Wednesday, April 16, 2025 Thiruvananthapuram

മഹാനടൻ പി. മാധവൻ നായർ എന്ന മധു മധുരം മനോഹരം

banner

2 years, 4 months Ago | 256 Views

മലയാള ചലച്ചിത്ര നഭസ്സിൽ ആദ്യകാലത്ത് ജ്വലിച്ചുനിന്ന മൂന്ന് നക്ഷത്രങ്ങളാണ് സത്യനും പ്രേംനസീറും മധുവും. അഭിനയ രംഗത്തെ ഈ ത്രിമൂർത്തികളിൽ ഇന്ന് ജീവിച്ചിരിക്കുന്ന ശുഭ്രതാരകമാണ് പി. മാധവൻ നായർ എന്ന മ ധു. ശരീരപ്രകൃതിയിലായാലും അഭിനയശൈലിയിലായാലും സംഭാഷണരീതിയിലായാലുമെല്ലാം മറ്റ് രണ്ടുപേരിൽ നിന്നും തികച്ചും വ്യത്യസ്ഥനാണ് മധു.

ബനാറസ് ഹിന്ദു സർവ്വകലാശാലയിലെ ഉന്നത വിദ്യാഭ്യാ സത്തിനുശേഷം ട്യൂട്ടോറിയൽ കോളേജ് ഉടമ - അധ്യാപകൻ കോളേജ് ലെക്ചറർ തുടങ്ങി വിവിധ വേഷങ്ങൾ മികവോടെ പകർന്നാടിയെങ്കിലും കലാരംഗത്ത് നിറഞ്ഞാടുവാൻ തന്നെയായിരുന്നു മധുസാറിനിഷ്ടം! അതുകൊണ്ടുതന്നെയാണ് വീട്ടുകാരുടെ കടുത്ത എതിർപ്പുണ്ടായിട്ടും അദ്ദേഹം കളം മാറിച്ചവിട്ടിയതും. അധ്യാപ കവൃത്തിയോട് നൂറുശതമാനം ആത്മാർത്ഥത പുലർത്താൻ കഴിഞ്ഞില്ലായെങ്കിലോയെന്നതിനാലാണ് തന്റെ ഉള്ളിലെ അഭിനയ മോഹം കൂടി അതിനൊപ്പം കൂട്ടിക്കുഴയ്ക്കുവാൻ അദ്ദേഹം തയ്യാറാവാതിരുന്നത്. ചെയ്യുന്ന തൊഴിലിനോട് നൂറുശതമാനം കൂറുപുലർത്തണമെന്ന കാര്യത്തിൽ നിർബന്ധ നിശ്ചയാത്മകത്വം സൂക്ഷിക്കുന്ന മധുസാർ കോളേജ് ലെക്ചറർ ജോലി രാജിവെച്ച് കേന്ദ്ര സംഗീത നാടക അക്കാഡമിയുടെ കീഴിലുള്ള ഏഷ്യൻ സ്കൂൾ ഓഫ് ഡ്രാമ (ഇന്നത്തെ നാഷണൽ സ്കൂൾ ഓഫ് ഡ്രാമ)യിൽ വിദ്യാർത്ഥിയായി ചേരുകയായിരുന്നു. അവിടെ നിന്നും പ്രശസ്ത വിജയം നേടി പുറത്തിറങ്ങിയ അദ്ദേഹം കലാരംഗം തന്റെ പ്രധാന തട്ടകമായി തെരഞ്ഞെടുത്തു. പക്ഷേ അപ്പോഴും വിദ്യാഭ്യാസ രംഗത്തോടുള്ള തന്റെ ആഭിമുഖ്യം മങ്ങാതെ മായാതെ സൂക്ഷിച്ചു. അഭിനയത്തോടുള്ള സ്വയാർജ്ജിതമായ അറിവും അതിനോടുള്ള അതിരുകടന്ന ആഭിമുഖ്യവും ഒപ്പം കലാലയത്തിൽ നിന്നും ലഭിച്ച ശാസ്ത്രീയമായ വിജ്ഞാനവും ഊടും പാവുമായപ്പോൾ മികച്ച ഒരു നടനെ ലഭിച്ചില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ.

