Saturday, April 19, 2025 Thiruvananthapuram

എം.എം.ഹസ്സൻ നേരിന്റെ മനുഷ്യമുഖം

banner

3 years Ago | 298 Views

പൊയ്മുഖങ്ങളുമണിഞ്ഞെത്തിയ എത്രയോ രാഷ്ട്രീയ ഭാഗ്യാന്വേഷികളെ അധികാര സോപാനങ്ങളിൽ ഇരുത്തി നാം ആരാധിച്ചിട്ടുണ്ട്. ഞാനെന്ന ഭാവവും കറതീർന്ന അധികാര പ്രമത്തതയും ചേർന്ന് മനസ്സിന്റെ രാജ്യഭാരം ഏറ്റെടുത്ത മുഹൂർത്തങ്ങളിൽ അത്തരം ഭരണാധികാരികൾ അധികാരത്തിലേറാൻ സ്വയം ചാർത്തിയ പൊയ്മുഖങ്ങൾ വലിച്ചു നീക്കുകയും വിശ്വരൂപം പ്രദർശിപ്പിച്ച് തങ്ങളുടെ കാലഘട്ടത്തെ ആകെത്തന്നെ കബളിപ്പിക്കാൻ വൃഥാ യത്നിക്കുകയും ചെയ്തു. സ്വന്തം ഇച്ഛാശക്തികൊണ്ട് ചരിത്ര പ്രവാഹത്തിന് പുതിയ ചാലുകൾ കീറാൻ ശ്രമിച്ച അത്തരക്കാരുടെ ദുരന്തത്തിനും ഈ രാജ്യം സാക്ഷി നിന്നു. ഇതെല്ലാം സമകാലീന രാഷ്ട്രീയ സംഭവവികാസങ്ങളിൽ ചിലതാണ്! മഹാ കാലമെന്ന യാഗാശ്വം ചവുട്ടി മെതിച്ച്  പിന്തള്ളുന്ന സംഭവ പരമ്പരകളിൽ  ഇങ്ങിനെയും ചിലത് വേണമായിരിക്കും.

ഈ ഘട്ടത്തിലാണ് 'അധികാരത്തിന്റെ ശീതളച്ഛായ'യിൽ മയങ്ങാൻ മോഹിക്കുകയോ പാർലമെന്ററി വ്യാമോഹം വെച്ചുപുലർത്തുകയോ ചെയ്യാതെ മനസ്സിനെ ജാതി-മത ചിന്തകളുടെ ബാലികേറാമലയായി സൂക്ഷിച്ചുകൊണ്ട് സമൂഹത്തിന്റെ നന്മക്കും പാർശ്വവത്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനും വേണ്ടി മനസ്സും ശരീരവും ഉഴിഞ്ഞുവച്ച് പ്രവർത്തിക്കുന്ന എം.എം.ഹസനെപ്പോലുള്ള രാഷ്ട്രീയ നേതാക്കളുടെ മഹത്വം നമുക്ക് അനുഭവവേദ്യമാകുന്നത്!

ജനങ്ങൾക്കും സമൂഹത്തിനും വേണ്ടി സമ്പൂർണ്ണമായി സമർപ്പിക്കപ്പെട്ട ജീവിതത്തിന് ആർജ്ജിക്കാവുന്ന ആത്മസംശുദ്ധി ഓരോ പരമാണുവിലും സുരമൃത ചാർത്തിയിരിക്കുന്ന ഒരസാധാരണ വ്യക്തിചൈതന്യമാണ് എം.എം.ഹസ്സൻ. മൂല്യശോഷണം  വന്ന രാഷ്ട്രീയ രംഗവേദിയിൽ ആത്മാർത്ഥതയുടെയും അർപ്പണബോധത്തിന്റെയും കൽഹാരകുസുമങ്ങൾ വിരിയിക്കുന്ന എം.എം.ഹസ്സനെപ്പോലുള്ളവർ പൊതുപ്രവർത്തന നഭോമണ്ഡലത്തിൽ ജാജ്വല്യമാനമായ അധ്യായങ്ങളാണ് വിരചിക്കുന്നതെന്നതിൽ സംശയമില്ല.   രാഷ്ട്രീയ ജൂദാസ് എന്ന പദവി നന്നേ ഇണങ്ങുമെന്ന് ഭംഗ്യന്തരേണ വ്യക്തമാക്കുന്ന എത്രയോ രാഷ്ട്രീയ നേതാക്കളെ നമുക്ക് ചുറ്റും കാണാൻ കഴിയുമെന്നിരിക്കെ അവരിൽ നിന്നെല്ലാം വ്യതിരിക്തനായി ഈ രംഗത്തെ ശുഭ്രനക്ഷത്രമായി അദ്ദേഹം തിളങ്ങിനിൽക്കുന്നതിന് കാരണവും മറ്റൊന്നല്ല.

