Wednesday, April 16, 2025 Thiruvananthapuram

രാമായണത്തിലെ ഓരോ സംഭവങ്ങളും ഗുണപാഠങ്ങൾ: ബി. എസ്. ബാലചന്ദ്രൻ

banner

2 years, 2 months Ago | 174 Views

രാമായണത്തിലെ ഓരോ സംഭവങ്ങളും മനുഷ്യർക്കുള്ള ഗുണപാഠങ്ങളാന്നെന്ന് ബി.എസ്. എസ് ദേശീയ ചെയർമാൻ ബി. എസ്. ബാലചന്ദ്രൻ പ്രസ്താവിച്ചു.

അവയൊക്കെയും തന്നെ ഉപരിപ്ലവപരായി പറഞ്ഞുപോവുകയില്ല; മറിച്ച് പച്ചയായ ജീവിത സംഭവങ്ങളിലൂടെ കൺമുന്നിൽ കാട്ടിത്തരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാമായണപ്രഭാഷണ പരമ്പരയുടെ ഭാഗമായി രാമനായണത്തെക്കുറിച്ച് പ്രഭാഷണം നടത്തുകയായിരുന്നു ബി. എസ്. ബാലചന്ദ്രൻ.

അരുതാത്തതൊന്നും ചെയ്യാൻ തുനിയരുതെന്ന് വിലക്കുന്നതിനൊപ്പംതന്നെ അത്തരം ദുഷ്ചെയ്തികളിലേർപ്പെടുന്നവരെ ഒരു വിധത്തിലും സഹായിക്കുവാൻ പാടില്ലയെന്നും പറഞ്ഞുതരുന്നതിനൊപ്പം തന്നെ മറിച്ചുള്ള പ്രവർത്തികൾ ശിക്ഷാർഹമാണെന്നും രാമായണം ഓർമ്മിപ്പിക്കുന്നു. ഈ  വിധത്തിലുള്ള തെറ്റുകൾ ആരു ചെയ്താലും അവർ ശിക്ഷിക്കപ്പെടുകതന്നെ ചെയ്യുമെന്നതിന് ഉപോദ്ബലകമായ പല സംഭവങ്ങളും ചൂണ്ടിക്കാട്ടപ്പെട്ടിട്ടുണ്ട്. ഇതിന് ഒരു ഉദാഹരണമാണ് 'സ്വയംപ്രഭ'യുമായി ബന്ധപ്പെട്ടുള്ള സംഭവം.

