മുൻ-പിൻ നോക്കാതെയുള്ള വാക്കും പ്രവർത്തിയും അപകടത്തിലേയ്ക്ക് നയിക്കും: ബി.എസ്. ബാലചന്ദ്രൻ

11 months, 2 weeks Ago | 41 Views
കോപംപൂണ്ട് മുൻ-പിൻ ചിന്തിക്കാതെ പറയൂന്ന വാക്കുകൾ പലപ്പോഴും വലിയ അപകടങ്ങൾക്ക് വഴിമരുന്നിടുമെന്ന് രാമായണം നമ്മെ പഠിപ്പിക്കുന്നതായി ബി.എസ്.എസ് ദേശീയ ചെയർമാൻ ബി.എസ്. ബാലചന്ദ്രൻ പ്രസ്‌താവിച്ചു.
തെറ്റുചെയ്താൽ ശിക്ഷ ഉറപ്പാണെങ്കിലും തെറ്റ് മനസ്സിലാക്കി പശ്ചാത്തപിക്കുന്ന പക്ഷം തെറ്റുകൾ പൊറുക്കപ്പെടുമെന്നും രാമായണം വ്യക്തമാക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
രാമായണ പ്രഭാഷണ പരമ്പരയിൽ രാമായണ പ്രഭാഷണം നടത്തുകയായിരുന്നു ബി.എസ്. ബാലചന്ദ്രൻ.
അതിഭയങ്കരിയും ദുഷ്‌ടയും ഉഗ്രരൂപിണിയുമായിരുന്നു താടക. താടകാവനം (കരൂഷം) എന്ന കൊടും കാട്ടിലായിരുന്നു താടകയുടെ വാസം. ക്രൂരവും പരുഷവുമായ അക്രമ പ്രവർത്തികളും അമേയമായ മായാപ്രവർത്തികളും ആനന്ദമായി കൊണ്ടു നടന്ന താടകയെന്ന ഭയങ്കരിയെ പേടിച്ച് മനുഷ്യരോ വനദേവതകളോ ദേവന്മാർപോലുമോ ഈ വനത്തിൽ ഒന്ന് എത്തിനോക്കുവാൻ പോലും തയ്യാറായിരുന്നില്ല . താടകാവനത്തിന് മുകളിലൂടെ മേഘങ്ങളോ സൂര്യ-ചന്ദ്രന്മാർ പോലുമോ സഞ്ചരിക്കാൻ ധൈര്യപ്പെട്ടിരുന്നുമില്ല. അത്രമേൽ ഭയങ്കരിയായ താടകയുടെ മുൻകാലം എന്തായിരുന്നുവെന്നറിയുമ്പോൾ അത്ഭുതം തോന്നും. യഥാർത്ഥത്തിൽ ലക്ഷ്മീദേവിയാണ് പിന്നീട് രാക്ഷസിയായി മാറിയ താടക. ലക്ഷ്മീദേവി താടകയായി ജന്മമെടുത്തതിന് കാരണം ഇതാണ്. ഗംഗാദേവിയും സരസ്വതിദേവിയും ലക്ഷ്മീദേവിയും ഉറ്റ ചങ്ങാതിമാരായിരുന്നു. അവർ പരസ്‌പരം വല്ലാതെ ഇഷ്‌ടപ്പെട്ടിരുന്നു. ഒരിക്കൽ ഗംഗാദേവിയും സരസ്വതീദേവിയും തമ്മിൽ വഴക്കുണ്ടായി. സുഹൃത്തുക്കൾ തമ്മിലുണ്ടാകാറുള്ള സാധാരണ വഴക്കു മാത്രമായിരുന്നു അത്. ഈ വഴക്കിനിടെ ഇരുവരെയും സമാധാനിപ്പിക്കാനായി ലക്ഷ്മീദേവി