രാഷ്ട്രീയ സത്യസന്ധത, ത്യാഗനിർഭരതയുടെ അഗ്നികുണ്ഡത്തിൽ വിളയിച്ചെടുത്ത സേവനതൃഷ്ണ, ജനാധിപത്യത്തോടുള്ള അതിരുകടന്ന ആഭിമുഖ്യം തുടങ്ങിയ മുഖമുദ്രയാക്കിയ എം.എം.ഹസ്സന്റെ ജീവിതം ഇന്നത്തെ രാഷ്ട്രീയ വിദ്യാർത്ഥികൾക്ക് സാധനാപാഠമാക്കാൻ പറ്റിയതാണെന്ന കാര്യത്തിൽ തർക്കമില്ല. സ്വതന്ത്ര ഇന്ത്യയുടെ പിതാക്കൾ അവരുടെ ആത്മാംശമായി എന്നും സൂക്ഷിച്ചുപോന്ന ഉദാത്തമായ മാനദണ്ഡങ്ങൾ പൊടിയും കറയും പുരളാതെ കാത്തുസൂക്ഷിക്കുന്ന കാര്യത്തിലും ഈ ഉജ്ജ്വല വാഗ്മി പ്രത്യേകം ശ്രദ്ധിക്കുന്നു.

വിദ്യാർത്ഥിയായിരുന്ന കാലത്ത് യുവനേതാവായ എം.എം.ഹസ്സന്റെ തീപ്പൊരിപ്രസംഗം കേട്ട് അദ്ദേഹത്തിൽ ആകൃഷ്ടനായാണ് ഞാൻ കെ.എസ്.യു. പ്രവർത്തകനാവുന്നത്. തുടർന്ന് അദ്ദേഹവുമായി കൂടുതൽ അടുത്തപ്പോൾ ഒരു മഞ്ഞുതുള്ളിപോലെ നിർമ്മലവും ഗഗനം പോലെ വിശാലവും; വെണ്മേഘങ്ങൾപോലെ കളങ്കരഹിതവും; മഹാർണ്ണവ സമാനം സ്നേഹ സമ്പുഷ്ടവും; ഹിമഗിരിശിഖരതുല്യ ചിന്തകളും സർവ്വോപരി വജ്രസാര മതനിരപേക്ഷതയുമെല്ലാം ചേർന്ന ആ അത്യസാധരണ ഹൃദയപ്രഭക്കു മുന്നിൽ ഇപ്പോൾ തൊഴുതു നിൽക്കുന്നു എന്ന് വേണം പറയാൻ. അതേപോലെ തന്നെ നല്ലതെന്ന് ചിന്തിച്ചുറപ്പിച്ചശേഷം മാത്രം പറയുന്ന അഭിപ്രായങ്ങളിലെ ആലക്തിക ശക്തിയും മറ്റുള്ളവരെ അദ്ദേഹത്തിലേയ്ക്ക് വലിച്ചടുപ്പിക്കും. അല്പം കടുത്ത സ്വരമാണ് അദ്ദേഹത്തിന്റേതെങ്കിലും മനസിസ്ന്റെ ആർദ്രതയും അതിൽ നിറഞ്ഞു നിൽക്കുന്ന സഹജീവി സ്നേഹവും നൈതലാമ്പലിന്റെ ദളങ്ങൾക്കും തുല്യം പേലവമാണ്.  

