Friday, April 18, 2025 Thiruvananthapuram

പൈപ്പ് വഴി വീടുകളിലേക്ക് പാചക വാതകം

banner

3 years, 1 month Ago | 302 Views

പൈപ്പ് വഴി വീടുകളിലേക്ക് പാചക വാതകം എത്തിക്കുന്ന സിറ്റി ഗ്യാസ് (പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ്) പദ്ധതി തെക്കൻ കേരളം മുഴുവൻ വ്യാപിപ്പിക്കാനുള്ള നടപടികൾ ഊർജിതമായി. എറണാകുളത്തിനു പിന്നാലെ  ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് പദ്ധതി വരുന്നത്. ആലപ്പുഴ ജില്ലയിലെ പ്രവർത്തനങ്ങൾ ചേർത്തല നഗരസഭയിലും വയലാർ പഞ്ചായത്തിലുമാണ് ഇപ്പോൾ നടക്കുന്നത്. പാചക വാതക പ്ലാന്റും പൈപ്പുകളും സ്ഥാപിച്ചു തുടങ്ങി.

അറ്റ്ലാന്റിക് ഗൾഫ് ആൻഡ് പസിഫിക് (എജി ആൻഡ് പി പ്രഥം) എന്ന കമ്പനിക്കാണ് ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ പദ്ധതിയുടെ ചുമതല. ദേശീയപാതയോരത്ത് വയലാറിലാണ് ആദ്യ പ്ലാന്റ് നിർമിക്കുക. കുടിവെള്ള പൈപ്പ് കണക്‌ഷന്റെ രീതിയിൽ പ്ലാന്റിൽ നിന്ന് ഭൂമിക്കടിയിൽ സ്ഥാപിക്കുന്ന കുഴലുകളിലൂടെ അടുക്കളകളിലേക്ക് നേരിട്ട് പാചക വാതകം  എത്തും. ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്ത് വാങ്ങുന്ന രീതി ഇനി ആവശ്യമില്ല. സാധാരണ സ്റ്റൗ തന്നെ ഉപയോഗിക്കാമെങ്കിലും അതിൽ ചെറിയ വ്യത്യാസങ്ങൾ നിർവഹണ ഏജൻസി ചെയ്യും. പാചകവാതകം ലഭിക്കാനുള്ള സെക്യൂരിറ്റി തുക തവണകളായി അടയ്ക്കാനും പാചകവാതക ഉപയോഗം അനുസരിച്ച് ബില്ലടയ്ക്കാനും ക്രമീകരണമുണ്ടാകുമെന്ന് അറിയുന്നു.

നിലവിലുള്ള എൽപിജിയെക്കാൾ വിലക്കുറവ്, വീടുകളിൽ നേരിട്ട് എത്തും, സിലിണ്ടർ വേണ്ട, അപകട സാധ്യത ഇല്ല, മലിനീകരണമില്ല  തുടങ്ങിയവയാണ് സിറ്റി ഗ്യാസിന്റെ പ്രത്യേകതകൾ. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കാൻ പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് റെഗുലേറ്ററി ബോർഡാണ്  അനുമതി നൽകിയത്. 



Read More in Kerala

Comments

Related Stories