പൊന്മാനിന്റെ വേഷത്തിൽ വന്ന് രാവണൻ മാതുലൻ മാരീചൻ സീതാദേവിയെ അപഹരിച്ചുകൊണ്ടുപോയതോടെ വിഷാദസാഗരത്തിൽ നിമഗ്നരായ ശ്രീരാമ-ലക്ഷ്മണന്മാർ സീതയേയും തേടി കാടായ കാടൊക്കെ അലഞ്ഞു. ഒരു ഘട്ടത്തിൽ ബാലീ സോദരനും വാനര രാജാവുമായ സുഗ്രീവനുമായി സഖ്യത്തിലേർപ്പെടുകയും അവർ കൂട്ടായി സീതാന്വേഷണം തുടരുകയും ചെയ്യുന്നു. സീതാദേവിയെ കണ്ടെത്തുന്നതിനായി വാനരരാജാവ് സുഗ്രീവൻ തന്റെ സൈന്യത്തെ നാലായി തിരിച്ച്  നാലു ദിക്കുകളിലേയ്ക്കും നിയോഗിച്ചു. ഓരോ ദിക്കുകളിലേക്കും നിയോഗിക്കപ്പെട്ട വാനര സൈന്യത്തെ നയിക്കുന്നത് പ്രബലന്മാരായ വാനര ശ്രേഷ്‌ഠരേയും ചുമതലപ്പെടുത്തി. ശ്രീരാമഭക്തനും വായുപുത്രനുമായ ഹനുമാനാണ് ദക്ഷിണ ദിക്കിലേയ്ക്കുള്ള വാനരസംഘത്തെ നയിച്ചത്. അവർ വിശ്രമമില്ലാതെ നടന്നു. കൊടുംചൂടിൽ ദാഹജലംപോലും ലഭിക്കാതെ വാനരസംഘം വല്ലാതെ വലഞ്ഞു. ഭക്ഷണവും വെള്ളവും കിട്ടാതെ തങ്ങൾ മരിച്ചുപോകുമോയെന്നു വരെ അവർ ഭയപ്പെട്ടു. ഒരിറ്റു ജലത്തിനു വേണ്ടി ആ പ്രദേശമാകെ തിരഞ്ഞുവെങ്കിലും നിരാശയായിരുന്നു ഫലം. പലരും തളർന്ന് വഴിവക്കിൽ ഇരുന്നുപോയി. സംഘത്തലവൻ ഹനുമാൻ നാലുപാടും കണ്ണോടിച്ചുകൊണ്ട് നടന്നു. ദാഹജലത്തിനായി അലഞ്ഞു. കുറെ ദൂരം നടന്നപ്പോൾ ഒരു ഗുഹയിൽ നിന്നും കുറച്ച്‌ പക്ഷികൾ പറന്നുപോകുന്നത് ഹനുമാൻ കണ്ടു. പക്ഷികളുടെ ചിറകുകൾ നനഞ്ഞിരിക്കുന്നതായും ശ്രദ്ധയിൽപ്പെട്ടു. ആശ്വസത്തോടെയും അതിലേറെ ആവേശത്തോടെയും ഹനുമാനും സംഘവും ആ ഗുഹയെ ലക്ഷ്യമാക്കി നീങ്ങി. കൂരിരുട്ടു നിറഞ്ഞ ഗുഹയിലേക്ക് പ്രവേശിക്കുക അസാധ്യമാണെന്നുകണ്ടെങ്കിലും ഹനുമാൻ മുന്നിൽ നടന്നു. പ്രതിബന്ധങ്ങൾ തട്ടിമാറ്റി മുന്നോട്ടു നീങ്ങിയ ആഞ്ജനേയനു പിന്നാലെ വാനരസംഘവും നീങ്ങി. കുറേയേറെ ദൂരം ഇരുട്ടിലൂടെ നടന്നപ്പോൾ ഗുഹയുടെ അങ്ങേ തലയ്ക്കൽ നേരിയ പ്രകാശം കണ്ടു. ഗുഹ അവസാനിക്കുന്നതായും അത് തുറന്ന പ്രദേശത്തേയ്ക്കാണ് അവസാനിക്കുന്നതെന്നും മനസ്സിലായതോടെ എല്ലാവരും നടത്തയ്ക്ക് വേഗം കൂട്ടി. ഒടുവിൽ അവർ അതി മനോഹരമായ ഉദ്യാനത്തിലാണ് എത്തിച്ചേർന്നത്. തണ്ണീർപന്തലുകളും ജലധാരകളും ജലാശയങ്ങളും കനികൾ നിറഞ്ഞുകിടക്കുന്ന വൃക്ഷങ്ങളുമെല്ലാം ചേർന്ന സുന്ദരമായ പ്രദേശം കണ്ട് ഏവരും അത്ഭുതപ്പെട്ടു. ഇരുട്ടു നിറഞ്ഞ ഗുഹയുടെ മറ്റേ തലയ്ക്കലെ അത്ഭുതത്തിലേയ്ക്ക് അവർ സ്വയം മറന്ന് നോക്കി നിൽക്കവേ പിന്നിൽ നിന്നും ഒരു കിളിനാദം കേട്ടു. "എല്ലാവർക്കും സ്വാഗതം കൂട്ടരേ...." വാനരന്മാർ ഞെട്ടിത്തിരിഞ്ഞു നോക്കി. ഹനുമാൻ യാതൊരു ഭയപ്പാടുമില്ലാതെ  തിരിഞ്ഞു നോക്കുമ്പോൾ കണ്ടത് അതിസുന്ദരിയായ ഒരു യുവതി കൈകൾ കൂപ്പി സ്വാഗതം പറഞ്ഞു നിൽക്കുന്നതാണ്. യുവതി പറഞ്ഞു "ഞാൻ അനേകായിരം വർഷങ്ങളായി നിങ്ങളെയും കാത്ത് ഇവിടെ കഴിയുകയാണ്. ഇന്നിതാ ആ സുദിനം സമാഗതമായിരിക്കുന്നു. എനിക്ക് സന്തോഷം അടക്കാനാവുന്നില്ല....'

