കാര്യ വിചാരം
3 years, 8 months Ago | 472 Views
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പുരുഷന്മാരോടൊപ്പം സ്ത്രീകളും പങ്കെടുത്തു. ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചപ്പോൾ ഇന്ത്യയിലെ സമരഭടന്മാർ സടകുടഞ്ഞെഴുന്നേറ്റു. മറ്റു രാജ്യങ്ങളിലെ സ്വാതന്ത്ര്യ സമരത്തിൽ നിന്ന് തുലോം വ്യത്യസ്തവും നൂതനവുമായ മാർഗ്ഗമാണ് ഇന്ത്യ അവലംബിച്ചത്. സമരത്തിൽ സ്ത്രീകൾ വഹിച്ച പങ്കു കണ്ട് വിദേശീയർപോലും അത്ഭുതപ്പെട്ടു. സരോജിനി നായിഡുവിന്റെ സമര പങ്കാളിത്തവും ത്യാഗസന്നദ്ധതയും സർവ്വരാലും ആദരിക്കപ്പെട്ടു. വാഗ്മി, കവയത്രി, രാഷ്ട്രീയ നേതാവ്, കോൺഗ്രസ്സ് പ്രസിഡന്റ്, ഗവർണ്ണർ തുടങ്ങിയ നിലകളിൽ അവർ പ്രശോഭിച്ചു.
അഹിംസയിലും സമാധാനത്തിലും പദമൂന്നിയുള്ള ഗാന്ധിജിയുടെ സമരവീര്യം കണ്ട് ബ്രിട്ടീഷാധിപത്യം വിറളിപൂണ്ടു. അവർ ഗാന്ധിജിയെ ജയിലിലടക്കാൻ തീരുമാനിച്ചു. സ്വാതന്ത്ര്യ സമരത്തോടൊപ്പം ഗാന്ധിജിയ്ക്ക് പ്രിയപ്പെട്ടതായിരുന്നു സമുദായ മൈത്രി. ജയിലിലേക്കു പോകുമ്പോൾ ഗാന്ധിജി സരോജിനി നായിഡുവിനോട് പറഞ്ഞത് "ഭാരതത്തിന്റെ ഐക്യം ഞാൻ നിങ്ങളുടെ കൈയിൽ ഏല്പിക്കുന്നു.". എന്നാണ്. തന്റെ അഭാവത്തിൽ ഇന്ത്യയിലെ നാനാ ജാതി മതസ്ഥരുടെ ഐക്യം പ്രിയങ്കരിയായ സരോജിനിയുടെ കൈകളിൽ ഭദ്രമായിരിക്കുമെന്നു ഗാന്ധിജിയ്ക്ക് ഉറച്ച വിശ്വാസമുണ്ടായിരുന്നു. സരോജിനി നായിഡുവിന്റെ വ്യക്തി മാഹാത്മ്യം അത്രയ്ക്ക് ഉദാത്തമാണ്.
കിഴക്കൻ ബംഗാളിൽ നിന്നു വന്ന് ഹൈദരാബാദിൽ താമസിച്ചിരുന്ന ഒരു പ്രാചീന ബ്രാഹ്മണ കുടുംബത്തിലാണ് 1879 ഫെബ്രുവരി 13 ന് സരോജിനി ജനിച്ചത്. പിതാവ് ഡോക്ടർ . അഘോരനാഥ ചതോപാദ്ധ്യായ ബഹുഭാഷാ പണ്ഡിതനും പുരോഗമനാശ യക്കാരനും പൊതു സേവന തത്പരനും രസതന്ത്രത്തിൽ ഗവേഷകനുമായിരുന്നു. ‘വരദാ സുന്ദരീ ദേവിയാണ് 'അമ്മ. പിതാവ് ഇംഗ്ലീഷിലും മാതാവ് ഹിന്ദുസ്ഥാനിയിലുമാണ് സരോജിനിയോട് ആശയ വിനിമയം നടത്തിയത്. മകളെ ശാസ്ത്രജ്ഞയാക്കാനായിരുന്നു പിതാവിന് മോഹം. മകളുടെ കല്പനാ ചാതുരി കണ്ടറിഞ്ഞ മാതാവ് , സരോജിനി ഒരു സാഹിത്യകാരിയായിതീരണമെന്ന് ആഗ്രഹിച്ചു.
