Wednesday, Aug. 20, 2025 Thiruvananthapuram

റേഷന്‍ കാര്‍ഡും സ്മാര്‍ട്ട് ആകുന്നു; റേഷനൊപ്പം അവശ്യ സാധനങ്ങളും വാങ്ങാം

banner

3 years, 10 months Ago | 416 Views

സപ്‌ളൈകോ ഉള്‍പ്പെടെയുള്ള തിരഞ്ഞെടുക്കപ്പെട്ട കടളില്‍ നിന്ന് അവശ്യസാധനങ്ങള്‍ വാങ്ങാന്‍ റേഷന്‍ കാര്‍ഡിന്റെ രൂപം മാറ്റുന്നു. നവംബര്‍ ഒന്നിന് പുറത്തിറക്കുന്ന സ്മാര്‍ട്ട് റേഷന്‍ കാര്‍ഡിലാണ് പുതിയ സേവനങ്ങള്‍കൂടി ഉള്‍പ്പെടുത്താന്‍ ലക്ഷ്യമിടുന്നത്. ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെടുത്തി എ.ടി.എം കാര്‍ഡിന്റെ മാതൃകയിലായിരിക്കും ഇത്.

പര്‍ച്ചേസ് കാര്‍ഡ് എന്ന പേരിലാകും ഇത് അറിയപ്പെടുക. ഇതുപയോഗിച്ച്‌ സാധനങ്ങള്‍ വാങ്ങാം. ബാങ്കുകളുമായി ഭക്ഷ്യമന്ത്രി ജി.ആര്‍ അനിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ചര്‍ച്ച നടത്തിവരികയാണ്. ഉടമയുടെ പേര്, വിലാസം, ഫോട്ടോ തുടങ്ങിയ വിവരങ്ങള്‍ മുന്‍വശത്തും പ്രതിമാസ വരുമാനം, റേഷന്‍ കട നമ്പര്‍, വീട് വൈദ്യുതീകരിച്ചതാണോ, ഗ്യാസ് സിലിണ്ടര്‍ ഉണ്ടോ തുടങ്ങിയ വിവരങ്ങള്‍ മറുവശത്തുമായി രേഖപ്പെടുത്തുന്ന സ്മാര്‍ട്ട് റേഷന്‍ കാര്‍ഡിന്റെ മാതൃകയാണ് ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്നത്.

ഇതിനൊപ്പം ബാങ്കുകള്‍ നിര്‍ദ്ദേശിക്കുന്ന മാറ്റങ്ങള്‍ കൂടി ഉള്‍പ്പെടുത്തും. റേഷന്‍ കടകളില്‍ നിന്ന് ചെറിയ തുക ഈ കാര്‍ഡ് ഉപയോഗിച്ച്‌ പിന്‍വലിക്കാന്‍ കഴിയുന്ന വിധത്തില്‍ ആവശ്യമായ സൗകര്യം ഏര്‍പ്പെടുത്താനും ആലോചനയുണ്ട്.

പലവ്യഞ്ജനങ്ങളും കുപ്പിവെള്ളവും ഉള്‍പ്പെടെ ലഭിക്കുന്ന കേന്ദ്രങ്ങളായി റേഷന്‍ കടകളെ മാറ്റുന്ന പദ്ധതിയും സര്‍ക്കാര്‍ തയ്യാറാകുന്നുണ്ട്. ആദ്യ ഘട്ടത്തില്‍ ആയിരം കടകളിലാകും സൗകര്യം.

അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ civilsupplieskerala.gov.in എന്ന വെബ്സൈറ്റിലെ സിറ്റിസണ്‍ ലോഗിന്‍ വഴിയോ സ്മാര്‍ട്ട് കാര്‍ഡിന് അപേക്ഷിക്കാം. താലൂക്ക് സപ്ലൈ ഓഫീസറോ സിറ്റി റേഷനിംഗ് ഓഫീസറോ അംഗീകരിച്ചാല്‍ അതിന്റെ പ്രിന്റെടുത്ത് ഓഫീസിലെത്തി കാര്‍ഡ് കൈപ്പറ്റാം. സേവനം നവംബര്‍ ഒന്നു മുതല്‍ ആയിരിക്കും ആരംഭിക്കുക.



Read More in Kerala

Comments

Related Stories