അഹങ്കാരത്തിന്റെ ഫലം ആപത്ത്: ബി.എസ്. ബാലചന്ദ്രൻ
1 year, 5 months Ago | 247 Views
അഹങ്കാരം മനുഷ്യനെ ആപത്തിലേയ്ക്ക് നയിക്കുമെന്നതിനാൽ ജീവിതത്തിൽ എത്രയൊക്കെ നേട്ടങ്ങൾ കൈവരിക്കാനായാലും അതിൽ അഹങ്കാരം ലേശം പോലുമുണ്ടാവാതിരിക്കാൻ ഓരോരുത്തരും പ്രത്യേകമായി ശ്രദ്ധിക്കേണ്ടതാണെന്ന് ബി.എസ്.എസ്. ചെയർമാൻ ബി.എസ്. ബാലചന്ദ്രൻ ഓർമ്മിപ്പിച്ചു.
'അഹങ്കാരത്തിന്റെ ഫലം ആപത്ത് എന്ന് ശ്രീരാമചന്ദ്രൻ നേരിട്ടുതന്നെ തന്റെ തിരുനാവിനാൽ ഉരചെയ്ത പല ഘട്ടങ്ങളും രാമായണത്തിൽ കാണാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാമായണ പ്രഭാഷണപരമ്പരയിൽ സംബന്ധിച്ച് രാമായണ പ്രഭാഷണം നടത്തുകയായിരുന്നു ബി.എസ്. ബാലചന്ദ്രൻ.
അഹങ്കരിച്ചതുമൂലം അതിപ്രബലന്മാർപോലും ആപത്തിൽ ചെന്നുചാടിയ സംഭവങ്ങൾ രാമായണത്തിൽ കാണാം. ശിവ -പാർവ്വതീപുത്രനും അതിബലവാനുമായ ഹനുമാനുപോലും അഹങ്കാരത്തിൻ്റെ തിക്‌ത ഫലം അനുഭവിക്കാതിരിക്കാനായില്ല. ഹനുമാൻ വായുദേവന്റെ പുത്രനാണെന്നതും കേസരിയെന്ന വാനര ശ്രേഷ്‌ഠൻ്റെ പുത്രനാണെന്നതും സാങ്കേതികമായി ശരിതന്നെയാണെങ്കിലും ശ്രീപാർവ്വതി-ശ്രീപരമേശ്വര സംഗമത്തിൽ രൂപപ്പെട്ട ബീജമാണ് വായുദേവൻ മുഖേന അഞ്ജന എന്ന വാനരസ്ത്രീയുടെ ഗർഭത്തിൽ നിക്ഷേപിച്ചത്. തുടർന്ന് അഞ്ജന പ്രസവിച്ച ശിശുവാണ് ഹനുമാൻ. കേസരി എന്ന വാനരശ്രേഷ്ഠൻ അഞ്ജനയുടെ ഭർത്താവായിരുന്നു.
സൂര്യഭഗവനിൽ നിന്നാണ് ഹനുമാൻ വിദ്യകൾ അഭ്യസിച്ചത്. സദാ സഞ്ചരിച്ചുകൊണ്ടിരുന്ന സൂര്യദേവൻ് രഥത്തിന് മുന്നിൽ ഗ്രനഥം മലർത്തിപ്പിടിച്ച് സൂര്യദേവനൊപ്പം അതിവേഗം പിന്നോട്ട് നടന്നായിരുന്നു പഠനം. സൂര്യഭഗവാനിൽ നിന്നും നാല് വേദങ്ങളും ആറ് ശാസ്ത്രങ്ങളുമടക്കമുള്ള എല്ലാ വിദ്യകളും അഭ്യസിച്ചശേഷം ഒരുനാൾ ഹനുമാൻ കാട്ടിലൂടെ സഞ്ചരിക്കവേ ഗൗതമ മഹർഷിയുടെ ആശ്രമത്തിനു സമീപമെത്തി. മഹർഷിയുടെ ആശ്രമം ഒരു വലിയ ഗുഹയായിരുന്നു. ആശ്രമം സന്ദർശിക്കാമെന്നു കരുതി ഹനുമാൻ ഗുഹയ്ക്കുള്ളിലേയ്ക്ക് കയറി. അന്നേരം മഹർഷിയും ശിഷ്യന്മാരും അവിടെയുണ്ടായിരുന്നില്ല. ഹനുമാൻ ഗുഹയിൽ നിന്നും പുറത്തേയ്ക്കിറങ്ങവെ ഒരു പുലി അതുവഴി പോവുകയായിരുന്നു. അതുകണ്ടപ്പോൾ ഹനുമാനിൽ വാനരസഹജമായ കുസൃതി തലപൊക്കി. താൻ അതിശക്തനാണെന്നും എല്ലാ വിദ്യകളും സ്വായത്തമാക്കിയവനുമാണെന്നുമുള്ള അഹങ്കാരത്തിൽ ഹനുമാൻ പുലിയെ പൊക്കിയെടുത്ത് ഗുഹയ്ക്കുള്ളിലാക്കിയശേഷം ഗുഹാമുഖം ഒരു കൂറ്റൻ കരിങ്കല്ലുകൊണ്ട് മൂടിവെച്ചു. തുടർന്ന് നടന്നുപോയി.
