ഫെബ്രുവരി ഡയറി

3 years, 1 month Ago | 278 Views
ഫെബ്രുവരി 1
സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് മാസ്റ്ററിങ്ങിന് ഇന്ന് മുതൽ 20 വരെ അവസരം. 2019 ഡിസംബർ 31നു മുൻപ് സാമൂഹിക സുരക്ഷാ പെൻഷനോ ക്ഷേമ പെൻഷനോ അനുവദിച്ചിട്ടും മാസ്റ്റർ ചെയ്യാത്തവർക്ക് വേണ്ടിയാണിത്.
ബിരുത തലത്തിൽ ഒരു വർഷത്തെ പഠനം കൊണ്ട് കിട്ടുന്ന അണ്ടർ ഗ്രാജുവേറ്റ് സർട്ടിഫിക്കറ്റ് മുതൽ ബിരുദാനന്തര ബിരുദത്തിനു ശേഷംമുള്ള പിഎച്ച്ഡി വരെ ഉന്നതവിദ്യാഭ്യാസരംഗത്ത് ഇനി 6 ലെവൽ യോഗ്യതകൾ ഉണ്ടാകുമെന്ന് യുജിസിയുടെ കരട് മാർഗരേഖ.
ടോക്യോ ഒളിമ്പിക്സിൽ അതിഗംഭീര പ്രകടനത്തിലൂടെ ഇന്ത്യൻ ഹോക്കി ടീമിനെ വെങ്കല മെഡൽ ജേതാക്കൾ ആക്കുന്നതിൽ പ്രധാന പങ്കുവഹിച്ച മലയാളി ഗോൾകീപ്പർ പി.ആർ. ശ്രീജേഷ് 2021 ലെ വേൾഡ് ഗെയിംസ് അത്‌ലറ്റ് ഓഫ് ഇയർ പുരസ്കാരം സ്വന്തമാക്കി.
ഫെബ്രുവരി 2
ഭാവിയിലേക്ക് കണ്ണുംനട്ടു വെർച്വൽ കറൻസിയും ഡിജിറ്റൽ സർവകലാശാലയും അടക്കം ഡിജിറ്റൽ മേഖലയ്ക്ക് വൻ പ്രാധാന്യം നൽകി ആധുനിക ഇന്ത്യയ്ക്കായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ബഡ്ജറ്റ് വിഭാവനം ചെയ്തു.
രാജ്യത്തെ പ്രൈമറി സ്കൂൾ കുട്ടികൾക്കായി നടത്തിയ സിപ്പ് അരിത്തമാറ്റിക് ജീനിയസ് മത്സരങ്ങളിൽ തിരുവനന്തപുരത്തെ സ്കൂളുകളിലെ മൂന്ന് കുട്ടികൾ ദേശീയപുരസ്കാരം നേടി.
ഹരിതോർജം വികസനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ക്ലീൻ എനർജി ഇൻക്യുബേഷൻ സെന്റർ സ്ഥാപിക്കുന്നതിനായി ക്ലീൻ എനർജി ഇന്റർനാഷണൽ ഇൻക്യുബേഷൻ സെന്ററുമായി ധാരണാപത്രം ഒപ്പിട്ടു.
ഫെബ്രുവരി 3
ലത്തീൻ കത്തോലിക്കാ സഭ തിരുവനന്തപുരം അതിരൂപതയുടെ പുതിയ ആർച്ച് ബിഷപ്പായി ഫാദർ തോമസ് ജെ. നെറ്റോയെ നിയോഗിച്ചു. പാളയം പള്ളിയിൽ നടന്ന മെത്രാഭിഷേക ദിവ്യ ബലി ചടങ്ങുകൾക്കിടെ സ്ഥാനമൊഴിയുന്ന ആർച്ച് ബിഷപ്പ് സൂസപാക്യം ആണ് പുതിയ ബിഷപ്പിനെ പ്രഖ്യാപിച്ചത്.