ശ്രമിച്ചു. എന്നാൽ കോപംപൂണ്ടു നിന്ന സരസ്വതീദേവിക്ക് സമാധാനിപ്പിക്കാനെത്തിയ ലക്ഷ്മീ ദേവിയോടും ദേഷ്യം തോന്നി. വഴക്കിനിടെ സരസ്വതീദേവി ഇങ്ങനെ പറഞ്ഞു: "നീ ലക്ഷ്മിയല്ല; നിമിഷം നേരംകൊണ്ട് കുറുമാറുന്ന രാക്ഷസിയാണ്." പറഞ്ഞുകഴിഞ്ഞപ്പോഴാണ് തന്റെ വാക്കുകൾ പാഴാവില്ലല്ലോയെന്ന് സരസ്വതീദേവി ഓർത്തത്. സരസ്വതീദേവി പൊട്ടിക്കരഞ്ഞു പോയി
അബദ്ധത്തിൽ തന്റെ നാവിൽ നിന്നും വന്നുപോയ വാക്കുകൾ പ്രിയ സ്നേഹിതയെ ദോഷകരമായി ബാധിക്കുമല്ലോയെന്നോർത്തപ്പോൾ സരസ്വതീ ദേവിക്ക് സഹിക്കാനായില്ല. സരസ്വതീദേവി ലക്ഷ്മീദേവിയെ കെട്ടിപ്പിടിച്ച് കരഞ്ഞു. കാലിൽ കെട്ടിപ്പിടിച്ച് മാപ്പപേക്ഷിച്ചു. ലക്ഷ്മീദേവിക്കും പ്രയാസമായി. സരസ്വതീദേവിയെ പിടിച്ചെഴുന്നേൽപ്പിച്ച് കെട്ടിപ്പിടിച്ചുകൊണ്ട് ലക്ഷ്മീദേവിയും കരഞ്ഞു. ദേവിമാരുടെ ദുഃഖം മനസ്സിലാക്കി ഉടനെ അവിടെയെത്തിയ ശ്രീമഹാവിഷ്‌ണു ഇരുവരെയും സമാധാനിപ്പിച്ചു. ഇരുവരും സമാധാനിക്കുക; ആശ്വസിക്കുക; ഇത് വിധിയാണ്. വിധിയെ തടുക്കാൻ ആരാലുമാവില്ല. യക്ഷനായ സുകേതു ലക്ഷ്മിദേവിയെ മകളായി ലഭിക്കുവാൻ വേണ്ടി ഉഗ്രതപസ്സ്നുഷ്‌ഠിക്കുകയാണ്. ദേവി സരസ്വതിയുടെ ഈ വാക്കുകൾ ലക്ഷ്‌മീദേവിക്ക് സുകേതുവിന്റെ പുത്രിയാവാൻ വഴിയൊരുക്കിയിരിക്കുന്നു.''
ഇതുകേട്ട് ലക്ഷ്മീദേവി യാതൊന്നും സംഭവിക്കാത്ത മട്ടിൽ നിൽക്കുകയായിരുന്നു. സരസ്വതീദേവിയുടെ മുഖത്താണെങ്കിൽ വല്ലാത്ത ഉൽക്കണ്ഠ. കണ്ണുനീരൊഴുക്കിക്കൊണ്ട് സരസ്വതിദേവി വിഷ്ണുവിന്റെ മുഖത്തേയ്ക്ക് നോക്കിനിന്നു. ശ്രീ മഹാവിഷ്‌ണു തുടർന്നു. സുകേതുവിന് ജനിക്കുന്ന പുത്രി താടകയെന്നായിരിക്കും അറിയപ്പെടുക. അവൾക്ക് ആയിരം ആനകളുടെ ശക്തിയുണ്ടാവും. താടകക്ക് ഒരുനാൾ അഗസ്ത്യമുനിയിൽനിന്നും ശാപമേൽക്കേണ്ടിവരും. അഗസ്ത്യശാപംമൂലം താടക രാക്ഷസിയായി മാറും. അങ്ങിനെ സരസ്വതീദേവിയുടെ ശാപം ലക്ഷ്‌മീദേവിയിൽ ഫലിക്കും.
