ഇരുളൂർ കൊച്ചുപിള്ള വൈദ്യൻ

3 years, 5 months Ago | 368 Views
പരിവർത്തനത്തിനു വേണ്ടിയുള്ള പോരാട്ടം എന്ന വാക്ക് ഇന്ന് തീരെ വിലയില്ലാത്തതായി തീർന്നിട്ടുണ്ട്. എവിടെയും എപ്പോഴും എടുത്തു പെരുമാറുന്ന ഒന്നായി ആ വാക്കു മാറിക്കഴിഞ്ഞപ്പോൾ അതിന്റെ ശ്ലാഘനീയമായ അർത്ഥവ്യാപ്തിയും ഒരു നല്ല മിഥ്യയായി പരിണമിച്ചു പോയതാവാം. ഏതായാലും ഇന്നത്തെ നിലയിലല്ലാതെ പരിവർത്തനത്തിനു വേണ്ടിയുള്ള പോരാട്ടം ഒരു കടുത്ത യാഥാർഥ്യമായിരുന്ന കാലത്ത് അതിനു വേണ്ടി സ്വയം സമർപ്പിതരായിരുന്ന ഒരു പിടി വലിയ മനുഷ്യരെ നമുക്ക് ലഭിച്ചിട്ടുണ്ട്. അവരൊക്കെയും ബ്രിട്ടീഷുകാരിൽ നിന്നും മാതൃരാജ്യത്തെ മോചിപ്പിച്ചെടുക്കുവാൻ വേണ്ടി കടുത്ത ത്യാഗങ്ങൾ സഹിച്ചവരുമാണ്. സാമൂഹ്യ പരിഷ്കരണത്തിനും സാധുജന സംരക്ഷണത്തിനും വേണ്ടി അവർ നൽകിയ സംഭവനകളാവട്ടെ നിസ്തൂലവും! ഇത്തരം വ്യക്തിമഹത്വങ്ങളുടെ ശ്രുംഖലയിലെ മിഴിവുറ്റ കണ്ണിയാണ് വാമനപുരം മിതൃമ്മലയിലെ ഇരുളൂർ കൊച്ചുപിള്ള വൈദ്യൻ.
സ്വാമി വിവേകാനന്ദനൻ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ച കേരളത്തിൽ ജാതിചിന്തയും അധഃസ്ഥിതവർഗ്ഗത്തിന്റെ അടിമത്വവും അതിന്റെ ഉച്ചകോടിയിൽ നിന്നിരുന്ന കാലമായിരുന്നു അത്. ശ്രീ നാരായണ ഗുരുദേവൻ നവോത്ഥാന ചിന്തയുടെ തേർ തെളിക്കുന്നതിനു തൊട്ടുമുൻപുള്ള കാലം. ഫ്യുഡലിസത്തിന്റെ സിരാപടലം അന്ന് കേരളീയ ജീവിതതിന്റെ ആഴങ്ങളിൽ പോലും പടർന്ന് കിടക്കുകയായിരുന്നു. ജാതി മേധാവിത്വത്തിന്റെ കൂറ്റൻ കൊടിക്കൂറയാണെങ്കിൽ അഭംഗുരം പാറിപ്പറക്കുന്നു.വർഗ്ഗീയ കോമരങ്ങൾക്ക് ഉറഞ്ഞു തുള്ളുവാൻ നല്ല കളം ഒരുക്കികൊടുക്കുന്ന കാര്യത്തിൽ രാജഭരണം മികച്ച സംഭാവനകളും നൽകുന്നു. അങ്ങനെ ഒരു കാലത്ത് നിലവിലുള്ള ആചാര വിശ്വാസങ്ങൾക്കെതിരായി പടവെട്ടാനിറങ്ങുകയെന്നത് എത്ര വിപൽക്കരമായ കാര്യമായിരുന്നുവെന്നത് ഇന്നത്തെ തലമുറയ്ക്ക് ബോധ്യപ്പെടാനായെന്നു വരില്ല.ഈ വിധം എന്തുകൊണ്ടും കലുഷിതമായ കാലഘട്ടത്തിലായിരുന്നു പരിവർത്തന ദാഹിയായ ഒരു കൊടുങ്കാറ്റ് അരുവിപ്പുറത്തു നിന്നും മിതൃമ്മല ഇരുളൂർ വഴി വീശിയടിച്ചത്! 'ഇരുളൂർ കൊച്ചുപിള്ള വൈദ്യൻ '! സാമൂഹ്യ പരിഷ്കരണത്തിനുവേണ്ടിയും അധഃസ്ഥിത വിഭാഗങ്ങളുടെ ഉന്നമനത്തിനു വേണ്ടിയും സാധുജന സംരക്ഷണത്തിനു വേണ്ടിയും അരയും തലയും മുറുക്കി രംഗത്തിറങ്ങിയ ആ വലിയ മനുഷ്യൻ സാമൂഹ്യ വിപ്ലവ ചരിത്രത്തിലെ ചിരസ്മരണീയ വ്യക്തിത്വമാണ് .
