Friday, April 18, 2025 Thiruvananthapuram

'ആരാമം ആരോഗ്യം' പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു

banner

3 years, 10 months Ago | 384 Views

ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സംസ്ഥാന ആയുഷ് വകുപ്പ് ആരംഭിക്കുന്ന 'ആരാമം ആരോഗ്യം' പദ്ധതിയുടെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് ഓണ്‍ലൈന്‍ വഴി നിര്‍വഹിച്ചു.

നാഷണല്‍ ആയുഷ് മിഷന്‍, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ സഹകരണത്തോടെയാണ് സംസ്ഥാന ആയുഷ് മിഷന്‍ പദ്ധതി നടപ്പിലാക്കുന്നത്. ഗ്രാമീണ മേഖലയില്‍ ആയുഷ് വകുപ്പിന് കീഴിലുള്ള ആരോഗ്യ സ്ഥാപനങ്ങളില്‍ ഈ പദ്ധതിയിലൂടെ ഔഷധസസ്യ ഉദ്യാനം ഒരുക്കുന്നതാണ് ലക്ഷ്യം .കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് പത്തനംതിട്ട ജില്ലയിലെ മെഴുവേലി ഗ്രാമപ്പഞ്ചായത്തിലെ ആയുര്‍വേദ, ഹോമിയോ ഡിസ്‌പെന്‍സറികളില്‍ ഔഷധ സസ്യങ്ങള്‍ നട്ടുകൊണ്ട് ആരാമം ആരോഗ്യം പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. മറ്റ് ജില്ലകളിലെ രണ്ടുവീതം കേന്ദ്രങ്ങളില്‍ ഇതോടനുബന്ധിച്ച്‌ തൈകള്‍ നട്ടുപിടിപ്പിച്ചു.

പൊതുജനങ്ങളില്‍ ഔഷധ സസ്യങ്ങളെ സംബന്ധിച്ച അവബോധം വര്‍ദ്ധിപ്പിക്കുകയും അവ സ്വന്തം വീടുകളില്‍ നട്ടുവളര്‍ത്തി രോഗാവസ്ഥകളിലും ആരോഗ്യ സംരക്ഷണത്തിനും ഉപയോഗിക്കുന്നതിന് അവരെ പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് ആരാമം ആരോഗ്യം പദ്ധതിയുടെ ലക്ഷ്യമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ആയുഷ് വകുപ്പിന് കീഴിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പദ്ധതി നടപ്പാക്കാൻ  തീരുമാനിച്ചിട്ടുണ്ട് . ഔഷധി, കേരളാ അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള നഴ്‌സറികള്‍, സോഷ്യല്‍ ഫോറസ്ട്രി തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നുമാണ് ഔഷധച്ചെടികള്‍ ശേഖരിക്കുന്നത്. സംസ്ഥാന മെഡിസിനല്‍ പ്ലാന്റ് ബോർഡാണ്  പദ്ധതിക്ക് ആവശ്യമായ സാങ്കേതിക സഹായം നൽകുന്നത് . തൊഴിലുറപ്പ് പദ്ധതി ഗുണഭോക്താക്കള്‍ ചെടികള്‍ നടുകയും അവ നിശ്ചിത വളര്‍ച്ച എത്തുന്നതുവരെ പരിപാലിക്കുകയും ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.



Read More in Kerala

Comments

Related Stories