കലയ്ക്കൊപ്പം വിദ്യാഭ്യാസ രംഗത്തേയും അദ്ദേഹം മനസ്സിൻറ അൾത്താരയിൽ പ്രതിഷ്ഠിച്ച് പൂവിട്ടു പൂജിച്ചു. അതിന് മകുടോദാഹരണമാണ് തിരുവനന്തപുരത്ത് വട്ടിയൂർക്കാവിൽ അദ്ദേഹത്തിൻറ നേതൃത്വത്തിൽ സ്ഥാപിക്കപ്പെട്ട സരസ്വതി വിദ്യാലയം.

വിദ്യാഭ്യാസ രംഗത്തോട് അദ്ദേഹം സൂക്ഷിക്കുന്ന താൽപര്യവും വച്ചുപുലർത്തുന്ന പ്രതീക്ഷയും എന്നെ വല്ലാതെ ആകർഷിച്ചിട്ടുണ്ട്. ആദ്യമായി മധുസാറുമായി നേരിട്ടിടപെടാനുള്ള സാഹചര്യം സംജാതമായതും അതുവഴി തന്നെയാണ്. മധുസാർ ചലച്ചിത്രരംഗത്ത് കത്തിജ്വലിച്ചു നിൽക്കുന്ന കാലം. ഒരുനാൾ അദ്ദേഹം ബി.എസ്.എസ് ഓഫീസിലേക്ക് വന്നു. അന്ന് ബി.എസ്.എസിന്റെ ഓഫീസ് വെള്ളയമ്പലത്തായിരുന്നു പ്രവർത്തിച്ചിരുന്നത്. അന്ന് ഞാൻ ബി.എസ്.എസ്. സംസ്ഥാന സെക്രട്ടറിയായിരുന്നു. ബി.എസ്.എസിന്റെ ആഭിമുഖ്യത്തിൽ കുറ്റിമുല്ല കൃഷി വ്യാപന പ്രവർത്തനങ്ങൾ നടക്കുന്ന കാലമായിരുന്നു അത്. മധുസാർ അന്ന് ബി.എസ്.എസിൽ വന്നത് കുറേ കുറ്റിമുല്ല തൈകൾ വാങ്ങുന്നതിനായാണ്. വട്ടിയൂർക്കാവിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സരസ്വതി വിദ്യാലയത്തിന്റെ മുറ്റം നിറയെ വെച്ചു പിടിപ്പിക്കാൻ വേണ്ടിയായിരുന്നു അത്. മധുസാറിന്റെ ആഗ്രഹം ഞങ്ങൾ ഭംഗിയായി നിർവ്വഹിച്ചു കൊടുത്തു. ബി.എസ്.എസ് വോളണ്ടിയർമാർ സരസ്വതി വിദ്യാലയ വളപ്പിൽ കുറ്റിമുല്ലതൈകൾ മനോഹരമായി വച്ചുപിടിപ്പിച്ചു. “സരസ്വതി വിദ്യാലയത്തെ ഒരു മാതൃകാ വിദ്യാലയമായി വളർത്തണം” എന്ന് അന്നദ്ദേഹം ആവേശത്തോടെ പറഞ്ഞത് ഞാൻ ഇന്നും ഓർക്കുന്നു. അന്ന് അദ്ദേഹവുമായി ഞാൻ കുറേയേറെ നേരം സംസാരിക്കുകയുണ്ടായി. ചലച്ചിത്ര രംഗത്തേക്കാൾ വിദ്യാഭ്യാസ രംഗത്തെക്കുറിച്ച് സംസാരിക്കാനായിരുന്നു അദ്ദേഹത്തിന് താൽപര്യം.