ചികിത്സാരംഗത്ത് അതിനിപുണനായിരുന്ന അദ്ദേഹം രാജകൊട്ടാരത്തിലെ വൈദ്യന്മാരിൽ പ്രമുഖനായിരുന്നു. കൊട്ടാരത്തിലെ ചികിത്സയേക്കാൾ കുടിലുകളിലെ ചികിത്സയായിരുന്നു അദ്ദേഹത്തിന് പഥ്യമെന്നത് മറ്റൊരുകാര്യം. രോഗചികിത്സയുടെ പേരിൽ കൊച്ചുപിള്ള വൈദ്യൻ വൈദ്യൻ ആരിൽ നിന്നും പണം പറ്റിയിട്ടേയില്ല. മാത്രമല്ല, നിർധനരായ രോഗികൾക്ക് അങ്ങോട്ട് പണം നൽകി സഹായിക്കുകയായിരുന്നു പതിവ്. പണത്തിന് യാതൊരു ബുദ്ധിമുട്ടും അദ്ദേഹത്തിനുണ്ടായിരുന്നില്ല. താൻ നടത്തിയിരുന്ന മലഞ്ചരക്ക് വ്യാപാരത്തിൽ നിന്നും മെച്ചപ്പെട്ട വരുമാനമാണ് ലഭിച്ചിരുന്നത്. മലഞ്ചരക്കുകൾ ആലപ്പുഴയിലും കൊച്ചിയിലുമെത്തിച്ച് വിപണനം നടത്തുന്നതായിരുന്നു വ്യാപാരം. കുടുംബത്തിൽ നേരത്തെയുണ്ടായിരുന്ന സമ്പത്തിനൊപ്പം സ്വന്തം വ്യാപാരത്തിൽ നിന്നുള്ള വരുമാനം കൂടിച്ചേർന്നതോടെ അതീവ സമ്പന്നതയായിരുന്നു കൈവന്നിരുന്നത്.
അക്കാലത്ത് വില്ലുവണ്ടിയുണ്ടായിരുന്ന ചുരുക്കം ചിലരിൽ ഒരാളായിരുന്നു കൊച്ചുപിള്ള വൈദ്യൻ. ഇന്നുള്ള വിലകൂടിയ കാറുകൾ പോലെ അന്നത്തെ സമ്പന്ന കുടുംബങ്ങളിലുള്ളവർ യാത്ര ചെയ്തിരുന്നത് സ്വന്തമായുള്ള 'വില്ലുവണ്ടി'കളിലായിരുന്നു. മഴയും വെയിലുമേൽക്കാക്കതിരിക്കാനായി വളഞ്ഞ മേൽക്കൂരയും തടികൊണ്ടുള്ള മറ്റുഭാഗങ്ങളിലെല്ലാം മനോഹരങ്ങളായ കൊത്തുപണികളുമായി രണ്ടു കാളകളെ പൂട്ടിയോടിക്കുന്ന വേണ്ടിയാണിത്. ഒരു കാളയെ പൂട്ടുന്ന വണ്ടികളും അക്കാലത്തുണ്ടായിരുന്നു. ഇന്നത്തെ വിലകൂടിയ കാറിന്റെ പത്രാസായിരുന്നു അന്നത്തെ ഇരട്ടക്കാള വില്ലുവണ്ടിക്ക്! തടിച്ചു കൊഴുത്ത കാളകളെ അണിയിച്ചൊരുക്കിയായിരുന്നു വില്ലുവണ്ടിയിൽ കെട്ടിയിരുന്നത്. രണ്ടു കാളകൾക്കും ഒരേപോലെയുള്ള നീണ്ടുകൂർത്ത കൊമ്പുകളായിരിക്കാൻ ശ്രദ്ധിക്കും. കൊമ്പുകളുടെ അറ്റത്ത് മനോഹരങ്ങളായ കൂർത്ത വെങ്കല 'തൊപ്പി'കളും കഴുത്തിൽ കുടമണികളും കാലുകളിൽ ചിലമ്പുകളും നെറ്റിയിൽ വർണ്ണ നൂലുകളാൽ തീർത്ത പൂപ്പന്തുകളുമെല്ലാമായുള്ള കാളകളെ പൂട്ടിയ വില്ലുവണ്ടി രാജകീയപ്രതാപം വിളിച്ചോതും.
