Thursday, April 10, 2025 Thiruvananthapuram

കാര്യവിചാരം

banner

3 years Ago | 303 Views

യുക്രൈനിലെ കർണാടകയിൽ നിന്നുള്ള മെഡിക്കൽ വിദ്യാർത്ഥി നവീൻ കൊല്ലപ്പെട്ട വാർത്ത ഏറെ ദുഃഖകരമാണ്. റഷ്യ-യുക്രൈൻ യുദ്ധത്തിൽ ജീവൻ ബലി നൽകേണ്ടിവന്ന ആദ്യ ഇന്ത്യക്കാരൻ. ഭക്ഷണത്തിനു വേണ്ടി ക്യൂ നിൽക്കുമ്പോൾ റഷ്യൻ ഷെല്ലാക്രമണത്തിലാണ് 22 കാരനായ നവീന് ജീവൻ നഷ്ടമായത്. ഇതൊരു ചെറിയ കാര്യമല്ല. രാജ്യത്തിൻറെ ദുഃഖം തന്നെയാണ്. കുടുംബാഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. 

തങ്ങളുടെ മക്കളുടെ വിവരങ്ങൾ അറിയാതെ വിലപിക്കുന്ന വാർത്തകൾ കണ്ണ് നനയിക്കുന്നതാണ്. ഇരുപത്തിനാലായിരത്തിൽപരം ഇന്ത്യൻ വിദ്യാർത്ഥികൾ ഇപ്പോഴും ഉക്രൈനിൽ കഴിയുന്നുണ്ട്. അവരുടെ കുടുംബാങ്ങഗളുടെ ആശങ്ക ഉടൻ പരിഹരിക്കപ്പെടണം. 

സർവ്വ നാശത്തിന്റെ യുദ്ധം തുടങ്ങിയിട്ട് ദിവസങ്ങൾ പിന്നിട്ടു. ആറു ലക്ഷത്തിൽപരം പേർ നാടുവിടേണ്ടി വന്നു. നിരവധിപേർക്ക് ജീവൻ നഷ്ടമായി. കുറേപേർ ഭവനരഹിതരായി . ചോരപ്പാടുകളും മിന്നലാക്രമണങ്ങളും കണ്ടുകൊണ്ട് ലോകം നടുങ്ങുകയാണ്. പ്രകൃതിയും ജീവജാലകങ്ങളും നേരിടുന്ന കനത്ത നാശനഷ്ടങ്ങൾക്ക് കയ്യും കണക്കുമില്ല. 

 

സോവിയറ്റ് യൂണിയന്റെ പഴപ്രതാപം വീണ്ടെടുക്കാനുള്ള റഷ്യയുടെ മോഹങ്ങൾ തന്നെയാണ് യുദ്ധത്തിന്റെ പ്രധാന കാരണം. ഒരു ചെറിയ രാജ്യത്തിൻറെ നേർക്ക് ഒരു വലിയ രാജ്യം നടത്തുന്ന അധിനിവേശം ലോകരാഷ്ട്രങ്ങളെയും ലോക ജനതയെയും ഒരുപോലെ ഉത്കണ്ഠാകുലരാക്കുന്നു. ഒടുവിൽ കിട്ടിയ വാർത്തകൾ പ്രകാരം യൂറോപ്യൻ യൂണിയനിൽ യുക്രൈന് അംഗത്വം ലഭിക്കാനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞിരുന്നു. ഇതും റഷ്യയെ പ്രകോപിപ്പിച്ചേക്കാം. ഇരുകൂട്ടരും ചെയ്യുന്നത് ജനങ്ങളുടെ ജീവൻ വച്ചുള്ള ചൂതാട്ടമാണ്. സ്വാർത്ഥ മോഹങ്ങളുടെ സാമ്രാജ്യത്വ ചിന്തകൾ ഉപേക്ഷിക്കപ്പെടണം. 

സാമ്രാജ്യത്വ യുദ്ധക്കൊതി ഹിരോഷിമയിലും, നാഗസാക്കിയിലും, വിയറ്റ്നാമിലും അവശേഷിപ്പിച്ചത് കൊടിയ ദുരിതം മാത്രമായിരുന്നു. ഭീകരത തലയ്ക്കു പിടിച്ച സിറിയയിലെയും അഫ്ഘാനിലെയും ഇറാഖിലെയും സ്ഥിതി വിഭിന്നമല്ല. എല്ലാം മനുഷ്യനു നേരെ മനുഷ്യൻ നടത്തുന്ന ക്രൂരതയുടെ ഉന്മാദമാണ്. 

യുദ്ധഭൂമിയിൽ അകപ്പെട്ടുപോയ ഇന്ത്യക്കാരെ 'ഓപ്പറേഷൻ ഗംഗ' വഴി തിരികെ എത്തിക്കാനുള്ള സർക്കാർ ശ്രമങ്ങൾ തീർത്തും സ്വാഗതാർഹമാണ്. രക്ഷാശ്രമങ്ങളുടെ ഭാഗമായി മന്ത്രിതല സംഘവും, വായുസേനയും, സ്വകാര്യ വിമാന കമ്പനികളും നടത്തുന്ന പ്രവർത്തനങ്ങൾ യുദ്ധഭൂമിയിൽ കഴിയുന്നവരെ ഉടനെ തിരിച്ചെത്തിക്കാൻ സഹായിക്കും. എന്ന് നമുക്ക് പ്രത്യാശിക്കാം. 

അന്താരാഷ്ട്ര ഏജൻസികളെല്ലാം പലപ്പോഴും നോക്കുകുത്തികളാകുന്ന കാഴ്ച പലപ്പോഴും നിർവികാരതയോടെ നോക്കിനിൽക്കേണ്ട സ്ഥിതിയാണ്. UN അതിന്റെ സമാധാന ശ്രമങ്ങൾ ഇനിയും തുടരണം. എത്രയും പെട്ടെന്ന് യുദ്ധം അവസാനിപ്പിക്കണം. അമ്മമാരുടെ കണ്ണുനീർ വീണ് ഇനിയും ഭൂമിയുടെ ഹൃദയം തേങ്ങരുത്. സംഘർഷങ്ങളിത്ത പുതു ലോകം സാധ്യമാവാൻ എല്ലാ രാജ്യങ്ങളും കൈകോർക്കണം. പ്രാർത്ഥനയോടെ... 



Read More in Organisation

Comments