വൃക്കരോഗികൾക്ക് സൗജന്യമായി വീട്ടിൽ ഡയാലിസിസ് ചെയ്യാനുള്ള പെരിറ്റോണിയൽ പദ്ധതി 11 ജില്ലകളിൽ ആരംഭിച്ചു. ശരീരത്തിൽ തന്നെ രക്തം ശുദ്ധീകരിക്കുന്ന രീതിയാണ് പെരിറ്റോണിയൽ ഡയാലിസിസ്.
ഏലയ്ക്കാവില നിയന്ത്രണാതീതമായി കൂപ്പുകുത്തുന്നത് തടഞ്ഞ് കർഷകർക്ക് ആശ്വാസമേകാനായി സ്പൈസസ് ബോർഡ് പുതിയ രീതിയിൽ ഇ-ലേലം തുടങ്ങി.
ഫെബ്രുവരി 4
ഭീകരസംഘടനയായ ഐ സി സി യുടെ തലവൻ അബുഇബ്രാഹിം അൽ - ഖുറേഷിയും 12 കുടുംബാംഗങ്ങളും സിറിയയിൽ അമേരിക്കൻ സേന നടത്തിയ ഓപ്പറേഷനിടെ രക്ഷപ്പെടാൻ പഴുതില്ലാതെ ചാവേർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു.
സംസ്ഥാന സർക്കാരിന്റെ ലൈഫ്മിഷൻ പദ്ധതിക്കായി ചലചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ തറവാട്ടു ഭൂമി നൽകി. അടൂർ ഏറത്ത് പഞ്ചായത്തിലെ തുവയൂർ വടക്ക് തറവാട്ടു സ്വത്തിലെ ഭാഗമായി ലഭിച്ച 13.5 സെന്റ് നൽകാനുള്ള സന്നദ്ധത അദ്ദേഹം സർക്കാരിനെ അറിയിച്ചു.
മലയാള സിനിമാ മേഖലയിൽ ആഭ്യന്തര പരാതി പരിഹാര സംവിധാനം നിയമപ്രകാരം രൂപീകരിക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷൻ സർക്കാരിനു ശുപാർശ നൽകി. ജസ്റ്റിസ് ഹേമ കമ്മിറ്റി നിർദേശങ്ങൾ നടപ്പാക്കാനും ശുപാർശ.
ഫെബ്രുവരി 5
കോവിഡ് വ്യാപനം കുറഞ്ഞു വരുന്ന പശ്ചാത്തലത്തിൽ സ്കൂളുകളും കോളേജുകളും വീണ്ടും തുറക്കാനും കടുത്ത നിയന്ത്രണം ഉണ്ടെങ്കിലും ആരാധനാലയങ്ങൾ 20 പേർക്ക് വരെ പ്രവേശനം അനുവദിക്കാനും തീരുമാനം.
വാഹനങ്ങളുടെ ചില്ലുകളിൽ അടിയുന്ന മഞ്ഞ അലിയിച്ചു കളയുന്ന സെർവോ ഡിഫ്രോസ്റ് ഇന്ത്യൻ ഓയിൽ വിപണിയിലിറക്കി. രാജ്യത്തെ മഞ്ഞുമൂടിയ പ്രദേശങ്ങളിൽ വാഹനാപകടങ്ങൾ കുറയ്ക്കാൻ സഹായിക്കുന്ന ഉൽപ്പന്നം രാജ്യത്ത് ആദ്യമായാണ് വിപണിയിലെത്തുന്നത്.
സ്വകാര്യ മെഡിക്കൽ കോളേജുകളിലും സർവകലാശാലകളിലും എംബിബിഎസ്, പിജി സീറ്റുകളിൽ അതതു സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലെ നിരക്കിൽ മാത്രമേ ഫീസ് ഈടാക്കാൻ പാടുള്ളൂവെന്ന് ദേശീയ മെഡിക്കൽ കമ്മീഷൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി.