പ്രതിസന്ധിഘട്ടങ്ങളിൽ തളരാതെയും തകരാതെയും നിന്ന് അവയെ ഫലപ്രദമായി നേരിടുന്ന കാര്യത്തിൽ എം.എം.ഹസ്സനുള്ള കഴിവ് അനിതരസാധാരണം തന്നെ. പ്രശ്നങ്ങൾ-അവ എത്ര കടുത്തതായാലും അതിനുമുന്നിൽ പകച്ചു നിൽക്കുക എന്നത് എം.എം.ഹസ്സന്റെ നിഘണ്ടുവിലുള്ള കാര്യമല്ല. "ആകാശം ഇടിഞ്ഞുവീഴുന്നു" എന്ന് പറഞ്ഞാൽ "വരട്ടെ, നമുക്ക് ഊന്നു കൊടുത്തു നിറുത്താം" എന്നായിരിക്കും എം.എം.ഹസ്സന്റെ മറുപടി! 

തന്നെ സ്നേഹിക്കുന്നവർക്ക് സ്നേഹം വാരിക്കോരി കൊടുക്കുന്ന കാര്യത്തിൽ അദ്ദേഹം ഒരു ലുബ്ദം കാട്ടാറില്ല. ഒപ്പം നിൽക്കുന്നവരുടെ പ്രശ്നങ്ങളിൽ കൈ -മെയ് മറന്ന് ഇടപെടുന്ന കാര്യത്തിലും അദ്ദേഹം മുന്നിൽത്തന്നെയുണ്ടാവും. ജാതിയെന്നോ മതമെന്നോ ഉള്ള ചിന്ത അദ്ദേഹത്തെ തൊട്ടുതീണ്ടിയിട്ടുകൂടിയില്ല. "ഒരു ജാതി, ഒരു മതം, ഒരു ദൈവം" എന്നത് അതിന്റേതായ പൂർണ്ണമായ അളവിലും അർത്ഥത്തിലും ഉൾക്കൊണ്ട് പ്രവർത്തിക്കുകയും ജീവിക്കുകയും ചെയ്യുന്ന രാഷ്ട്രീയ നേതാവാണ് എം.എം.ഹസ്സനെന്ന് അദ്ദേഹത്തെ അടുത്തറിയുന്ന വ്യക്തി എന്ന നിലയിൽ എനിക്ക് തറപ്പിച്ചു പറയുവാനാവും. ഒന്നിച്ചുള്ള യാത്രാവേളകളിൽ യാത്രാരംഭത്തിന് മുമ്പ് പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ ദർശനം നടത്തുക എന്നത് എന്റെ ശീലമാണ്. പുലർച്ചെ ഞങ്ങൾ ഒത്ത് യാത്ര തിരിക്കുമ്പോൾ അദ്ദേഹമാണ് പലപ്പോഴും ആദ്യം പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലേയ്ക്ക് പോകാൻ ഡ്രൈവർക്ക് നിർദ്ദേശം നൽകാറുള്ളത്. ഞാൻ തൊഴുത് മടങ്ങുംവരെ തൊഴുത് മടങ്ങുംവരെ അദ്ദേഹം കാറിന് പുറത്തിറങ്ങി ക്ഷമയോടെ കാത്തുനിൽക്കുകയായിരിക്കും.

