വയലാർ രാമവർമ്മ: ആ നക്ഷത്രം പൊലിഞ്ഞിട്ട് 46 വർഷം
4 years Ago | 903 Views
മലയാള കവിത -നാടക -ചലച്ചിത്ര ഗാനരചനാ രംഗത്തെ മുടിചൂടാമന്നനെന്ന് വിശേഷിപ്പിക്കാവുന്ന വയലാർ രാമവർമ്മയെന്ന വെളിച്ചം സ്വർണ്ണച്ചിറകടിച്ച് സ്വർഗ്ഗത്തിലേക്ക് പറന്നുപോയിട്ട് നാലര പതിറ്റാണ്ട് കഴിഞ്ഞിരിക്കുന്നു. എന്നാൽ ഇന്നും വയലാറിന്റെ ഒരു വരിയെങ്കിലും എവിടെയെങ്കിലും കേൾക്കാതെ ഒരു ദിവസവും കടന്നു പോകുന്നില്ല!
കാലമാണുവിശ്വം പറയുമെന്നശ്വം; സ്നേഹ ജ്ജോലയാണെന്നിൽ കാണും ചൈതന്യം സനാതനം -എന്ന് പാടിയ കവി 'ഈശ്വരനല്ല മാന്ത്രികനല്ല ഞാൻ; പച്ച മണ്ണിൻ മനുഷ്യത്വമാണു ഞാൻ' എന്നു വിളിച്ചു പറഞ്ഞു
രാവണപുത്രി എന്ന കവിതയിലെ അവസാന വരികൾ:
'ദാശരഥിതൻ പടപ്പാളയങ്ങളിൽ
വീശിയടിച്ചു ജയോന്മാദ ശംഖൊലി
മന്ത്രപടഹധ്വനി മുഴങ്ങി; മന്ത്ര-
മണ്ഡപംതന്നിലെഴുന്നെള്ളി രാഘവൻ
മാരുതി ചോദിച്ചു 'മൈഥിലിയെക്കൊണ്ടു പോകുവാൻ വൈകീ;
വിടതരൂ പോട്ടെ ഞാൻ...."
സീതയെ ഗുഡീകരിക്കുവാൻ കാട്ടുതീ-
യൂതിപിടിച്ചു വാനര സേനകൾ!"
വായിച്ച് കവിതാ പുസ്തകം താഴെ വെക്കുമ്പോൾ വായനക്കാരന്റെ മനസ്സിൽ എന്തു വികാരമാണ് ഉദിച്ചുപൊങ്ങുകയെന്ന് പറയാനാവുമോ?
മലയാള ചരിത്രത്തിന്റെ ഒരു കാലഘട്ടം അദ്ദേഹത്തിന്റെ വിരൽത്തുമ്പിലൂടെ ഒഴുകിവന്ന കാവ്യ മാധുരിയിൽ ലയിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു.
സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ
സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും
എന്ന് 'മാനിഷാദ' എന്ന പ്രശസ്ത കവിതയിൽ അദ്ദേഹം പറഞ്ഞുവെച്ചു. സമൂഹത്തെയും മനുഷ്യനെയും ബാധിക്കുന്ന ആശയങ്ങളായിരുന്നു അദ്ദേഹത്തിന്റെ കവിതകളിൽ നിറഞ്ഞുനിന്നത്.
കേരളവർമ്മ തിരുമുൽപ്പാടിന്റെയും അംബാലികത്തമ്പുരാട്ടിയുടെയും ഏക മകനായി വയലാർ രാമവർമ്മ ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലെ വയലാർ ഗ്രാമത്തിൽ ജനിച്ചു. ചെറുപ്പത്തിലെ കാവ്യരചനയിൽ തൽപരനായിരുന്നു. രാമവർമ്മയ്ക്ക് മൂന്നു വയസ്സുള്ളപ്പോൾ അദ്ദേഹത്തിന്റെ അച്ഛൻ മരിച്ചു. സ്കൂൾ പഠനകാലത്ത് രാമവർമ്മ നോട്ട്ബുക്കിൽ കുത്തി കുറിച്ചിട്ടവരികൾ അദ്ദേഹത്തിന്റെ അധ്യാപകനായിരുന്ന രാമപ്പണിക്കർ കാണുകയും പ്രോത്സാഹിപ്പിക്കാൻ തയ്യാറാവുകയായിരുന്നു. സ്കൂളിൽ രാമവർമ്മ എഴുതി അഭിനയിച്ച നാടകം അരങ്ങേറിയതോടെ ആസ്വാദകരുടെ പ്രശംസയും ലഭിച്ചു.
പിന്നീടങ്ങോട്ട് അദ്ദേഹത്തിന്റെ കാവ്യസപര്യ അനസ്യുതം തുടർന്നു. പാദമുദ്രകൾ, കൊന്തയും പൂണൂലും, എനിക്ക് മരണമില്ല, മുളങ്കാട്, ഒരു യൂദാസ് ജനിക്കുന്നു, എന്റെ മാറ്റൊലി കവിത, സർഗ്ഗസംഗീതം, അശ്വമേധം, സത്യത്തിനെത്ര വയസ്സായി, തടാക ആയിഷ (ഖണ്ഡകാവ്യം), തെരഞ്ഞെടുത്ത ഗാനങ്ങൾ തുടങ്ങിയവയാണ് പ്രധാന കൃതികൾ. 'സർഗ്ഗസംഗീതം' എന്ന കവിതാ സമാഹാരത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. ഗാനരചനയ്ക്ക് പലതവണ സംസ്ഥാന ദേശീയ പുരസ്കാരങ്ങൾ ലഭിച്ചു. 1975 ഒക്ടോബർ 27 ന് ആ നക്ഷത്രം പൊലിഞ്ഞു.
Read More in Organisation
Related Stories
ഒന്നിലും കുലുങ്ങാത്ത 'തണ്ടർ ചൈൽഡ്'
2 years, 7 months Ago
നവോത്ഥാന നായകർ
3 years, 8 months Ago
നൈപുണ്യ വികസനം
2 years, 5 months Ago
ധീര സാഹസികൻ ഇരവിക്കുട്ടിപ്പി ള്ള
2 years, 7 months Ago
ജൂൺ മാസത്തെ പ്രധാന ദിവസങ്ങൾ
4 years, 6 months Ago
ഡോ. എം.ആർ.തമ്പാൻ : അറിവിന്റെ ആൾരൂപം
4 years, 5 months Ago
നവംബർ ഡയറി
3 years, 11 months Ago
Comments