ഫെബ്രുവരി 6
അണ്ടർ 19 ഏകദിന ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ രാജ്ബവയും ക്യാപ്റ്റൻ യഷ് ധുള്ളും വിക്കറ്റ് ആഘോഷത്തിൽ; രാജ്ബവ അഞ്ച് വിക്കറ്റ് വീഴ്ത്തി.
ഫെബ്രുവരി 7
മായികസ്വരത്താൽ ലോകത്തിന്റെ മനംകവർന്ന വാനമ്പാടി, ലതാ മങ്കേഷ്കർ അന്തരിച്ചു. കോവിഡും ന്യുമോണിയയും ബാധിച്ചതിനെതുടർന്ന് ജനുവരി എട്ടിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
50% വർക്ക് ഫ്രം ഹോം രീതി മാറ്റി കേന്ദ്ര സർക്കാർ ഓഫീസുകളിൽ ഇന്നുമുതൽ പൂർണ്ണ ഹാജർ ഉറപ്പാക്കാൻ കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് നിർദ്ദേശിച്ചു.
ഒരാഴ്ചത്തെ സി കാറ്റഗറി നിയന്ത്രണങ്ങൾക്ക് ശേഷം നിയന്ത്രണങ്ങളിൽ ഇളവ് ലഭിച്ച് തലസ്ഥാനം. 10, 11, 12 ക്ലാസുകളും ബിരുദ-ബിരുദാനന്തര ക്ലാസ്സുകളും ഇന്നുമുതൽ ഓഫ്‌ലൈനാകും.
ഫെബ്രുവരി 8
ഐ. എസ്. ആർ. ഒ യുടെ രാജ്യത്തെ ഏറ്റവും വലിയ കേന്ദ്രമായ തുമ്പയിലെ വിക്രം സാരാഭായ് സ്പേസ് സെന്റർ ഡയറക്ടറായി മലയാളിയും പ്രശസ്ത ശാസ്ത്രജ്ഞനും ഗഗൻയാൻ പദ്ധതി നടപ്പാക്കുന്ന ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെന്റർ ഡയറക്ടറുമായ ഡോക്ടർ എസ്. ഉണ്ണികൃഷ്ണൻ നായരെ നിയമിച്ചു.
റിസർവ് ബാങ്ക് ഗവർണർ ശാക്തികാന്തദാസ് അദ്ധ്യക്ഷനായ ആറംഗ ധനനായ നിർണ്ണയ സമിതിയുടെ നടപ്പു സാമ്പത്തിക വർഷത്തെ അവസാന യോഗം ഇന്ന് തുടങ്ങും. മൂന്നുദിവസം നീളുന്ന യോഗത്തിനൊടുവിൽ പത്തിനാണ് ധന പ്രഖ്യാപനം.
ഫെബ്രുവരി 9
പ്രകൃതിക്ഷോഭത്തിൽ ഉണ്ടായ കൃഷിനാശത്തിന് നഷ്ടപരിഹാരം നൽകാൻ 32 കോടി രൂപ അനുവദിച്ചു മുഖ്യമന്ത്രിയുടെ പ്രതീക്ഷ പ്രകൃതിക്ഷോഭ ദുരിതാശ്വാസ ഫണ്ടിൽ നിന്നും 10 കോടിയും കേന്ദ്ര സർക്കാരിന്റെ കാലാവസ്ഥ അധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി പ്രകാരം 22 കോടിയുമാണ് അനുവദിച്ചത്
കേന്ദ്രം ബഡ്ജറ്റിൽ പ്രഖ്യാപിച്ച ഇ-പാസ്പോർട്ട് തയ്യാറാക്കാൻ ആവശ്യമായ സാങ്കേതിക സേവനം ലഭ്യമാക്കാനുള്ള കരാർ രാജ്യത്തെ ഏറ്റവും വലിയ ഐ.ടി കമ്പനിയായ ടാറ്റാ കൺസൾട്ടൻസി സർവ്വീസിന് ലഭിച്ചു.
ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കം. കലാപരിപാടികൾ നടൻ ഇന്ദ്രൻസ് ഉദ്ഘാടനം ചെയ്യും.