ഒരിക്കൽ തിരുനെല്ലിയിൽ പി.ടി.തോമസ് സംഘടിപ്പിച്ച സംസ്കൃതിയുടെ ക്യാമ്പിൽ സംബന്ധിക്കുവാനായി ഞാനും എം.എം.ഹസ്സനും ഒന്നിച്ചാണ് പോയത്. ക്യാമ്പിൽ പങ്കെടുത്ത് മടങ്ങാൻ തുടങ്ങവേ അദ്ദേഹം പറഞ്ഞു "ബാലചന്ദ്രാ ... തിരുനെല്ലിക്ഷേത്രം വളരെ പ്രസിദ്ധമാണ്. ഇവിടെ വന്നിട്ട് ക്ഷേത്രദർശനം നടത്താതെ മടങ്ങേണ്ട...". ഞങ്ങൾ തിരുനെല്ലി ക്ഷേത്രത്തിൽ പോയി. ഞാൻ ക്ഷെത്രത്തിൽ കടന്നു പ്രാർത്ഥിക്കുമ്പോൾ അദ്ദേഹം പുറത്ത് കാത്തുനിൽക്കുകയായിരുന്നു.  ഗുരുവായൂർ വഴി യാത്രചെയ്യേണ്ടിവന്നപ്പോഴൊക്കെയും ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്താൻ ഓർമ്മിപ്പിച്ചിട്ടുള്ളതും നിർബന്ധിച്ചിട്ടുള്ളതും എം.എം.ഹസ്സനാണെന്ന കാര്യവും പറയാതിരിക്കാനാവില്ല. എം.എം.ഹസ്സൻ എഴുതിയ "ഓർമ്മച്ചെപ്പ്"ന്റെ പ്രകാശന വേളയിൽ സി.പി.എം.നേതാവും മുൻമന്ത്രിയുമായ ജി.സുധാകരൻ നടത്തിയ പ്രസംഗം ഇത്തരുണത്തിൽ ഓർക്കുന്നു. തികഞ്ഞ മതേതര വാദിയാണ് എം.എം.ഹസ്സൻ. ആ നിലയ്ക്കുള്ള അദ്ദേഹത്തിന്റെ പ്രവർത്തനം എന്നെ വല്ലാതെ ആകർഷിച്ചിട്ടുണ്ട്. വർഗ്ഗീയത തൊട്ടുതീണ്ടിയിട്ടില്ലാത്ത വ്യക്തിയാണ് എം.എം.ഹസ്സനെന്ന് എനിക്ക് പൂർണ്ണ മനസ്സോടെ സാക്ഷ്യപ്പെടുത്താനാവും..." രാഷ്ട്രീയരംഗത്ത് എതിർ ധ്രുവത്തിൽ നിൽക്കുന്ന നേതാവിന്റേതാണ് ഈ അഭിപ്രായ പ്രകടനമെന്നോർക്കണം. 

ഏതെങ്കിലും ഒരു പ്രശ്നത്തിന് ഇറങ്ങിത്തിരിച്ചാൽ എത്ര ബുദ്ധിമുട്ട് സഹിച്ചാലും അത് വിജയപ്രദമാക്കുക എന്നത് എം.എം.ഹസ്സന്റെ രക്തത്തിൽ അലിഞ്ഞു ചേർന്ന സ്വഭാവമാണ്. അതിന് എത്രയോ ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടാനുമാവും. 'ജനശ്രീ'യുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് പുലർച്ചെയും അർദ്ധരാത്രിയിലുമൊക്കെ മഴയും നനഞ്ഞു പെട്ടിയും തൂക്കി നടന്നെത്തുന്ന എം.എം.ഹസ്സനെ പലപ്പോഴും അത്ഭുതത്തോടെയും അതിലേറെ ആദരവോടെയും ഞാൻ നോക്കി നിന്നിട്ടുണ്ട്! 'ജനശ്രീ എന്ന പ്രസ്ഥാനം ഇന്ത്യയിലെ ഏറ്റവും വലിയ സംഘടനകളിലൊന്നായി വളർന്നു പടർന്നു പന്തലിച്ചു നിൽക്കുന്നതിനുള്ള കാരണങ്ങളിൽ പ്രധാനവും മറ്റൊന്നല്ല. 