വളരെ വൈകിയാണ് കൊച്ചുപിള്ള വൈദ്യൻ വിവാഹം കഴിച്ചത്. പൊതുപ്രവർത്തനത്തിന്റെ അഗ്നി മധ്യാഹ്നങ്ങളിലൂടെ നടന്നു കയറവേ ഇക്കാര്യം അദ്ദേഹം മറന്നു പോയതാവാം. ഒടിവിൽ വിവാഹിതനായി. അക്കാലത്ത് ചില കുടുംബങ്ങളിൽ നിലനിന്നിരുന്ന തരത്തിൽ സഹോദരിമാരായ പാച്ചമ്മയും ചിന്നമ്മയുമായിരുന്നു ഭാര്യമാർ. രണ്ടു ഭാര്യമാരിലുമായി അഞ്ചു മക്കൾ. ഇ.കെ.കമലാക്ഷി, ഇ.കെ.ഭാസ്കരൻ, ഇ.കെ.പ്രഭാകരൻ , ഇ.കെ.ശാരദ , ഇ.കെ.ഗോപിനാഥൻ. 'ഇ.കെ.' എന്നത് 'ഇരുളൂർ കൊച്ചുപിള്ള' എന്നതിനെ സൂചിപ്പിക്കുന്നു.
കേരളത്തിലെ സാമൂഹ്യ വിപ്ലവത്തിന് അരങ്ങൊരുക്കിയവരിൽ പ്രധാനിയായിരുന്നു കൊച്ചുപിള്ള വൈദ്യൻ. ഭൂപരിഷ്കരണവും കുടികിടപ്പവകാശവുമൊക്കെ ആരുടേയും ചിന്തയിൽപ്പോലും ഉദിക്കാതിരുന്ന കാലത്ത് തന്നോടൊപ്പമുണ്ടായിരുന്ന പാവപ്പെട്ടവർക്ക് സ്വന്തം ഭൂമി സൗജന്യമായി പതിച്ചു നൽകിക്കൊണ്ട് ചരിത്രപ്രവാഹത്തിന് പുതിയ ചാലുകൾ കീറിയ മനുഷ്യസ്നേഹിയും സാമൂഹ്യപരിഷ്കർത്താവുമായിരുന്നു അദ്ദേഹം.
അന്തിക്ക് തല ചായ്ക്കാൻ കൂര ഇല്ലാതിരുന്ന ഇരുപത്തെട്ട് കുടുംബങ്ങൾക്കാണ് അദ്ദേഹം സ്വന്തം ഭൂമി സൗജന്യമായി പതിച്ചു നൽകിയത്. അതുവഴി നമ്മുടെ രാജ്യ ചരിത്രത്തിലെ ജാജ്ജ്വല്യമാനമായ ഒരദ്ധ്യായമായി അദ്ദേഹം മാറുകയായിരുന്നു. 1942 ലായിരുന്നു ഭാഗപത്രപ്രകാരം ഭൂമി അവർക്ക് കൈമാറിയത്. പാവപ്പെട്ടവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാനും പാർശ്വവൽക്കരിക്കപ്പെട്ടവരെ കൈപിടിച്ചുയർത്താനും എന്നും എപ്പോഴും അദ്ദേഹം മുന്നിലുണ്ടായിരുന്നു. അതുകൊണ്ടു തന്നെയാണ് സാധാരണ ജനത്തിന് അദ്ദേഹം 'തമ്പുരാൻ വൈദ്യനാ'യതും! വൈദ്യൻ ഇഹലോകവാസം വെടിഞ്ഞപ്പോൾ "തമ്പുരാൻ വൈദ്യൻ പോയേ ..." എന്ന് അലമുറയിട്ടുകൊണ്ട് അവിടേയ്ക്ക് ജനം ഒഴുകിയെത്തിയ കാര്യം ഇന്നും പഴമക്കാർ അനുസ്മരിക്കാറുണ്ട്.