ഫെബ്രുവരി 10
കെ.എസ്. ഇ. ബി ആസ്ഥാനമായ വൈദ്യുതി ഭവന്റെ സുരക്ഷ സംസ്ഥാന സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിനെ ഏൽപ്പിക്കും.
സംസ്ഥാനത്ത് കൊവിഡ് പരിശോധന നിരക്ക് കുറച്ചു. ആർ.ടി. പി.സി.ആർ - 300 രൂപ, ആന്റിജൻ - 100 രൂപ ആണ് പുതിയ നിരക്ക്.
പ്രാഥമിക സഹകരണ സംഘങ്ങളുടെ നിക്ഷേപങ്ങളുടെ പലിശ നിരക്ക് പുതുക്കി നിശ്ചയിച്ചു. രണ്ടു വർഷത്തിന് മുകളിലുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ 6.5 ശതമാന ശതമാനത്തിൽനിന്നും ഏഴ് ശതമാനമായി.
ഫെബ്രുവരി 11
ചൈനയിലടക്കം നടത്തുന്ന എം.ബി.ബി.എസ് ഓൺലൈൻ കോഴ്സുകൾക്ക് ഇന്ത്യയിൽ അംഗീകാരമില്ലെന്ന് നാഷണൽ മെഡിക്കൽ കമ്മീഷൻ അറിയിച്ചതോടെ, മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് വിദ്യാർഥികൾ ആശങ്കയിലായി.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് ടി. നസറുദ്ദീൻ അന്തരിച്ചു.
തുടർച്ചയായ പത്താം തവണയും റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്കിൽ മാറ്റം വരുത്താതെ ധനനയം പ്രഖ്യാപിച്ചു.
ഫെബ്രുവരി 12
സ്മാർട്ട് റോഡ് നിർമാണത്തിനായി പൊളിച്ചിട്ടിരിക്കുന്ന റോഡുകളുടെ പണി എത്രയുംവേഗം പൂർത്തിയാക്കാൻ സ്മാർട്ട് സിറ്റിക്ക് നഗരസഭാ നിർദേശം നൽകി.
ക്രിപ്റ്റോ കറൻസി ഇടപാടുകളിൽ നിന്നുള്ള നേട്ടത്തിന് നികുതി ഏർപ്പെടുത്തുക മാത്രമാണ് കേന്ദ്രം ചെയ്തതെന്നും അവയെ നിയമവിധേയമാക്കാനോ നിരോധിക്കാനോ തീരുമാനിച്ചിട്ടില്ലെന്നും ധനമന്ത്രി നിർമല സീതാരാമൻ.
കൊച്ചിൻ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ കാൽകഴുകിച്ചൂട്ട് ഇനിയില്ല. കാലോചിത മാറ്റങ്ങൾ വരുത്തിക്കൊണ്ട് ഇതിന്റെ പേര് സമാരാധന എന്നാക്കി മാറ്റി.
ഫെബ്രുവരി 13
ലോകായുക്തയുടെ അധികാരം വെട്ടിക്കുറച്ച നിയമഭേദഗതി ഓർഡിനൻസിന് പകരമുള്ള കരട് ബിൽ (ലോകായുക്ത നിയമ ഭേദഗതി ബിൽ 2022) സർക്കാർ തയ്യാറാക്കി.
ഫെബ്രുവരി 14
ഐ.എസ്. ആർ. ഒയുടെ ആദ്യ ഉപഗ്രഹ വിക്ഷേപണം ഇന്ന് രാവിലെ 5. 59 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ കേന്ദ്രത്തിൽനിന്ന്. പി. എസ്. എൽ. വി. സി 52 റോക്കറ്റിൽ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ. എസ്. സീറോ ഫോർ ആണ് വിക്ഷേപിച്ചത്.