ഇതുകേട്ട് സരസതീദേവി കണ്ണീരൊഴുക്കിക്കൊണ്ട് ആരാഞ്ഞു: "പിന്നീട് എന്തുസംഭവിക്കും" അതിന് വിഷ്ണുദേവൻ പറഞ്ഞു: "ദേവി വിഷമിക്കണ്ട ഞാൻ രാമനായി അവതരിക്കുന്ന കാലത്ത് ദുഷ്‌ടയായ താടകയെ വധിച്ച് ലക്ഷ്മീദേവിയെ പൂർവ്വസ്‌ഥിതിയിലേക്ക് എത്തിക്കുന്നതാണ്..."
ഈവിധം കോപത്താൽ മുൻ -പിൻ ചിന്തിക്കാതെ സരസ്വതീ ദേവി പറഞ്ഞ വാക്കുകളാണ് ലക്ഷ്മീദേവിയെ താടകയാക്കി മാറ്റിയത്. മക്കളില്ലായിരുന്ന സുകേതു ബ്രഹ്‌മദേവനെ തപസ്സുചെയ്‌ത് നേടിയതാണ് താടകയെന്ന പുത്രി. “ആയിരം ആനകളുടെ ശക്തിയുള്ള ഒരു മകൾ ജനിക്കും" എന്നതായിരുന്നു ബ്രഹ്മദേവന്റെ അനുഗ്രഹം. താടക വളർന്നപ്പോൾ നിസുന്ദന്റെ പുത്രനായ സുന്ദനെ വിവാഹം കഴിച്ചു. സുന്ദന് താടകയിലുണ്ടായ മക്കളാണ് മാരീചനും സുബാഹുവും. അഗസ്ത്യശാപം മൂലം സുന്ദൻ മരിച്ചപ്പോൾ കോപം പൂണ്ട താടകയും മക്കളും അഗസ്ത്യമുനിയെ ആക്രമിച്ചു. മുൻ-പിൻ ചിന്തിക്കാതെയുള്ള ഈ പ്രവർത്തിയാണ് അവരെ രാക്ഷസരാക്കിയത്. അഗസ്ത്യ മുനി അവരെ ശപിച്ച് രാക്ഷസരാക്കുകയായിരുന്നു. തുടർന്ന് പശ്ചാത്താപവിവശരായ താടകയും മക്കളും മുനീന്ദ്രനോട് ശാപമോക്ഷം ഇരന്നു. ശാന്തനായ മുനി ശ്രീരാമനാൽ നിങ്ങൾക്ക് ശാപമോക്ഷം ലഭിക്കും" എന്ന ശാപമോക്ഷം നൽകുകയായിരുന്നു- ബി.എസ്. ബാലചന്ദ്രൻ പ്രഭാഷണത്തിൽ തുടർന്നുപറഞ്ഞു.
Read More in Organisation
Related Stories
സദ്ഭാവനാ ട്രസ്റ്റ് പുസ്തകങ്ങൾ പ്രകാശനം ചെയ്തു.
2 years Ago
കാര്യവിചാരം
3 years Ago
‘ലോകാ സമസ്താ സുഖിനോ ഭവന്തു’ ബി.എസ്. എസിന്റെ പ്രവർത്തനശൈലി: ബി.എസ്. ഗോപകുമാർ
2 years, 4 months Ago
മെയ് ഡയറി
3 years, 9 months Ago
ഗുരു ദക്ഷിണയുടെ പേരിൽ കുത്സിത തന്ത്രം
2 years Ago
ധീര സാഹസികൻ ഇരവിക്കുട്ടിപ്പി ള്ള
1 year, 11 months Ago
സെയ്ഷെൽസ് (Seychelles)
1 year, 11 months Ago
Comments