ഒരർത്ഥത്തിൽ പറഞ്ഞാൽ നാട്ടിലെ ജനങ്ങൾക്ക് വേണ്ടിയായിരുന്നു കൊച്ചുപിള്ള വൈദ്യൻ മരണത്തെ പുൽകിയത്. 1940 കളിൽ പടർന്നുപിടിച്ച വസൂരി രോഗത്തിന്റെ കരാള ഹസ്തങ്ങളിൽപ്പെട്ടായിരുന്നു ആ മനുഷ്യസ്നേഹിയുടെ അന്ത്യം. അദ്ദേഹത്തിന് രോഗം ബാധിച്ചതാവട്ടെ വസൂരി ബാധിച്ച രോഗികളുടെ വീടുകളിലെത്തി അവരെ ചികിത്സിച്ചതിലൂടെയും! ഇന്ന് വസൂരി രോഗത്തെ ഒരു മാരകരോഗമായി കണക്കാക്കാനാവില്ലായെങ്കിലും അക്കാലത്ത് അതൊരു മഹാവ്യാധിയായിരുന്നു. അന്ന് വസൂരി രോഗം ബാധിച്ചവരെ നാട്ടുകാരും വീട്ടുകാരുമെല്ലാം പാടെ തള്ളിക്കളയുന്ന സ്ഥിതിയാണുണ്ടായിരുന്നത്. രോഗം പകരുമെന്ന ഭീതിമൂലം ഏറ്റവും അടുത്ത ബന്ധുക്കൾ പോലും രോഗിയെ ശുശ്രൂഷിക്കുകയോ അവരുടെ അടുത്ത് പോവുകയോ ചെയ്യുമായിരുന്നില്ല അന്ന് ഈ രോഗം ബാധിച്ചവരിൽ ഏറിയ പങ്കും മരണപ്പെട്ടിരുന്നത് ആവശ്യമായ ചികിത്സ ലഭിക്കാത്തതിനാലായിരുന്നു! ചികിത്സിപ്പിക്കാൻ ബന്ധുക്കളോ ചികിത്സിക്കാൻ വൈദ്യന്മാരോ അന്ന് തയ്യാറായിരുന്നില്ല. ഏതാണ്ട് ഇന്നത്തെ കോവിഡ് രോഗത്തിന്റെ പല മടങ്ങ് ഭയാനകമായ അവസ്ഥ! തികച്ചും ഭീതിദമായ ഈ വേളയിലാണ് കൊച്ചുപിള്ള വൈദ്യൻ രോഗം ബാധിച്ചവരെ അവരുടെ വീടുകളിലെത്തി ചികിത്സിച്ചത്! മരുന്നുകൾക്ക് പുറമേ രോഗികൾക്ക് വേണ്ട ഭക്ഷണവും വസ്ത്രങ്ങളും പോലും വൈദ്യൻ കൊണ്ട് പോയി കൊടുത്തിരുന്നു. രോഗിക്ക് സമീപമോ രോഗി താമസിക്കുന്ന സ്ഥലത്തിന് സ്ഥലത്തിന് സമീപമോ പോലും പോകാൻ ആരും തയ്യാറായിരുന്നില്ലയെന്നതിനാലാണ് രോഗികൾക്ക് വേണ്ടതെല്ലാം വൈദ്യൻ തന്നെ നേരിട്ട് ചെയ്തിരുന്നത്. ഏറ്റവുമൊടുവിൽ ഈ മാരക രോഗം വൈദ്യനെയും പിടികൂടുകയായിരുന്നു. വൈദ്യനെ ശുശ്രൂഷിച്ച രണ്ട് ഭാര്യമാർക്കും രോഗം ബാധിച്ചു. ഒടുവിൽ വിധിവൈപരീത്യമെന്ന് പറയട്ടെ വൈദ്യനും പത്നിമാരായ പാച്ചമ്മയും ചിന്നമ്മയും ഒരേദിവസം ഇഹലോകത്തോട് വിടപറഞ്ഞു. നാടിനും നാട്ടുകാർക്കും വേണ്ടി ഭാര്യാ-ഭർത്താക്കന്മാരായ മൂന്നുപേരും ഒരേ ദിവസം ജീവൻ വെടിഞ്ഞത് നാടിനെ അക്ഷരാർത്ഥത്തിൽതന്നെ നടുക്കി. ഈ സംഭവത്തിൽ കണ്ണുകൾ ഈറനണിയാത്തവരായി അവിടെ ഒരാൾപോലുമുണ്ടായിരുന്നില്ല. 1946 ലായിരുന്നു നാടിനെ നിശ്ചലമാക്കിയ ഈ ദുഃഖസംഭവം നടന്നത്.
അസാധാരണമാംവിധമുള്ള ഈ സേവന സന്നദ്ധതയും ത്യാഗമനോഭാവവുമാണ് ജനം സ്നേഹ ബഹുമാനത്തോടെ അദ്ദേഹത്തിന് ചാർത്തിക്കൊടുത്ത "തമ്പുരാൻ വൈദ്യൻ" എന്ന വിളിപ്പേര് അന്വർത്ഥമാക്കുന്നത്.
വർക്കലയിൽ താമസമായിരുന്ന കൊച്ചുപിള്ളവൈദ്യൻ കല്ലറ പഞ്ചായത്തിലെ അരുവിപ്പുറത്തു താമസിച്ചിരുന്ന ജ്യേഷ്ഠൻ നീലകണ്ഠവൈദ്യരോടൊപ്പം കൂടിയത് പിന്നീടാണ്. പൊതുകാര്യ പ്രസക്തനും സാമൂഹ്യപ്രവർത്തകനുമായ നീലകണ്ഠൻ വൈദ്യനും മികച്ച ചികിത്സകനായിരുന്നു.
