Wednesday, April 16, 2025 Thiruvananthapuram

ആരോഗ്യം, ആഹാരം, തൊഴില്‍ എന്നിവ ഉറപ്പാക്കി രണ്ടാം പിണറായി സര്‍ക്കാരിന്റെ കരുതല്‍ ബജറ്റ്

banner

3 years, 10 months Ago | 357 Views

കോവിഡ് കാലത്ത് എല്ലാവര്‍ക്കും ആരോഗ്യവും ആഹാരവും തൊഴിലും ഉറപ്പാക്കുന്നതിന് പ്രാഥമിക പരിഗണന നല്‍കി രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റ്. വലിയ തോതിലുള്ള പദ്ധതികളോ പുതിയ നികുതി നിര്‍ദേശങ്ങളോ ഇല്ലാതെ ഒരു മണിക്കൂറിനുള്ളില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ബജറ്റ് പ്രസംഗം അവസാനിപ്പിച്ചു. ജനുവരിയില്‍ തോമസ് ഐസക്ക് സമ്പൂർണ്ണ  ബജറ്റ് അവതരിപ്പിച്ച സാഹചര്യത്തില്‍ കൂടുതല്‍ പ്രഖ്യാപനങ്ങളിലേക്ക് കടക്കാതെ എല്ലാ മേഖലയ്ക്കും കരുതല്‍ നല്‍കുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്.

സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ പ്രഖ്യാപിച്ച അതിദാരിദ്ര നിര്‍മ്മാര്‍ജന പദ്ധതി നടപ്പാക്കുമെന്ന് ബജറ്റില്‍ വ്യക്തമാക്കി.പദ്ധതി നടപ്പാക്കുന്നത് തദ്ദേശ സ്ഥാപനങ്ങള്‍ വഴിയായിരിക്കും . തൊഴിലുറപ്പ് പദ്ധതി വഴി കൂടുതല്‍ തൊഴില്‍ ഉറപ്പാക്കും. മാവേലി സ്‌റ്റോറുകളുടെ എണ്ണം കൂട്ടും.

കോവിഡിനെ നേരിടാന്‍ 20,000 കോടിയുടെ രണ്ടാം ഉത്തേജന പാക്കേജാണ്‌ പ്രഖ്യാപിച്ചത് . ആരോഗ്യ അടിയന്തരാവസ്ഥ നേരിടാന്‍ 2800 കോടിയും ഉപജീവന മാര്‍ഗത്തിനായി 8900 കോടിയും പലിശ സബ്‌സിഡിയായി 2300 കോടിയും ഇതില്‍ ഉള്‍പ്പെടുത്തും.

ആറിന പദ്ധതികളാണ് പകര്‍ച്ചവ്യാധികള്‍ തടയുന്നതിന് വേണ്ടി പ്രഖ്യാപിച്ചത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ 10 ഐസോലേഷന്‍ ബെഡുകള്‍. ഇതിനായുള്ള ഫണ്ട് എം.എല്‍.എമാരുടെ പ്രദേശിക വികസന ഫണ്ടില്‍ നിന്നും കണ്ടെത്തും. മെഡിക്കല്‍ കോളേജുകളിൽ  ഐസോലേഷന്‍ വാര്‍ഡുകള്‍ക്ക് 10 കോടി. 25 ലക്ഷം കുട്ടികളുടെ ഐസോലേഷന്‍ വാര്‍ഡിന് . 150 ടണ്‍ ശേഷിയുള്ള ഓക്‌സിജന്‍ പ്ലാന്റും സംഭരണശാലയും സ്ഥാപിക്കാന്‍ 10 ലക്ഷം രൂപ. സാംക്രമിക രോഗങ്ങളെ കുറിച്ചുള്ള പഠനത്തിന് 50 ലക്ഷം രൂപ, വാക്‌സിന്‍ നിര്‍മ്മാണ യൂണിറ്റിന് 50 കോടി എന്നിങ്ങനെ തുക മാറ്റിവച്ചു. 18 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കം സൗജന്യ വാക്‌സിന് 1,000 കോടിയും അനുബന്ധ ഉപകരണങ്ങള്‍ വാങ്ങാന്‍ 500 കോടിയും ചെലവഴിക്കും.



Read More in Kerala

Comments