Friday, April 18, 2025 Thiruvananthapuram

മുന്നറിയിപ്പുമായി മൃഗസംരക്ഷണ വകുപ്പ് ; വവ്വാലുകള്‍ ഉപേക്ഷിച്ച പഴങ്ങൾ വളർത്തു മൃഗങ്ങൾക്ക് നൽകരുത്

banner

3 years, 7 months Ago | 502 Views

നിപ്പയുടെ ഭീതി നിലനിൽക്കുന്നതിനാൽ മുന്നറിയിപ്പുമായി മൃഗസംരക്ഷണ വകുപ്പ്. മൃഗപരിപാലനത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള കര്‍ഷകര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. വവ്വാലുകള്‍ ഉപേക്ഷിച്ച കായ് കനികള്‍ വളര്‍ത്തു മൃഗങ്ങള്‍ക്ക് നല്‍കരുതെന്നും മുന്നറിയിപ്പുണ്ട്. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നിർദേശങ്ങൾ

കര്‍ഷകര്‍ ഫാമുകളില്‍ പ്രവേശിക്കുന്നതിന് മുന്‍പ് അണുനാശിനി കലര്‍ത്തിയ വെള്ളത്തില്‍ കാല്‍ പാദങ്ങള്‍ കഴുകണം. വളര്‍ത്തുമൃഗങ്ങളുമായി ഇടപഴകുന്നതിന് മുന്‍പും ശേഷവും കൈ കാലുകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കണം. മൃഗങ്ങളെ കയറ്റുകയും അവയ്ക്കുള്ള തീറ്റയും പുല്ലും കൊണ്ടു പോകുകയും ചെയ്യുന്ന വാഹനങ്ങളില്‍ അണുനശീകരണം ഉറപ്പു വരുത്തണം.

വവ്വാലുകള്‍ ഉപേക്ഷിച്ച കായ് കനികള്‍ വളര്‍ത്തു മൃഗങ്ങള്‍ക്ക് നല്‍കരുത്. വവ്വാലുകളും മറ്റു പക്ഷികളും ഫാമുകളില്‍ പ്രവേശിക്കുന്നത് വലകള്‍ ഉപയോഗിച്ച് നിയന്ത്രിക്കണം.

നിപ ബാധിച്ച് മരിച്ച കുട്ടിക്ക് വൈറസ് ബാധയേറ്റത് റമ്പുട്ടാനിൽ നിന്നും തന്നെയെന്ന നിഗമനത്തിലേക്ക് നീങ്ങുകയാണ് ആരോഗ്യ വകുപ്പ്. ഇത് സ്ഥിരീകരിക്കുന്നതാണ് പ്രദേശത്ത് കണ്ടെത്തിയ വവ്വാലുകളുടെ വലിയ ആവാസ വ്യവസ്ഥയും അതിനോടൊപ്പം കണ്ടെത്തിയ റമ്പുട്ടാൻ മരങ്ങളും. വൈറസ് ബാധിച്ച് മരിച്ച കുട്ടി റമ്പുട്ടാൻ കഴിച്ചിരുന്നു എന്നത് നേരത്തെ തന്നെ വ്യക്തമായിരുന്നു. ഇതിനുപുറമെ കുട്ടിയുടെ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്നവരെല്ലാം പരിശോധനയിൽ നെഗറ്റീവ് ആവുകയും ചെയ്തു. ഇക്കാരണങ്ങൾ കൊണ്ടാണ് വവ്വാലും റമ്പുട്ടാനും തന്നെയാണ് രോഗ കാരണമെന്ന നിഗമനത്തിലാണ്  ആരോഗ്യ വകുപ്പ്.

വൈറസ് പന്നികളില്‍ നിന്നു പകരാമെന്ന സാധ്യത കണക്കിലെടുത്ത് നിപ റിപ്പോര്‍ട്ട് ചെയ്ത ചാത്തമംഗലം പഞ്ചായത്തിലെ കാട്ടുപന്നികളുടെ സാന്നിധ്യത്തെ കുറിച്ചും മ്യഗസംരക്ഷണ വകുപ്പ് പരിശോധന നടത്തുന്നുണ്ട്.



Read More in Kerala

Comments