അരുവിപ്പുറത്ത് ശ്രീ നാരായണ ഗുരുദേവൻ വിളിച്ചുകൂട്ടുകയും എസ്.എൻ.ഡി.പി. എന്ന മഹാ പ്രസ്ഥാനത്തിന് ബീജാവാപം നടക്കുകയും ചെയ്ത യോഗത്തിൽ കൊച്ചുപിള്ള വൈദ്യനും സംബന്ധിച്ചിരുന്നു. യോഗ വിവരങ്ങൾ സംബന്ധിച്ച രേഖയിൽ അന്ന് അരുവിപ്പുറത്ത് താമസിച്ചിരുന്ന കൊച്ചുപിള്ള വൈദ്യൻ ഒന്നാമത് പേരുകാരനാണ്.
നെയ്യാറ്റിൻകര അരുവിപ്പുറത്തെത്തിയ കൊച്ചുപിള്ള വൈദ്യനുമായി ജ്യേഷ്ഠൻ നീലകണ്ഠൻ വൈദ്യന്റെ മകൻ ചെല്ലപ്പൻ വലിയ അടുപ്പത്തിലായി. കൊച്ചുപിള്ള വൈദ്യന്റെ സാമൂഹ്യ പ്രവർത്തന ശൈലിയും ജീവിതരീതികളുമെല്ലാം ചെല്ലപ്പനെ വല്ലാതെ ആകർഷിച്ചു. അതുവഴി കൊച്ചുപിള്ള വൈദ്യന്റെ ചിന്താസരണിയിലായിരുന്ന ചെല്ലപ്പനും കറയറ്റ സാമൂഹ്യപ്രവർത്തകനായിത്തിത്തീർന്നു. സാമൂഹ്യ പ്രവർത്തനം രഷ്ട്രീയ പ്രവർത്തനത്തിന് വഴിമരുന്നായപ്പോൾ ചെല്ലപ്പൻ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ സജീവ പ്രവർത്തകനായി. ചുറുചുറുക്കുള്ള യുവാവായിരുന്ന ചെല്ലപ്പൻ പെട്ടെന്നുതന്നെ ഏവരാലും ശ്രദ്ധിക്കപ്പെട്ടു.
ആയുർവേദ കോളേജ് വിദ്യാർത്ഥിയായിരുന്ന ചെല്ലപ്പനെ പട്ടം എ.താണുപിള്ള നേരിട്ടിടപെട്ട് സ്റ്റേറ്റ് കോൺഗ്രസിന്റെ നെടുമങ്ങാട് താലൂക്കിലെ മുഖ്യ സംഘാടകനായി നിയോഗിച്ചു. കൊച്ചുപിള്ള വൈദ്യനിൽ നിന്നും ആർജ്ജിച്ച ഊർജ്ജവും സ്വതസിദ്ധമായ ആത്മാർത്ഥതയും സാഹസികനായ ഈ യുവാവിനെ പ്രസ്ഥാനത്തിലെ തീവ്ര ചിന്താ പ്രവർത്തകനാക്കിമാറ്റി. ഇത് ചെല്ലപ്പന്റെ പിതാവ് നീലകണ്ഠൻ വൈദ്യനെ അലോസരപ്പെടുത്താതിരുന്നില്ല. ‘കൊച്ച' നോടുള്ള കൂട്ട് (കൊച്ചുപിള്ള വൈദ്യനെ ജ്യേഷ്ഠൻ നീലകണ്ഠൻ വൈദ്യൻ 'കൊച്ചൻ'എന്നാണ് വിളിച്ചിരുന്നത്) ചെല്ലപ്പനെ വഴിതെറ്റിക്കുകയാണ് " എന്ന് നീലകണ്ഠൻ വൈദ്യൻ ആത്മഗതമെന്നോണമെങ്കിലും പരാതിപ്പെടാറുണ്ടായിരുന്നു.
ഈ ചെല്ലപ്പൻ വൈദ്യനാണ് ഐതിഹാസിക സമരമായ കല്ലറ - പാങ്ങോട് സമരനായകനായ എൻ.സി.വൈദ്യൻ! കൊച്ചുപിള്ള വൈദ്യന്റെ സ്വാധീനമാണ് എൻ.സി.വൈദ്യനെ ഈ രംഗത്ത് കൂടുതൽ ഊർജ്ജസ്വലനും പ്രശോഭിതനുമാക്കിയത്. ഇരുളൂരിലെ വീട്ടിൽ യോഗം ചേർന്ന് ചർച്ചകൾ നടത്തിയ ശേഷമായിരുന്നു കല്ലറ - പാങ്ങോട് സമരത്തിനായി എൻ.സി.വൈദ്യനും സംഘവും പുറപ്പെട്ടത്. സമരവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളിലൊക്കെയും കൊച്ചുപിള്ള വൈദ്യൻ ഇടപെട്ടിരുന്നു. ഇത് അന്നത്തെ ഭരണക്കാർ ശ്രദ്ധിക്കാതിരുന്നില്ല. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമെന്ന നിലയിൽ അതിന് നേതൃത്വം നൽകിയ കൊച്ചുപിള്ള വൈദ്യൻ, നീലകണ്ഠൻ വൈദ്യൻ, ചെല്ലപ്പൻ വൈദ്യൻ എന്നിവരുടെ വസ്തുവകകൾ കണ്ടുകെട്ടണമെന്ന നിർദ്ദേശം ഉദ്യോഗസ്ഥ മേലാളന്മാരിൽ നിന്നും ഉണ്ടായി. "വൈദ്യന്മാരുടെ വസ്തുവകകൾ കണ്ടുകെട്ടി" എന്ന പ്രചാരണം തന്നെ അന്നുണ്ടായി! പക്ഷേ കൊട്ടാരത്തിലെ പ്രഗത്ഭരായ വൈദ്യന്മാർ എന്ന പരിഗണയിലാണ് ആ നടപടികളിൽ നിന്നും ഒഴിവാക്കപ്പെട്ടത്.
