Wednesday, April 16, 2025 Thiruvananthapuram

കെ-ഫോൺ പദ്ധതി യാഥാർഥ്യത്തിലേക്ക്

banner

2 years, 11 months Ago | 248 Views

സംസ്ഥാനത്ത് ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് സേവനം നൽകുന്ന കെ-ഫോൺ പദ്ധതി യാഥാർഥ്യത്തിലേക്ക്. പദ്ധതിയിലൂടെ   ആദ്യ ഘട്ടത്തിൽ ബി.പി.എൽ. പട്ടികയിൽ ഉൾപ്പെട്ട 14,000 ഉപയോക്താക്കളെ കണ്ടെത്തി. ഒരു നിയോജക മണ്ഡലത്തിൽ നൂറുപേർ എന്ന തരത്തിലാണ് ഉപയോക്താക്കളെ കണ്ടെത്തിയത്.

മണ്ഡലത്തിൽ 500 വീതം 70,000 സൗജന്യ കണക്‌ഷനുകൾ ആദ്യ ഘട്ടത്തിൽ നൽകും. ഇന്റർനെറ്റ് സേവനം ലഭ്യമാക്കാൻ പ്രാദേശിക ഇന്റർനെറ്റ് സേവനദാതാക്കളിൽനിന്ന് സർക്കാർ ടെൻഡർ വിളിച്ചു. ടെൻഡർ സമർപ്പിക്കാനുള്ള അവസാനത്തീയതി  മെയ്  16 ആണ്. 17-ന് ടെക്‌നിക്കൽ ബിഡ് തുറക്കും.

സെക്കൻഡിൽ 100 മെഗാബൈറ്റ് വേഗത്തിൽ ഇന്റർനെറ്റ് സേവനം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. ദിവസം ഒരു കുടുംബത്തിന് ഒന്നര ജി.ബി. ഡേറ്റ ഉപയോഗിക്കാനാകും. തദ്ദേശസ്ഥാപനങ്ങളാണ് സൗജന്യ ഇന്റർനെറ്റ് ലഭ്യമാക്കേണ്ടവരുടെ പട്ടിക തയ്യാറാക്കുന്നത്. ഈ പട്ടിക പ്രാദേശിക ഇന്റർനെറ്റ് സേവനദാതാവിന് കൈമാറും.

ഒരു ജില്ലയിൽ ഒരു സേവനദാതാവിന് അവകാശം നൽകാനാണ് തീരുമാനം. കണക്‌ഷൻ നൽകാനുള്ള തുകയും മാസ തുകയും കേരളാ സ്റ്റേറ്റ് ഐ.ടി. ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് വഹിക്കും.

കേബിൾ ശൃംഖലാ പദ്ധതിയായ കെ-ഫോണിന് 34,961 കിലോമീറ്റർ ദൈർഘ്യത്തിലാണ് കേബിൾ സ്ഥാപിക്കുന്നത്. പദ്ധതിയുടെ ഒന്നാം ഘട്ടം കഴിഞ്ഞസർക്കാരിന്റെ അവസാനകാലത്ത് ഉദ്ഘാടനം ചെയ്തിരുന്നു. ഇപ്പോഴാണ് ഉപയോക്താക്കൾക്ക് ഇന്റർനെറ്റ് സൗകര്യം നൽകുന്നതിലേക്ക് നീങ്ങുന്നത്. 1548.08 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

കെ.എസ്.ഇ.ബി. പോസ്റ്റുകളിലൂടെയാണ് കെ-ഫോൺ കേബിളുകൾ സ്ഥാപിക്കുന്നത്. കോർ ലൈനുകൾക്ക് ട്രാൻസ്മിഷൻ ടവറുകളാണ് ഉപയോഗിക്കുന്നത്. എല്ലാ ജില്ലകളിലെയും ഒരു കെ.എസ്.ഇ.ബി. സ്റ്റേഷൻ പ്രധാനശൃംഖലയുമായി ബന്ധിപ്പിക്കും. ഇതാണ് കോർ പോയന്റ് ഓഫ് പ്രസൻസ്. 

കൊച്ചി ഇൻഫോ പാർക്കിൽ നെറ്റ്‌വർക്ക് ഓപ്പറേറ്റിങ് സെന്ററും വൈദ്യുതഭവനിൽ ഡിസാസ്റ്റർ റിക്കവറി സെന്ററും തയ്യാറാക്കിയിട്ടുണ്ട്. ഇൻഫോ പാർക്കിലെ ഓപ്പറേറ്റിങ് സെന്ററിനാണ് സാങ്കേതിക ഏകോപനച്ചുമതല.

30,000 ഓഫീസുകളിൽ അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കാനും പരസ്പരം ബന്ധിപ്പിക്കാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി 375 കോർ പോയന്റ് ഓഫ് പ്രസൻസ് ആണ് പൂർത്തിയാക്കുന്നത്.



Read More in Kerala

Comments