പരിണതപ്രജ്ഞനായ ഒരു വിദ്യാഭ്യാസ പ്രവർത്തകനെയാണ് അന്ന് ഞാൻ മധുസാറിൽ കണ്ടത്. അത് എന്നിൽ മധു സാറിനോടുള്ള സ്നേഹ ബഹുമാനങ്ങൾ വർധിപ്പിച്ചു. തുടർന്ന് തിരുവനന്തപുരത്ത് മിതൃമ്മല ഇരുളൂർ ദേവസ്വത്തിന്റെ വാർഷികാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യാനായി ഞാൻ അദ്ദേഹത്തെ ക്ഷണിക്കുകയുണ്ടായി. സന്തോഷത്തോടെയാണ് അദ്ദേഹം ക്ഷണം സ്വീകരിച്ചത്. അദ്ദേഹം കൃത്യമായി എത്തുകയും ഉദ്ഘാടന കർമ്മം നിർവ്വഹിക്കുകയും ചെയ്തു. അന്ന് അദ്ദേഹം നടത്തിയ പ്രസംഗം ഞാൻ ഇന്നലെയെന്നപോലെ ഓർക്കുന്നു. മനുഷ്യൻ എന്തൊക്കെ നിശ്ചയിച്ചാലും ദൈവഹിതമനുസരിച്ചേ കാര്യങ്ങൾ നടക്കുകയുള്ളു എന്ന് മധു സാർ തന്റെ പ്രസംഗത്തിൽ പറഞ്ഞു. “ഇരുളൂർ ക്ഷേത്രനടയിൽ വരണമെന്ന് ഞാൻ നിശ്ചയിച്ചാൽ മാത്രം അതു നടക്കണമെന്നില്ല. ഞാൻ വരണമോ വേണ്ടയോ എന്ന് ഇരുളൂരപ്പൻ കൂടി നിശ്ചയിക്കണം. ആ വിധത്തിൽ ഇരുളൂരപ്പന്റെ നിശ്ചയപ്രകാരമാണ് ഞാൻ ഇന്നിവിടെ എത്തിയിരിക്കുന്നത്. അദ്ദേഹം കൂട്ടിച്ചേർത്തു.

സരസ്വതി വിദ്യാലയത്തിന്റെ കാര്യത്തിൽ അദ്ദേഹത്തിന് കടുത്ത നിരാശയും ദുഃഖവുമുണ്ടെന്ന് പിന്നീടുള്ള അദ്ദേഹത്തിൻറ സംഭാഷണങ്ങളിൽ എനിക്ക് തോന്നിയിട്ടുണ്ട്. എന്നാൽ നാളുകൾക്കു ശേഷം വിദ്യാലയത്തിന്റെ നടത്തിപ്പുചുമതല ജി. രാജ് മോഹനന്റെ കരങ്ങളിലെത്തിയപ്പോൾ മധുസാർ ആശ്വാസം കൊള്ളുന്നതായും മനസ്സിലാക്കാൻ കഴിഞ്ഞു.

മധുസാറിന് ബി.എസ്.എസുമായും വളരെ അടുത്ത ബന്ധമാണുള്ളത്. അദ്ദേഹത്തിന്റെ പിതവ് സ്വാതന്ത്ര്യ സമര സേനാനിയും തിരുവനന്തപുരം കോർപ്പറേഷൻ മുൻ മേയറുമായിരുന്ന പത്മനാഭപുരത്ത്  തൊഴിയം വീട്ടിൽ പരമേശ്വരൻപിള്ള ബി.എസ്.എസിന്റെ ജി ല്ലാ ചെയർമാനായിരുന്നു. മധുസാറിന്റെ സഹോദരങ്ങളായ മായദേവി, സേതുലക്ഷ്മി, വിജയലക്ഷ്മി, രാജലക്ഷ്മി എന്നിവരിൽ സേതുലക്ഷ്മിയും ബി.എസ്.എസിന്റെ സജീവ പ്രവർത്തകയായിരുന്നു. മധുസാറിന്റെ മാതാവ് തങ്കമ്മ തിരുവനന്തപുരം ഗൗരീശപട്ടം കീഴതിൽ കുടുംബാംഗമാണ്. 1933 സെപ്റ്റംബർ 23ന് പരമേശ്വരൻപിള്ള-തങ്കമ്മ ദമ്പതികളുടെ പുത്രനായി മാധവൻ നായർ എന്ന മധു ജനിച്ചു. ഇക്കഴിഞ്ഞ സെപ്റ്റംബർ 23ന് അദ്ദേഹത്തിന് 89 വയസ്സ് പൂർത്തിയായി. ഇപ്പോൾ 90-ാംവയസ്സിലേക്ക് കടന്നിരിക്കുകയാണ്. പിറന്നാൾ ദിനത്തിൽ ചലച്ചിത്ര, രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക-കലാ-സാഹിത്യ-ഭരണ രംഗങ്ങളിലെ പ്രമുഖരും പ്രശസ്തരുമായ ഒട്ടനവധിപേർ ആശംസകളുമായി മധുസാറിന്റെ വസതിയിലെത്തിയിരുന്നു. പക്ഷേ മധുസാറിന്റെ വീട്ടിൽ ആഘോഷങ്ങളൊന്നുമുണ്ടായിരുന്നില്ല! വന്നവർക്ക് ഒരു ഗ്ലാസ് പായസം മാത്രം! ജീവിതത്തിലൊരിക്കലും കേക്കുമുറിച്ച് പിറന്നാൾ ആഘോഷിക്കാത്ത മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെപ്പോലെ തന്നെ ജീവിതത്തിൽ ഒരിക്കലും പിറന്നാൾ ആഘോഷിക്കാത്ത ചലച്ചിത്ര പ്രതിഭയാണ് മധുസാർ. പ്രായം നോക്കി ജീവിക്കുന്ന ആളല്ല താനെന്നതിനാലാണ് പിറന്നാളിന് വലിയ പ്രാധാന്യം നൽകാത്തതെന്നാണ് അദ്ദേഹം ഒരു അഭിമുഖസംഭാഷണത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. അതേസമയം താൻ ഒരിക്കലും മറന്നുപോകാത്ത ഒരു ജന്മദിനമുണ്ടെന്നും അത് എം.ടിയുടെ പിറന്നാൾ ദിനമാണെന്നും അദ്ദേഹം അതേ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. മധുസാർ ജനിച്ച 1933ൽ തന്നെയാണ് എം.ടി. വാസുദേവൻ നായരും ജനിച്ചത്. പ്രായം, ജന്മനാൾ എന്നിവയെക്കുറിച്ചുള്ള തന്റെ അഭിപ്രായം ഒരിക്കൽ മധുസാർ എന്നോട് പറയുകയുണ്ടായി. മിതൃമ്മല ഇരുളൂർ  ദേവസ്വത്തിന്റെ വാർഷികാഘോഷപരിപാടികളുടെ ഉദ്ഘാടനത്തിനായി തിരുവനന്തപുരത്തുനിന്നും മിതൃമ്മലയിലേക്കുള്ള യാത്രാവേളയിലെ സംഭാഷണമധ്യേയായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനം. "പ്രായം ചെല്ലുമ്പോൾ ശാരീരികമാറ്റങ്ങൾ സംഭവിക്കുക സ്വാഭാവികമാണെങ്കിലും അപ്പോഴും നമ്മുടെ മനസ്സ് പറയുന്നത് ചെറുപ്പമാണെന്നായിരിക്കും”. എന്നായിരുന്നു മധുസാർ പറഞ്ഞത്. 

