Friday, April 18, 2025 Thiruvananthapuram

ആരാണ് ഹനുമാന്റെ പിതാവ്

banner

3 years, 5 months Ago | 1797 Views

ഹനുമാന്റെ മാതാവ് ആര്? അഞ്ജനയെന്ന വാനരസ്ത്രീ  അതിൽ തർക്കമില്ല എന്നാൽ, ഹനുമാന്റെ  യഥാർത്ഥ പിതാവാർ ? അഞ്ജനയുടെ ഭർത്താവായ കേസരിയല്ല വായുപുത്രനാണ് ഹനുമാൻ എന്നാണ് എല്ലാവരും പറയുന്നത്. പക്ഷേ മാരുതി ശിവബീജമാണ്. ശിവബീജം അഞ്ജനയുടെ ഗർഭത്തിലെങ്ങനെയെത്തി  എന്നതിന് വ്യത്യസ്ത കഥകളാണുള്ളത്. ശിവപുരാണത്തിൽ ഹനുമാൻ ശിവപുത്രനാണ്. കഥയിങ്ങനെ

പാലാഴിമഥനം കഴിഞ്ഞ് അസുരന്മാർ അമൃത് തട്ടിക്കൊണ്ടുപോയല്ലോ. വിഷ്ണു മോഹിനീ രൂപമെടുത്ത് പാതാളത്തിൽ പോയി അമൃത് വീണ്ടെടുത്ത കഥ നമുക്കെല്ലാമറിയാം.  വിഷ്ണുവിന്റെ മോഹിനീരൂപം കാണണമെന്ന് ശിവൻ ആഗ്രഹം പ്രകടിപ്പിച്ചു . അപ്പോൾ മായ  ശിവനെയും ബാധിച്ചു. കാമാരിയായ ശിവൻ കാമവികാരം കൊണ്ട് അന്ധനായി മോഹിനിയെ പ്രാപിക്കാൻ ചെന്നു. ആ സമയത്ത് ശിവനു ബീജസ്ഖലനമുണ്ടായി. അതു താഴെ വീണാൽ മൂന്നു ലോകവും വെന്തുപോകും  എന്നു ഭയന്ന് സപ്തർഷികൾ വായുവിനോട്  അതേറ്റു വാങ്ങാൻ പറഞ്ഞു. വായു ഇത് സ്വീകരിച്ച് വാനര രാജാവായ കേസരിയുടെ ഭാര്യ അഞ്ജനയുടെ ഗർഭത്തിൽ നിക്ഷേപിച്ചു. അങ്ങനെയാണ് ശിവബീജമായ ഹനുമാൻ വായുപുത്രനായത്. ശ്രീ അയ്യപ്പൻറെ ജനനത്തെപ്പറ്റിയും ഈ കഥ പറയുന്നുണ്ട് .

വാൽമീകി രാമായണത്തിൽ കഥയ്ക്ക് വ്യത്യാസമുണ്ട്.  ബൃഹസ്പതിയുടെ ദാസിയായിരുന്നു പുഞ്ജിക സ്ഥല എന്ന അപ്സരസ്.  അവളൊരു ദിവസം വെള്ളമെടുക്കാനായി നദിയിലേക്കു പോയി. അവിടെ ഗന്ധർവ്വന്മാർ  ഭാര്യമാരുമായി  ജലക്രീഡ നടത്തുകയായിരുന്നു. ഇതു കണ്ട്  അവളെ കാമദേവൻ പിടികൂടി. ജലവുമായി ആശ്രമത്തിലെത്തിയ  പുഞ്ജിരികസ്ഥല കാമപരവശയായി ബൃഹസ്പതിയുടെ  കൈയിൽ  കടന്നുപിടിച്ച് കാമലീല നടത്താനാവശ്യപ്പെട്ടു.  ഈ തപോഭൂമിയിൽ മനസ്സടക്കാൻ  കഴിയാത്ത ചപലയായ നീ ഒരു വാനരനാരിയായിത്തീരട്ടെ എന്ന്  ബ്രഹസ്പതി ശപിച്ചു.  പശ്ചാത്താപിച്ച അപ്സരസ്സ് ശാപ മോക്ഷം ചോദിച്ചു. നീ ശിവബീജത്തിൽ  നിന്നും ഒരു പുത്രനെ  പ്രസവിക്കുന്ന സമയത്ത്  അപ്സരസ്സായി മടങ്ങി വരാം  എന്ന് അനുഗ്രഹിക്കുകയും ചെയ്തു. പുഞ്ജികസ്ഥല കഞ്ജരൻ  എന്ന വാനരന്റെ  മകളായി ജനിച്ചു. പേര്  അഞ്ജന . യൗവനത്തിൽ അഞ്ജനയെ ഒരു വാനര രാജാവായ കേസരി വിവാഹം ചെയ്തു. അവർക്ക് വളരെക്കാലം സന്തതിയുണ്ടായില്ല . അഞ്ജന വനത്തിലിരുന്ന് ശിവനെ തപസ്സുചെയ്തു. ആ കാലത്താണ് വായുഭഗവാൻ ശിവരേതസ്സു കൊണ്ടുവന്ന്  അവളുടെ ഗർഭത്തിൽ നിക്ഷേപിച്ചത്. അഞ്ജന ഗർഭിണിയാണെന്നറിഞ്ഞ്  സന്തോഷിച്ചു .



Read More in Organisation

Comments