സുഗ്രീവാജ്ഞ അലംഘനീയം - ബി.എസ്.ബാലചന്ദ്രൻ

3 years, 8 months Ago | 520 Views
മാനവജീവിതത്തിന്റെ കാണാപ്പുറങ്ങൾ തേടുന്നവർക്ക് വഴിവെളിച്ചം വിതറുന്നതിനൊപ്പം തന്നെ ലൗകിക ജീവിതത്തിൽ പാലിക്കേണ്ടതും പാലിപ്പിക്കേണ്ടതുമായ കർമ്മ -ധർമ്മങ്ങളെ ക്കുറിച്ച് മാനവസമൂഹത്തെ ബോധവത്കരിക്കുക കൂടി ചെയ്യുന്ന ഉത്കൃഷ്ട ഗ്രന്ഥമാണ് രാമായണമെന്ന് തുഞ്ചൻ ഭക്തിപ്രസ്ഥാനം-പഠനകേന്ദ്രം ചെയർമാൻ ബി.എസ്.ബാലചന്ദ്രൻ പ്രസ്താവിച്ചു.
അച്ഛൻ, അമ്മ, സഹോദരങ്ങൾ, ഭാര്യ,ഭർത്താവ്, ഗുരുക്കന്മാർ, പ്രജകൾ എന്നിവർക്കെല്ലാം വേണ്ടി എന്തെല്ലാം എങ്ങനെയൊക്കെ ചെയ്യണമെന്ന് രാമായണം പഠിപ്പിക്കുന്നതായും രാമായണ കഥയിലെ സംഭവങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം കൂട്ടിച്ചേർത്തു.
തുഞ്ചൻ ഭക്തി പ്രസ്ഥാനം - പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെടുന്ന രാമായണ പ്രഭാഷണ പരമ്പരയിൽ സംസാരിക്കുകയായിരുന്നു ബി.എസ്.എസ്. അഖിലേന്ത്യാ ചെയർമാൻ കൂടിയായ ബി.എസ്.ബാലചന്ദ്രൻ.
മാനവജീവിതം എന്തായിരിക്കണമെന്നും എങ്ങനെയായിരിക്കണമെന്നും പഠിപ്പിക്കുന്നതിന് പുറമെ മോക്ഷപ്രാപ്തിക്കായി നാം അനുഷ്ഠിക്കേണ്ടതും പാലിക്കേണ്ടതുമായ കാര്യങ്ങൾ എന്തൊക്കെയാണെന്നും ഈ ഉത്കൃഷ്ട ഗ്രന്ഥം നമുക്ക് പറഞ്ഞുതരുന്നു. പൊതുവായി നാം സമൂഹത്തിനുവേണ്ടി എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് ചൂണ്ടിക്കാട്ടുന്നതിനൊപ്പംതന്നെ സുഹൃത്തുക്കളോടും നമ്മെ സഹായിച്ചവരോടും എന്ത് സമീപനമാണ് സ്വീകരിക്കേണ്ടതെന്നും സംഭവ പരമ്പരകളിലൂടെ വിശദമായി പ്രതിപാദിക്കുന്നു.
പ്രജാപന് പ്രജകൾക്ക് സദുദ്ദേശത്തോടെയുള്ള നിർദേശങ്ങൾ നൽകാനും ആജ്ഞാപിക്കാനുമുള്ള അധികാരാവകാശങ്ങൾ ഉള്ളതുപോലെ തന്നെ അരചന്റെ ആജ്ഞകൾ പാലിക്കാൻ പ്രജകളും ബാധ്യസ്ഥരാണെന്ന കാര്യവും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. ഇത് രണ്ടും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്നും രാമായണ സംഭവങ്ങളിലൂടെ നമുക്ക് മനസ്സിലാക്കാൻ കഴിയുന്നു. ജനങ്ങളുടെയും നാടിൻറെയും സദ്ഗതിക്കായും ധർമ്മ സംസ്ഥാപനത്തിനായും നടത്തുന്ന ശ്രമങ്ങൾക്ക് സഹായവും പിന്തുണയുമായെത്തുന്നവർക്കു വേണ്ടി നൃപന് ജനങ്ങളോട് ആജ്ഞാപിക്കാൻ അധികാരമുണ്ട്. ഇത്തരം ആജ്ഞകളെ മുഖവിലയ്ക്കെടുക്കാതിരിക്കുകയോ അത് അനുസരിക്കാതിരിക്കുകയോ ചെയ്യുന്നവർക്ക് കഠിന ശിക്ഷ നൽകുന്നതിൽ തെറ്റില്ലായെന്നും വ്യത്യസ്ത സംഭവങ്ങളിലൂടെ നമുക്ക് മനസ്സിലാക്കിത്തരുന്നു. മറ്റൊരാൾക്ക് നൽകിയ വാക്ക് അല്ലെങ്കിൽ ഉടമ്പടി പാലിക്കാതിരിക്കുന്നത് അധർമ്മവും ശിക്ഷാർഹവുമാണെന്നും രാമായണം പഠിപ്പിക്കുന്നുണ്ട്.