അഭിനയത്തിന്റെ മുക്കും മൂലയുംവരെ മനസ്സിലാക്കിയും എരിവും പുളിയും തിരിച്ചറിഞ്ഞും രംഗത്തെത്തിയ മാധവൻ നായർ എന്ന മധുവിന് മലയാളികളുടെ ഇഷ്ടതാരമായി മാറുവാൻ അധികകാലമൊന്നും വേണ്ടിവന്നില്ല. ചലച്ചിത്രാസ്വാദകർ അദ്ദേഹത്തെ ഇരുകൈകളും നീട്ടി സ്വീകരിക്കുകയും നെഞ്ചോട് ചേർക്കുകയും ചെയ്തു. പ്രഗത്ഭരായ സാഹിത്യകാരന്മാരുടെ ഭാവനയിൽ വിടർന്ന ശക്തമായ കഥാപാത്രങ്ങളെ അവിസ്മരണീയങ്ങളാക്കി മാറ്റുവാൻ മധുവിന് അനായസേന സാധ്യമായി. പ്രേക്ഷക മനസ്സുകളിൽ ഉമിത്തീപോലെ നീറുന്ന അസ്വസ്ഥതയാവാനും സന്തോഷം തുളുമ്പുന്ന വികാരമാവാനും വിഷാദം പകരുന്ന ഓർമ്മയാവാനുമൊക്കെ അദ്ദേഹത്തിന് നിഷ്പ്രയാസം കഴിഞ്ഞു. അഭിനയപാടവത്തിന്റെ ഒതുക്കവും തിളക്കവും നിരന്തരം കാഴ്ചവെച്ചു. അങ്ങനെ മലയാളസിനിമയിലെ ഏറ്റവും ജനപ്രീതി നേടിയ നായകന്മാരുടെ മുൻനിരയിൽ അദ്ദേഹമെത്തി. ജീവീതത്തിന്റെ വിവിധ ഭാവങ്ങൾ ഉള്ളിൽ തട്ടുംവിധം അവതരിപ്പിക്കാൻ മധുവിന് കഴിഞ്ഞിട്ടുണ്ട്. അഭിനയത്തിന്റെ വ്യത്യസ്ഥ ഭാവതലങ്ങൾ കാട്ടിത്തരുന്നതായിരുന്നു അവ. അതിഭാവുകത്വത്തിന്റെ അതിർവരമ്പുകൾ ലംഘിക്കാൻ ആരും പ്രലോഭിപ്പിക്കപ്പെടുന്ന നിർണ്ണായക മുഹൂർത്തങ്ങളിൽപ്പോലും മിതത്വത്തിൽ അദ്ദേഹം ഒതുങ്ങിനിന്നു.! തകഴി ശിവശങ്കരപ്പിള്ളയുടെ 'ചെമ്മീനി’ലെ പരീക്കുട്ടിയേയും എം.ടി. വാസുദേവൻ നായരുടെ 'ഓളവും തീരവും' എന്നതിലെ ബാപ്പുട്ടിയേയും കുമാരനാശാന്റെ ‘കരുണ’യിലെ തൊഴിലാളി നേതാവിനേയും സി. രാധാകൃഷ്ണന്റെ ‘തേവിടിശ്ശി’ എന്ന കഥ 'പ്രിയ'യായപ്പോൾ അതിലെ ഗോപനേയും, തകഴിയുടെ 'ഏണിപ്പടികളി’ലെ കേശവപിള്ളയേയും കൈനിക്കര കുമാരപിള്ളയുടെ 'മാതൃകാമനുഷ്യൻ’ മാന്യശ്രീ വിശ്വാമിത്രനായപ്പോൾ അതിലെ മാർത്താണ്ഡൻ തമ്പിയേയും ‘കുടുംബസമേത’ത്തിലെ ആനവൈദ്യൻ രാഘവക്കുറുപ്പിനേയുമെല്ലാം പ്രേക്ഷകർക്ക് എങ്ങിനെയാണ് മറക്കാനാവുക?

