പി.കെ.വാര്യർ
.jpg)
3 years, 11 months Ago | 461 Views
കോട്ടയ്ക്കൽ ആര്യവൈദ്യശാല എന്ന നീലബോർഡിന് ഇന്ന് രാജ്യം മുഴുവൻ ബ്രാഞ്ചുകളുണ്ടെങ്കിൽ അതിനെ വളർത്തി വലുതാക്കിയ വിശ്വസ്തനും വൈഭവത്തിനും ഒറ്റബ്രാഞ്ചെ ഉണ്ടായിരുന്നുള്ളു. പി.കെ.വാര്യർ, ആത്മകഥയായ "സ്മൃതിപർവ്വ"ത്തിൽ അദ്ദേഹം പറയുന്നു. ""വലുതായി തുടങ്ങിയിട്ട് ചെറുതായിക്കൂടാ, ചെറുതായി തുടങ്ങിയിട്ട് വലുതാകാം".ആര്യവൈദ്യശാലയുടെ കാര്യത്തിലും പി.കെ.വാര്യരുടെ കാര്യത്തിലും ഇത് ശരിയാണെന്നു കാണാം.
1947 -ൽ അടുക്കള എന്ന് പേരുള്ള ആര്യവൈദ്യശാല ഫാക്ടറിയുടെ മാനേജരായാണ് പി.കെ.വാര്യർ ഔദ്യോഗിക ജീവിതം തുടങ്ങിയത്. ഡി.എ ഉൾപ്പെടെ 112.50 രൂപ മാസശമ്പളം.മാനേജിങ് ട്രസ്റ്റിയായിരുന്ന ജ്യേഷ്ഠൻ പി.എം.വാര്യർ വിമാന അപകടത്തിൽ മരിച്ചതിനെ തുടർന്ന് 1953 -ൽ പി.കെ. വാര്യർക്ക് ആര്യവൈദ്യശാലയുടെ സാരഥ്യം ഏറ്റെടുക്കേണ്ടിവന്നു. പിന്നീടങ്ങോട്ടുള്ള ചരിത്രം പി.കെ.വാര്യരുടേതുമാത്രമല്ല കോട്ടയ്ക്കൽ എന്ന നാടിൻറെ വികസനത്തിന്റെ കൂടിയാണ്. അലോപ്പതി രംഗത്ത് കർണാടകയിലെ മഞ്ഞിപ്പിലിന് മലബാറിൽ നിന്നുള്ള ആയുർവേദ മറുപടിയായി കോട്ടയ്ക്കലിനെ വളർത്തിയെടുക്കുകയായിരുന്നു അദ്ദേഹം. പിന്നീട് ലോകത്തിന്റെ ആരോഗ്യ ഭൂപടത്തിൽ ഇന്ന് ഏറ്റവുമധികം ആളുകൾ തിരയുന്ന പേരായി കോട്ടയ്ക്കൽ മാറിക്കഴിഞ്ഞു.
നേത്ര്യത്വം ഏറ്റെടുക്കുന്ന കാലഘട്ടത്തിൽ 9 ലക്ഷം രൂപ മാത്രമായിരുന്നു ആര്യവൈദ്യശാലയുടെ വാർഷിക വരുമാനമെങ്കിൽ ഇന്നത് 400 കോടി രൂപയ്ക്ക് മുകളിലായി. 2000 ത്തിലധികം പേർ നേരിട്ട് ജോലി നോക്കുന്നു. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം ശാഖകൾ. പ്രതിവർഷം 5 ലക്ഷത്തിലധികം രോഗികൾക്ക് സൗഖ്യമേകുന്ന ആതുര സേവനം. എന്തിന് മരുന്നിൽ ചേർക്കാൻ മാത്രം പ്രതിമാസം 2 കിലോ സ്വർണ്ണംആവശ്യമുള്ളത്ര പൊന്നാക്കി ആര്യവൈദ്യശാലയെ അദ്ദേഹം മാറ്റിയെടുത്തു.
