കനൽ വഴികളിൽ ജ്വലിച്ചുയർന്ന അഗ്നിശോഭ -പ്രൊഫ.ജി,ബാലചന്ദ്രൻ

3 years, 3 months Ago | 680 Views
പുസ്തകം വായിച്ചും സിനിമ കണ്ടും കരയുന്ന പ്രകൃതം എനിക്കില്ല. സമീപകാലം വരെ അങ്ങിനെയൊന്നും സംഭവിച്ചിട്ടുമില്ല. പക്ഷേ ഈയടുത്തിടെ ഒരു പുസ്തകം വായിച്ച് ഞാൻ കരഞ്ഞു! ഞാനറിയാതെ എന്റെ മിഴികൾ നിറഞ്ഞു പുസ്തകത്തിലെ വരികൾ മങ്ങി!
പ്രൊഫ.ജി,ബാലചന്ദ്രൻ എഴുതിയ "ഇന്നലെയുടെ തീരത്ത് " എന്ന അദ്ദേഹത്തിന്റെ ആത്മകഥാപുസ്തകമാണ് എന്നെ കരയിച്ചത്!പുസ്തകത്തിന്റെ 'പ്രവേശിക'യിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ അദ്ദേഹം അമർത്തിച്ചവിട്ടി നടന്നുകയറിയ കനൽവഴികളെ കുറിച്ച് ചിന്തിച്ച് വായനക്കാർ വികാരഭരിതരാകും! പ്രൊഫ.ജി,ബാലചന്ദ്രന്റെ "ഇന്നലെ'കളുടെ തീരത്തെത്തിയവരാരും തന്നെ ജ്വലിച്ചുയർന്ന ആ അഗ്നിശോഭയെ മനസ്സാ മൂകരാകാതെ മടങ്ങുകയില്ലയെന്നത് പച്ചയായ വസ്തുത.
അസാമാന്യ വ്യക്തിചൈതന്യത്തിനുടമയാണ് പ്രൊഫ.ജി,ബാലചന്ദ്രൻ. അർപ്പിത ജീവിതത്തിന് ആർജ്ജിതമാക്കാവുന്ന ആത്മസംശുദ്ധി ആ മഹോന്നത വ്യക്തിത്വത്തിന്റെ ഓരോ അണുവിലും സുരഭിലത ചാർത്തിയിരിക്കുന്നു. ഏകാന്ത ദീപ്തമായ ഒരു നക്ഷത്ര ജ്യോതിസ്സിനോട് അദ്ദേഹത്തെ ഉപമിക്കാം. പൊതുജനോപകാരപ്രദമായ ജീവിത ലക്ഷ്യത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണ് പ്രൊഫ.ജി,ബാലചന്ദ്രൻ.
ബാല്യ-കൗമാര-യൗവനങ്ങളിൽ അദ്ദേഹത്തിന് വേദനകളുടെയും യാതനകളുടെയും പ്രതിസന്ധികളുടേയും ഘോഷയാത്രകളാണ് അഭിമുഖീകരിക്കേണ്ടി വന്നിട്ടുള്ളത്. മുതിർന്നതിനുശേഷവും അവ ഒരു നിഴൽപോലെ അദ്ദേഹത്തെ പിന്തുടർന്നു. പക്ഷെ ഒന്നിനും അദ്ദേഹത്തെ തളർത്താനായില്ല. ഒരിക്കലും കാലിടറിയുമില്ല. തകർക്കാനും തടുക്കാനും ശ്രമിച്ചവർ ചുരുക്കമെങ്കിലും ഉണ്ടായിരുന്നില്ലായെന്ന് പറയാനാവില്ല. അവർക്കൊക്കെയും നിരുപാധികം ആയുധം വച്ച് കീഴടങ്ങി മടങ്ങിപ്പോകേണ്ടി വന്നു എന്നത് ചരിത്ര യാഥാർത്ഥ്യം. ഒരിക്കൽ പി.ടി.ഭാസ്കരപ്പണിക്കർ എന്നോട് പറഞ്ഞു: "ജീവിതത്തിൽ നിങ്ങളെ തകർക്കാൻ ശ്രമിക്കുന്നവർ ഉണ്ടായിക്കൂടെന്നില്ല. അങ്ങിനെ വരുമ്പോൾ നിങ്ങൾ തിരിച്ച് അവരെ തകർക്കുകയല്ല വേണ്ടത്. മറിച്ച് അവരെക്കാൾ ഉയരത്തിലെത്താൻ വേണ്ടി പ്രയത്നിക്കുകയാണ് വേണ്ടത്. അതിനൊപ്പം വലിയൊരു പകരം വീട്ടൽ മറ്റൊന്നില്ല...." പി.ടി.ബി. എനിക്ക് തന്ന ആ ഉപദേശം ഞാൻ പ്രകടമായി കണ്ടത് പ്രൊഫ. ജി.ബാലചന്ദ്രനിലാണ്.