കുറേ സമയം കഴിഞ്ഞ് മുനിയും ശിഷ്യന്മാരും മടങ്ങിവന്നപ്പോൾ ഗുഹാകവാടം കൂറ്റൻ കല്ലുകൊണ്ട് മൂടിയിരിക്കുന്നത് കണ്ടു. കുറേയേറെ ശിഷ്യർ അപ്പോൾ ഗൗതമ മഹർഷിക്കൊപ്പമുണ്ടായിരുന്നു. അവരെല്ലാം ചേർന്ന് ഒത്തുപിടിച്ചിട്ടും ആദ്യമൊന്നും കരിങ്കല്ലിനെ ഒന്നനക്കാൻ പോലും കഴിഞ്ഞില്ല. ഒടുവിൽ ഏറെനേരത്തെ കഠിന ശ്രമഫലമായി കല്ലിനെ കുറച്ചുമാറ്റുവാൻ കഴിഞ്ഞു. അപ്പോഴാകട്ടെ ഗുഹയിൽനിന്നും പുലി പുറത്തേയ്ക്ക് ചാടി. ശിഷ്യന്മാർ ഭയന്നുവിറച്ചു. മുനി അവർക്ക് ധൈര്യം കൊടുത്തു. "നമ്മുടെ ആശ്രമത്തിൽ വന്ന് നമ്മെ ഉപദ്രവിക്കുവാൻ ഒരു പുലിക്കും സിംഹത്തിനുമാവില്ല...." എന്ന് മുനീന്ദ്രൻ അവരെ ഓർമ്മിപ്പിച്ചു. പുലിയാവട്ടെ തിരിഞ്ഞു നോക്കുകപോലും ചെയ്യാതെ കാട്ടിനുള്ളിലേയ്ക്ക് ഓടിമറഞ്ഞു.
മുനി ഈ സംഭവത്തെക്കുറിച്ച് ആലോചിച്ചു. ഈ പ്രവർത്തി ചെയ്‌തത് സാധാരണക്കാരായ ആരുമായിരിക്കില്ലായെന്നും ദൈവാംശമുള്ളവർ ആരെങ്കിലുമായിരിക്കാം ഇത് ചെയ്‌തതെന്നും ഉറപ്പിച്ചു കൊണ്ട് അദ്ദേഹം കണ്ണടച്ച് പ്രാർത്ഥിച്ചുനിന്നു. അൽപ്പസമയത്തിനുള്ളിൽ തൻ്റെ ജ്ഞാനദൃഷ്ടിയാൽ കാര്യങ്ങളെല്ലാം തെളിഞ്ഞുവന്നു. അഹങ്കാരംകൊണ്ട് അന്ധനായ ഹനുമാനെ മുനീന്ദ്രൻ ശപിച്ചു. "സ്വന്തം ശക്തി അറിയാതെ പോകട്ടെ" എന്നതായിരുന്നു ശാപം. മുനിശാപംമൂലമാണ് ഹനുമാന് വളരെക്കാലം സ്വന്തം ശക്തി അറിയാതെ പോയത്. ഒടുവിൽ സീതാന്വേഷണകാലത്ത് സമുദ്ര ലംഘനത്തിന് തയ്യാറാവാതെ മടിച്ചുനിൽക്കവേ ജാംബവാൻ കാര്യങ്ങൾ വിശദീകരിച്ചപ്പോഴാണ് ഹനുമാന് സ്വന്തം ശക്‌തിയെക്കുറിച്ച് ബോധമുണ്ടായതും തുടർന്ന് ലങ്കയിലേക്ക് ചാടിയതും. ബി.എസ്. ബാലചന്ദ്രൻ തുടർന്നുപറഞ്ഞു.
Read More in Organisation
Related Stories
ജൂൺ ഡയറി
4 years, 4 months Ago
ജൂൺ മാസത്തെ പ്രധാന ദിവസങ്ങൾ
3 years, 5 months Ago
കൃഷി നമ്മുടെ ജീവിതം തന്നെയാണെന്ന് മന്ത്രി പി. പ്രസാദ്
3 years, 4 months Ago
അക്ഷരശ്ലോകം സദസ്സിന്റെ ഉദ്ഘാടനം ഡോ. എം.ആർ. തമ്പാൻ നിർവഹിച്ചു
1 year, 5 months Ago
സദ്ഭാവന ട്രസ്റ്റ് : ഒരേ വേദിയിൽ രണ്ടു പുസ്തകങ്ങൾ പ്രകാശനം ചെയ്തു
2 years, 10 months Ago
ജൂലൈ 1 ഡോക്ടേഴ്സ് ഡേ
3 years, 6 months Ago
"ഓർമ്മയുടെ ഓളങ്ങളിൽ" പ്രകാശനം ചെയ്തു
3 years, 5 months Ago
Comments