രാമ-സുഗ്രീവ സഖ്യപ്രകാരമുള്ള കരാർ പാലിക്കുന്നതിൽ സുഗ്രീവൻ അമാന്തം വരുത്തിയപ്പോൾ ലക്ഷ്മണൻ കോപാകുലനായി കിഷ്കിന്ധാപുരിയിൽ എത്തുന്നു."ബാലിയെ വധിച്ച ശരം ശ്രീരാമന്റെ പക്കൽ ഇപ്പോഴുമുണ്ടെന്ന് മറക്കരുത്" എന്നുവരെ ലക്ഷ്മണൻ അംഗദനോട് പറയുന്നുണ്ട്. 'ഇക്കാര്യം നിന്റെ പിതൃവ്യനെ അറിയിക്കുക' എന്നും നിർദേശിക്കുന്നു. വാക്കുപാലിക്കാതിരിക്കുന്നത് അധർമ്മമാണെന്നും ദശരഥ നന്ദനൻമാർ അധർമ്മം വെച്ചു പൊറുപ്പിക്കുകയില്ലെന്ന് ഓർക്കുന്നത് നന്നായിരിക്കുമെന്ന മുന്നറിയിപ്പും ലക്ഷ്മണൻ നൽകുന്നുണ്ട്.
സ്ത്രീകളോടും കുട്ടികളോടും സ്നേഹ-ബഹുമാനങ്ങളോടെയല്ലാതെ ഇടപെടാത്ത ദശരഥനന്ദനൻ ലക്ഷ്മണനെ ശാന്തനാക്കാനായി ബാലീ പത്നി താരയേയും പുത്രൻ അംഗദനെയും നിയോഗിച്ചശേഷമാണ് തന്ത്രശാലിയായ സുഗ്രീവൻ ലക്ഷ്മണന്റെ മുന്നിലെത്തുന്നത്.
ശ്രീരാമ-സുഗ്രീവ സഖ്യപ്രകാരം കിഷ്കിന്ധാരാജാവ് സുഗ്രീവൻ സീതാന്വേഷണത്തിനായി ബഹുസഹസ്രം വാനരന്മാരെ പത്തുദിക്കിലേയ്ക്കും അയച്ചു. എന്നാൽ, ഏറെനാൾ കഴിഞ്ഞിട്ടും വാനരസംഘങ്ങൾക്ക് സീതാദേവിയെക്കുറിച്ചുള്ള ഒരു വിവരവും ശേഖരിക്കാനായില്ല. മുപ്പത് ദിസവസങ്ങൾക്കുള്ളിൽ ജനകജയെ കണ്ടെത്തുകയോ അല്ലെങ്കിൽ മൈഥിലി എവിടെയാണുള്ളതെന്ന് സംബന്ധിച്ച് വിവരം ശേഖരിക്കുകയോ വേണമെന്നായിരുന്നു സുഗ്രീവന്റെ ആജ്ഞ. "ആജ്ഞ ലംഘിക്കുന്ന പക്ഷം കാലപുരിക്ക് പോകാൻ തയാറായിക്കൊൾക" എന്നും സുഗ്രീവൻ കൽപ്പിക്കുന്നുണ്ട്. അതായത് മുപ്പത് നാളുകൾക്കുള്ളിൽ സീതാദേവിയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാത്ത പക്ഷം വധിക്കപ്പെടും എന്നർത്ഥം.
സുഗ്രീവാജ്ഞ അലംഘനീയമാണെന്ന് എല്ലാവർക്കും നല്ലപോലെ അറിവുള്ളതാണ്. സുഗ്രീവന്റെ ആജ്ഞ ലംഘിച്ച ഒരു ജീവിപോലും ഭൂമുഖത്ത് ജീവിച്ചിരിപ്പില്ലായെന്നതും പകൽപോലെ വ്യക്തം. ആജ്ഞ ലംഘിച്ചാൽ സുഗ്രീവൻ ദയാലേശമെന്യേ അവരുടെ ശിരസ് ഛേദിക്കുമെന്നതിന് ഉദാഹരണങ്ങൾ നിരവധി.