അദ്ദേഹം തന്റെ ആത്മകഥയുടെ പ്രവേശികയിൽ ഇങ്ങനെ പറയുന്നു: "ശൂന്യതയിൽ നിന്നാണ് ഞാൻ ജീവിതം തുടങ്ങിയത്.നടന്നും വീണും എഴുന്നേറ്റും വീണ്ടും നടന്നും ഓടിയും കടമ്പകൾ ചാടിക്കടന്നും യാത്ര തുടർന്നു. നേർവഴി പറഞ്ഞുതരാനോ നിയന്ത്രിക്കാനോ ഉപദേശിക്കുവാനോ ആരുമുണ്ടായിരുന്നില്ല. പൂജ്യത്തിൽ നിന്നും രൂപപ്പെടുത്തിയെടുത്ത എന്റെ ജീവിതത്തെ ക്കുറിച്ചോർക്കുമ്പോൾ എനിക്ക് തന്നെ അത്ഭുതമാണ്. എത്രയെത്ര പ്രതിസന്ധികളാണ് എന്റെ നേർക്ക് കയർപൊട്ടിച്ച് വന്നത്...?" പ്രൊഫസറുടെ ഗതകാല ജീവിതത്തിന്റെ ഏകദേശചിത്രം ഇവിടെ ചുരുൾ നിവരുന്നു. ആത്മാർത്ഥതയും അർപ്പണബോധവും ഇച്ഛാശക്തിയും പ്രതിസന്ധികളോട് ഏറ്റുമുട്ടാനുള്ള പടവാളായി എടുത്തുപയോഗിച്ചാൽ ജീവിതത്തിൽ എത്രയേറെ വിജയം കൊയ്തെടുക്കാമെന്നതിന് മകുടോദാഹരണമാണ് പ്രൊഫ്.ജി.ബാലചന്ദ്രൻ.
പ്രഗത്ഭനായ കോളേജ് അധ്യാപകൻ, ശ്രദ്ധേയനായ എഴുത്തുകാരൻ, രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസിന്റെ സ്ഥാപക ഡയറക്ടർ, തോന്നയ്ക്കൽ ആശാൻ സ്മാരകം ചെയർമാൻ, കയർ ബോർഡ് ചെയർമാൻ, ആലപ്പുഴ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ്, മികച്ച പത്രാധിപർ തുടങ്ങി രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവും സാഹിത്യവും എന്ന് വേണ്ട ജീവിതത്തിന്റെ മിക്കവാറുമെല്ലാ മേഖലകളിലും തിളക്കമാർന്നു വ്യാപരിക്കുകയും സാമ്യമകന്ന പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കുകയും ചെയ്ത പ്രൊഫ. ബാലചന്ദ്രൻ തൊപ്പിക്ക് പാകമായി തലയ്ക്ക് മാറ്റം വരുത്താതെ തലയ്ക്ക് പാകമാകുന്ന തൊപ്പി തെരെഞ്ഞെടുക്കുകയാണ് എന്നും എപ്പോഴും ചെയ്തിട്ടുള്ളത്.
രാഷ്ട്രീയ രംഗത്ത് വളരെ ഉയർന്ന തലത്തിലേക്കുള്ള പടവുകൾ നിഷ്പ്രയാസം ചവിട്ടിക്കയറാനാവും എന്നിരിക്കെ ഒന്നിനോടും അമിതമായ താല്പര്യം സൂക്ഷിക്കാത്ത അദ്ദേഹം സ്വന്തം കുടുംബത്തെ കൈവിട്ടുള്ള ഒന്നിനോടും സമരസപ്പെട്ടിട്ടില്ല.