സംസ്ഥാനത്തെ എല്ലാ നിയോജകമണ്ഡലങ്ങളിലും 20 രൂപയ്ക്ക് ഊണുമായി സുഭിക്ഷാ ഹോട്ടലുകൾ. ഗ്രാമപ്രദേശങ്ങളിലെ ഒരായിരം റേഷൻ കടകളിൽ പണം പിൻവലിക്കാനുള്ള സൗകര്യം.
മാനന്തവാടി അമൃതാനന്ദമയി മഠാധിപതി സ്വാമി അക്ഷയാമൃതാനന്ദ പുരി സമാധിയായി.
ഉത്തരാഖണ്ഡ്, ഗോവ സംസ്ഥാനങ്ങളിലും യുപിയിലെ രണ്ടാംഘട്ടത്തിലേയും വോട്ടെടുപ്പ് ഇന്ന് നടക്കും. ഉത്തരാഖണ്ഡിൽ ആദ്യമായി ഒരു സർക്കാരിന് തുടർ ഭരണം എന്ന ചരിത്രം രചിക്കാനുള്ള ശ്രമത്തിലാണ് ബിജെപി.
ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് താരലേലത്തിന്റെ രണ്ടാംദിന മലയാളി വിക്കറ്റ് കീപ്പർ വിഷ്ണു വിനോദിനെ 50 ലക്ഷം രൂപയ്ക്ക് സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി.
ഫെബ്രുവരി 15
ഫോട്ടോയെടുക്കുമ്പോൾ തങ്ങളുടെ സൗന്ദര്യം ഇഷ്ടാനുസരണം ആയി കൂട്ടുന്ന ബ്യൂട്ടികോം, രാജ്യത്ത് ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെടുന്ന ജനപ്രിയ ഗെയിമിംഗ് ആപ്പായ ഗരിനാ ഫ്രീ ഫയർ ഉൾപ്പെടെ 54 ചൈനീസ് ആപ്പുകൾ കൂടി ഇന്ത്യയിൽ നിരോധിച്ചു.
ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയറിന്റെ കുട്ടികളുടെ ദേശീയ ധീരതാ അവാർഡിന് കേരളത്തിൽനിന്ന് അഞ്ചുകുട്ടികൾ അർഹരായി.
ഗുരുവായൂർ ക്ഷേത്രോത്സവത്തിന് ആരംഭമിട്ട് നടന്ന ആനയോട്ടത്തിൽ കൊമ്പൻ രവികൃഷ്ണ ജേതാവായി. കൊമ്പൻ ദേവദാസ് രണ്ടാമനായി. പങ്കെടുത്ത ആളുകളിൽ പ്രായംകൊണ്ട് മുതിർന്ന കൊമ്പൻ വിഷ്ണുവും ഓട്ടച്ചടങ്ങ് പൂർത്തിയാക്കി.
ഫെബ്രുവരി 16
വ്യാജരേഖകൾ ഹാജരാക്കി സംസ്ഥാനത്ത് കോടികളുടെ ഇൻഷുറൻസ് തട്ടിപ്പ്. ക്ലെയിം ലഭിക്കാൻ ഓരേ വാഹനം 8 കേസിലും മറ്റൊരു വാഹനം 11 കേസിലും ഹാജരാക്കി പണം കൈക്കലാക്കിയതായി കണ്ടെത്തി.
കാലാവധി കഴിയുന്ന റാങ്ക് പട്ടിക നീട്ടുന്നത് തങ്ങളുടെ വിവേചന അധികാരമാണെന്നും അതിൽ കോടതിക്കും ട്രൈബ്യുണലിനും ഇടപെടാൻ കഴിയില്ലെന്നുമുള്ള കേരള പിഎസ്സിയുടെ വാദം സുപ്രീം കോടതി തള്ളി.
ഫെബ്രുവരി 17
ആറ്റുകാലമ്മയുടെ അനുഗ്രഹത്തിനായി ക്ഷേത്രനടക്കൊപ്പം നാടെങ്ങുമുള്ള ഗൃഹാങ്കണങ്ങളിൽ ഇന്ന് നടന്ന പൊങ്കാല നിവേദ്യം അർപ്പിച്ചു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ പ്രത്യേക വിഭാഗം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ഏർപ്പെടുത്തിയിരുന്നത് റദ്ദാക്കി. രോഗവ്യാപനം കുറഞ്ഞതിനെ തുടർന്നാണിത്.