ധർമ്മാശുപത്രിയിലെ അലോപ്പതി ശാഖ, റിസർച്ച് വാർഡ്, ഔഷധത്തോട്ടം, ആയുർവേദഗവേഷണ കേന്ദ്രം, പ്രസിദ്ധീകരണ വിഭാഗം എന്നിവയെല്ലാം അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിന്റെ ഉദാഹരണങ്ങളാണ്. 1953 -ൽ നാളിതുവരെ കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ സാരഥ്യം പി.കെ.വാര്യർക്കാണ്. ഇന്ത്യയിൽത്തന്നെ ഇത്രയും കാലം ഒരു സ്ഥാപനത്തിന്റെ മേധാവിയായിരുന്നയാൾ അപൂർവ്വമായിരുന്നു. സമയനിഷ്ഠയുടെ കാര്യത്തിൽ കിറുകൃത്യത്തിൽ കുറഞ്ഞതൊന്നും പി.കെ.വാര്യർക്ക് സമ്മതമല്ല. സമയം തെറ്റിയാൽ വാര്യരും തെറ്റും. ജീവിതരീതിയിലും ഇതേ കാണിശത കാണാം. പുലർച്ചെ 4 മണിക്ക് ഉണരും. ശേഷം അരമണിക്കൂറോളം വ്യായാമം, കുളി 5.55 ന് കഴിയും. തുടർന്ന് അമ്മാവൻ പി.എ.എസ്.വാര്യരുടെ സ്മാരകം, കുടുംബക്ഷേത്രമായ 'വിശ്വംഭരക്ഷേത്രം' എന്നിവിടങ്ങളിൽ പ്രാർത്ഥന. തിരിച്ചെത്തിയാൽ അഷ്ടാമംഗഹൃദയം വായന, പ്രാതൽ ഇളനീർ വെള്ളം മാത്രം. '8' എന്നൊരു സമയം ഉണ്ടെങ്കിൽ കൺസൾട്ടിങ് റൂമിൽ ഹാജർ ആകും. രോഗികളെ പരിശോധിക്കലും ചികിത്സ നിശ്ചയിക്കലും കഴിഞ്ഞു ഭക്ഷണം ഉച്ചയ്ക്ക് ഒന്നോടെ. 2 മണിക്ക് മാനേജിങ് ട്രസ്റ്റിയുടെ മുറിയിൽ മറുപടികാത്തിരിക്കുന്ന കാതുകൾ, ഫയലുകൾ,സന്ദർശകർ എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങൾ, വൈകീട്ട് ആറോടെ വീട്ടിലേയ്ക്ക്. അടുത്തകാലം വരെ ഇങ്ങനെയായിരുന്നു വാര്യരുടെ ജീവിതചര്യ . 1964 -ൽ ആര്യവൈദ്യശാലയിലെ സെമിനാര് ഉദ്ഘാടനം ചെയ്ത കേശവമേനോൻ അദ്ദേഹത്തോട് പറഞ്ഞു: ഇങ്ങനെ നാലുമണിക്ക് എന്ന് പറഞ്ഞാൽ നാലുമണിക്ക് തന്നെ. അത്ര കൃത്യനിഷ്ഠയുള്ള ആളായിരുന്നു വാര്യർ. ഞാൻ യാഥാർഥ്യങ്ങളിൽ വിശ്വസിക്കുന്നു എന്ന് അദ്ദേഹം ഒരിക്കൽ പറയുകയുണ്ടായി. "ജിംനൊസ്റ്റാക്കിയം വാര്യറാനാം" എന്ന പേര് കണ്ണൂർ ആറളം വന പ്രദേശത്ത് കണ്ടെത്തിയ പുതിയ ഇനം ഔഷധ സസ്യത്തിന് നൽകിയിട്ടുണ്ട്. ഈ ചെടി ഇപ്പോൾ വൈദ്യശാലയിലെ ഔഷധസസ്യ വിഭാഗത്തിൽ പരിപാലിക്കപ്പെടുന്നു.
ക്യാഷ് കൗണ്ടറില്ലാത്ത ആശുപത്രിയാണ് കോട്ടയ്ക്കൽ ആര്യവൈദ്യശാല. പി.കെ.വാര്യർ ഏഴ് പതിറ്റാണ്ടിലധികം ചികിത്സാരംഗത്തുണ്ടായിരുന്നിട്ടും ഇന്നുവരെ ഒരു രൂപ പോലും കൺസൾട്ടേഷൻ ഫീസായി വാങ്ങിയിട്ടില്ല.വൈദ്യം ജീവിതമാർഗ്ഗമല്ല.ജീവിത നിയോഗംതന്നെയാണ്.രോഗികളെ പരിശോധിച്ച് ചികിത്സ നിശ്ചയിക്കുമ്പോൾ വാക്പുണ്യമാണ് ആദ്യം വരിക. പിന്നീടാണ് കൈപ്പുണ്യം.സുഖാന്വേഷണത്തോടെയാവും തുടക്കം.പരിഭ്രമമെല്ലാം മാറി രോഗികളാകുന്നതോടെ അസുഖാന്വേഷണത്തിലേയ്ക്ക് കടക്കുകയായി.മുഴുവൻ ശ്രദ്ധയോടെ കേട്ടതിനു ശേഷം മാത്രം മരുന്ന് കുറിക്കും. ധൃതിയില്ല. രോഗികളെ തത്രപ്പാടിലാക്കില്ല. മനസ്സറിഞ്ഞുള്ള ചികിത്സമാത്രമേ വാര്യർക്ക് വശമുള്ളു.തന്റെ സമയനിഷ്ഠ തെറ്റിക്കാൻ ജീവിതത്തിൽ അദ്ദേഹം അനുവാദം കൊടുത്തിട്ടുള്ളതും രോഗികൾക്കു മാത്രമാണ്. പി.കെ.വാര്യരുടെ ചികിത്സാനിർദേശങ്ങൾക്കായി എത്രകാലം കാത്തിരിക്കാനും രോഗികൾ തയ്യാറായിരുന്നു. കാത്തിരുന്നു കാശായിച്ചാലും കണ്ടതിനുശേഷം കഷായിക്കേണ്ടിവരില്ലെന്ന് അത്രമേൽ ഉറപ്പുണ്ടായിരുന്നതുതന്നെ കാരണം. ഭേദമാവില്ലെന്ന് മറ്റ് ഡോക്ടർമാർ വിധിയെഴുതിയ പല അസുഖങ്ങളും വാര്യർക്ക് മുമ്പിൽ പത്തിമടക്കി പിൻവാങ്ങിയിട്ടുണ്ട്.വീൽചെയറിൽ വന്നവർ വിമാനത്തിലേക്ക് നടന്നുകയറി.ശരീരമനങ്ങാനാവാതെ വന്നവർ കൈകൂപ്പി തൊഴുതുമടങ്ങി. രാഷ്ട്രത്തലവന്മാരും എഴുത്തുകാരും, കളിയരങ്ങും, സിനിമാലോകവും തൊട്ട് ഇങ്ങേയറ്റത് സാധാരണക്കാർ വരെ ആ സാന്ത്വനസ്പർശവും സ്നേഹവും അനുഭവിച്ചറിഞ്ഞിട്ടുണ്ട്.