തെരുവ് വിളക്കിന്റെ വെളിച്ചത്തിൽ പഠിച്ച് സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ പ്രസിഡന്റ് പദവിയിലെത്തിയ എബ്രഹാം ലിങ്കനെ കുറിച്ചോർത്ത് ആവേശഭരിതരാവാറുള്ള നമുക്ക് മുന്നിലെ മറ്റൊരു എബ്രഹാം ലിങ്കനാണ് പ്രൊഫ. ജി.ബാലചന്ദ്രൻ എന്ന് പറഞ്ഞാൽ അതിലൊട്ടും തന്നെ അതിശയോക്തി കാണേണ്ടതില്ല. പ്രതിബന്ധങ്ങളോട് സുധീരം പടവെട്ടിക്കയറിയ അദ്ദേഹത്തിന് മുന്നിൽ കാലം നിർത്തിയിട്ട ഏഴരപതിറ്റാണ്ടുകാലവും ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ മഹോന്നത വ്യക്തിത്വത്തിലൂടെ സുഗന്ധപൂരിതമായി തീർന്നവയാണെന്നതും മറ്റൊരു സത്യം.
പ്രൊഫ. ജി. ബാലചന്ദ്രന്റെ ജീവിതരീതിയെയും പ്രവർത്തനശൈലിയെയും കർമ്മകുശലകതയെയും കുറിച്ച് സമഗ്രമായി പഠിച്ചതുകൊണ്ടുതന്നെയാവണം സംസ്ഥാന ഗവർണർ മുഹമ്മദ് ആരിഫിഖാൻ പറഞ്ഞത്: "അസാധാരണ വ്യക്തിത്വത്തിനുടമയാണ് പ്രൊഫ. ജി. ബാലചന്ദ്രൻ. അദ്ദേഹത്തിന്റെ സുതാര്യമായ ജീവിതരീതിയും സത്യാ-ധർമ്മാദികളിൽ നിന്നും അണുവിട വ്യതിചലിക്കാതെയുള്ള പ്രവർത്തന ശൈലിയും നിഷ്കാമകർമ്മവും ഹ്രധേയവും മാതൃകാപരവുമാണ്...' എന്ന് പ്രൊഫ.ജി.ബാലചന്ദ്രൻ രചിച്ച 'ഇന്നലെയുടെ തീരത്ത്' എന്ന കൃതി രാജ്ഭവനിൽ പ്രകാശനം ചെയ്ത് സംസാരിക്കവെയാണ് സംസ്ഥാന ഗവർണർ ഈ വിധം പ്രശംസിച്ചത്.
1970 -കളിൽ ഞാൻ കെ.എസ്.യു.വിന്റെ സജീവ പ്രവർത്തകനായിരിക്കെ അന്നത്തെ ശ്രദ്ധേയരായ നേതാക്കളെ കുറിച്ചുള്ള ചർച്ചകൾക്കിടെയാണ് യൂണിവേഴ്സിറ്റി കോളേജ് മുൻ ചെയർമാൻ ജി. ബാലചന്ദ്രനെ കുറിച്ച് ആദ്യമായി അറിയുന്നത്. എന്റെ അതേ പേര് എന്നതുകൊണ്ടാണോന്നറിയില്ല അമ്മു,മുതൽ തന്നെ എനിക്കദ്ദേഹത്തോട് ഒരു പ്രത്യേക അടുപ്പം തോന്നിയിരുന്നു. കുറച്ചുനാൾ കഴിഞ്ഞപ്പോഴാണ് ആലപ്പുഴയിലെ ശ്രദ്ധേയനായ കോൺഗ്രസ് നേതാവ് എന്ന നിലയിൽ അദ്ദേഹത്തെക്കുറിച്ച് പത്രദ്വാരാ കൂടുതലായി അറിയുന്നത്. 1977 -ൽ കെ.കരുണാകരൻ സംസ്ഥാന മുഖ്യമന്ത്രി പദം ഒഴിഞ്ഞപ്പോൾ , എ.കെ ആന്റണിയെ മുഖ്യമന്ത്രിയാക്കണം എന്ന് അഭിപ്രായപ്പെട്ടുകൊണ്ടുള്ള ജി.ബാലചന്ദ്രന്റെ പ്രസ്താവന വളരെ പ്രാധാന്യത്തോടെയായിരുന്നു വർത്തമാനപത്രങ്ങൾ റിപ്പോർട്ട് ചെയ്തത്. അന്ന് അദ്ദേഹം ആലപ്പുഴ ജില്ലാ കോൺഗ്രസ് കമ്മിറ്റി സെക്രെട്ടറിയായിരുന്നു. പ്രൊഫസറുടെ പ്രസ്താവന പോലെ തന്നെ അന്ന് എ.കെ.ആന്റണി സംസ്ഥാന മുഖ്യമന്ത്രിയായി.