വായുതനയനടക്കം ഏവരും അത്ഭുതത്തോടെ നോക്കിനിൽക്കവേ അപ്സരസ്സുകളെ വെല്ലുന്ന സൗന്ദര്യവതിയായ യുവതി തുടർന്നു: " ആരും അത്ഭുതപ്പെടേണ്ട; ഭയപ്പെടുകയും വേണ്ട. നിങ്ങൾ എല്ലാവരും ഇങ്ങോട്ട് കടന്നുവരിക. വിശന്നും ദാഹിച്ചും തളർന്ന നിങ്ങൾ ആദ്യമായി ആവശ്യത്തിന് ജലം കുടിച്ച് ഭക്ഷണവും കഴിക്കുക. എന്നെ സംബന്ധിച്ചിടത്തോളം നിങ്ങൾ എന്റെ അതിഥികൾ എന്നതിലുപരി എന്റെ രക്ഷകരാണ്.....!"

ഹനുമാനും വാനരസൈന്യവും സുന്ദരീമണിയുടെ സൽക്കാരം സ്വീകരിച്ചു. യുവതി തന്നെ എല്ലാവർക്കും രുചികരവും വിഭവസമൃദ്ധവുമായ ഭക്ഷണം വിളമ്പിക്കൊടുത്തു. എല്ലാവരും വിശപ്പും ദാഹവുമടക്കി. നന്ദിയോടെ അവർ യുവതിയെ നോക്കി. യുവതി പറഞ്ഞു: "നിങ്ങൾക്ക് എന്താവശ്യമുണ്ടെകിലും ചോദിക്കാം. ഞാൻ നേരത്തെ പറഞ്ഞുവല്ലോ; നിങ്ങൾ എന്റെ രക്ഷകരാണ് എന്ന്....." യുവതി പറഞ്ഞതിന്റെ അർത്ഥം പൂർണമായി മനസിലാക്കാൻ കഴിയാതെ ഹനുമാൻ ആരാഞ്ഞു; "ദേവീ.......ഭവതി ആരാകുന്നു.....? മനുഷ്യവാസമില്ലാത്ത ഈ ഭൂമിയിൽ എങ്ങിനെയാണ് ഏകാകിയായി കഴിയുന്നത്..... ?"