എം.എം.ഹസ്സനെന്ന നേതാവിനോട് സാധാരണ ജനങ്ങളുടെ സ്നേഹവും ബഹുമാനവും എത്ര വലുതാണെന്ന് നേരിട്ട് കണ്ടറിഞ്ഞിട്ടുള്ള വ്യക്തിയാണ് ഞാൻ.യാത്രാവേളകളിലാണ് അത് പ്രകടമായി മനസ്സിലാക്കാൻ കഴിയുന്നത്. ഓരോ സ്ഥലങ്ങളിലും ചെല്ലുമ്പോൾ അദ്ദേഹത്തെ ജന്മ "പൊതിയുന്ന"താണ് കാണാൻ കഴിയുക. അതിൽ  ജാതി-മത-രാഷ്ട്രീയ ഭിന്നതകളൊന്നുമുണ്ടാവാറില്ല. വ്യക്തിബന്ധങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന സ്വഭാവക്കാരൻ എന്നതുകൊണ്ടുതന്നെ വൻ സുഹൃദ്വലയമാണ് അദ്ദേഹത്തിനുള്ളത്. ഒപ്പം നിന്ന് സെൽഫിയെടുക്കാനും കുശലപ്രശ്നത്തിനുമൊക്കെയായി ജനം തിക്കിത്തിരക്കുന്നത് സാധാരണ കാഴ്ചയാണ്. 

വായനാശീലം എം.എം.ഹസ്സന്റെ പ്രധാന പ്രത്യേകതയാണ്. അദ്ദേഹം വായിക്കാത്ത പുസ്തകങ്ങൾ കുറവാണെന്നുതന്നെ പറയാം. മതഗ്രന്ഥങ്ങളും-അത് ഖുറാനായാലും ബൈബിളായാലും ഭഗവദ്ഗീതയായാലും എം.എം.ഹസ്സന് ഹൃദിസ്ഥമാണ്. എല്ലാ മതഗ്രന്ഥങ്ങളും ഇത്ര ആഴത്തിൽ വായിച്ചു മനസ്സിലാക്കിയ രാഷ്ട്രീയ നേതാക്കൾ വിരളം. രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും ഏതുഭാഗവും അദ്ദേഹത്തിന് കാണാപ്പാഠമാണെന്ന് സംഭാഷണങ്ങളിൽ വ്യക്തമാവും.  ഖുർ ആൻ കഴിഞ്ഞാൽ അദ്ദേഹത്തിന് ഏറ്റവും കൂടുതൽ വായിച്ചിട്ടുള്ള മതഗ്രന്ഥങ്ങൾ രാമായണവും ഭഗവത്ഗീതയുമാണെന്ന് പറഞ്ഞാൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല. എനിക്ക് അങ്ങിനെയാണ് തോന്നിയിട്ടുള്ളത്. വായനാശീലം അദ്ദേഹത്തിന് ഇന്നോ ഇന്നലെയോ ഉണ്ടായതല്ല. സ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ അദ്ദേഹം ഏറെ വായിക്കുന്ന പ്രകൃതക്കാരനായിരുന്നു. സ്കൂളിൽ പഠിക്കുമ്പോൾ ക്ലാസ്സിലുള്ള കുട്ടികൾക്ക് കഥ പറഞ്ഞുകൊടുക്കുന്ന ശീലം ഹസ്സനുണ്ടായിരുന്നു. താൻ വായിക്കുന്ന പുസ്തകങ്ങളിലെ കഥകൾ വളരെ തന്മയത്വത്തോടെ അദ്ദേഹം സഹപാഠികൾക്ക് വിശദീകരിച്ചു കൊടുക്കും. തനിക്ക് നന്നായി പ്രസംഗിക്കുവാനുള്ള കഴിവ് ഈ വിധമാണ് ലഭിച്ചതെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പ്രസംഗത്തിന് പുറമെ പഠനകാലത്ത് മികച്ച നടൻ കൂടിയായിരുന്നു അദ്ദേഹം ഒട്ടേറെ നാടകങ്ങളിൽ അദ്ദേഹം മികച്ച അഭിനയം കാഴ്ചവെച്ചിട്ടുണ്ട്.  