ദേശീയതലത്തിൽ കോൺഗ്രസ് പിളർന്നപ്പോൾ ഇന്ദിരാഗാന്ധി നേതൃത്വം നൽകിയ കോൺഗ്രസിൽ അടിയുറച്ചു നിന്നുകൊണ്ട് കേരളത്തിൽ രൂപീകരിക്കപ്പെട്ട പത്തംഗ കെ.പി.സി.സി.നിർവ്വാഹക സമിതിയിൽ കെ.കരുണാകരൻ, കെ.എം.ചാണ്ടി, കെ.ജി.അടിയോടി തുടങ്ങിയവർക്കൊപ്പം ജി.ബാലചന്ദ്രനും അംഗമായിരുന്നു. തുടർന്ന് അദ്ദേഹം യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന കൺവീനറായി. പിന്നീട് മുല്ലപ്പള്ളി രാമചന്ദ്രനുവേണ്ടി ആ സ്ഥാനം ഒഴിഞ്ഞു കൊടുത്തുകൊണ്ട് സംസ്ഥാന രാഷ്ട്രീയത്തിൽ നിന്നും ജില്ലാ രാഷ്ട്രീയത്തിലേക്ക് മാറി.
പാർട്ടി പ്രവർത്തകർക്ക് പ്രത്യേക പരിശീലനം നൽകുക. എന്ന ലക്ഷ്യത്തോടെ കെ.പി.സി.സി.യുടെ ആഭിമുഖ്യത്തിൽ രൂപീകരിക്കപ്പെട്ട സെന്റർ ഫോർ സയൻസ് ഡെവലപ്മെന്റ് പ്ലാനിങ് ആൻഡ് ട്രാൻസ്ഫർ ഓഫ് ടെക്നോളജി (സി.എസ്.ഡി .ടി.) സംഘടിപ്പിച്ച ദ്വിദിന പരിശീലന ക്യാമ്പിൽ പങ്കെടുത്തുകൊണ്ട് ജി.ബാലചന്ദ്രൻ നടത്തിയ പ്രസംഗം ഇപ്പോഴും എന്റെ മനസ്സിൽ അലയടിച്ചുനിൽക്കുന്നു. പാർട്ടി പ്രവർത്തകർക്കായുള്ള പ്രത്യേക പരിശീലനത്തിന്റെ അനിവാര്യതയിലേയ്ക്ക് ശക്തമായി വിരൽ ചൂണ്ടിക്കൊണ്ട് അന്ന് അദ്ദേഹം നടത്തിയ പ്രഭാഷണം അവിടെ കൂടിയിരുന്ന സകലമാന പേരിലും വല്ലാത്ത മതിപ്പാണ് ഉളവാക്കിയത്. അന്ന് സി.എസ്.ഡി.ടി.യുടെ ചെയർമാൻ ഡോ.പി.കെ.ഗോപാലകൃഷ്ണനായിരുന്നു. ഞാൻ സംഘടനാ സെക്രട്ടറിയും.
കേരളം ഫോറസ്ട്രി ബോർഡിന്റെ ആഭിമുഖ്യത്തിൽ പ്രകൃതി സംരക്ഷണാർത്ഥം സംഘടിപ്പിക്കപ്പെട്ട 'ബോധിയാത്ര ' പരിപാടിയിൽ പങ്കെടുത്തുകൊണ്ട് ആലപ്പുഴ ബോട്ട് ജെട്ടിയിൽ ജി.ബാലചന്ദ്രൻ നടത്തിയ പ്രഭാഷണം സംഘാടകരായ ഞങ്ങളെ ചെറുതായൊന്നുമല്ല ആവേശം കൊള്ളിച്ചത്.