യുവതി:    ഞാൻ എല്ലാം പറയാം. അസുരശില്പിയായ മയന്റെ പുത്രി സ്വയംപ്രഭയാണ് ഞാൻ. ദേവലോകത്ത്‌ ഞാൻ രംഭയുടെ വിശ്വസ്ഥയായ ദാസിയായിരുന്നു. ആയിടയ്‌ക്ക്‌ ഞാൻ ചതുരാസ്യൻ എന്ന അസുരനെ പരിചയപ്പെട്ടു. സുന്ദരനും വീരനുമായ അയാൾ ഒരുനാൾ എന്നോട് എന്റെ യജമാനത്തി രംഭയെ പരിചയപ്പെടുത്തികൊടുക്കണമെന്ന് ആവശ്യപ്പെട്ടു. രംഭയെ സ്വന്തമാക്കാൻ അയാൾ ആഗ്രഹിക്കുന്നതായും പറഞ്ഞു. അതുകേട്ട ഞാൻ അത് സാധ്യമല്ല എന്ന് ഭയത്തോടെ പറഞ്ഞു. ദേവേന്ദ്രൻ ഇതറിഞ്ഞാൽ എനിക്ക് കഠിനശിക്ഷ ലഭിക്കുമെന്നതിൽ തർക്കമില്ല. ദേവലോക നൽത്തകിയായ രംഭയെ ദേവേന്ദ്രൻ വിട്ടുതരുമെന്ന് സ്വപ്നത്തിൽ പോലും കരുതണ്ട. അതുകൊണ്ട് ഈ ആഗ്രഹം മനസ്സിൽ നിന്നും പാടെ തൂത്തെറിയുന്നതാണ് നല്ലതെന്നും ഞാൻ പറഞ്ഞു. എന്നാൽ ചതുരാസ്യൻ വിട്ടില്ല. അയാൾ നിരന്തരം എന്നെ നിർബന്ധിച്ചുകൊണ്ടിരുന്നു. ഒടുവിൽ ഒരു നാൾ ഇക്കാര്യം ഞാൻ രംഭയോട് പറഞ്ഞു. ചതുരാസ്യനെ പരിചയപ്പെടാൻ തനിക്ക് സന്തോഷമേയുള്ളൂവെന്നും തന്റെ സമ്മതം ചതുരാസ്യനെ അറിയിക്കുവാനും രംഭ പറഞ്ഞു. ഇതനുസരിച്ച് അവരെ തമ്മിൽ ഞാൻ പരിചയപ്പെടുത്തി. തമ്മിൽ കണ്ട നിമിഷം തന്നെ അയാൾ എന്നെയും രാംഭയേയും ഇരുകൈകളിലായി കോരിയെടുത്തുകൊണ്ട് പറന്നു. വന്നുപെട്ടത് ഈ മണലാരണ്യത്തിലാണ്. എന്റെ പിതാവായ മയനാണ് ചതുരാസ്യനുവേണ്ടി ഇവിടെ ഈ ഉദ്യാനവും രമ്യഹർമ്മ്യവുമെല്ലാം നിർമ്മിച്ചത്. ദേവേന്ദ്രനും സംഘവും ഞങ്ങളെ തിരഞ്ഞുവെങ്കിലും ആർക്കും ഈ രഹസ്യ സങ്കേതം കണ്ടുപിടിക്കാനായില്ല. മാത്രമല്ല ഇവിടേയ്ക്ക് ആര് കടന്നുവന്നാലും അവരുടെ ജീവൻ നഷ്ടപ്പെടും. അത്തരത്തിലാണ് മയൻ ഇത് നിർമ്മിച്ചിരിക്കുന്നത്. വർഷങ്ങൾ കടന്നുപോയി. അപ്പോഴും ദേവേന്ദ്രൻ രംഭയെ കണ്ടുപിടിക്കാനുള്ള ശ്രമം തുടരുകയായിരുന്നു. എന്നാൽ ഇതിനകം തന്നെ രംഭയെ കടത്തികൊണ്ടുപോയത് ചതുരാസ്യനാണെന്നും അവരെ സഹായിച്ചത് ഞാനാണെന്നും എല്ലാവരും അറിഞ്ഞു. വർഷങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ ദേവേന്ദ്രൻ ഞങ്ങളുടെ വാസസ്ഥലം കണ്ടു പിടിച്ചു. ചതുരാസ്യനും ദേവേന്ദ്രനും തമ്മിൽ യുദ്ധമായി. ഇന്ദ്രന്റെ വജ്രായുധമേറ്റ് ചതുരാസ്യൻ മരണമടഞ്ഞു. ഞാനും രംഭയും ദേവേന്ദ്രന്റെ കാൽക്കൽ വീണു. തങ്ങൾ മന:പ്പൂർവ്വം സ്വർഗ്ഗലോകത്തുനിന്നും ഒളിച്ചോടിയതല്ലെന്നും ചതുരാസ്യൻ ഞങ്ങളെയുമെടുത്ത് പറക്കുകയായിരുന്നുവെന്നും ഞങ്ങൾ പറഞ്ഞു. താൻ ദേവേന്ദ്രന്റെ വരവും കാത്തിരിക്കുകയായിരുന്നുവെന്ന്‌ രംഭ ഒരു കള്ളവും പറഞ്ഞു. സ്വരക്ഷയ്ക്കായാണ് രംഭ ഇന്ദ്രനോട് കള്ളം പറഞ്ഞത്. ഇന്ദ്രൻ അത് വിശ്വസിച്ചു. എന്നാൽ ദേവേന്ദ്രന് എന്നോടുള്ള കോപം ശമിച്ചില്ല. രംഭയെ നഷ്ടപ്പെടാൻ കാരണക്കാരി താനാണെന്നും ചതുരാസ്യനും രംഭയും ചെയ്ത തെറ്റിന് താൻ കൂട്ടുനിൽക്കുകയും അവരെ സഹായിക്കുകയും ചെയ്തതിലൂടെ രംഭയും ചതുരാസ്യനും ചെയ്ത തെറ്റിനേക്കാൾ വലിയ തെറ്റാണ് ഞാൻ ചെയ്‍തിരിക്കുന്നതെന്നും ദേവേന്ദ്രൻ പറഞ്ഞു. അതുകൊണ്ട് ചെയ്ത തെറ്റിനുള്ള ശിക്ഷ ഞാൻ അനുഭവിച്ചേ മതിയാവൂ എന്നും അദ്ദേഹം പറഞ്ഞു. 'ഏകാന്തമായ ഈ സ്ഥലത്ത് ഒറ്റയ്ക്ക് താമസിക്കുക'യെന്നും സഹായത്തിന് ആരും എത്താതിരിക്കട്ടെയെന്നും ദേവേന്ദ്രൻ എന്നെ ശപിച്ചു. ഞാൻ ദേവേന്ദ്രന്റെ കാലുപിടിച്ച് ശാപമോക്ഷത്തിനായി കേണു. അപ്പോൾ ദേവേന്ദ്രൻ എനിക്ക് ശാപമോക്ഷം തന്നു. ത്രേതായുഗത്തിൽ സീതാദേവിയെ അന്വേഷിച്ച് ശ്രീരാമദേവന്റെ സഹായികളായ കുറേ വാനരന്മാർ ഇവിടെ വരുമെന്നും അവരെ നീ യഥാവിധി സൽകരിക്കുന്നത്തോടെ ശ്രീരാമദേവന്റെ അനുഗ്രഹത്തോടെ ദേവലോകത്ത് മടങ്ങിയെത്താൻ കഴിയുമെന്നുമായിരുന്നു ശാപമോക്ഷം. അന്നുമുതൽ ഞാൻ ഇവിടെ ഏകാകിയായി കഴിഞ്ഞുകൂടുകയാണ്. പുറത്തുകടക്കാനും കഴിയില്ല. ഇതു പറഞ്ഞ് സ്വയംപ്രഭ ഹനുമാൻ, ജാംബവാൻ തുടങ്ങിയ വാനര ശ്രേഷ്ഠരെ തൊഴുതു. തുടർന്നു പറഞ്ഞു: നിങ്ങൾ വന്നതോടെയും നിങ്ങളെ സൽകരിക്കരിച്ചതിലൂടെയും എനിക്ക് ശാപമോക്ഷം ലഭിച്ചിരിക്കുന്നു. ഞാൻ ദേവലോകത്തേയ്ക്ക് മടങ്ങുകയാണ്. നിങ്ങൾ ഒരുനിമിഷം കണ്ണുകളടച്ചു നിൽക്കുക.

എല്ലാവരും കണ്ണുകളടച്ചു. അൽപ്പസമയം കഴിഞ്ഞ് അവർ കണ്ണുകൾ തുറന്നപ്പോൾ സ്വയംപ്രഭയെ അവിടെ കാണുന്നുണ്ടായിരുന്നില്ല ! തെറ്റിന് കൂട്ടുനിന്നതിനുള്ള ശിക്ഷയായിരുന്നു സ്വയംപ്രഭയ്ക്ക് ലഭിച്ചത്! ബി.എസ്. ബാലചന്ദ്രൻ തുടർന്നു പറഞ്ഞു.



Read More in Organisation

Comments