ഗാന്ധിജിയുടെ പിരപ്പൻകോട് സന്ദർശനവേളയിൽ കൊച്ചുപിള്ളവൈദ്യൻ, മകൻ ഇ.കെ.ഭാസ്കരൻ, എൻ. ചെല്ലപ്പൻ എന്നിവർ മഹാത്മജിയെ കണ്ട് അദ്ദേഹത്തിന്റെ പാദങ്ങൾ തൊട്ട് വന്ദിക്കുകയുണ്ടായി. ഇക്കാര്യം അവർ എപ്പോഴും ആദരവോടെയും അഭിമാനത്തോടെയും സ്മരിക്കാറുണ്ടായിരുന്നു."ഞാൻ ഗാന്ധിജിയുടെ പാദങ്ങളിൽ തൊട്ടിട്ടുണ്ട്" എന്നായിരുന്നു ഭയ-ഭക്തി-ബഹുമാനങ്ങളോടെയും അതിലുപരി അഭിമാനത്തോടെയും അവർ പറഞ്ഞിരുന്നത്.!
ആദ്ധ്യാത്മികമായി ഏറെ ചിന്തിക്കുകയും ആത്മീയാചാര്യന്മാരുമായി നിരന്തരം ഇടപെടുകയും ചെയ്തിരുന്ന കൊച്ചുപിള്ള വൈദ്യൻ പരാമഭട്ടാരക ചട്ടമ്പിസ്വാമികൾ, ശ്രീനാരായണഗുരുദേവൻ തുടങ്ങിയ മഹാത്മാക്കളുമായി അടുത്ത ബന്ധമാണ് സൂക്ഷിച്ചിരുന്നത്. ഇരുളൂർ വീട്ടിൽ ഇവർക്കിരിക്കുവാനായി പ്രത്യേക കസേരകൾ തയ്യാറാക്കിയിട്ടുണ്ടായിരുന്നു. അഗസ്ത്യമുനിയുടെ അവതാരമാണ് ചട്ടമ്പിസ്വാമികൾ എന്നാണ് കൊച്ചുപിള്ളവൈദ്യൻ വിശ്വസിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട് പല സാക്ഷ്യപ്പെടുത്തലുകളും അദ്ദേഹം നടത്തിയിട്ടുണ്ട്. ആതുര ചികിത്സാ മേഖലയിലെ വിലപ്പെട്ട പല അറിവുകളും കൊച്ചുപിള്ള വൈദ്യന് പകർന്നു നൽകിയത് ചട്ടമ്പിസ്വാമികളായിരുന്നു.
അതേപോലെതന്നെ ശ്രീനാരായണ ഗുരുദേവനുമായും കൊച്ചുപിള്ള വൈദ്യന് വളരെ അടുത്ത ബന്ധമാണുണ്ടായിരുന്നത്. ചട്ടമ്പിസ്വാമികൾ മുഖേനയാണ് കൊച്ചുപിള്ള വൈദ്യൻ ഗുരുദേവനുമായി അടുത്തത്. ഇരുളൂരിലെ വീട്ടിൽ ഗുരുദേവൻ ഇടയ്ക്കിടെ പോകാറുണ്ടായിരുന്നു. ഇരുളൂർ ക്ഷേത്രത്തിൽ പരമ്പരാഗതമായി നടന്നുവന്നിരുന്ന കുരുതിതർപ്പണം അവസാനിപ്പിച്ചതും ഗുരുദേവനാണ്. ഒരുനാൾ ഗുരുദേവൻ ഇരുളൂർ വീട്ടിലെത്തിയപ്പോൾ കുടുംബക്ഷേത്രത്തിൽ വിശേഷാൽ പൂജ നടക്കുകയായിരുന്നു. പൂജയുടെ ഭാഗമായി കുരുതി തർപ്പണമുണ്ടായിരുന്നു. ഇത് കണ്ട ഗുരുദേവൻ മേലിൽ കുരുതി പാടില്ലായെന്ന് വിലക്കി. അതിനുശേഷം ഇരുളൂർ ക്ഷേത്രത്തിൽ കുരുതി ഉണ്ടായിട്ടില്ല.