ഞാൻ ഭാരത് സേവക് സാമാജിന്റെ ചുമതല ഏറ്റെടുത്തശേഷം കോട്ടയം മാമൻ മാപ്പിള ഹാളിൽ സംഘടിപ്പിച്ച മഹാ സമ്മേളനം ഉദ്ഘാടനം ചെയ്തത് പ്രൊഫ.ബാലചന്ദ്രനായിരുന്നു. അന്ന് അദ്ദേഹം നടത്തിയ ഉദ്ഘാടന പ്രസംഗം ഞാനടക്കമുള്ള ബി.എസ്.എസ്.പ്രവർത്തകരിൽ വല്ലാത്ത ആവേശമാണ് കോരി നിറച്ചതെന്ന വസ്തുതയും ചൂണ്ടിക്കാട്ടാതിരിക്കാനാവില്ല.സമ്മേളനം അവസാനിച്ചശേഷം മടങ്ങാൻ തുടങ്ങവേ ബി.എസ്.എസ്.പ്രവർത്തകർ നൽകിയ യാത്രാപ്പടി അദ്ദേഹം സ്നേഹപൂർവ്വം നിരസിക്കുകയായിരുന്നു.
ഏറ്റെടുത്ത ദൗത്യം എന്തുതന്നെയായാലും ആയതിനോട് നൂറുശതമാനം ആത്മാർത്ഥതയും കൂറും പുലർത്തുകയെന്നതും അർപ്പണ മനോഭാവത്തോടെ പ്രവർത്തിക്കുകയെന്നതും പ്രൊഫ.ജി.ബാലചന്ദ്രന്റെ രക്തത്തിൽ അലിഞ്ഞു ചേർന്ന സ്വഭാവ സവിശേഷതയാണ് . അദ്ദേഹം 'കാപ്പക്സ് ' ചെയർമാനായിരുന്ന വേളയിലാണ് കശുവണ്ടി തൊഴിലാളികൾക്ക് ഏറ്റവും കൂടുതൽ ദിവസം തൊഴിൽ ലഭിച്ചതെന്ന ചരിത്രം തിരുത്താൻ ഇനിയുമായിട്ടില്ല.
പ്രൊഫ.ജി.ബാലചന്ദ്രന്റെ സംഘാടക മികവും വികസനത്വരയും വരച്ചു കാട്ടുന്ന ഒന്നായിരുന്നു അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്തു സംഘടിപ്പിക്കപ്പെട്ട "കേരളാ വികസന കോൺഗ്രസ്". അന്നത്തെ പ്രധാന മന്ത്രി മൻമോഹൻ സിംഗിനെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ പ്രസ്തുത ത്രിദിന ശില്പശാലയിൽ സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിലേക്ക് വഴി തുറക്കുന്ന മിക്കവാറുമെല്ലാവിഷയങ്ങളും ചർച്ച ചെയ്യപ്പെട്ടു. അതിന് മുമ്പോ പിൻപോ സമാനമായ ഒരു വികസന കോൺഗ്രസ് കേരളത്തിൽ സംഘടിക്കപ്പെട്ടിട്ടില്ലായെന്നതാണ് ശ്രദ്ധേയം. ഡോ. മൻമോഹൻസിങ് അടക്കം ശാസ്ത്ര -സാങ്കേതിക -സാമ്പത്തിക -വികസന രംഗങ്ങളിലെ ആഗോള പ്രശസ്തരും പ്രഗത്ഭരുമായ ഒട്ടനവധി പേരെയാണ് പ്രൊഫ.ബാലചന്ദ്രൻ കേരളം വികസന കോൺഗ്രസിൽ അന്ന് അണിനിരത്തിയത്. സംസ്ഥാനത്തിന്റെ വികസനകാര്യത്തിൽ പുതിയ ദിശാബോധം സൃഷ്ടിക്കാൻ അതിന് കഴിഞ്ഞു. പ്രൊഫസറുടെ മനസ്സിൽ സംരൂഢമായിരുന്ന സംസ്ഥാന വികസന സ്വപ്നങ്ങളും. ദീർഘ വീക്ഷണ പ്രദീപ്തിയും പ്രായോഗിക ചിന്തകളും ഇഴചേർന്ന് പ്രഗത്ഭമതികളുടെ ചിന്താസരണയുടെ നിറം പിടിക്കപ്പെട്ട് പുറത്തുവന്നപ്പോൾ അത് സംസ്ഥാനത്തിന്റെ വികസന നഗ്നത മറയ്ക്കുവാനുള്ള പൂന്തുകിലായിത്തീർന്നു എന്നതാണ് വസ്തുത. പ്രൊഫ. ജി.ബാലചന്ദ്രന്റെ പ്രവർത്തന ചരിത്ര കിരീടത്തിലെ മറ്റൊരു വർണ്ണത്തൂവലായിരുന്നു കേരള വികസന കോൺഗ്രസ്.
വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റിന്റെ വൈസ് പ്രസിഡന്റായി പ്രവർത്തിക്കുന്ന പ്രൊഫ.ബാലചന്ദ്രൻ സാഹിത്യരംഗത്തും തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. അയത്ന ലളിതമായ അദ്ദേഹത്തിന്റെ ആവിഷ്കാര ശൈലി ശ്രദ്ധേയമാണ്. വായനയിലൂടെ അദ്ദേഹം വിപുലമായ വിജ്ഞാനം ആർജ്ജിച്ചത്. വായനയിൽ തനിക്ക് പ്രചോദനമേകിയത് പി.എൻ.പണിക്കർ (കാൻഫെഡ്, ഗ്രന്ഥശാല സംഘം) ആണെന്ന് അദ്ദേഹം തന്റെ ആത്മകഥയിൽ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ ഗ്രന്ഥശാല പ്രവർത്തനങ്ങളെക്കുറിച്ചും അതിൽ അദ്ദേഹം അനുസ്മരിക്കുന്നു. ജി. ബാലചന്ദ്രൻ രചിച്ച പുസ്തകങ്ങൾ സവിശേഷ ശ്രദ്ധ പിടിച്ചുപറ്റിയവയാണ്. തകഴിയുടെ സർഗ്ഗപഥങ്ങൾ, തകഴി-കഥയുടെ രാജശില്പി, അനുഭവങ്ങളുടെ അകത്തളങ്ങളിൽ, ഇന്നലെയുടെ തീരത്ത് എന്നിവയിൽ തകഴിയുടെ സർഗ്ഗ പഥങ്ങൾ എന്ന കൃതിക്ക് തകഴി സാഹിത്യ അവാർഡ് ലഭിച്ചു. ഇന്നലെയുടെ തീരത്ത് എന്ന കൃതി സാധാരണ കാണുന്ന ആത്മകഥാ കഥന ശൈലിയിൽ നിന്നും വേറിട്ട് നിൽക്കുന്നതാണ്. ഒരു കഥയോ നോവലോ പോലെ വായിച്ചു പോകാവുന്ന ശൈലിയാണ് അദ്ദേഹം ഇതിൽ സ്വീകരിച്ചിരിക്കുന്നത്. മുള്ളുകളും മലരുകളും കലർന്ന തന്റെ ജീവിതാനുഭവങ്ങളാവണം അദ്ദേഹത്തെ വ്യതിരിക്തമായ രചനാ വയ്ഭവത്തിലേയ്ക്ക് പൂർണ്ണ പ്രഭാവത്തോടെ നയിച്ചത്. ധീരമായ ആ ജ്വലനശക്തിയാണ് അദ്ദേഹത്തിന്റെ രചനകളുടെ പശ്ചാത്തല പ്രചോദനം എന്നുവേണം കരുതാൻ.
"തകഴിയുടെ സർഗ്ഗ പഥങ്ങൾ" എന്ന അദ്ദേഹത്തിന്റെ കൃതി പ്രകാശനം ചെയ്തു കൊണ്ട് കോൺഗ്രസ് ദേശീയനേതാവ് എ.കെ.ആൻറണി നടത്തിയ പ്രസംഗം ഞാൻ ഓർക്കുന്നു. "ജി.ബാലചന്ദ്രന്റെ രചനാ വൈഭവം അസാധാരമാണ്. സാഹിത്യരംഗത്ത് അദ്ദേഹം കൂടുതൽ ശ്രദ്ധ പതിപ്പിച്ചിരുന്നുവെങ്കിൽ നമുക്ക് ഈടുറ്റ ഒട്ടേറെ രചനകൾ ആസ്വദിക്കാനായേനെ! സർഗ്ഗാധനനായ ഈ എഴുത്തുകാരൻ നമുക്ക് അഭിമാനമാണ്. രാഷ്ട്രീയക്കാരിലെ മികച്ച സാഹിത്യകാരനും സാഹിത്യകാരിലെ മികച്ച രാഷ്ട്രീയക്കാരനുമാണ് പ്രൊഫ.ജി.ബാലചന്ദ്രൻ...." നീണ്ടു നിന്ന കരഘോഷത്തോടെയാണ് എ.കെ.ആൻറണിയുടെ ഈ അഭിപ്രായ പ്രകടനത്തെ സദസ്സ് സ്വീകരിച്ചത്.
സന്തുഷ്ടമായ കുടുംബജീവിതം നയിക്കുന്ന പ്രൊഫ.ജി.ബാലചന്ദ്രന്റെ സഹധർമ്മിണി ഡോ.ഇന്ദിരാ ബാലചന്ദ്രനും പ്രൊഫസറാണ്. പ്രേമ വിവാഹമായിരുന്നു അവരുടേത്. അക്കാരണത്താൽ വിവാഹ ചടങ്ങിൽ ബന്ധുക്കളുടെ സഹകരണം കുറവായിരുന്നുവെങ്കിലും ചടങ്ങിന് സാക്ഷികളായി വൻ ജനസമൂഹമായിരുന്നു ഉണ്ടായിരുന്നത്. വിവാഹച്ചടങ്ങുകളെ കുറിച്ച് പറഞ്ഞാൽ ബഹുരസമാണ്. ഒരു പോസ്റ്റ് കാർഡിന്റെ വലുപ്പത്തിലായിരുന്നു കല്യാണക്കുറി. വിവാഹ സദ്യയായി ഒരു ചായ മാത്രം! "താലികെട്ട് സമയത്ത് കുരവയിട്ടത് കാർമൽ പോളിടെക്നിക് പ്രിൻസിപ്പൽ ബാലൻസാറും ടെലിഫോൺ എക്സ്ചേഞ്ചിലെ തോമസും എ.വി.ടി.യിലെ കോയയും ചേർന്നാണ് ,,,," എന്ന് പ്രൊഫസർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.ഇവയെക്കാളൊക്കെ രസകരമായ മറ്റൊരു സംഭവം കൂടിയുണ്ട്. വിവാഹച്ചടങ്ങിൽ പങ്കെടുത്ത സഹപ്രവർത്തകരും ശിഷ്യന്മാരുമെല്ലാം കോളേജിൽ മടങ്ങിയെത്തിയപ്പോൾ കാണുന്നത് 'പുതുമണവാളൻ ' കോളേജിൽ നിന്ന് ക്ലാസ്സെടുക്കുന്നതാണ്!1974 ഫെബ്രുവരി എട്ടാംതീയതിയായിരുന്നു അസാധാരണത്വത്തിൻറെ പര്യായമായ ഈ വിവാഹച്ചടങ്ങ് നടന്നത്.
വിവാഹശേഷമുള്ള സ്ഥിതിയെക്കുറിച്ച് ജി.ബാലചന്ദ്രൻറെ ഭാഷയിൽ പറഞ്ഞാൽ "ഇന്ദിരയുടെ വീട്ടുകാർ വലിയ ശത്രുതയിലായിരുന്നു. എന്റെ വീട്ടുകാർ നിഷ്ക്രിയരും. ഇല്ലായ്മയിലും ഞങ്ങളുടെ ദാമ്പത്യ ജീവിതം സന്തോഷത്തോടെ മുന്നോട്ടു നീങ്ങി. മാസങ്ങൾ കഴിഞ്ഞു. ഇന്ദിരയുടെ ആദ്യ പ്രസവത്തീയതി അടുത്തു. സഹായത്തിനും കൂട്ടിരിക്കാനും ഒരമ്മ വേണ്ടേ ...? ഞാൻ കൂട്ടുകാരൻ ശാന്തിമണിയോട് പറഞ്ഞു. അയാൾ വീട്ടിൽ പോയി സ്വന്തം അമ്മയെയും കൂട്ടി വന്നു! ഞങ്ങളുടെ കണ്ണുകൾ നിറഞ്ഞു. ഈ മാതൃകാ ദമ്പതികൾക്ക് രണ്ട് മക്കൾ. മകൻ ജീവൻ അഭിഭാഷകനാണ്. മകൾ ഐ.ബി.റാണി ഐ.പി.എസ്. ഉദ്യോഗസ്ഥയും.