ആയിരക്കണക്കിന് ഔഷധങ്ങളുടെ പേര് ഓർമ്മത്തെറ്റുകൂടാതെ പറയാനറിയുന്ന പി.കെ.വാര്യർ പക്ഷേ സ്വന്തം ജീവിതത്തിൽ ഏറ്റവുമധികം വിലകൽപ്പിച്ചത് "അനുകമ്പ" എന്ന വാക്കിനാണ്.കടുത്ത പ്രമേഹരോഗിയായ സ്ത്രീ ചികിത്സ കഴിഞ്ഞു മടങ്ങുമ്പോൾ യാത്രപറഞ്ഞ രംഗം അദ്ദേഹം ആത്മകഥയിൽ വിശദീകരിക്കുന്നുണ്ട്.
"You gave me my life back .......
You gave me my life back ......." വാക്കുകൾ വ്യക്തമാക്കിയില്ലായിരുന്നു. തൊണ്ടയിടറിയിരുന്നു. കണ്ണുകളിൽ നിന്ന് മറയുമ്പോഴും അവർ പറഞ്ഞുകൊണ്ടിരുന്നു.അവരുടെ ഭാവം കണ്ട് ഞാനും വല്ലാതായി. ജീവിതംജീവിതം തിരിച്ചു നൽകുക! വൈദ്യ വൃത്തി മാന്യവും മഹനീയവുമായി.
എല്ലാവരും കാണുന്നത് ഇതുകൊണ്ടാണ്.അനുകമ്പയാണ് ആയുർവേദത്തിന്റെ അടിസ്ഥാനം. You gave me my life back എന്ന് രോഗി കൃതജ്ഞതയോടെ പറയുമ്പോൾ വൈദ്യന്റെ ജന്മം സഫലമായി.
നൂറ് വയസ്സ് തികയുന്ന സ്വന്തം ജീവിതം കൊണ്ട് വാര്യർ എഴുതിയത് അനുകമ്പാ ശതകമാണ്. ഓരോ ഏടിലും അനുകമ്പ എന്ന വാക്ക് നിറയുന്ന ജീവിതകൃതി. കോട്ടയ്ക്കൽ അങ്ങാടിയിലൂടെ കടന്നു പോകുന്ന ആർക്കും ധാന്വന്തരം കുഴമ്പിന്റെ മണം കിട്ടാതിരിക്കില്ല. അവരിലാരും പി.കെ.വാര്യരെന്ന അഭിനവ ധന്വന്തരിയെ ഓർക്കാതിരിക്കുകയുമില്ല.
Read More in Organisation
Related Stories
എല്ലിന്റെ ബലത്തിന് ചെറുമീനുകൾ
2 years, 2 months Ago
അച്യുതമേനോനെ കുറിച്ച് അച്യുതമേനോൻ
3 years, 1 month Ago
വേൾഡ് സ്കിൽ കൗൺസിൽ-ഭാരത് സേവക് സമാജ് സ്കിൽ സർട്ടിഫിക്കേഷൻ പ്രോഗ്രാം
1 year, 2 months Ago
മറുകും മലയും
3 years, 4 months Ago
ജൂലായ് മാസത്തെ പ്രധാന ദിവസങ്ങൾ
4 years Ago
സഖാവ് കൃഷ്ണപിള്ളയെക്കുറിച്ച് കൃഷ്ണപിള്ള
3 years, 10 months Ago
നാട്ടറിവ്
3 years, 8 months Ago
Comments