സമ്പന്നമായ ഒരു തറവാട്ടിലായിരുന്നു എം.എം.ഹസ്സന്റെ ജനനം. പിതാവിന് സഹോദരങ്ങൾക്കൊപ്പം ചാല കമ്പോളത്തിൽ പലചരക്കുകടയായിരുന്നു. മുത്തച്ഛനിൽ നിന്നും പകർന്നു കിട്ടിയ കച്ചവട വാസന. പുരാതന മുസ്ലിം കുടുംബമായ 'മുസ്ലിയാർ' തറവാട്ടിലെ അംഗമായ പിതാവ് എം. മാലിക് മുഹമ്മദ് സുമുഖനും സുന്ദരനുമായിരുന്നുവെന്ന് ഹസ്സൻ ഓർക്കുന്നുണ്ട്. തിരുവനന്തപുരം മണക്കാട്ടെ പുരാതന മുസ്ലിം കുടുംബമായ ഊനാ കുടുംബത്തിലെ അംഗമായ ഫാത്തിമാ ബീവിയാണ് അമ്മ.  

ഏറെക്കാലത്തിനുശേഷം കുടുംബത്തിലുണ്ടായ ആദ്യ ആൺകുഞ്ഞായിരുന്നു അദ്ദേഹം എന്നതുകൊണ്ടുതന്നെ ഏറെ വാത്സല്യം ലഭിച്ചിരിക്കുന്നുവെങ്കിലും വിധി അദ്ദേഹത്തെ വെറുതെ വിട്ടില്ല. അത് പോളിയോ രോഗത്തിന്റെ വേഷത്തിലെത്തി അദ്ദേഹത്തെ നിഷ്ക്കരുണം വേട്ടയാടുകയായിരുന്നു. പോളിയോ രോഗത്തിന് വാക്സിൻ കണ്ടുപിടിച്ചിട്ടില്ലായിരുന്നു അന്ന്.  അദ്ദേഹത്തിന്റെ ഇടതുകരത്തെ തളർത്താൻ അതിന് കഴിഞ്ഞുവെങ്കിലും മനസ്സിനെ തരിമ്പുപോലും തളർത്താനായില്ലായെന്നതാണ് സത്യം.  

മാതാപിതാക്കൾ അദ്ദേഹത്തിനിട്ട പേര് എം.മുഹമ്മദ് ഹസനുള്ള എന്നായിരുന്നു. തിരുവനന്തപുരം എസ്.എം.വി സ്കൂളിൽ പഠിക്കവേ തുടർച്ചയായി ക്ലാസ് മോണിറ്ററായിരുന്ന അദ്ദേഹത്തെ പേരുചൊല്ലിവിളിക്കുവാനുള്ള അസൗകര്യം കണക്കിലെടുത്ത് അദ്ധ്യാപകരും സഹപാഠികളും ചേർന്നാണ് അദ്ദേഹത്തിന്റെ പേര് എം.എം.ഹസ്സൻ എന്നാക്കി മാറ്റിയത്. എസ്.എം.വി.സ്കൂളിലെ ദാമോദരൻ നായർ എന്ന അദ്ധ്യാപകനാണ് തന്റെ പേര് മാറ്റത്തിന് നേതൃത്വം നൽകിയതും അതിനുവേണ്ട നടപടികൾ സ്വീകരിച്ചതുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. 

പതിനഞ്ചാമത്തെ വയസ്സിൽ ബാലജനസഖ്യത്തിലൂടെ പൊതുപ്രവർത്തന രംഗത്തേയ്ക്ക് പദമൂന്നിയ അദ്ദേഹം പടിപടിയായി നാടുഭരിക്കുന്ന മന്ത്രി പദവിയിൽ വരെ എത്തിയെങ്കിലും താൻ വിശ്വസിക്കുന്ന രാഷ്ട്രീയ പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുവാനും അതിനു ചുക്കാൻ പിടിക്കുവാനും ലഭിച്ച അവസരങ്ങളെയാണ് സുവർണ്ണ നിമിഷങ്ങളായി അദ്ദേഹം കാണുന്നത്.