ഡോ.ഇന്ദിര ബാലചന്ദ്രൻ രചിച്ച് സംസ്ഥാന ഭാഷ ഇൻസ്റ്റിട്യൂട്ട് പ്രസിദ്ധീകരിച്ച "കാളിദാസ വൈഖരി" എന്ന കൃതിയുടെ പ്രകാശന ചടങ്ങിൽ ഡോ.ഇന്ദിര നടത്തിയ പ്രസംഗം ശ്രദ്ധേയമായിരുന്നു. പ്രസംഗ മധ്യേ ടീച്ചർ പറഞ്ഞു: "എൻറെ തപഃശക്തിയാൽ ഞാൻ നേടിയെടുത്ത വരദാനമാണ് എൻറെ ഭർത്താവ് പ്രൊഫ.ജി.ബാലചന്ദ്രൻ....." മനസ്സുകൾ തമ്മിലുള്ള ചേർച്ചയുടെയും സ്നേഹത്തിന്റെയും ഭർതൃ ഭക്തിയുടേയുമൊക്കെ ഹൃദ്യവും മധുരവുമായ സ്വർഗ്ഗ സുഗന്ധമാണ് ആ വാക്കുകളിലൂടെ അവിടെ പരന്നത് .
ചടങ്ങു കഴിഞ്ഞു പുറത്തിറങ്ങിയുളള നർമ്മ സംഭാഷണത്തിനിടെ ഞാൻ ടീച്ചറോട് ചോദിച്ചു "അല്ല ടീച്ചറേ...ഈ കാളിദാസന്റെ നിറവും കറുപ്പ് തന്നെയായിരുന്നോ ....? ഉടനടി മറുപടി വന്നു" അത് ഓരോരുത്തരുടെയും മനസ്സിന്റെ നിറത്തിനനുസൃതമായിരിക്കും..." ഇന്ദിരാബാലചന്ദ്രൻറെ ഈ മറുപടി കേട്ട് നിന്നവരിൽ കൂട്ടച്ചിരി പടർത്തി.
അനാവശ്യമായി ആരെയും വകവെച്ചുകൊടുക്കുന്ന പ്രകൃതമല്ല ജി.ബാലചന്ദ്രന്റേത്. പെട്ടെന്നൊന്നും ആർക്കും വഴങ്ങിക്കൊടുക്കുകയുമില്ല. എന്നാൽ വഴങ്ങേണ്ടിടത്ത് വഴങ്ങുന്നതിന് യാതൊരു മടിയുമില്ലതാനും. തനിക്ക് ശരിയെന്നു തോന്നുന്നത് സ്ഥലകാലങ്ങളുടെ പരിമിതികളില്ലാതെ വെട്ടിത്തുറന്ന് പറഞ്ഞു കളയുന്ന നിർഭയൻ.
ജീവിതത്തിൻറെ ചതുരംഗപ്പലകയിൽ ഏതെങ്കിലുമൊരു കണ്ണിയിൽ ഒതുക്കി നിർത്താനാവുന്നതല്ല അദ്ദേഹത്തിന്റെ വ്യക്തിത്വവും കർമ്മധീരതയും! പ്രൊഫ.ജി. ബാലചന്ദ്രന് പകരം വെക്കാൻ പ്രൊഫ.ജി. ബാലചന്ദ്രൻ മാത്രം!
Read More in Organisation
Related Stories
ഒക്ടോബർ 4, ലോക ജന്തുദിനം (World Animal Day) ജന്തുക്കളോടും അല്പം കരുണയാവാം...
3 years, 5 months Ago
അച്യുതമേനോനെ കുറിച്ച് അച്യുതമേനോൻ
2 years, 10 months Ago
കാൻഫെഡ് കാലഘട്ടത്തിന്റെ ആവശ്യം : എം.എം.ഹസ്സൻ
2 years, 8 months Ago
ജൂൺ 19 വായനാദിനം
3 years, 10 months Ago
അറിയാം നമുക്ക് രാമായണത്തെ
3 years, 5 months Ago
ധനുമാസത്തിലെ തിരുവാതിര എട്ടങ്ങാടിയും ദശപുഷ്പവും
2 years, 2 months Ago
വിപ്ലവ കവിത്രയം
3 years, 10 months Ago
Comments