അഭ്രപാളികളിലെ ഈ സൗമ്യപ്രതിഭക്ക് ഒരേ ഒരു മുഖമേയുള്ളൂ. അത് മനുഷ്യത്വമുഖമാണ്. ചലച്ചിത്രാഭിനയരംഗത്ത് മിന്നിനിന്നപ്പോഴും 1976ൽ ‘ഉമാസ്റ്റുഡിയോ' എന്ന ചലച്ചിത്ര സ്റ്റുഡിയോ സ്ഥാപിച്ച് അതിന്റെ അമരക്കാരനായിരുന്നപ്പോഴും, സരസ്വതീവിദ്യാലയത്തിന്റെ ചെയർമാനായിരുന്നപ്പോഴും, ‘അമ്മ’ എന്ന ചലച്ചിത്ര സംഘടനയുടെ പ്രസിഡൻറായിരുന്നപ്പോഴുമെല്ലാം അദ്ദേഹത്തിൽ നിറഞ്ഞു കണ്ട ഭാവവും മറ്റൊന്നല്ല.

 1963 മുതൽ 2015 വരെയുള്ള കാലഘട്ടത്തിനിടയിൽ ഏതാണ്ട് 345 ഓളം ചലച്ചിത്രങ്ങളിലാണ് മധുസാർ അഭിനയിച്ചത്. പന്ത്രണ്ടോളം ചിത്രങ്ങൾ സംവിധാനം ചെയ്ത അദ്ദേഹം 14 സിനിമകൾ നിർമ്മിക്കുകയുമുണ്ടായി. ആറ് അന്യഭാഷാ ചിത്രങ്ങളിലും അദ്ദേഹം അഭിനയം കാഴ്ചവെച്ചു. സംസ്ഥാന സർക്കാറിന്റെയും ഫിലിം ക്രിട്ടിക്സ് അസോസി യേഷന്റെയും ഫിലിം ഫെയറിന്റെയും അവാർഡുകൾക്ക് പുറമേ ഇന്ദിരാഗാന്ധി നാഷണൽ അവാർഡ് അടക്കം ഒട്ടേറെ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ അദ്ദേഹത്തെ 2013ൽ രാജ്യം പത്മശ്രീ ബഹുമതി നൽകി ആദരിച്ചു.

മലയാളത്തിന്റെ മഹാനടനായ മധു ഓരോ മലയാളിയുടെയും അഭിമാനവും അഹങ്കാരവുമാണ്.



Read More in Organisation

Comments