ഏറെ വായിക്കുന്ന എം.എം.ഹസ്സൻ നല്ലൊരു പത്രപ്രവർത്തകനാണെന്നും തെളിയിച്ചിട്ടുണ്ട്. മലയാളമനോരമ പത്രത്തിൽ റിപ്പോർട്ടർ ട്രെയിനിയായി പ്രവർത്തിച്ച അദ്ദേഹം അന്നത്തെ പത്ര പ്രവർത്തകരുടെ സവിശേഷ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പുതുക്കിപ്പണിത പാളയം ജുമാ മസ്ജിദ് അന്നത്തെ രാഷ്ട്രപതി ഡോ.സക്കീർ ഹുസ്സൈൻ ഉദ്ഘാടനം ചെയ്യുമ്പോൾ ചടങ്ങ് റിപ്പോർട്ട് ചെയ്തവരിൽ എം.എം.ഹസ്സനും ഉൾപ്പെടും. പ്രധാന റിപ്പോർട്ടിനൊപ്പം മലയാളമനോരമയിൽ വന്ന ഹസ്സന്റെ ചില ബോക്സ് ന്യൂസുകൾ അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

അഞ്ച് നിയമസഭകളിൽ അംഗമായിരുന്ന എം.എം.ഹസ്സൻ ഒട്ടനവധി നിയമസഭാ കമ്മിറ്റികളിലും അംഗമായിരുന്നു. 2001 ൽ എ.കെ.ആന്റണി മന്ത്രിസഭയിൽ മന്ത്രിയായി. പാർലമെന്ററി കാര്യ-പ്രവാസികാര്യ-ഇൻഫോർമേഷൻ പബ്ലിക് റിലേഷൻസ് മന്ത്രിയായി ചുമതലയേറ്റ അദ്ദേഹം സി-ഡിറ്റ്, ചലച്ചിത്ര വികസന കോർപ്പറേഷൻ, ഔദ്യോഗിക ഭാഷ, പിന്നാക്ക വിഭാഗ സംരക്ഷണം തുടങ്ങിയവയുടെയും ചുമതല വഹിച്ചു. 'തൊട്ടതെല്ലാം പൊന്നാക്കുന്ന' അദ്ദേഹം ഈ വകുപ്പുകളിലൊക്കെയും ശ്രദ്ധേയമായ പരിഷ്കാരങ്ങളാണ് വരുത്തിയിട്ടുള്ളതെന്ന് ശത്രുക്കൾ പോലും സമ്മതിക്കുന്ന കാര്യമാണ്.

എം.എം.ഹസ്സന്റെ ആത്മാർത്ഥതയുടെയും അർപ്പണബോധത്തിന്റെയും കഠിനാധ്വാനത്തിന്റെയും മകുടോദാഹരണമാണ് ജനശ്രീ മിഷൻ. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സംഘടനകളിലൊന്നായ ജനശ്രീ മിഷന്റെ ഔപചാരിക ഉദ്ഘാടനം 2008 ഫെബ്രുവരി 2 ന് നടക്കുമ്പോൾ അതിനായി എം.എം.ഹസ്സൻ ഒഴുക്കിയ വിയർപ്പിന്റെ അളവ് ചെറുതൊന്നുമല്ല. എല്ലാ പഞ്ചായത്തുകളിലും ജനശ്രീ സംഘങ്ങൾ സംഘടിപ്പിക്കാനായി പ്രത്യേക പരിപാടി തയ്യാറാക്കിക്കൊണ്ട് അദ്ദേഹം കേരളമൊട്ടാകെ സഞ്ചരിച്ചു.