ബോളിവുഡ് സംഗീതം അവതരിപ്പിച്ച ആസ്വാദക ഹൃദയം കീഴടക്കിയ സംഗീത സംവിധായകനും ഗായകനുമായ വിടവാങ്ങി ബപ്പി ലാഹിരി വിടവാങ്ങി.
സിനിമാ സീരിയൽ നടൻ കോട്ടയം പ്രദീപ് അന്തരിച്ചു. ഹൃദയാഘാതത്തെതുടർന്ന് പുലർച്ചെയായിരുന്നു അന്ത്യം.
ഫെബ്രുവരി 18
തുടർച്ചയായി നാലാം വട്ടവും സംസ്ഥാന സർക്കാരിന്റെ സ്വരാജ് പുരസ്കാരം തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്. പൊതു ഭരണകാര്യങ്ങളിൽ പുലർത്തിയ കൃത്യതയാണ് നാലാം വർഷവും പുരസ്കാരത്തിന് അർഹമാക്കിയത്.
കോവിഡ് കാലത്ത് രാജ്യാന്തരവിമാന സർവ്വീസുകളുടെ എണ്ണത്തിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം ഇന്ത്യ-യുക്രൈൻ പാതയിൽ നീക്കി.
ഫെബ്രുവരി 19
രണ്ടാം പിണറായി സർക്കാരിന്റെ പുതുവർഷത്തെ നയപ്രഖ്യാപനം ഒപ്പു വയ്ക്കാൻ വൈകിച്ച് കോളിളക്കമുണ്ടാക്കിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർക്കാരിനെ പ്രകീർത്തിച്ചും കേന്ദ്രത്തിന്റെ സാമ്പത്തിക സമീപനത്തെ വിമർശിച്ചുമുള്ള നയപ്രഖ്യാപനം ഇന്നലെ നിയമസഭയിൽ അവതരിപ്പിച്ചു.
രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് സ്ഫോടനപരമ്പര കേസിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ 38 പ്രതികൾക്ക് വിചാരണക്കോടതി വധശിക്ഷ വിധിച്ചു. 11 പേർക്ക് മരണം വരെ ജീവപര്യന്തം; സ്വതന്ത്രഇന്ത്യയിലെ ചരിത്രവിധി.
ഫെബ്രുവരി 20
എസ്. എസ്. എൽ.സി, പ്ലസ് ടു, വിഎച്ച്എസ്ഇ ക്ലാസ്സുകളിലെ പൊതുപരീക്ഷയ്ക്ക് മുൻപുള്ള മോഡൽ പരീക്ഷയുടെ ടൈംടേബിൾ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തി.
സ്കൂളുകൾ വീണ്ടും പൂർണതോതിൽ പ്രവർത്തിക്കുമ്പോൾ വിദ്യാർഥികളും അധ്യാപകരും അടക്കം കോവിഡ് പ്രതിരോധ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് ആവശ്യപ്പെട്ടു.
സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ; 24 തുടങ്ങുന്ന ശ്രീലങ്കയ്ക്കെതിരായ മൂന്ന് ട്വന്റി -20 മത്സര പരമ്പരയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ആണ് സഞ്ജു സാംസണിനെ ഉൾപ്പെടുത്തിയത്.
ഫെബ്രുവരി 21
പിഎച്ച്ഡി ഫെലോഷിപ്പുകൾ ഗണ്യമായി വർദ്ധിപ്പിക്കാൻ സാങ്കേതിക സർവ്വകലാശാല സിണ്ടിക്കേറ്റ് യോഗം തീരുമാനിച്ചു.
