Thursday, April 10, 2025 Thiruvananthapuram

പാദരക്ഷകൾ പരമ പ്രധാനം

banner

3 years, 4 months Ago | 707 Views

ഇന്ന് പാദരക്ഷകൾ ധരിക്കാത്തവരായി ആരുമില്ല. സാമ്പത്തികസ്ഥിതിക്കനുസരിച്ച് പാദരക്ഷകൾ വാങ്ങി ധരിക്കുന്നു.

ആദിമ മനുഷ്യൻ മരത്തൊലികളും മൃഗങ്ങളുടെ തൊലിയും മറ്റും കാലുകളിൽ വച്ചുകെട്ടി നടന്നിരുന്നതായി കാണുന്നുണ്ടെങ്കിൽ ഇന്ന് ആധുനികരീതിയിൽ നിർമ്മിച്ച മനോഹര പാദരക്ഷകളാണ് മനുഷ്യർ ധരിക്കുന്നത്.

ഇത്രയും വലിയ ശരീരത്തെ ഭൂമിയിൽ നിറുത്തുകയും നടത്തുകയുമൊക്കെ ചെയ്യുന്നത് വളരെ ചെറിയ രണ്ട് പദങ്ങളാണെന്നത് ചിന്തിക്കുമ്പോൾ അത്ഭുതം തോന്നും. 

പാദത്തിനടിയിലെ ഒരിക്കലും തേയാത്ത തൊലി, തലച്ചോറുമായി സംവദിക്കുന്ന ഓരു കൂട്ടം സെൻസറുകളാൽ സമ്പന്നമാണ്. അതിനാൽത്തന്നെ പരിക്കുകളും തണുപ്പും പദങ്ങളെ ഒരുപാട്  ബുദ്ധിമുട്ടിക്കുന്നു. ഇന്ന് ചെരിപ്പുകളും ഷൂസുകളുമെല്ലാം പാദസംരക്ഷണം എന്നതിനപ്പുറം വസ്ത്രാലങ്കാരത്തിന്റെയും ഫാഷന്റെയും പ്രധാനഭാഗമായിത്തീർന്നിരിക്കുന്നു. 

പാദരക്ഷകളെ രൂപത്തിനനുസരിച്ച് ബൂട്സ്, ഷൂസ്, സാൻഡൽസ്, സ്ലിപ്പേഴ്സ്, സ്പെസിഫിക് ഫുട് വെയേഴ്സ് ,(ഫുട്ബോൾ ബൂട്ടുകൾ, സേഫ്റ്റി ബൂട്ടുകൾ, ഓർത്തോ പീഡിക്സ്, ഫുട് വെയറുകൾ തുടങ്ങിയവ) എന്നിങ്ങനെ തരംതിരിക്കാം. പണ്ട് ഒരു ജോഡി ചെരിപ്പ് എല്ലാ കാര്യത്തിനും ഉപയോഗിച്ചിരുന്നപ്പോൾ ഇന്ന് അവസരത്തിനും ഉപയോഗത്തിനും അനുസരിച്ച് അവ മാറി മാറി അണിയുന്നു.

ചെരിപ്പ് തെരഞ്ഞെടുക്കുമ്പോൾ ഏറ്റവും ആദ്യം ശ്രദ്ധിക്കേണ്ടത് എന്താണ്? അണിയാനുള്ള സുഖം അല്ലാതെ ഭംഗിയോ ബ്രാൻഡോ അല്ല. ഈ ചെരിപ്പിട്ടുകൊണ്ട് നമ്മൾ എന്താണ് ചെയ്യാൻ പോകുന്നത് എന്ന് നല്ല നിശ്ചയമുണ്ടായിരിക്കണം. ഉദാഹരണത്തിന് ജോലി സ്ഥലത്ത് കൂടുതൽ നടക്കാനുണ്ടെങ്കിൽ ഇറുകിപ്പിടിച്ച സ്റ്റൈലൻ ചെരിപ്പിനു  പകരം സുഖകരമായി നടക്കാനുതകുന്ന തരത്തിലുള്ള ചെരിപ്പായിരിക്കും ഉത്തമം. ശരിയായ പാദരക്ഷകളല്ല ഉപയോഗിക്കുന്നതെങ്കിൽ ദിവസവും കാലുവേദനക്കും കൂടാതെ ദീർഘകാലം ആരോഗ്യപ്രശ്നങ്ങൾക്കും ഇടവരുത്തും. ദൈനംദിന ഉപയോഗത്തിന് നാല് സെന്റീമീറ്ററിലും കൂടുതൽ ഹീൽ ഒട്ടും ആശാസ്യമല്ല. ഹൈ ഹീൽ ഉപയോഗിക്കുകയാണെങ്കിൽ നാലോ അഞ്ചോ മണിക്കൂർ മാത്രമായി പരിമിതപ്പെടുത്തണം. തുടർച്ചയായ ഹൈഹീൽ ചെരുപ്പ് വിരലുകൾക്ക് ചുരുളൽ (claw toes hammertoes) ചെരിവ് (bunion) മുട്ട് തേയ്മാനം, നടുവേദന എന്നീ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം. 

കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിൽ ചെരിപ്പിനു വളരെയധികം പ്രാധാന്യമുണ്ട്. അതിരാവിലെ മുതൽ വൈകിട്ടുവരെ സ്കൂൾ വിദ്യാർത്ഥികളുടെ പാദം ഷൂസിനുള്ളിൽ കിടക്കുന്നത് ആരോഗ്യകരമായ പ്രവണതയല്ല. ചിലരുടെയെങ്കിലും പടങ്ങൾ ഭാവിയിൽ പതിഞ്ഞ പാദം (ഫ്ലാറ്റ് ഫുട് ) ആകാൻ ഇടവരാം.ഇക്കാര്യത്തിൽ ഗൗരവമായ പുനർചിന്തനം അനിവാര്യമാണ്. അണിയുന്ന ചെരിപ്പിനേക്കാൾ കാലിന്റെ ഭംഗിയും വൃത്തിയും അണിയുന്നയാളുടെ വ്യക്തിത്വമാണ് കൂടുതൽ പ്രധാനം.

പാദരക്ഷകൾ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധ വേണം.

1 . എപ്പോഴും ശരിയായ അളവ് മാത്രം വാങ്ങുക. (കാലിന്റെ സൈസ്, ഷേപ്പ് ഇവ പ്രായത്തിനനുസരിച്ച് മാറ്റം വരാം)

2 . രണ്ടു കാലിലും ഇട്ടു നോക്കുക (രണ്ടു കാൽപ്പാദവും തമ്മിൽ വ്യത്യാസം ഉണ്ടാകും)

3 . നീളം മാത്രമല്ല പദത്തിന്റെ വീതിയും പരിഗണിക്കുക (വീതി കൂടിയ പാദമുള്ളവർക്ക് സാധാരണ ചെരിപ്പുകൾ ഇറുക്കമുണ്ടാക്കും)

4 . ചെരിപ്പുകൾ വൈകുന്നേരങ്ങൾ തെരഞ്ഞെടുക്കുക. (വൈകുന്നേരം കാലിൽ കുറച്ചു നീരുവയ്ക്കുന്നത് സാധാരണമാണ്.)

5. മൃദുലമായ ഇൻസോൾ (കാലുവയ്ക്കുന്ന ഭാഗം) ഉള്ള ചെരിപ്പുകളാണ് ദൈനം ദിന ഉപയോഗത്തിന് നല്ലത്.

6 . ഫ്ലാറ്റ് ഫുട് ഉള്ളവർ ആർച്ച് സപ്പോർട്ട് ഉള്ള ചെരിപ്പുകൾ ഉപയോഗിക്കുക.

7 . ഓടാനും കളിക്കാനുമുള്ള ഷൂവിൽ എപ്പോഴും വിരലുകൾ തമ്മിൽ ഒരു കൈവിരലെങ്കിലും വ്യത്യാസം ഉണ്ടാവണം.

8 . പ്രമേഹ രോഗികൾ ചെരിപ്പ് വളരെ ശ്രദ്ധിച്ച് തെരഞ്ഞെടുക്കുക. ചെരിപ്പ് ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന വ്രണങ്ങൾ കാലുതന്നെ നഷ്ടപ്പെടുത്തുവാൻ ഇടവന്നേക്കാം.

9 . അസുഖങ്ങൾക്കുള്ള ചെരുപ്പുകൾ ഡോക്ടറുടെ നിർദ്ദേശ പ്രകാരം ഉപയോഗിക്കുക.

10 . അലർജി ഉണ്ടാക്കുന്ന ചെരിപ്പുകൾ ഒരിക്കലും തുടർന്ന് ഉപയോഗിക്കരുത്.

 



Read More in Organisation

Comments