സീതാന്വേഷണ സംഘങ്ങളിൽ പ്രാധാന്യം കൽപ്പിച്ചിരുന്നത് തെക്കുഭാഗത്തേയ്ക്ക് നീങ്ങിയ സംഘത്തിനായിരുന്നു. ധരണീ പുത്രിയെ ആകാശമാർഗ്ഗേണ തട്ടികൊണ്ടുപോയത് ദക്ഷിണദിക്കിലേയ്ക്കാണെന്ന് ജടായുവിൽ നിന്നും അറിയാൻ കഴിഞ്ഞതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രസ്തുതസംഘത്തിൽ പ്രമുഖരായ കപിവീരന്മാരെയെല്ലാം ഉൾപ്പെടുത്തിയത്. സംഘത്തിന് ഹനുമാനായിരിക്കണം നേതൃത്വം നൽകേണ്ടതെന്നായിരുന്നു സുഗ്രീവന്റെ നിർദേശം. ശ്രീ പരമേശ്വരന്റെ ബീജത്തിൽ വായുദേവനാൽ ജന്മം നൽകപ്പെട്ടവനായ ഹനുമാന് ദേവന്മാരിൽ നിന്നും വിശിഷ്ട വരങ്ങൾ ലഭിച്ചിട്ടുണ്ട്. 'ബ്രഹ്മമുള്ളത്രയും കാലം മരണമില്ലാതെ ജീവിക്കുക' എന്ന് മഹാവിഷ്ണുവും 'ലോകം മുഴുൻ ജയിച്ച് വീരവിക്രമനായി വാഴുക' എന്ന് മഹേശ്വരനും 'ശരീരത്തിൽ അസ്ത്രങ്ങൾ ഏൽക്കാതിരിക്കട്ടെ' എന്ന് അഗ്നി ഭഗവാനും 'ഒരിക്കലും മരിക്കാതിരിക്കട്ടെ' എന്ന് കാലനും 'ആർക്കും തോൽപ്പിക്കാനാവാത്ത വേഗതയുണ്ടാവട്ടെ' എന്ന് ദേവഗണങ്ങളും വരങ്ങൾ നൽകി ഹനുമാനെ അനുഗ്രഹിച്ചിട്ടുണ്ട്. ഇത്തരത്തിൽ അജയ്യനായതുകൊണ്ടാണ് ദക്ഷിണഭാഗസംഘത്തെ നയിക്കുന്നത് ഹനുമാൻ തന്നെയാവട്ടെ എന്ന് സുഗ്രീവൻ തീരുമാനിച്ചത്. അന്നേക്ക് ആറ് മന്വന്തരങ്ങളും നാനൂറ്റി അറുപത്തിനാലു ചതുര്യുഗങ്ങളും ജീവിച്ചു കഴിഞ്ഞിരുന്നതും മത്സ്യാവതാരം മുതൽ ശ്രീരാമാവതാരം വരെയുള്ള എല്ലാ അവതാരങ്ങളും കണ്ടിട്ടുള്ളവനും ബ്രഹ്മപുത്രനുമായ ജാംബവാൻ, അഗ്നിയുടെ പുത്രനും അതിശക്തനുമായ നീലൻ, ബാലീപുത്രനായ അംഗദൻ തുടങ്ങിയുള്ളവരെ സംഘങ്ങളായി ഉൾപ്പെടുത്തണമെന്നും സുഗ്രീവൻ നിർദേശിച്ചു.
പർവ്വതങ്ങൾ, കൊടുംകാനനങ്ങൾ, ചുട്ടുപഴുത്ത മണലാരണ്യങ്ങൾ തുടങ്ങിയ സകല പ്രദേശങ്ങളും അരിച്ചുപെറുക്കിക്കൊണ്ടായിരുന്നു സീതാന്വേഷണ സംഘത്തിന്റെ നീക്കം. സുഗ്രീവൻ കൽപ്പിച്ച മുപ്പത് നാൾ കഴിയാറായി. സീതാദേവിയെക്കുറിച്ചുള്ള യാതൊരു വിവരങ്ങളും ശേഖരിക്കാൻ ഇനിയുമായിട്ടില്ല. ഒടുവിൽ സംഘത്തിന്റെ യാത്ര മഹാസാഗരത്തിനു മുന്നിൽ എത്തിയതോടെ ഏവരിലും നിരാശയും ദുഃഖവും സർവ്വോപരി ഭീതിയും ഉടലെടുത്തു. 'ഇനിയെന്ത്.....?' എന്നതായി ചിന്ത!