ഫെബ്രുവരി 22
ബയോളജിക്കൽ -ഇ കമ്പനിയുടെ പ്രോട്ടീൻ സബ് യൂണിറ്റ് കോവിഡ് വാക്സിൻ കോർബിവാക്സ് 12 മുതൽ 18 വയസ്സു വരെ പ്രായമുള്ളവരിൽ അടിയന്തര ഉപയോഗത്തിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകി.
ഉത്തർപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. 9 ജില്ലകളിലെ 60 സീറ്റുകളിലേക്ക് നടക്കുന്ന വോട്ടെടുപ്പിൽ 624 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്.
ഫെബ്രുവരി 23
700 ലേറെ സിനിമകളിലും എണ്ണംപറഞ്ഞ നാടകങ്ങളിലും നിറഞ്ഞാടിയ അഭിനയപ്രതിഭ കെപിഎസി ലളിത ഓർമ്മയായി സംഗീതനാടക അക്കാദമി അധ്യക്ഷയാണ്.
സിനിമയിലെ സമഗ്രസംഭാവനയ്ക്കുള്ള ജെ. സി ഡാനിയൽ പുരസ്കാരം മലയാളത്തിന്റെ ഭാവഗായകൻ പി. ജയചന്ദ്രനു മുഖ്യമന്ത്രി പിണറായി വിജയൻ സമർപ്പിച്ചു. തന്നെ സ്നേഹിക്കുകയും നല്ലതു പറയുകയും ചെയ്യുന്ന ശ്രോതാക്കളാണ് ഏറ്റവും വലിയ ശക്തിയും പുരസ്കാരവും എന്ന ജയചന്ദ്രൻ പറഞ്ഞു.
യു എ ഇ ലേക്കുള്ള യാത്രക്കാർക്ക് ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ റാപ്പിഡ് ടെസ്റ്റ് ഒഴിവാക്കി.
ഫെബ്രുവരി 24
എസ് ഐ യു സി ഒഴികെയുള്ള ക്രിസ്തുമത വിഭാഗത്തിൽപ്പെടുന്ന നാടാർ സമുദായത്തെ സംസ്ഥാന ഒ. ബി. സി. പട്ടികയിൽ ഉൾപ്പെടുത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
വാട്സ്ആപ്പ് ഗ്രൂപ്പ് അംഗങ്ങൾ കുറ്റകരമായ ഉള്ളടക്കങ്ങൾ പോസ്റ്റ് ചെയ്യുന്നതിന്റെ പേരിൽ ഗ്രൂപ്പ് അഡ്മിനെതിരെ കേസെടുക്കാനാകില്ലെന്ന് ഹൈക്കോടതി.
വളർത്തുമൃഗങ്ങളെ ചികിത്സിക്കാൻ ഇനി മൃഗഡോക്ടർ ആധുനിക ഉപകരണങ്ങളുള്ള ആംബുലൻസിൽ വീട്ടിലെത്തും. ഇതിനായി ഒരുകോടിയിലേറെ രൂപ ചെലവിട്ട് തയ്യാറാക്കിയ മൊബൈൽ ടെലി വെറ്ററിനറി ആംബുലൻസ് പ്രവർത്തനം കണ്ണൂരിൽ തുടങ്ങി.
ഫെബ്രുവരി 25
വ്യോമ മാർഗ്ഗം അടഞ്ഞ സാഹചര്യത്തിൽ യുക്രൈനിൽ കുടുങ്ങിയ ഇരുപതിനായിരത്തിലേറെ ഇന്ത്യക്കാരെ ബെലറൂസ്, പോളണ്ട്, സ്ലോവാക്യ, ഹംഗറി തുടങ്ങിയ അയൽ രാജ്യങ്ങൾ വഴി രക്ഷിക്കാൻ ഇന്ത്യ നീക്കം തുടങ്ങി. ഇതിനായി സംഘങ്ങളെ നിയോഗിച്ചു.
കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രഥമ വനിതാ ഡയറക്ടാറായി ഡോക്ടർ പി. എ ശ്രീകല ചുമതലയേറ്റു.