സരോജിനി കവിതകൾ എഴുതിയത് കേവലം 11 വയസ്സു മാത്രമുള്ളപ്പോഴാണ്. കണക്കു പഠനത്തിൽ നിന്ന് വഴിമാറി സരോജിനി ജീവിതാവസാനം വരെ കാവ്യോപാസന ചെയ്തു. പന്ത്രണ്ടാമത്തെ വയസ്സിൽ മെട്രിക്കുലേഷൻ പാസ്സായി . കോളേജ് പഠനത്തേക്കാൾ അധികം കവിതകൾ വായിക്കാനും കവിതകൾ എഴുതാനുമായിരുന്നു താത്പര്യം. പതിമൂന്നാമത്തെ വയസ്സിൽ ആറു ദിവസം കൊണ്ട് 1300 വരികളുള്ള ഒരു ദീർഘ കാവ്യം ആ കുട്ടി എഴുതിത്തീർത്തു. ഈ കവിതയിൽ നൈസാം ആകൃഷ്ടനായി. അദ്ദേഹം സർക്കാർ ചെലവിൽ സരോജിനിയെ ഇംഗ്ലണ്ടിലയച്ചു പഠിപ്പിക്കാൻ തീരുമാനിച്ചു. ഇംഗ്ലണ്ടിലെ മൂന്ന് വർഷത്തെ പഠന കാലത്ത് വിവിധ സാഹിത്യ കാരന്മാരുമായി പരിചയപ്പെടുന്നതിനും ലോക സാഹിത്യം വായിച്ചു പഠിക്കുന്നതിനും സാധിച്ചു. വിജാതീയനായ ഡോ. ഗോവിന്ദ രാജലു നായിഡുവിനെയാണ് സരോജിനി വിവാഹം കഴിച്ചത്. കോളിളക്കം സൃഷ്ടിച്ച ആ വിവാഹം സരോജിനിയെ കൂടുതൽ പ്രസിദ്ധയാക്കി. 'ദി ഗോൾഡൻ ഷോൾഡ് ' (സ്വർണ്ണ കവാടം ) എന്ന കവിതാ സമാഹാരം 1906 ൽ ഇംഗ്ലണ്ടിൽ പ്രസിദ്ധപ്പെടുത്തി. കവയത്രിയുടെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനവും കാവ്യ ശൈലിയുടെ സൗകുമാര്യവും പ്രശംസിക്കപ്പെട്ടു. ടാഗോർ പോലും ശ്ലാഘിച്ചു. ഈ പുസ്തകത്തിന് ഉറുദു പരിഭാഷ സരോജിനി തന്നെ നിർവ്വഹിച്ചു.
1912 ൽ 'ബേർഡ് ഓഫ് ടൈം ' (കാലത്തിന്റെ പറവ) എന്ന രണ്ടാമത്തെ കാവ്യ സമാഹാരം പുറത്തിറക്കി. ഇംഗ്ലീഷ് ഭാഷയിലൂടെ സാഹിത്യ രചന നടത്തുന്നവരുടെ കൂട്ടത്തിൽ സരോജിനി നായിഡുവിന് സമുന്നത സ്ഥാനമുണ്ടായിരുന്നു. 1917 ൽ 'ദി ബ്രോക്കൺ വിംഗ് ' (തകർന്ന ചിറക് ) എന്ന മൂന്നാമത്തെ പുസ്തകവും പ്രസിദ്ധീകരിച്ചു.
കാല്പനികതയുടെ അതിഭാവുകത്വത്തിൽ നിന്ന് ജീവിത യഥാർത്ഥ്യങ്ങളുടെ പരുപരുത്ത തലങ്ങളിലേക്ക് അവരുടെ തൂലിക ചലിച്ചുകൊണ്ടിരുന്നു. ഒന്നാം ലോക മഹായുദ്ധം നടക്കുമ്പോൾ 'ഇന്ത്യയുടെ സംഭാവനകൾ' എന്ന പേരിൽ എഴുതിയ കവിത ഏറെ ശ്രദ്ധേയമായി. ഭാരതാംബ തന്റെ അരുമ സന്താനങ്ങളെ യുദ്ധത്തിനായി ബലി നല്കുന്നതിനെപ്പറ്റി വിദേശികളോട് പറയുന്നതായിട്ടാണ് ആ കവിത. ഹിന്ദു മുസ്ലിം ഐക്യത്തിന്റെ സന്ദേശ വാഹകയായിട്ടാണ് സരോജിനി പൊതു രംഗത്ത് പ്രവേശിച്ചത്. ആരെയും ആവേശം കൊള്ളിക്കുന്നതായിരുന്നു അവരുടെ പ്രസംഗം. ഒരിക്കലവർ പറഞ്ഞു : 'ഐക്യത്തെ സംബന്ധിച്ച് ഞാൻ വികാരവതിയാണെന്ന് വിമർശിക്കപ്പെടുന്നു. എന്നാൽ വിഭജനം ഒരു രാജ്യത്തിൻറെ മരണമാണെന്നും ഐക്യമതം അതിന്റെ വിമുക്തിയാണെന്നും ഞാൻ വിശ്വസിക്കുന്നു' സബർമതിയിലും വാർദ്ധയിലും ഗാന്ധിജിയുടെ ആജ്ഞാവാഹകയായി അവർ പ്രവർത്തിച്ചു. ഗാന്ധിജിയെക്കാൾ കോൺഗ്രസ് പ്രസിഡന്റാകാൻ സർവ്വഥാ യോഗ്യ സരോജിനി നായിഡുവാണെന്നു ഗാന്ധിജി പറഞ്ഞു. കാൺപൂരിൽ നടന്ന കോൺഗ്രസ്സ് സമ്മേളനത്തിൽ സരോജിനിയെ പ്രസിഡന്റായി തെരെഞ്ഞെടുത്തപ്പോൾ ഇന്ത്യൻ ജനത മുഴുവൻ ആനന്ദാതിരേകത്താൽ ഇളകി മറിഞ്ഞു.