നിരാശയും ഭീതിയും നിഴലിട്ടു നിൽക്കുന്ന സ്വരത്തിൽ കിഷ്കിന്ധാ രാജ്യ യുവരാജാവ് കൂടിയായ അംഗദൻ പറഞ്ഞു: "നാം സീതാന്വേഷണം ആരംഭിച്ചിട്ട് നാളുകൾ ഏറെ ആയിരിക്കുന്നു. ഘോരവങ്ങളിലും മണൽക്കാടുകളിലും മലനിരകളിലുമെല്ലാം അലഞ്ഞു നടക്കുന്ന നമുക്ക് ദിവസങ്ങൾ എത്ര കടന്നു പോയി എന്നുപോലും കൃത്യമായി ഓർക്കാനാവുന്നില്ല. ഏതായാലും കിഷ്കിന്ധാ രാജാവ് നമുക്ക് നൽകിയ ദിവസങ്ങൾ തീരാറായിരിക്കുന്നു. ഇപ്പോൾ നാം എത്തിച്ചേർന്നിരിക്കുന്നത് സാഗര തീരത്താണ്. ഇനി അന്വേഷിക്കേണ്ടത് സാഗരത്തിലും സാഗരത്തിന് അപ്പുറത്തുമാണ്! അതെങ്ങനെയാണ് കഴിയുക എന്നറിയില്ല! രാജാവ് കൽപ്പിച്ച ദിവസങ്ങൾക്കുള്ളിൽ ദൗത്യം വിജയിപ്പിക്കാനാവില്ലെന്ന് ഉറപ്പായിരിക്കുന്നു. മറിച്ചാവണമെങ്കിൽ എന്തെങ്കിലും അത്ഭുതം സംഭവിക്കണം. ദൗത്യം വിജയിപ്പിക്കാതെ കിഷ്കിന്ധയിലേയ്ക്ക് മടങ്ങിച്ചെല്ലാനാവില്ല സുഗ്രീവന്റെ ആജ്ഞ ലംഘിച്ച ഒരാൾപോലും ഇന്ന് ജീവനോടെയില്ലെന്നത് സത്യമാണ്! വെറും കൈയോടെയാണ് മടക്കമെങ്കിൽ മരണം ഉറപ്പ്. എന്റെ പിതാവിന്റെ സഹോദരനാണ് സുഗ്രീവരാജാവെങ്കിലും ആജ്ഞ ലംഘിച്ചാൽ ആദ്യം വധിക്കുക എന്നെയായിരിക്കും. അതിന് അദ്ദേഹത്തിന് ഒരു മടിയുമുണ്ടാവില്ല. സുഗ്രീവാജ്ഞ അലംഘനീയം തന്നെയാണ്. അതുകൊണ്ടു തന്നെ ഞാൻ ഇനി രജസന്നിധിയിലേയ്ക്ക് മടങ്ങുന്നില്ല. ഇവിടെ-ഈ കാട്ടിൽ-കിടന്ന് മരിക്കാൻ പോവുകയാണ് ....!
തന്റെ പിതൃവ്യനാണ് സുഗ്രീവനെങ്കിലും അദ്ദേഹത്തിന്റെ ആജ്ഞ ലംഘിച്ചാൽ മരണം ഉറപ്പെന്ന് അംഗദൻ പറയുന്നതിൽ നിന്നുതന്നെ കാര്യങ്ങൾ വ്യക്തം.
ഭരണാധികാരിയുടെ ആജ്ഞകൾ ലംഘിക്കാൻ പാടില്ലാത്തതാണ് എന്ന് മാത്രമായി ഇതിനെ ചുരുക്കി കാണുവാൻ പാടില്ല. വാക്കുപറഞ്ഞാൽ അത് നടപ്പിലാക്കുന്നവനാണ് യഥാർത്ഥ ഭരണാധികാരിയെന്നും കൽപ്പിച്ചാൽ അതനുസരിക്കും വിധം പ്രജകളെ വാർത്തെടുക്കണമെന്നും അർത്ഥമാക്കുന്നു. ഒന്നുപറഞ്ഞ് മറ്റൊന്ന് പ്രവർത്തിക്കുന്നതും തന്റെ ബന്ധുക്കൾക്കും വേണ്ടപ്പെട്ടവർക്കും വേണ്ടി രാജ കൽപ്പനകളിൽ വെള്ളം ചേർക്കുന്നതും ഒട്ടും ആശാസ്യമല്ലെന്നും ഇതർത്ഥമാക്കുന്നു.
Read More in Organisation
Related Stories
ബി.എസ്.എസ് സംസ്കാര ഭാരതം കാവ്യസദസ്സ് - ഡോ. കവടിയാർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു
1 year, 8 months Ago
ലോകാത്ഭുതങ്ങൾ: പണ്ട് - ഇടക്കാലത്ത് - ഇപ്പോൾ
3 years, 5 months Ago
നെല്ലിക്ക : വിറ്റാമിൻ സിയുടെ കലവറ
2 years Ago
ഒക്ടോബർ മാസത്തെ ദിവസങ്ങൾ
3 years, 5 months Ago
ആയുർവേദത്തിലെ നാട്ടു ചികിത്സ
2 years, 9 months Ago
മറുകും മലയും
2 years, 4 months Ago
Comments