Thursday, July 31, 2025 Thiruvananthapuram

ജൂൺ 19 വായനാദിനം

banner

4 years, 1 month Ago | 962 Views

ജൂൺ 19 വായനാദിനമാണ്. അക്ഷരമുറ്റത്തേയ്ക്ക് മലയാളിയെ കൈപിടിച്ചു നടത്തിയ മഹാപുരുഷനായ പി.എൻ പണിക്കരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത്. 1909 മാർച്ച് 1 നാണ് പി.എൻ.പണിക്കർ ജനിച്ചത്. ഗ്രന്ഥശാലാസംഘം, കാൻഫെഡ് എന്നീ  പ്രസ്ഥാനങ്ങളിലൂടെ പി.എൻ.പണിക്കർ ഏതാണ്ട് അരനൂറ്റാണ്ടിലേറെക്കാലം കേരളത്തിൽ നിറഞ്ഞു നിന്നു.

1977 ജൂൺ മാസത്തിൽ 'കാൻഫെഡ്' എന്ന  പ്രസ്ഥാനം നിലവിൽ വന്നു. പി.എൻ.പണിക്കർ ആയിരുന്നു സെക്രട്ടറിമാരിൽ ഒരാൾ. ഗ്രന്ഥശാലാപ്രസ്ഥാനത്തിനൊപ്പം സാക്ഷരതാ പ്രവർത്തനങ്ങൾക്കും പി.എൻ.പണിക്കർ തന്നെയാണ് നേതൃത്വം വഹിച്ചത്. അക്കാലത്ത് കാസർകോട് മുതൽ പാറശ്ശാല വരെ നടത്തിയ സാംസ്കാരിക ജാഥ ചരിത്രം സൃഷ്ടിച്ചു. 'വായിച്ചു വളരുക; ചിന്തിച്ച് വിവേകം നേടുക' എന്നതായിരുന്നു ജാഥയുടെ മുദ്രാവാക്യം.

1977 -ൽ സംഘം സർക്കാർ ഏറ്റെടുത്തതോടെ പി.എൻ.പണിക്കരുടെ സജീവ ശ്രദ്ധ സാക്ഷരതാ പ്രവർത്തനങ്ങളിലും അനൗപചാരിക വിദ്യാഭ്യാസത്തിലും കേന്ദ്രീകരിച്ചു. ഗ്രന്ഥശാലാസംഘത്തിന്റെ മുഖപത്രമായ 'ഗ്രന്ഥാലോകം' മാസികയ്ക്ക് ബീജാവാപം നൽകിയതും വളവും വെള്ളവുമായി പരിപോഷിപ്പിച്ചതും പി.എൻ.പണിക്കരായിരുന്നു. 'കാൻഫെഡ് ന്യൂസ്', 'നാട്ടുവെളിച്ചം','നമ്മുടെ പത്രം' എന്നീ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായി ഏറെ നാൾ പ്രവർത്തിച്ച അദ്ദേഹം വിജ്ഞാനപ്രദങ്ങളായ 15 ഓളം പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ്.   

അനൗപചാരിക വിദ്യാഭ്യാസത്തിനും സാക്ഷരതാ പ്രവർത്തനത്തിനുമായി ജീവിതയാത്രയുടെ സിംഹഭാഗവും മാറ്റിവെച്ച അദ്ദേഹം 1977 -ലും 1978 -ലും, 1985 -ലും കേരളത്തിലെ ഒരറ്റം മുതൽ മറ്റേയറ്റം വരെ നടത്തിയ യാത്രകൾ ചരിത്ര യാത്രകൾ തന്നെയായിരുന്നു. ഗ്രന്ഥശാലാ സംഘത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷവേളയിൽ അമ്പലപ്പുഴയിൽ സംഘടിപ്പിക്കപ്പെട്ട കാൽനടജാഥയുടെ മുൻനിരയിൽ ആവേശത്തോടെ നടന്നു നീങ്ങിയ 85 കാരനായ പി.എൻ.പണിക്കരുടെ ചിത്രം ഇന്നും മലയാളികളുടെ മനസ്സിൽ തെളിഞ്ഞു നിൽക്കുന്നു.



Read More in Organisation

Comments