കഥകളിയോട് അതീവ താല്പര്യം പുലർത്തിയിരുന്ന കൊച്ചുപിള്ളവൈദ്യൻ അതിന്റെ പേരിൽ കലാമണ്ഡലത്തിന് ഇടയ്ക്കിടെ ചെറുതല്ലാത്ത തുക സംഭാവനയായി നൽകാ റുണ്ടായിരുന്നു. കഥകളിയെ വളർത്തികൊണ്ടുവരുവാനും പരിപോഷിപ്പിക്കുവാനും കലാമണ്ഡലത്തിനേ കഴിയൂ എന്ന് അദ്ദേഹം വിശ്വസിച്ചു. കഥകളിയോടുള്ള ഭ്രമത്തിൽ ഇരുളൂർ വീട്ടിൽ അദ്ദേഹം കഥകളി ക്ലബ്ബ് ആരംഭിച്ചു. കഥകളിക്കു വേണ്ട ആട്ടവിളക്കുകളടക്കമുള്ള എല്ലാ വസ്തുക്കളും സൂക്ഷിക്കുവാനും കച്ചകെട്ടിനും ചുട്ടികുത്തിനുമെല്ലാമുള്ള സൗകര്യത്തിനുമായി 'ആട്ടപ്പുര'യുണ്ടാക്കി. കഥകളിയെന്ന കലാരുപത്തിന്റെ മൂല്യവും ശ്രേഷ്ഠതയും മനസ്സിലാക്കി അദ്ദേഹം തന്റെ മകൾ ഇ.കെ.കമലാക്ഷിയെയും മകൻ ഇ.കെ.ഭാസ്കരനെയും കഥകളി പഠിപ്പിച്ചു. അന്നത്തെ പ്രഗത്ഭമതികളായ മിക്കവാറും എല്ലാ കഥകളി ആചാര്യന്മാരും ഇരുളൂരിൽ ചുട്ടികുത്തുകയും കച്ചകെട്ടുകയും ചെയ്തിട്ടുണ്ട്!
കച്ചവടാവശ്യങ്ങൾക്കായി തുടരെ ആലപ്പുഴയിലേയ്ക്കും കൊച്ചിയിലേക്കും സഞ്ചരിച്ചിരുന്ന കൊച്ചുപിള്ള വൈദ്യൻ പല പ്രഗത്ഭമതികളെയും പരിചയപ്പെടുന്നത് ഈ യാത്രാവേളകളിലായിരുന്നു. ചട്ടമ്പിസ്വാമികളെ ആദ്യമായി നേരിട്ടുകാണുന്നത് കൊച്ചിയിൽ വച്ചാണ്. മഹാകവി വള്ളത്തോളുമായി സൗഹൃദം സ്ഥാപിക്കുന്നതും കൊച്ചിയിൽ വച്ചുതന്നെ. അധഃസ്ഥിത വിഭാഗത്തിന്റെ ഉന്നമനത്തിനും സാമൂഹ്യപരിഷ്കരണപ്രവർത്തനങ്ങൾക്കുമായി എത്ര തുക ചെലവഴിക്കാനും കൊച്ചുപിള്ള വൈദ്യന് യാതൊരു മടിയുമുണ്ടായിരുന്നില്ല.അവരുടെ ഏതു പ്രശ്നത്തിനും അവരുടെ തമ്പുരാൻ വൈദ്യൻ മുന്നിൽത്തന്നെയുണ്ടാവും. അതുകൊണ്ടുതന്നെ വലിയനിലയിലുള്ള ജനപിന്തുണയായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. അതുകൂടികൊണ്ടുതന്നെയാവണം ഇരുവരെയും ശ്രീമൂലം പ്രജാസഭയിൽ ക്ഷണിതാക്കളായി നിശ്ചയിച്ചത്.
അധഃസ്ഥിത വിഭാഗത്തിൽപ്പെട്ടവരെ സാമ്പത്തികമായി മാത്രമല്ല മാനസികമായി ഉയർത്തിക്കൊണ്ടുവരുന്ന കാര്യത്തിലും കൊച്ചുപിള്ള വൈദ്യൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മറ്റുള്ളവർക്ക് മാനസികമായ ശക്തിയും സന്തോഷവും പകർന്നുനൽകാനുതകുംവിധത്തിലുള്ള സമീപനമായിരുന്നു എന്നും അദ്ദേഹം സ്വീകരിച്ചിരുന്നത്. പുലയ സമുദായത്തിൽപ്പെട്ട തന്റെ ആശ്രിതൻ കാളിയമ്പിയോട് വൈദ്യൻ പറയുമായിരുന്നു : "കാളിയമ്പി ...., നിന്നെ ഞാൻ അയ്യങ്കാളിയാക്കും ..." ഇത് കേൾക്കുമ്പോൾ കാളിയമ്പിക്ക് പരമ സന്തോഷം....! പറയുക മാത്രമല്ല കാളിയമ്പിയെ മാനസികമായി ഉയർത്തിക്കൊണ്ടുവരാൻ തക്ക വിധത്തിലുള്ള സമീപനവും സംഭാഷണവുമായിരിക്കും വൈദ്യനിൽ നിന്നും ഉണ്ടാവുക. ഇക്കാര്യം കാളിയമ്പി തനറെ മരണംവരെയും നിറകണ്ണുകളോടെ പറയുമായിരുന്നു.
