്.
ഡാറ്റ ഡാഷ്ബോർഡ് പദ്ധതിയെപറ്റി മെട്രോ അധികൃതർ പറഞ്ഞതിങ്ങനെ: 'ഡാറ്റ ഡാഷ്ബോർഡ് പദ്ധതി ഒരു പൈലറ്റ് പ്രൊജക്റ്റ് ആണ്. മെട്രോയുടെ ഉപയോഗം സംബന്ധിച്ച് പല തരം ഡാറ്റകൾ ഡാഷ് ബോർഡിൽ ശേഖരിക്കാൻ കഴിയും. എന്നാൽ ആദ്യ ഘട്ടത്തിൽ ടിക്കറ്റ് ഡാറ്റ മാത്രമാകും ശേഖരിക്കുക. ഇതുവഴി ഓരോ സ്റ്റേഷനിലെയും പീക്ക് ടൈം എപ്പോഴാണ്, വിശേഷ ദിവസങ്ങളിൽ ഉള്ള തിരക്ക് നിയന്ത്രണം സംബന്ധിച്ച വിവരങ്ങൾ, ആ ദിവസങ്ങളിൽ നടത്തേണ്ട ക്രമീകരണങ്ങൾ എന്നിവ സംബന്ധിച്ച് കൃത്യമായ നിഗമനങ്ങളിൽ എത്താൻ സാധിക്കും. മെട്രോ ഉപയോഗിക്കുന്ന യാത്രികരുടെ കൃത്യമായ എണ്ണം എടുക്കാനും പല ക്യാറ്റഗറിയിലേക്ക് മാറ്റാനും സഹായിക്കുന്ന ഡാറ്റ ഡാഷ് ബോർഡ് ലഭ്യമാക്കും'.
ഇപ്പോൾ മെട്രോ ഓപ്പറേഷൻസിന് വേണ്ടിയാണെങ്കിലും, പിന്നീട് ഈ ഡാറ്റ പൊതു പ്ലാറ്റുഫോമുകളിലും ലഭ്യമാക്കും. അതുവഴി ഈ ഡാറ്റ ഉപയോഗിച്ച് മെട്രോയ്ക്ക് വേണ്ട, യാത്രക്കാർക്കു വേണ്ട പല ആപ്ലിക്കേഷൻസും കേരളത്തിലെ യുവാക്കൾ നയിക്കുന്ന പല സ്റ്റാർട്ട്അപ്പ് കമ്പനികൾക്കും നിർമ്മിക്കാൻ കഴിയും. യാത്രികർക്ക് ഗുണകരമാകുന്ന ഓപ്പൺ ഡാറ്റ പോളിസിയാണ് (open data policy) ഇത്തരം പദ്ധതികളിൽ മെട്രോ വിഭാവനം ചെയ്തിരിക്കുന്നത്. ഈ പദ്ധതിയുടെ ഉദ്ദേശം ജനങ്ങളിൽനിന്ന് ശേഖരിക്കുന്ന വിവരങ്ങൾ തിരിച്ചു അവരുടെ യാത്ര സംബന്ധമായ ആവശ്യങ്ങൾക്കായി തിരിച്ചു നൽകുക എന്നതാണ്. ആദ്യമായിട്ടാണ് രാജ്യത്തെ ഒരു മെട്രോ സർവീസ് ഇത്തരം പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.
Read More in Kerala
Related Stories
പുതുചരിത്രം; സാമാജികരെ നിയന്ത്രിക്കാന് വനിതാ സ്പീക്കര് പാനല്
2 years, 4 months Ago
രാജ്യത്തെ ആദ്യ ഡ്രോണ് ഫോറന്സിക്കുമായി കേരളം
3 years, 8 months Ago
വെർച്വൽ ഓണാഘോഷത്തിന് തുടക്കം
3 years, 8 months Ago
ഉപഭോക്താക്കളുടെ ഡേറ്റ സുരക്ഷിതമാക്കാന് ക്രമീകരണങ്ങളുമായി കെ.എസ്.ഇ.ബി
3 years, 1 month Ago
ആയിരത്തോളം സാധനങ്ങള്ക്ക് വില കുറയും: നാളെ മുതല് പ്രളയ സെസ് ഇല്ല
3 years, 8 months Ago
എല്ലാ പഞ്ചായത്തുകളിലും ഐ. എൽ. ജി. എം. എസ് സംവിധാനമായി
2 years, 11 months Ago
വികസനം ഒരോ മനുഷ്യനെയും ചേർത്താകണം'; സ്വതന്ത്ര്യ ദിന സന്ദേശത്തിൽ മുഖ്യമന്ത്രി
3 years, 8 months Ago
Comments