തദ്ദേശ സേവനങ്ങൾക്ക് ഒറ്റ സോഫ്റ്റ്‌വെയർ 5 വകുപ്പുകളെ ഒന്നിപ്പിച്ചുള്ള തദ്ദേശ വകുപ്പ് ഏകീകരണം നടപ്പിലാക്കിയതിനു പിന്നാലെ തദ്ദേശ സ്ഥാപനങ്ങളിൽ നിലവിൽ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകളെയും ഏകീകരിക്കുന്നു.
ഫെബ്രുവരി 26
യുക്രയിനിൽ കുടുങ്ങിയവരുടെ ഒഴിപ്പിക്കൽ ദൗത്യത്തിന് ഇന്ത്യ തുടക്കംകുറിച്ചു. റൊമേനിയയിൽനിന്ന് 17 മലയാളികൾ ഉൾപ്പെട്ട സംഘവുമായി ആദ്യവിമാനം ഇന്ന് ഡൽഹിയിലെത്തും.
വ്യോമസേനയുടെ ഡൽഹി ആസ്പദമായ പശ്ചിമ കമാൻഡ് മേധാവിയായി കണ്ണൂർ കല്യാശ്ശേരി സ്വദേശിയായ എയർമാർഷൽ ശ്രീകുമാർ പ്രഭാകരനെ നിയോഗിച്ചു.
കേരളബാങ്ക് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുന്ന സ്ഥാപനമാണെന്നു വിവരാവകാശ കമ്മീഷണർ പി. ആർ ശ്രീലത.
ഫെബ്രുവരി 27
ജില്ലയിൽ നഗരസഞ്ജയ പദ്ധതിയുടെ ഭാഗമായി 194 കോടി രൂപയുടെ പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം. കുടിവെള്ളം, ശുചിത്വം, ഖരമാലിന്യ സംസ്കരണം എന്നീ മേഖലകളിൽ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനായി പതിനഞ്ചാം ധനകാര്യ കമ്മീഷൻ 2021- 26 വർഷത്തേക്ക് അനുവദിച്ചിരിക്കുന്ന വിഹിതമാണിത്.
രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയും പൊതുമേഖല സ്ഥാപനമായ എൽഐസിയിൽ ഓട്ടോമാറ്റിക് റൂട്ടിലൂടെ 20 ശതമാനം വരെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് ക്യാബിനറ്റിന്റെ അനുമതി.
ഫെബ്രുവരി 28
സംസ്ഥാനത്ത് അഞ്ച് വയസ്സിന് താഴെയുള്ള 20,56,431 കുട്ടികൾ ഇന്നലെ പൾസ്പോളിയോ തുള്ളിമരുന്ന് സ്വീകരിച്ചു.
സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ഒഴിയുന്നു. ഇന്നു മുതൽ തീയേറ്ററുകളിലും ഹോട്ടലുകളിലും 100% സീറ്റിംഗിലും ആളെ പ്രവേശിപ്പിക്കാം.
Read More in Organisation
Related Stories
മാർച്ച് മാസത്തിലെ പ്രധാന ദിവസങ്ങൾ
2 years Ago
നവതിയുടെ നിറവിൽ സി.വി.പത്മരാജൻ
1 year, 5 months Ago
സദ്ഭാവന ട്രസ്റ്റ് മൂന്ന് പുസ്തകങ്ങൾ പ്രകാശനം ചെയ്തു
2 years, 4 months Ago
'ഭാരത് സേവക്' ബഹുമതികൾ നൽകി ആദരിച്ചു'
3 years, 5 months Ago
ശ്രീകുമാരൻ തമ്പിയെക്കുറിച്ച് ശ്രീകുമാരൻ തമ്പി
1 year, 8 months Ago
ഡിസംബർ മാസത്തെ വിശേഷ ദിവസങ്ങൾ
3 years, 3 months Ago
ബാങ്കുകൾ -ഇടപാടുകൾ
3 years, 1 month Ago
Comments