അന്നാട്ടിലെ ഏറ്റവും വലിയ ഉത്സവമായിരുന്നു മരമടി മഹോത്സവം. അത് അരങ്ങേറിയിരുന്നത് കൊച്ചുപിള്ള വൈദ്യന്റെ വയലിലായിരുന്നു. അന്നാട്ടിലുള്ളവരും അയൽനാടുകളിലുള്ളവരുമെല്ലാം ഒരു മഹോത്സവമായി കൊണ്ടാടിയിരുന്ന ഇതിന്റെ മുഖ്യസംഘാടകനും കൊച്ചുപിള്ള വൈദ്യനായിരുന്നു. മരമടി ഉത്സവ നടത്തിപ്പിനായി പ്രത്യേക സമിതി രൂപീകരിച്ചുകൊണ്ടു നാളുകൾ നീണ്ടുനിൽക്കുന്ന ഒരുക്കങ്ങളാണ് നടത്തിയിരുന്നത്. മറ്റ് നാടുകളിൽ നിന്നുൾപ്പെടെ ഒട്ടേറെ മത്സരാർത്ഥികൾ മരമടി മത്സരത്തിൽ പങ്കെടുക്കാനെത്തുമായിരുന്നു. ജല മഹോത്സവങ്ങളെ അനുസ്മരിപ്പിക്കുംവിധം ആവേശവും ആഹ്ലാദവും അലതല്ലിയിരുന്ന ഈ മത്സരങ്ങൾ അന്ന് ആ നാടിൻറെ മഹോത്സവമായിരുന്നു. മരമടിമത്സരത്തിലെ ആ ആവേശവും ആഹ്ലാദവും മങ്ങാതെ സൂക്ഷിക്കുന്ന കാര്യത്തിൽ കൊച്ചുപിള്ള വൈദ്യന് പ്രത്യേക ശ്രദ്ധയായിരുന്നു ഉണ്ടായിരുന്നത്. ജനങ്ങളുടെ മനസികോല്ലാസത്തിനുള്ള ഈ ഉത്സവം ഒരു കാലത്തും മുടങ്ങാൻ പാടില്ലെന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നു. മത്സരങ്ങൾക്കൊടുവിൽ വിജയികൾക്ക് വിലകൂടിയ സമ്മാനങ്ങളാണ് നൽകിയിരുന്നത്. ആഘോഷങ്ങൾ അവസാനിക്കുമ്പോൾ വിലപ്പെട്ടതെന്തോ നഷ്ടപ്പെട്ട പ്രതീതിയോടെയാണ് ജനം മടങ്ങുന്നത്. ഒപ്പം അവരുടെ മനസ്സുകളിൽ അടുത്തവർഷത്തെ മരമടിമഹോത്സവത്തെക്കുറിച്ചുള്ള വിമോഹന സ്വപ്നങ്ങളും ഉണർന്നിരിക്കും....!
ചുരുക്കിപ്പറഞ്ഞാൽ സാമൂഹ്യമായും സാമ്പത്തികമായും സാംസ്കാരികമായും കലാപരമായും ആത്മീയമായും എന്നുവേണ്ട മനുഷ്യജീവിതത്തിന്റെ സമസ്ത മേഖലകളിലും ഇരുളൂർ കൊച്ചുപിള്ള വൈദ്യന്റെ കൈവിരൽപ്പാടുകൾ പതിഞ്ഞിരുന്നു എന്നതാണ് വസ്തുത..!
Read More in Organisation
Related Stories
നാട്ടറിവ്
2 years, 6 months Ago
പാദരക്ഷകൾ പരമ പ്രധാനം
3 years, 4 months Ago
മറുകും മലയും (BSS)
2 years, 8 months Ago
കാൻഫെഡ് കാലഘട്ടത്തിന്റെ ആവശ്യം : എം.എം.ഹസ്സൻ
2 years, 8 months Ago
ലീഡർ ലീഡർ മാത്രം
2 years, 8 months Ago
ജനുവരി മാസത്തിലെ പ്രധാന ദിവസങ്ങൾ
3 years, 2 months Ago
ജൂൺ 19 വായനാദിനം
3 years, 10 months Ago
Comments