Thursday, April 10, 2025 Thiruvananthapuram

അങ്കണവാടികൾക്ക് നിലവാരം അനുസരിച്ച് ഗ്രേഡ് നൽകും

banner

2 years, 11 months Ago | 265 Views

അങ്കണവാടികൾവഴി നൽകുന്ന സേവനത്തിന്റെ നിലവാരം മെച്ചപ്പെടുത്താൻ അടിസ്ഥാനസൗകര്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് മാർക്കിടുന്നു. മികവിന്റെ അടിസ്ഥാനത്തിൽ എ,ബി,സി,ഡി എന്നീ വിഭാഗങ്ങളിലായി ഗ്രേഡും നൽകും. മേയ് 15-നകം പരിശോധന നടത്തി ഗ്രേഡ് നൽകും. അങ്കണവാടി കെട്ടിടം, ശൗചാലയസൗകര്യം, കളിസ്ഥലം, കുട്ടികളുടെ എണ്ണം, സുരക്ഷ, ഭവനസന്ദർശനം, കൗമാര ക്ലബ്ബ് തുടങ്ങിയ 26 കാര്യങ്ങൾ പരിശോധിച്ചാണ് മാർക്കിടുന്നത്. 75 മുതൽ 100 മാർക്കുവരെ ലഭിക്കുന്നവ എ വിഭാഗത്തിലും 50 മുതൽ 74 വരെയുള്ളവ ബിയിലും 36 മുതൽ 49 വരെയുള്ളവ സിയിലും 35ന് താഴെയുള്ളവ ഡി വിഭാഗത്തിലും ഉൾപ്പെടുത്തും. ഓരോ വർഷവും 10 ശതമാനം അങ്കണവാടികളെങ്കിലും തൊട്ടടുത്ത ഗ്രേഡിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നാണ് വനിതാ ശിശുവികസന വകുപ്പിന്റെ നിർദേശം. ആദ്യം സൂപ്പർവൈസറും പിന്നീട് ശിശുവികസന പദ്ധതി ഓഫീസർ, പ്രോഗ്രാം ഓഫീസർ എന്നിവരും ഇടയ്ക്കിടെ അങ്കണവാടി സന്ദർശിച്ച് ഗ്രേഡിങ് ഉറപ്പാക്കണം. ഓരോ തവണ സന്ദർശിക്കുമ്പോഴും പ്രവർത്തനം വിലയിരുത്തി ഗ്രേഡിങ്ങിൽ മാറ്റംവരുത്താം. തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷന്റെ നേതൃത്വത്തിലുള്ള പഞ്ചായത്തുതല കമ്മിറ്റിയും ഓരോ വർഷവും സന്ദർശിച്ച് ഗ്രേഡിങ് നൽകണം.

ഡി ഗ്രേഡിൽനിന്ന്‌ ഉയരാത്തവയ്ക് നെഗറ്റീവ് മാർക്ക് നൽകും. സി, ഡി ഗ്രേഡുകളിലുള്ളവയുടെ നിലവാരം ഉയർത്താൻ കർമപദ്ധതി രൂപവത്കരിക്കണം. ഡി ഗ്രേഡിൽ ഉൾപ്പെടുന്ന അങ്കണവാടികളിലെ പ്രവർത്തകർക്ക് എ വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിനുള്ള അവസരം നൽകണം. ഗ്രേഡ് തിരിച്ചുള്ള കണക്കും നിലവാരം ഉയർത്തുന്നതിനായി സ്വീകരിച്ച നടപടിയും ശിശുവികസനപദ്ധതി ഓഫീസർമാരുടെ ഓരോ മാസത്തെയും യോഗത്തിൽ അവലോകനം ചെയ്യണമെന്നും നിർദേശമുണ്ട്. 



Read More in Kerala

Comments