1923 ൽ പാലക്കാട്ടു ചേർന്ന മലബാർ കോൺഗ്രസ്സിൽ അധ്യക്ഷത വഹിച്ചതും സരോജിനി നായിഡുവാണ്. മഹാത്മജി നയിച്ച ഉപ്പു സത്യാഗ്രഹത്തിന്റെ മുൻ നിരയിൽ സരോജിനിയുണ്ടായിരുന്നു. 1942 ആഗസ്റ്റ് 8 നു നടന്ന ക്വിറ്റ് ഇൻഡ്യ സമരത്തിൽ സരോജിനി നായിഡു ഉൾപ്പടെ എല്ലാ നേതാക്കളേയും ജയിലിലടച്ചു. ഏഷ്യൻ രാജ്യങ്ങളിലെ പ്രതിനിധി സമ്മേളനത്തിൽ സരോജിനിയായിരുന്നു അദ്ധ്യക്ഷ . നിരന്തര യാത്രയും പ്രസംഗങ്ങളും ജയിൽ വാസവും കഠിനാദ്ധ്വാനവും സരോജിനിയുടെ ആരോഗ്യം ക്ഷയിപ്പിച്ചു. ഇന്ത്യാ വിഭജനം വരുത്തിവച്ച വർഗ്ഗീയ കലാപവും കൊള്ളയും കൊള്ളിവയ്പ്പും അസ്സഹനീയമായിരുന്നു. സരോജിനി നായിഡു തന്റെ രോഗം മറന്ന് എല്ലായിടത്തും സമാധാനത്തിന്റെ ദൂതുമായി എത്തി. അത് ജനങ്ങൾക്കു ആശ്വാസവും സമാധാനവും പ്രധാനം ചെയ്തു. ഇന്ത്യ സ്വാതന്ത്രയായപ്പോൾ സരോജിനി നായിഡുവിനെ ഉത്തർപ്രദേശ് ഗവർണ്ണറായി നിയമിച്ചു. അവരുടെ ത്യാഗ സുരഭിലമായ ജീവിതത്തിന് 1949 മാർച്ച് 1 രാത്രി 11 മണിക്ക് തിരശീല വീണു. ഇന്ത്യൻ ദേശീയതയുടെ വാനമ്പാടി ചരിത്രത്തിന്റെ അഭിഭാജ്യഘടകമാണ് . അവരുടെ ത്യാഗങ്ങളുടെ സുഗന്ധവും കാവ്യ സൗകുമാര്യവും ഭാരതത്തിൽ എന്നും നിറഞ്ഞു നിൽക്കും.
Read More in Organisation
Related Stories
ഏപ്രിൽ ഡയറി
4 years, 11 months Ago
പ്രൊഫ.ജി.ബാലചന്ദ്രനെക്കുറിച്ച് പ്രൊഫ. ജി. ബാലചന്ദ്രൻ
4 years, 4 months Ago
ഗാന്ധിജിയും സത്യാഗ്രഹസമരവും
1 year, 10 months Ago
മറുകും മലയും
4 years, 1 month Ago
"പാടാം നമുക്ക് പാടാം" കമല ലക്ഷ്മി ഉദ്ഘാടനം ചെയ്തു
3 years, 5 months Ago
ജൂൺ മാസത്തെ പ്രധാന ദിവസങ്ങൾ
4 years, 10 months Ago
Comments