ജില്ലാ-ബ്ലോക്ക്-മണ്ഡലം തല ക്യാമ്പുകൾ സംഘടിപ്പിച്ചു കൊണ്ടായിരുന്നു സംഘടനയുടെ രൂപീകരണം. ഏതാണ്ട് ഒരു വർഷക്കാലത്തെ നിരന്തരവും കഠിനവുമായ അധ്വാനത്തിലൂടെ അദ്ദേഹം കേരളത്തിലെ 14 ജില്ലകളിലും ജില്ലാമിഷനുകളും അതിനു താഴെയുള്ള സംഘടനാ സംവിധാനങ്ങളും ഒരുക്കിയെടുക്കുകയായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ ഈ ചുരുങ്ങിയ കാലം കൊണ്ട് സംസ്ഥാനമൊട്ടാകെയുള്ള 50000 സംഘങ്ങളിലൂടെ 10 ലക്ഷത്തോളം പേരെയാണ് ജനശ്രീ മിഷനിൽ അണിനിരത്താൻ അദ്ദേഹത്തിനും ഒപ്പമുണ്ടായിരുന്നവർക്കും കഴിഞ്ഞത്.  

അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ ഞാനും ഉണ്ടായിരുന്നു എന്ന കാര്യവും അഭിമാനത്തോടെതന്നെ ഓർക്കുകയാണ്. എം.എം.ഹസ്സന്റെ നേതൃത്വത്തിൽ ജനശ്രീ മിഷൻ സംഘടിപ്പിച്ച സുസ്ഥിര വികസന യാത്ര ജൈവകൃഷിക്ക് നൽകിയ പുത്തൻ ഉണർവും എടുത്തുപറയാതിരിക്കാനാവില്ല. കാസർഗോഡ് മുതൽ പാറശ്ശാല വരെ നടത്തിയ യാത്ര ജനശ്രീ പ്രസ്ഥനത്തിനും ജൈവശ്രീക്കും പുതുജീവനാണ് പകർന്നു നൽയത്.

സ്ഥാനമാനങ്ങൾക്കും അധികാരത്തിനും പിന്നാലെ പോയിട്ടില്ലാത്ത എം.എം.ഹസ്സന് ലഭിച്ചിട്ടുള്ളവയെല്ലാം തന്നെ അദ്ദേഹത്തെ തേടിയെത്തിയവയായിരുന്നു എന്നതാണ് വസ്തുത.അവയൊക്ക തന്നെയും തനിക്ക് നന്നേ ഇണങ്ങുന്നതാണെന്ന് അദ്ദേഹത്തിന് തെളിയിക്കാനുമായിട്ടുണ്ട്.

രാഷ്ട്രീയത്തിനുപരി കുടുംബബന്ധങ്ങളും, വ്യക്തിബന്ധങ്ങളും, സാമൂഹ്യബന്ധങ്ങളും സുഭദ്രമായി നിലനിർത്തിപ്പോരുന്നആ മനസസരോവരം ലാളിത്യത്തിന്റെയും ആർദ്ര സ്നേഹത്തിന്റെയും ആദർശ വിശുദ്ധിയുടെയും അർപ്പണബോധത്തിന്റെയും രാഷ്ട്രീയ സത്യസന്ധതയുടെയും  മരാളങ്ങൾ നീന്തിത്തുടിക്കുന്ന ഒരു മായാലോകമാണ്.

ഒരുതരത്തിലല്ലെങ്കിൽ മറ്റൊരുതരത്തിൽ എം.എം.ഹസ്സന്റെ മഹോന്നത വ്യക്തിത്വത്തിലൂടെ സുഗന്ധപൂരിതമായിത്തീർന്നവയാണ് കഴിഞ്ഞ അരനൂറ്റാണ്ട് കാലമെന്ന് നമുക്ക്-മൂന്നരക്കോടി വരുന്ന സംസ്ഥന ജനതയ്ക്ക്-കൃതജ്ഞതയോടെ വിലയിരുത്താം.



Read More in Organisation

Comments