Thursday, April 17, 2025 Thiruvananthapuram

വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ഗ്ലാസുകളില്‍ ഒരു തരത്തിലുള്ള ഒട്ടിപ്പുകളും പാടില്ല മോട്ടോര്‍ വാഹനവകുപ്പ്

banner

2 years, 11 months Ago | 531 Views

വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ഗ്ലാസുകളില്‍ ഒരു തരത്തിലുള്ള ഒട്ടിപ്പുകളും പാടില്ല. കറുത്ത പേപ്പര്‍ ഒട്ടിക്കാനേ പാടില്ല. ലാമിനേറ്റ് ചെയ്യാന്‍ പാടില്ല. പ്ലാസ്റ്റിക് ലെയറും പാടില്ല. ഇതെല്ലാം ആകാമെന്ന തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ വിശ്വസിച്ച്‌ പേപ്പറൊക്കെ ഒട്ടിച്ച്‌ വണ്ടിയുമായി നിരത്തിലിറങ്ങിയാല്‍ പണി കിട്ടും. ഗ്ലാസ് പരിശോധനയ്ക്കായി സ്‌പെഷ്യല്‍ ഡ്രൈവൊന്നും ഉടന്‍ ഇല്ലെങ്കിലും വാഹനപരിശോധനയുടെ കൂട്ടത്തില്‍ ഗ്ലാസും പരിശോധിക്കും. നിയമം തെറ്റിച്ചാല്‍ ആദ്യം പിഴ 250 രൂപ ഈടാക്കും. ആവര്‍ത്തിച്ചാല്‍ 500 രൂപ. പിന്നെയും ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും.

2020 ജൂലായില്‍ കേന്ദ്രമോട്ടോര്‍വാഹന നിയമത്തിലെ ചാപ്‌റ്റര്‍ അഞ്ചിലെ റൂള്‍ 100ല്‍ വരുത്തിയ ഭേദഗതിയിലാണ് മുന്‍വശത്തെയും പിന്‍വശത്തെയും ഗ്ലാസുകളില്‍ 70 ശതമാനവും വശങ്ങളിലെ ഗ്ലാസുകളില്‍ 50 ശതമാനവും സുതാര്യതവേണമെന്ന നിബന്ധനയുള്ളത്.

വാഹനങ്ങളുടെ നിര്‍മ്മാതാക്കളാണ് ഇക്കാര്യം ഉറപ്പാക്കേണ്ടത്. അതായത് യഥാക്രമം 70, 50 ശതമാനം സുതാര്യതയുള്ള ഗ്ലാസുകള്‍ വാഹനത്തിനൊപ്പം നിര്‍മ്മാതാക്കള്‍ നല്‍കും. വാഹന ഉടമ മറ്റൊരു വസ്തുകൊണ്ടും ഇത് ചെയ്യാന്‍ പാടില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

ചില നിര്‍മ്മാതാക്കള്‍ ഈ വ്യവസ്ഥ പാലിച്ച്‌ പ്രകാശതീവ്രത കുറയ്ക്കുന്ന ടിന്‍ഡ് ഗ്ലാസും ലാമിനേറ്റഡ് ഗ്ലാസുമൊക്കെ വാഹനങ്ങളില്‍ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. ലാമിനേറ്റഡ് ഗ്ലാസ് എന്ന വാക്കിനെ, ഗ്ലാസ് ഉടമയ്ക്ക് ലാമിനേറ്റു ചെയ്യാമെന്നൊക്കെ ചില കേന്ദ്രങ്ങള്‍ വ്യാഖ്യാനിച്ച്‌ പ്രചരിപ്പിച്ചതാണ് ആശയക്കുഴപ്പത്തിന് കാരണമായത്.

പ്രകാശതീവ്രത കുറയ്ക്കുന്ന ചില്ലുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ വിപണിയിലെത്തിക്കാന്‍ വാഹനനിര്‍മ്മാതാക്കള്‍ക്ക് 2023 മാര്‍ച്ചുവരെ കേന്ദ്ര ഉപരിതലഗതാഗതമന്ത്രാലയം സാവകാശം അനുവദിച്ചിട്ടുണ്ട്.

''നിര്‍മ്മാതാക്കള്‍ തരുന്ന വാഹനത്തിലെ ഗ്ലാസില്‍ പുതിയതായി ഒരു ഗ്ലെയ്സിംഗ് മെറ്റീരിയലും ഒട്ടിക്കാന്‍ പാടില്ല. തെറ്റായ പ്രചാരണങ്ങള്‍ വിശ്വസിക്കാതിരിക്കുക'-' ശശികുമാര്‍, ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍.



Read More in Kerala

Comments